19

ഒരു ഗ്ലാസ് ലൈഫ്.


ന്നു രാത്രി റിഷിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പാതിവഴിയില്‍ ഒരു സ്വപ്‌നം വീണുടഞ്ഞിരിക്കുന്നു. പൂര്‍ണ്ണബോധ്യമുള്ള ഒരു സിനിമ അവസാനനിമിഷം ഇല്ലാതായതിന്റെ വിഷമം അയാള്‍ക്കുണ്ട്. കാത്തുകാത്തിരുന്നുണ്ടായ പ്രൊജക്ടാണ്. അതിനുവേണ്ടി മാസങ്ങളോളം സമയം ചെലവഴിച്ചിരിക്കുന്നു. ആ നിലയ്‌ക്കെല്ലാം ഇപ്പോഴത്തെ അവസ്ഥ വേദനാജനകമാണ്. എന്നാല്‍ അതിനെക്കാളുപരി അയാളുടെ മനസ്സിനെ  കൊളുത്തിവലിച്ചത് രഘുനാഥനെക്കുറിച്ചുള്ള ചിന്തകളാണ്. 

രഘുനാഥന് ആ പ്രൊജക്ട് അവസാനത്തെ പിടിവള്ളിയായിരുന്നു. അതിനു ചുറ്റുമായി അയാളൊരു സ്വപ്നലോകം തീര്‍ത്തിരുന്നു. അടുത്ത ദിവസങ്ങളില്‍ത്തന്നെ സിനിമ ഔദ്യോഗികമായി അനൗണ്‍സ് ചെയ്യുക, അത്യാവശ്യം ഫോട്ടോഷൂട്ടു നടത്തുക, ചെറുതും വലുതുമായ വിശേഷങ്ങളെല്ലാം വിപുലമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുക എന്നിങ്ങനെ എല്ലാത്തിനും വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ പ്രൊജക്ട് തന്നെ ജയിംസ് തിരസ്‌കരിച്ചതോടെ രഘുനാഥന്‍ നട്ടുനനച്ച പ്രതീക്ഷകളെല്ലാം പട്ടടങ്ങുകയായിരുന്നു. 

വര്‍ഷങ്ങളോളം ജോലി ചെയ്ത മേഖലയില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ രഘുനാഥന്റെ ആത്മവീര്യത്തെ നല്ലൊരളവോളം ചോര്‍ത്തിയിരുന്നു. അതിന്റെ ഉത്സാഹക്കുറവും പ്രായമേറുന്നതിന്റെ ആകുലതയും അയാളെ ബാധിച്ചിരിക്കുന്നു. സിനിമയുടെ ഭാഷ മാറിക്കൊണ്ടിരിക്കുകയാണ്. പുത്തന്‍കൂറ്റുകാര്‍ കാണുന്ന ദൃശ്യങ്ങള്‍ക്കും പഴയ കാഴ്ചകള്‍ക്കും വലിയ അന്തരമുണ്ട്. എത്ര പുതിയ കണ്ണട ധരിച്ചാലും പുത്തന്‍ തലമുറക്കാഴ്ചകള്‍ കിട്ടണമെന്നില്ല. അവര്‍ക്കൊപ്പം മിടുക്കു തെളിക്കണം. അതിന് ഒന്നുമുതല്‍ തുടങ്ങിക്കോളാനാണ് സിനിമാലോകം അയാളോടാവശ്യപ്പെടുന്നത്. ചെറിയ കാലയളവിലെ തൊഴില്‍പരമായ നിശ്ശബ്ദതയ്ക്ക് കാലം ചോദിച്ച പ്രായശ്ചിത്തമായിരുന്നു അത്.  

സ്വന്തം പതനം യാഥാര്‍ത്ഥ്യമായി മുന്നില്‍ നില്‍ക്കുമ്പോഴും റിഷിയുടെ ഭാവിയെക്കുറിച്ച് രഘുനാഥന്‍ ശ്രദ്ധാലുവായിരുന്നു. എഴുതി പൂര്‍ത്തിയാക്കിയ സ്‌ക്രിപ്റ്റ് പാഴാക്കരുതെന്നും മറ്റേതെങ്കിലും ഡയറക്ടറെ കണ്ടെത്തി സിനിമയാക്കണമെന്നും അതുകൊണ്ടാണ് അയാളാവശ്യപ്പെട്ടത്.  അയാള്‍ വിചാരിച്ചാല്‍ ആ ചിത്രം യാഥാര്‍ത്ഥ്യമാവില്ല എന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്. നടന്‍മാരും പ്രൊഡ്യൂസര്‍മാരുമെല്ലാം വാതിലുകള്‍ കൊട്ടിയടച്ച സാഹചര്യത്തില്‍ രഘുനാഥന് അതേ പറയാന്‍ കഴിയുമായിരുന്നുള്ളൂ. 

