18- ചിറകറ്റ ശലഭം 

രാവിലെ രഘുനാഥന്റെ വീട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു റിഷി. ദീപുവിനുവേണ്ടി കഴിഞ്ഞ ദിവസം രഘുനാഥന്‍ നടത്തിയ യാത്ര ഫലം കണ്ടിട്ടുണ്ടാവുമെന്ന് അയാള്‍ക്കു തോന്നി. മകന്റെ അഭിമാനം മുറിപ്പെടാതെ സമയത്തുതന്നെ ട്യൂഷന്‍ഫീസുകളും മറ്റു ചെലവുകളും നല്‍കി തിരിച്ചയയ്ക്കാനാവുന്നതിന്റെ സംതൃപ്തിയിലാവും രഘുനാഥന്‍. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നടന്നിരുന്നില്ലെങ്കില്‍ രഘുനാഥന്‍ രാത്രിയില്‍ വിളിക്കുമായിരുന്നു. എഴുത്തിനിടയില്‍ ഇങ്ങനെയൊരാവശ്യത്തിനുവേണ്ടി അയാളെടുത്ത ഒറ്റ ദിവസത്തെ ഇടവേള പിന്നെയും നീണ്ടുപോയേനെ. 

റിഷിയുടെ ആലോചനകളെ ഇടമുറിച്ചവസാനിപ്പിച്ച് മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്തു. ഗോണിക്കൊപ്പലില്‍ നിന്ന് കപ്യാരുടെ ഫോണ്‍. ജീനയുടെ കത്ത് ഇന്നലെ വൈകി സാമുവലിന് കിട്ടിയിരിക്കണം. അതയാള്‍ വായിച്ചിട്ടുണ്ടാവും. റിഷി ധൃതിയില്‍ ഫോണ്‍ അറ്റന്റു ചെയ്തു. കപ്യാര്‍ ഫോണ്‍ സാമുവലിനു കൈമാറി. 

' എന്റെ മോളയച്ച കത്തെനിക്കു കിട്ടി ...'
അതു പറഞ്ഞതും സാമുവല്‍ നിശ്ശബ്ദനായതും ഒന്നിച്ചായിരുന്നു. 

ഗോണിക്കൊപ്പലിലെ കപ്യാരുടെ അഡ്രസില്‍ അങ്ങനെയൊരു കത്തു കിട്ടണമെങ്കില്‍ അത് റിഷി അറിയാതെയാവില്ല എന്ന വിശ്വാസത്തിലായിരുന്നു സാമുവല്‍ സംസാരിച്ചുതുടങ്ങിയത്. എന്നാല്‍ റിഷി അപ്പോള്‍ ചിന്തിച്ചത് മറ്റൊന്നാണ്. സാമുവലിനെ അവസാനമായി കണ്ടുമടങ്ങിയപ്പോള്‍ കപ്യാരെക്കൊണ്ടു തന്റെ നമ്പര്‍ സേവ് ചെയ്യിച്ചതും തിരിച്ചയാളുടെ നമ്പര്‍ വാങ്ങിവച്ചതും എത്ര നന്നായെന്ന് അയാളോര്‍ത്തു. സ്വന്തമായി ഫോണില്ലാത്ത, ആളുകളുമായി സമ്പര്‍ക്കശ്രമമില്ലാത്ത സാമുവലിനെക്കുറിച്ച് മണിക്കടവില്‍ വച്ച് പുരോഹിതനില്‍ നിന്നറിഞ്ഞതുകൊണ്ടാണ് അന്നങ്ങനെ മുന്‍കരുതലെടുത്തത്. സാമുവലിന്റെ കയ്യില്‍ ഫോണില്ലെങ്കിലും ഒരത്യാവശ്യഘട്ടത്തില്‍ കപ്യാര്‍ സഹായിയാവുമെന്ന് അന്നുതന്നെ റിഷി ഉറപ്പിച്ചതാണ്. അതുപോലെ തന്നെ സംഭവിച്ചിരിക്കുന്നു. 