റിഷിയുടെ കേട്ടറിവുകള്‍ വച്ച് രഘുനാഥനെപ്പോലെ തുറന്ന സമീപനമുള്ളവര്‍ സിനിമയില്‍ കുറവാണ്. ഒരു പ്രൊജക്ടുമായി നടന്നുമടുത്ത് അതു നടപ്പിലാവില്ലെന്നു നൂറുശതമാനം ബോധ്യപ്പെട്ടാല്‍പ്പോലും എഴുത്തുകാരനതു വിട്ടുകൊടുക്കാന്‍ സംവിധായകര്‍ പൊതുവെ തയ്യാറാകില്ല.  എഴുത്തുകാരനു പ്രതീക്ഷ നല്‍കി പിടിച്ചിടുന്ന അത്തരം സ്‌ക്രിപ്റ്റുകള്‍ മിക്കപ്പോഴും കാലഹരണപ്പെടുകയാണ് പതിവ് . അതു തട്ടിച്ചു നോക്കുമ്പോള്‍ത്തന്നെ രഘുനാഥന്റെ മനസ്സിന്റെ നൈര്‍മ്മല്യം വ്യക്തമാണ്. എന്നുതന്നെയല്ല ആ സ്‌ക്രിപ്റ്റില്‍ വലിയ പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് അത് മറ്റൊരാള്‍ക്കു നല്‍കാനയാള്‍ നിര്‍ദ്ദേശിച്ചത്. ആ സിനിമ സ്‌ക്രീനിലെത്തിയാല്‍ സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്ന നിലയില്‍ റിഷിക്കൊരു സ്ഥാനം ഉണ്ടാകുമെന്ന് രഘുനാഥന്‍ ഉറച്ചുവിശ്വസിച്ചിരുന്നു.

രഘുനാഥന്റെ വാക്കുകളിലും പ്രവൃത്തികളിലും അടുത്തിടെ റിഷി മനസ്സിലാക്കിയ മറ്റൊന്നുകൂടിയുണ്ട്. അയാളുടെ പ്രതീക്ഷ മുഴുവനും ഇപ്പോള്‍ മകനിലാണ്. നാളെ ലോകം എങ്ങനെയാവണമെന്നു പോലും അയാളിപ്പോള്‍ ചിന്തിക്കുന്നത് മകനുവേണ്ടിയാണ്. രഘുനാഥന്റെ വീട്ടില്‍ കണ്ട ഫോട്ടോ റിഷിയുടെ മനസ്സില്‍ നിറഞ്ഞു. അച്ഛനും മകനും ചേര്‍ന്നുള്ള നിഷ്‌കളങ്കചിത്രം. മകന്റെ കണ്ണുകളിലൂടെ നാളത്തെ ലോകത്തെ കാണാനാഗ്രഹിക്കുന്ന ഒരച്ഛന്‍. 

ബാധ്യതകളില്ലാത്ത അര്‍ത്ഥപൂര്‍ണ്ണമായ ജീവിതമായിരിക്കണം മകന്റേതെന്ന് രഘുനാഥന്‍ ആഗ്രഹിച്ചിരുന്നു. അക്കാര്യം അയാള്‍ പലപ്പോഴും റിഷിയോടുതന്നെ തന്നെ പറഞ്ഞിട്ടുമുണ്ട്. 

എഡിറ്റിംഗില്‍ ദീപു സ്വയം ആര്‍ജ്ജിച്ച കഴിവില്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത അഭിമാനമാണുള്ളത്.  ഷോട്ടുകളോടുള്ള അവന്റെ കാഴ്ചപ്പാടിലാണ് അയാള്‍ക്ക് അഭിപ്രായ വ്യത്യാസം. ക്യാമറയെക്കുറിച്ചവന്‍ കുറേക്കൂടി  പഠിക്കാനുണ്ട്. സ്വാഭാവികമായ ഷോട്ടുകള്‍, ആഴത്തിലുള്ളവ, ക്യാമറ ഗിമ്മിക്കുകള്‍ ... അതെല്ലാം അറിയണം. അയാള്‍ക്കു തന്നെ കുറെയൊക്കെ കാര്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കാനാവും. പോരെങ്കില്‍ നല്ല ഒരു കോഴ്‌സിനു ചേര്‍ത്താല്‍ മതി. അവന്റെ ടാലന്റിനെ മിനുക്കിയെടുക്കാം. അത്തരം ആഗ്രഹങ്ങളെല്ലാം അയാള്‍ക്കുണ്ട്. എന്നാല്‍ അയാളുടെ ആദ്യ പരിഗണന ദീപു പഠിച്ച് നല്ലൊരു ജോലി നേടുന്നതിലാണ്. ജോലികിട്ടിയിനുശേഷം മതി കലാകാരനാകുന്നത്.  ദീപുവിനു മുന്നില്‍ ലോകം ഭീതിദമായി വായ പൊളിച്ചുനില്‍ക്കാന്‍ പാടില്ല. ജോലി നേടിക്കഴിഞ്ഞാല്‍ സമയവും സാഹചര്യവുമനുസരിച്ച് ക്രിയേറ്റിവിറ്റിയുടെ എന്തു ലോകം വേണമെങ്കിലും അവന്‍ തെരഞ്ഞെടുത്തുകൊള്ളട്ടെയെന്നാണ് രഘുനാഥന്റെ നിലപാട്.  

സാമ്പത്തികബാധ്യതയില്‍ നട്ടംതിരിയുന്ന രഘുനാഥനെ എങ്ങനെ സഹായിക്കാനാകുമെന്ന് റിഷി പലപ്പോഴും ആലോചിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദീപുവിന്റെ ഫീസിനുവേണ്ടി അയാള്‍ വിഷമിച്ചപ്പോള്‍ അമ്മയോടതേപ്പറ്റി പറയാന്‍ റിഷി തുനിഞ്ഞതാണ്. മിടുക്കനായ ഒരു കുട്ടിയുടെ പഠനത്തിന്റെ ആവശ്യമാണ്. എത്ര തുകയായാലും അമ്മയതു നല്‍കുമെന്നയാള്‍ക്കുറപ്പുണ്ടായിരുന്നു. എന്നാല്‍ പിന്നീടയാള്‍ ആ നീക്കത്തില്‍ നിന്നു പിന്‍മാറി . ആവശ്യപ്പെടാതെ അങ്ങനെയൊരു വാഗ്ദാനം നടത്തിയാല്‍ രഘുനാഥനത് അഭിമാനപ്രശ്‌നമായാലോ എന്നു സംശയമായിരുന്നു അതിനു കാരണം. എന്നു തന്നെയല്ല രഘുനാഥന്‍ അതിനിടെ എവിടെനിന്നോ പണം കണ്ടെത്തി പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു.

ഏതായാലും ശരി, ഇനി അത്തരമൊരു സാഹചര്യമുണ്ടായാല്‍ ആവശ്യപ്പെടുന്നതു നോക്കിനില്‍ക്കാതെ സഹായിക്കാന്‍ കഴിയണമെന്ന് റിഷി ഉറപ്പിച്ചു. 

അടുത്ത ദിവസം ഉച്ച കഴിഞ്ഞ സമയം. വായനയ്ക്കുവേണ്ടി മുന്‍പെന്നോ മാറ്റിവച്ചിരുന്ന ഇംഗ്ലീഷ് പത്രത്തിന്റെ സപ്ലിമെന്റ് മറിച്ചുനോക്കുകയായിരുന്നു റിഷി. അടുത്ത മുറിയില്‍ റിംഗ് ചെയ്ത മൊബൈല്‍ ഫോണ്‍ അമ്മ എടുത്തുകൊണ്ടുവന്നു. വനിതാ സദനത്തില്‍ നിന്നും വാര്‍ഡനായിരുന്നു വിളിച്ചത്. 

' റിഷി ഒന്നിവിടെ വരെ വരണം... അര്‍ജന്റാണ്  '

' എന്താണ് മാഡം ? '

' നേരിട്ടു പറയാം . വേഗം വരണേ...' 

റിഷിക്കെന്തോ പന്തികേടു തോന്നി. ഒട്ടും വൈകാതെ അയാള്‍ വനിതാ സദനത്തിലെത്തി. വല്ലാത്ത ചിന്താക്കുഴപ്പത്തില്‍പ്പെട്ടിരുന്ന വാര്‍ഡന്റെ കണ്ണുകളില്‍ ഭീതി നിഴലിച്ചിരുന്നു. അവിശ്വസനീയമായ വിവരമാണ് അവര്‍ക്ക് അറിയിക്കാനുണ്ടായിരുന്നത്. ജീനയെയും കുഞ്ഞിനെയും കിരണ്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നു. 

ഒരു നിമിഷം ഷോക്കേറ്റതുപോലെയായി റിഷി 

' കുഞ്ഞിന്റെ വൈറല്‍ഫിവര്‍ മാറിയെങ്കിലും അവനെന്തോ ശ്വാസം മുട്ടലുണ്ടായിരുന്നു. അതുകൊണ്ടാണ് ഇന്ന് വീണ്ടും ഹോസ്പിറ്റലില്‍ പോയത്. ഇവിടുന്ന് സര്‍വന്റും ഒപ്പമുണ്ടായിരുന്നു '
ജീനയോടൊപ്പം ഹോസ്പിറ്റിലേക്കു പോയ സ്ത്രീയെ ചൂണ്ടി വാര്‍ഡന്‍ പറഞ്ഞു.