കത്തിനെക്കുറിച്ചുള്ള സൂചനയ്ക്കു പിന്നാലെ സാമുവലിന്റെ മൗനത്തിനു ദൈര്‍ഘ്യമേറി. ക്രൂശിതരൂപത്തിനുമുന്നിലാണ് അയാളെന്നു വ്യക്തമാക്കി ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ കാലപ്പഴക്കത്തിന്റെ കമ്പനത്തോടെ തലചുറ്റിത്തിരിയുന്ന പെഡസ്റ്റല്‍ഫാനിന്റെ ഞരക്കം മാത്രം കേള്‍ക്കാം.   

' സാമുവല്‍ സാറേ...'
റിഷി സംശയത്തോടെ വിളിച്ചു. മൗനം തന്നെ വീണ്ടും. 

'' സാമുവല്‍ സാറേ...'

റിഷിയെ അതിശയിപ്പിച്ചുകൊണ്ട് ഫോണിന്റെ മറുതലയ്ക്കല്‍ പൊട്ടിക്കരച്ചിലുയര്‍ന്നു. ഒപ്പം വിങ്ങലമര്‍ത്തുന്നതിനിടെ വാക്കുകള്‍ മുറിഞ്ഞുവീഴുന്നുമുണ്ട്. 
' അറിഞ്ഞു ... എല്ലാം അറിഞ്ഞു '

സാമുവല്‍ വീണ്ടും നിയന്ത്രണമില്ലാതെ കരഞ്ഞു. സമാധാനിപ്പിക്കാന്‍ എന്തെങ്കിലും പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് റിഷിക്കു തോന്നി. കണ്ണുനീര്‍ ചിലപ്പോഴൊക്കെ നല്ല പ്രതിവിധിയാണ്. കടല്‍പോലെയുള്ള പ്രക്ഷുബ്ധതയാണെങ്കിലും കണ്ണീരിനൊപ്പമത് അടിഞ്ഞകലും. ആധുനികമോ പരമ്പരാഗതമോ ആയ ചികിത്സയിലൊന്നും കാണാത്ത വിശേഷപ്പെട്ട മരുന്നാണത്. പ്രകൃതി തന്നെ സ്വയം പ്രതിരോധത്തിനുവേണ്ടി മനുഷ്യനു നല്‍കിയ ഒറ്റമൂലി. അതുകൊണ്ട് സാമുവല്‍ സ്വയം കരഞ്ഞുതീര്‍ക്കട്ടെയെന്ന് കരുതി റിഷി കാത്തുനിന്നു.

' എനിക്കവളോടൊന്നു സംസാരിക്കണം .' 
വിതുമ്പല്‍ ഒതുക്കിക്കൊണ്ട് സാമുവല്‍ പറഞ്ഞു.

ഒരു രാത്രിയുടെ മുഴുവന്‍ ചിന്താഭാരം പൊട്ടിയൊഴുകുകയാണെന്ന് റിഷിക്കു ബോധ്യമായി. അതു തീവ്രവുമാണ്. അതുകൊണ്ടാണ് മറപടിക്കത്തയച്ച് അവളുമായി ആശയവിനിമയം നടത്താനുള്ള കാലതാമസം പോലും സഹിക്കാനാവാതെ സാമുവല്‍ രാവിലെതന്നെ അയാളെ വിളിച്ചത്. 

വനിതാസദനത്തിലെത്തി ജീനയെ ഫോണില്‍ കണക്ട് ചെയ്തുകൊടുക്കാമെന്നാണ് റിഷിയാദ്യം കരുതിയത്. പക്ഷേ അത് രഘുനാഥന്റെ വീട്ടിലേക്കുള്ള യാത്ര വൈകാനിടയാക്കും. എഴുത്തിനും സിനിമയ്ക്കുമിടയിലിപ്പോള്‍ നഷ്ടപ്പെടുത്താന്‍ സമയമില്ലാത്ത സാഹചര്യമാണുള്ളത്. അക്കാര്യത്തിലിതുവരെ രഘുനാഥനുമാത്രമായിരുന്നു തിടുക്കമെങ്കില്‍ ഇപ്പോഴത് അയാള്‍ക്കുമുണ്ട്. രഘുനാഥന്റെ പ്രശ്‌നങ്ങള്‍് താല്‍ക്കാലികമായെങ്കിലും പരിഹരിക്കപ്പെടണമെങ്കില്‍ താന്‍ കൂടി മുന്‍കൈയെടുത്തു കാര്യങ്ങള്‍ നീക്കണമെന്ന് റിഷിക്കറിയാം.  