റിഷി അല്‍പ്പം മുന്നോട്ടുനടന്ന് സര്‍വന്റിന്റെ അടുത്തേക്കു നിന്നു. 
' എന്താ സംഭവിച്ചത് ? '

' പരിശോധനയൊക്കെ കഴിഞ്ഞപ്പോ ലേറ്റായി. ഞാന്‍ മെഡിക്കല്‍ സ്‌റ്റോറീന്നു മരുന്നു വാങ്ങാന്‍ കേറിയതാ. അവരു റോഡുസൈഡിത്തന്നെയുണ്ടാരുന്നു. അപ്പഴാ ഒരു കാറിലയാളവിടെ വന്നു കൊച്ചിനെ പിടിച്ചോണ്ടുപോയത്. പിറകെ ജീനേം ഓടിച്ചെന്നു . കൊച്ചിനെ പിടിച്ചു വാങ്ങാന്‍ വേണ്ടിയാ അവളു കാറിനകത്തു കേറിയതെന്നാ തോന്നുന്നത്. അപ്പഴേക്കും കാറു വിട്ടുപോയി ' 

' അയാളെ നിങ്ങള്‍ കണ്ടോ ? അതു കിരണാണെന്ന് എന്താണുറപ്പ് ? ' 

' കൊച്ചിനെ പിടിച്ചു വാങ്ങാന്‍ കാറിലേക്ക് ഓടുമ്പോള്‍ ജീന ആ പേരു വിളിക്കുന്നതു കേട്ടാരുന്നു. കിരണേ... കുഞ്ഞിനെ ഒന്നും ചെയ്യല്ലേന്ന്്'

റിഷിയുടെ മുന്നില്‍ ഒരു കൂട്ടം ചോദ്യങ്ങള്‍ വട്ടം ചുറ്റി. അതെങ്ങനെ ചോദിക്കണമെന്നും ആരോടു ചോദിക്കണമെന്നും അറിയാത്ത നിസ്സഹായാവസ്ഥ. വാര്‍ഡന്‍ അയാളുടെ അരികിലേക്കുവന്നു. 

' ഇവളവിടെ തിരിച്ചെത്തിയില്ല; അതിനുമുമ്പ് ഓഫീസ് ഫോണിലേക്ക് ജീന വിളിച്ചു '

ആകാംക്ഷയോടെ റിഷി വാര്‍ഡനെ നോക്കി.

' അവളും കുഞ്ഞും ഭര്‍ത്താവിനൊപ്പം പോകുകയാണെന്ന് ...വേറെ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് '

വാര്‍ഡന്‍ നല്‍കിയ പുതിയ വിവരവും റിഷിയുടെ ചിന്തകളെ കൂടുതല്‍ താറുമാറാക്കിയതേയുള്ളൂ. ഒരു വിധത്തില്‍ കാര്യങ്ങള്‍ കരയ്ക്കടുക്കുകയായിരുന്നു. അടുത്ത ദിവസങ്ങളില്‍ സാമുവല്‍ കൂടി വന്നെത്തുന്നതോടെ  ഇതുവരെ നടത്തിയ യാത്രകളും അന്വേഷണങ്ങളും പരിഹാരനീക്കങ്ങളുമെല്ലാം ഫലപ്രാപ്തിയിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു റിഷിയടക്കം എല്ലാവരും. എന്നാലിപ്പോള്‍ സ്ഥിതി വീണ്ടും അപ്രാപ്യമായിരിക്കുന്നു. മനോവൈകൃതം  സംഭവിച്ച കിരണിന്റെ കൈകളിലേക്ക് ജീനയും കുഞ്ഞുമെത്തിച്ചേര്‍ന്നിരിക്കുന്നു.  

പോലീസിന്റെ സഹായമാണ് ഇപ്പോള്‍ അനിവാര്യമെന്ന് റിഷിക്കു തോന്നി. അപ്പോഴും മുന്‍കരുതല്‍ വേണ്ടതുണ്ട്. പരാതിയുമായി പോകുമ്പോള്‍ കൃത്യമായ തയ്യാറെടുപ്പുണ്ടാവണം. അല്ലെങ്കിലത് കൂടുതല്‍ അപകടം വിളിച്ചുവരുത്തും. കിരണ്‍ ഇതിനകം തന്നെ അതിന്റെ സൂചന നല്‍കിക്കഴിഞ്ഞു. അതിനുവേണ്ടിയാണ് ജീനയെക്കൊണ്ടയാള്‍ വനിതാ സദനത്തിലേക്കു വിളിപ്പിച്ചതും അവളും കുഞ്ഞും സുരക്ഷിതരായി ഭര്‍ത്താവിനൊപ്പമുണ്ടെന്ന് അറിയിച്ചതും. മുന്‍ചെയ്തികള്‍ വച്ചുനോക്കിയാല്‍ ജീനയെക്കൊണ്ട് അങ്ങനെയൊരു ഫോണ്‍ ചെയ്യിക്കാന്‍ അയാള്‍ ഏതുവിധത്തിലുള്ള സമ്മര്‍ദ്ദവും ചെലുത്തിയിട്ടുണ്ടാവും. ഓടുന്ന കാറില്‍നിന്നു കുഞ്ഞിനെ പുറത്തേക്കെറിയുമെന്നു ഭീഷണിപ്പെടുത്തിയിരിക്കാം. അതല്ലെങ്കില്‍ സീറ്റുബല്‍റ്റ് കുഞ്ഞിന്റെ കഴുത്തിലിട്ടു മുറുക്കിയിട്ടുണ്ടാവാം. ജീന വനിതാസദനത്തിലേക്കു വിളിച്ച് സുരക്ഷിതയാണെന്നറിയിച്ചത് പോലീസന്വേഷണത്തെ മുളയിലേ നുള്ളാനുള്ള കിരണിന്റെ തന്ത്രമാണ്.   

പോലീസില്‍ സംഭവമറിയിക്കുന്നതു സംബന്ധിച്ച് റിഷിയെപ്പോലെ ശ്രദ്ധാലുവായിരുന്നു വാര്‍ഡനും. സര്‍വന്റില്‍ നിന്നു കാര്യമറിഞ്ഞപ്പോള്‍ത്തന്നെ അവര്‍ സദനം സെക്രട്ടറിയെ വിളിച്ചതാണ്. സാമുവലടക്കമുള്ളവരെ ബന്ധപ്പെടേണ്ടതുകൊണ്ട് അല്‍പ്പം വെയ്റ്റ് ചെയ്തിട്ടു പോലീസിനെ അറിയിച്ചാല്‍ പോരേയെന്ന് സെക്രട്ടറിയോടു ചോദിച്ചിരുന്നു. യുക്തമായതെന്താണെന്നുവച്ചാല്‍ അങ്ങനെ ചെയ്തുകൊള്ളാനായിരുന്നു സെക്രട്ടറിയുടെ മറുപടി.   

ജീനയെ അപ്രതീക്ഷിതമായി തട്ടിക്കൊണ്ടുപോയ സംഭവം റിഷിയുടെ മനസ്സില്‍ രണ്ടു ചോദ്യങ്ങളാണുയര്‍ത്തിയത്. അതിലാദ്യത്തേത് അവളെ എങ്ങോട്ടുകൊണ്ടുപോകാനായിരിക്കും സാധ്യതയെന്നായിരുന്നു. അതില്‍ പ്രധാനം  നഗരത്തിലെ അവന്റെ താവളങ്ങളാണ്. അതെവിടെയൊക്കെയാണെന്ന് ജീനയിതുവരെ പറഞ്ഞിട്ടില്ല. ഒരുപക്ഷേ അതവള്‍ക്ക് അറിയില്ലെന്നുതന്നെ വന്നേക്കാം. അത്തരത്തില്‍ ഒരു ഒളിയിടത്തിലേക്കായിരിക്കും അവളെയും കുഞ്ഞിനെയും കടത്തിയിരിക്കുന്നത്. മറ്റൊരു സാധ്യത നീളുന്നത് കേരളത്തിനുപുറത്തേക്കാണ്. അങ്ങനെയെങ്കില്‍ അതു ബാംഗ്ലൂരിലേക്കാവാം.  

രണ്ടാമത്തെ സംശയം കിരണെന്തിനാണ് അവളെ ഇനിയും ലക്ഷ്യം വയ്ക്കുന്നതെന്നാണ്. ബാംഗ്ലൂരില്‍ വച്ച് ജീനയുമായി അടുപ്പം സ്ഥാപിക്കുമ്പോള്‍ അയാള്‍ക്കുണ്ടായിരുന്ന താല്‍പ്പര്യങ്ങളെന്തായിരുന്നെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഒന്ന് കാമാസക്തി തന്നെ. അത്രത്തോളമോ അതിലേറെയോ പ്രധാനമായിരുന്നു അടുത്തത്. ജീനയുടെ സമ്പത്തും സ്വത്തുവകകളും കയ്യടക്കുക എന്ന ലക്ഷ്യം. സാമ്പത്തികനേട്ടത്തിനുവേണ്ടി നടത്തിയ ഗൂഢനീക്കങ്ങളും ജീനയെ കരുവാക്കി കൊടുത്ത കള്ളക്കേസുമെല്ലാം തിരിച്ചടിച്ചതോടെ കിരണിന്റെ മനക്കണക്കുകളെല്ലാം പിഴച്ചു.  സ്ഥാവരജംഗമവസ്തുക്കള്‍ പള്ളിക്കു വിട്ടുകൊടുത്ത് ഭൗതികജീവിതത്തിന്റെ പുറമ്പോക്കിലേക്ക് ഒതുങ്ങാനുള്ള സാമുവലിന്റെ തീരുമാനം കിരണിന് അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു. 
 
പിന്നെയുള്ളത് കാമവാഞ്ഛയാണ്. ജീനയില്‍ അയാള്‍ വച്ചുപുലര്‍ത്തിയിരുന്ന അത്തരം താല്‍പ്പര്യങ്ങളൊക്കെ എന്നേ കൊടിയിറങ്ങിയിട്ടുണ്ടാവും. അപ്പോള്‍ അതല്ല കാര്യം. ആ നിലയ്ക്ക് ജീനയെ അയാള്‍ തട്ടിക്കൊണ്ടുപോകുമ്പോള്‍ അതിന്റെ ഗൗരവമേറുന്നു. സദനം ജീവനക്കാരിയുടെ വിവരണം കണക്കിലെടുത്താല്‍ കിരണ്‍ കുട്ടിയെ വണ്ടിയിലേക്ക് പിടിച്ചു കയറ്റിയതോടെ ജീനയും അതില്‍ ചെന്നു കയറാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു. അപ്പോള്‍ ലക്ഷ്യം കുട്ടിയല്ലെന്നും ജീന തന്നെയാണെന്നും വ്യക്തമാണ്.  

' ഇതിപ്പോള്‍ നമ്മുടെ ലവലില്‍ നിന്നു മാറുകയാണെന്നു തോന്നുന്നു മാഡം.  അറ്റ് ലീസ്റ്റ് പോലീസിനെ അറിയിക്കുകയെങ്കിലും വേണം '

അക്കാര്യത്തില്‍ വാര്‍ഡനും അഭിപ്രായ വ്യത്യാസമില്ല . ഭര്‍ത്താവിനൊപ്പം പോകുന്നതായി വിളിച്ചറിയിച്ചെങ്കിലും രേഖാപരമായി അവളവിടെ അന്തേവാസിയാണ്. അവള്‍ക്കെന്തെങ്കിലും അരുതാത്തതു സംഭവിച്ചാല്‍ വനിതാ സദനവും അതില്‍ കുരുങ്ങും . വനിതാസദനത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. അക്കാര്യങ്ങളൊക്കെ വാര്‍ഡനും സെക്രട്ടറിയും ചര്‍ച്ച ചെയ്തതാണ്. അതേസമയം പോലീസന്വേഷണം ബുദ്ധിപൂര്‍വ്വമല്ലെങ്കില്‍ ബ്യൂമറാങ്ങായേക്കുമെന്നും വാര്‍ഡന്‍ ഭയമുണ്ട്. ജീനയും കുഞ്ഞും അപകടത്തിലൊന്നും ചെന്നുപെടരുതെന്ന് അവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടായിരുന്നു. 

' എന്തായാലും സാമുവലിനെ വിളിച്ചു കാര്യമറിയിക്കാം. അയാളെന്താ പറയുന്നതെന്നു കേള്‍ക്കട്ടെ. എന്നിട്ടു പോലീസിലറിയിക്കാം. '

അത് ആവശ്യം തന്നെയാണെന്നു റിഷിക്കും തോന്നി. സാമുവലിന്റെ ഭൗതികമായ ഇടപെടല്‍ ഇക്കാര്യത്തിലെന്തായാലും വേണ്ടിവരുമെന്നുറപ്പാണ്.  

' മാഡം തന്നെ അദ്ദേഹത്തെയൊന്നു വിളിക്കൂ... ഞാന്‍ പിന്നീട് സംസാരിച്ചോളാം.'

റിഷി മുമ്പു കൊടുത്തിരുന്ന കപ്യാരുടെ നമ്പര്‍ വാര്‍ഡന്‍ മൊബൈലില്‍ സേവ് ചെയ്തിരുന്നു. ആ നമ്പരിലേക്കവര്‍ ഡയല്‍ ചെയ്തു. മറുതലയ്ക്കല്‍ റിംഗുണ്ടായിരുന്നെങ്കിലും ആരുമത് അറ്റന്റ് ചെയ്തില്ല. 

' പള്ളിയുടെ സെലിബറേഷനെപ്പറ്റി പറഞ്ഞിരുന്നില്ലേ ... അതിന്റെ തിരക്കിലാവും.  രാത്രിയിലോ നാളെ കാലത്തോ മാഡമൊന്നു ട്രൈ ചെയ്യൂ. ഞാനും നോക്കാം. എന്നിട്ടും കിട്ടിയില്ലെങ്കില്‍ നമുക്കൊരു തീരുമാനത്തിലെത്താം '

അന്നുമുഴുവന്‍ ജീനയുടെ വിധിയായിരുന്നു റിഷിയെ ചിന്തിപ്പിച്ചത്. രാവിലെ ഉറക്കമുണര്‍ന്നിട്ടും എഴുനേല്‍ക്കാന്‍ മടിച്ച് അല്‍പ്പസമയം കൂടി അയാള്‍ ബഡ്ഡില്‍ത്തന്നെ കിടന്നു. അനിശ്ചിതത്വത്തിലായ സിനിമാമോഹം മുതല്‍ ജീനയുടെ വിധി വരെയുള്ള കാര്യങ്ങള്‍ അടുക്കും ചിട്ടയും നഷ്ടപ്പെട്ട സീനുകളായി ചിതറിക്കിടക്കുന്നു. അയാള്‍ മൊബൈലിലേക്ക് കണ്ണയച്ചു. വാര്‍ഡന്റെയോ സാമുവലിന്റെയോ മിസ്ഡ് കോളുകള്‍ ശ്രദ്ധയില്‍പ്പെടാതെ കിടക്കുന്നുണ്ടോയെന്നറിയാനായിരുന്നു അത്. പിന്നീടയാള്‍ വാട്‌സാപ്പിലേക്കും ഫേസ് ബുക്കിലേക്കുമൊക്കെ നീങ്ങിത്തുടങ്ങി. ഫേസ് ബുക്കില്‍ രഘുനാഥന്‍ രാത്രി വൈകി പുതിയതായി ഏതോ വീഡിയോ ഇട്ടിട്ടുണ്ട്. കൗതുകത്തോടെ റിഷി വീഡിയോ പ്ലേ ചെയ്തു. 

'ഒരു ഗ്ലാസ് ലൈഫ് ' എന്ന പേരില്‍ ഒറ്റ മിനുട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമായിരുന്നു അത്. ക്ലോസ് ഷോട്ടുകള്‍ കൂടുതലുപയോഗിച്ചുള്ള ട്രീറ്റ്‌മെന്റ്. ചെറിയ ദൈര്‍ഘ്യത്തിലുള്ള ഷോര്‍ട്ട്ഫിലിമിന് സ്ൂക്ഷ്മാംശം വ്യക്തമാക്കുന്ന ക്ലോസ് ഷോട്ടുകള്‍ തന്നെയാണുചിതം . ഒരു ഗ്ലാസ് പാലിലേക്ക് ഹോര്‍ലിക്‌സ് പകരുന്ന കരങ്ങളില്‍ നിന്നാണതു തുടങ്ങുന്നത്. സ്പൂണുപയോഗിച്ച് ഹോര്‍ലിക്‌സ് കലക്കുന്ന പെണ്‍കരങ്ങള്‍. അടുത്ത് ചെറിയൊരു കുപ്പി. ഹോര്‍ലിക്‌സ് ഗ്ലാസ്സിലേക്ക് അതില്‍ നിന്ന് രണ്ടു തുള്ളി പകരുന്നു. വീണ്ടും സ്പൂണുപയോഗിച്ച് അതു ലയിപ്പിക്കുന്ന പെണ്‍കരങ്ങളില്‍നിന്ന് ചെറിയൊരു ടില്‍റ്റ് അപ്പ് ഷോട്ട്. അതു മുകളിലെത്തി നില്‍ക്കുന്നത് ദീപയുടെ മുഖത്ത്. നിറഞ്ഞൊഴുകുന്ന കണ്ണുകളുടെ ക്ലോസ് അപ്പ്. എന്തുമാത്രം തന്മയത്വത്തോടെയാണ് ദീപചേച്ചി അഭിനയിച്ചിരിക്കുന്നതെന്ന് റിഷി അതിശയിച്ചു. 

ഇവരെയെല്ലാം ഉള്‍പ്പെടുത്തി ഇങ്ങനെയൊരു ഷോര്‍ട്ട് ഫിലിം ചെയ്തിട്ട് രഘുനാഥന്‍ അതെപ്പറ്റി സൂചിപ്പിക്കാതിരുന്നതില്‍ റിഷിക്കു പരിഭവം തോന്നി. ഒറ്റ മിനുട്ട് ഷോര്‍ട്ട് ഫിലിമല്ലേയെന്നു നിസ്സാരവല്‍ക്കരിക്കാനും അതുകൊണ്ടാണു പറയാതിരുന്നതെന്നു ന്യായീകരിക്കാനുമായിരിക്കും രഘുനാഥന്‍ ശ്രമിക്കുക. ചിലപ്പോള്‍ അന്നയാള്‍ പറഞ്ഞതു പോലെ മകന് ക്യാമറയുടെ സാധ്യതകളെപ്പറ്റി കൂടുതല്‍ ബോധ്യമാകാന്‍ വേണ്ടി ചെയ്തതാണെന്നും വരാം. ഷോട്ടുകളെപ്പറ്റി ദീപു ആഴത്തില്‍ മനസ്സിലാക്കാനുണ്ടെന്ന ചിന്ത രഘുനാഥന്റെ ബോധമനസ്സിലുള്ളത് സത്യം തന്നെയാണ്. ഒരു ഗ്ലാസ് ലൈഫിലെ ഷോട്ടുകളധികവും വസ്തുതകളുടെ സൂക്ഷ്മാംശത്തിലേക്കു നയിക്കുന്നതാണ്. കൃത്യമായി പറയേണ്ടതെന്തോ അതു പറയുന്നു; ആവശ്യമില്ലാത്തതൊന്നും പറയുന്നതുമില്ല. 

ദീപ ഹോര്‍ലിക്‌സുമായി പോകുന്ന ലോങ്ങ് ഷോട്ട്. വീണ്ടുമത് ക്ലോസിലേക്കെത്തി. ടേബിളില്‍ മേശമേലേക്ക് മുഖം കമിഴ്ത്തി വച്ച് കിടക്കുന്ന ദീപു. അവന്റെ തലമുടിയിഴകള്‍ മാടിയൊതുക്കുന്ന ദീപയുടെ കൈവിരലുകളുടെ എക്‌സ്ട്രീം ക്ലോസ് ഷോട്ട്. അവന്‍ മുഖമുയര്‍ത്തി അമ്മയെ നോക്കി. പിന്നെ നോട്ടം ഹോര്‍ലിക്‌സ് ഗ്ലാസ്സിലേക്ക്. ഭയന്ന കണ്ണുകള്‍. കണ്ണുകളിറുക്കിയടച്ച് അമ്മ. അവരുടെ കയ്യിലും അത്തരത്തിലൊരു ഹോര്‍ലിക്‌സ് ഗ്ലാസ്സ്. അടുത്ത നിമിഷം. കണ്ണു തുറക്കാതെ അവരത് ഒറ്റവലിക്കു കുടിച്ചുതീര്‍ക്കുന്നു. അതു കണ്ട് ഒരു നിലവിളിയോടെ അവനും ഹോര്‍ലിക്‌സ് വലിച്ചു കുടിക്കുന്നു. അവന്റെ മുഖത്തുനിന്ന് പാനിംഗ് ഷോട്ട് അവസാനിക്കുന്നത് കണ്ണീര്‍ ധാരധാരയായൊഴുകുന്ന ദീപയുടെ മുഖത്തേക്ക്. പെട്ടെന്നതൊരു സെല്‍ഫി വീഡിയോയുടെ നിലയിലേക്കെത്തുന്നു. പിന്നിലേക്കു പിന്നിലേക്കു നീങ്ങുന്ന ഷോട്ട് ബഡ്ഡിനരികിലിരിക്കുന്ന മറ്റൊരു ഗ്ലാസിനടുത്ത് നിശ്ചലമാവുന്നു. ആ ഗ്ലാസ് മറ്റൊരു കൈ എടുക്കുന്നു. ആ ഷോട്ട് വികസിച്ച് രഘുനാഥനിലേക്ക്. 

അപാരമായ ഷോട്ടായിരുന്നു അത്. സെല്‍ഫി ക്യാമറയില്‍ എത്ര മനോഹരമായാണ് അതെടുത്തിരിക്കുന്നതെന്ന് റിഷിയോര്‍ത്തു.  രഘുനാഥന്‍ ഹോര്‍ലിക്‌സ് കുടിക്കുന്ന ക്ലോസ് അപ്പ്. കിറുകൃത്യമായി ആ ഷോട്ട് മീഡിയം ക്ലോസിലേക്കു നീങ്ങുന്നു. അതില്‍ രഘുനാഥന്റെ ഇടതു കൈ.  ഷോട്ട് ചുരുങ്ങി കൈത്തണ്ടയിലേക്കൊതുങ്ങി. ഇപ്പോഴൊരു കാര്യം വ്യക്തമാണ്. ക്യാമറ പിടിച്ചിരിക്കുന്ന കൈ തന്നെയാണത്. അത്രമാത്രം ക്ലോസാണ് ആ ഷോട്ട്. അവിടേക്കുനീളുന്ന വലതു കൈവിരലുകളില്‍ തിളങ്ങുന്ന ബ്ലേഡ്ഏ. ഒരുനിമിഷം. ചോരയില്‍ കുതിര്‍ന്ന ഫ്രയിം. 

ഞെട്ടിത്തരിച്ച റിഷി കിടക്കയില്‍ നിന്നും ചാടി എഴുനേറ്റു. എന്തൊക്കെയോ ചിന്തകള്‍ അയാളിലൂടെ കടന്നു പോയി. സംഭവിച്ചതെന്തെന്ന് ബോധ്യമാകാതെ എഫ് ബി പേജിലേക്കയാള്‍ ഭയപ്പാടോടെ നോക്കി. ഒരു തവണ പൂര്‍ത്തിയായ വീഡിയോ പ്ലേ ചെയ്യാന്‍ തയ്യാറെടുത്തുനില്‍ക്കുന്നു. 

റിഷിയുടെ ശിരസ്സു പെരുക്കുകയും കാലുകള്‍ മരവിക്കുകയും ചെയ്തു. ഒരുവിധത്തിലയാള്‍ രഘുനാഥന്റെ നമ്പര്‍ തപ്പിപ്പിടിച്ചെടുത്തു. വിറയ്ക്കുന്ന കരങ്ങളോടെ അയാള്‍ ആ നമ്പരിലേക്കു വിളിച്ചു. 

( തുടരും )

മുന്‍ ഭാഗങ്ങള്‍ വായിക്കാം

Content Highlights: Malayalam Novel based on true story part eighteen nineteen