റിഷി വനിതാസദനത്തിലേക്കു വിളിച്ചു. ജീനയുടെ കത്തിന്റെ ഉള്ളടക്കത്തെപ്പറ്റി ഇതിനകം തന്നെ വാര്‍ഡനോടയാള്‍ സൂചിപ്പിച്ചിരുന്നു. ആ കത്ത് സാമുവലിനെ വല്ലാതെ മുറിവേല്‍പ്പിച്ചിരിക്കുന്നു. അയാള്‍ക്ക് എത്രയും വേഗം ജീനയോടു സംസാരിക്കണം. 

ജീനയുടെ കാര്യത്തില്‍ എന്തു വിട്ടുവീഴ്ചയ്ക്കും വാര്‍ഡന്‍ തയ്യാറായിരുന്നു. സദനത്തില്‍ നിന്നുതന്നെ സാമുവലിന്റെ കോണ്ടാക്ട് നമ്പരിലേക്കു വിളിക്കാമെന്നും ജീനയുമായി സംസാരിക്കാന്‍ അവസരമുണ്ടാക്കാമെന്നും റിഷിക്കവര്‍ ഉറപ്പുനല്‍കി. ജീനയ്‌ക്കൊരു രക്ഷിതാവുണ്ടാകുന്നതിന്റെ സന്തോഷം വാര്‍ഡന്റെ വാക്കുകളില്‍ തുളുമ്പിനിന്നിരുന്നു. 

റിഷിക്ക് എന്തെന്നില്ലാത്ത ആനന്ദം തോന്നി. കൂട്ടിമുട്ടില്ലെന്നു കരുതിയ സമാന്തരരേഖകള്‍ ഒന്നിക്കുകയാണ്. അതൊരുപക്ഷേ, ഒരിക്കല്‍ തകര്‍ത്ത രണ്ടു ജീവിതങ്ങളെ ഇണക്കിച്ചേര്‍ക്കാനുള്ള വിധിയുടെ തന്നെ മറുചിന്തയാവാം. 
അതേ സമയം കിരണ്‍രാജെന്ന കിനാവള്ളി ഇപ്പോഴും ചുറ്റിവരിഞ്ഞുകിടക്കുന്നു. അയാളും ജീനയും തമ്മിലുള്ള ബന്ധം പുനര്‍നിര്‍വചിക്കപ്പെടണം. അതുവരെ കിരണ്‍ ആഘാതശേഷിയുള്ള ഭീഷണിയാണ്. പൂച്ച എലിയെ തട്ടിക്കളിക്കുമ്പോലെ ജീനയെ ഉപദ്രവിക്കാനയാള്‍ ചെറുതും വലുതുമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. 
കിരണിന്റെ ഉന്നം മനസ്സിലാക്കേണ്ടതുണ്ടെന്ന് റിഷിക്കുതോന്നി. അയാള്‍ക്കെതിരെ നിയമനടപടികള്‍ വേണ്ടിവന്നാല്‍ അത്തരം തിരിച്ചറിവുകള്‍ പ്രയോജനപ്പെടും. ചില നിര്‍ണ്ണായകമൊഴികള്‍ നല്‍കാന്‍ റിഷിക്കും കഴിയും.  

രഘുനാഥന്റെ വീട്ടിലേക്കു പോകുന്നതിനായി റിഷി ബൈക്ക് സ്റ്റാര്‍ട്ടു ചെയ്തതാണ്. അപ്പോഴേക്കും മനപ്പൊരുത്തം പോലെ രഘുനാഥന്റെ ഫോണ്‍. 
' അതേ റിഷി. അര മണിക്കൂര്‍ കൂടി കഴിഞ്ഞിട്ടിറങ്ങിയാല്‍ മതി. നേരേ ബൈപ്പാസിലോട്ടുവാ. നമുക്കൊന്നു കോവളം വരെ പോകണം.'

'എന്താ രഘുവേട്ടാ ? '

'അച്ചായന്‍ അവിടൊരു റിസോര്‍ട്ടില്‍ റൂമെടുത്തിട്ടുണ്ട്. സംസാരത്തില്‍ ആളൊന്നും വിട്ടുപറയുന്നില്ല. രാവിലെ കാണണമെന്നു ഞാനച്ചായനോടു പറഞ്ഞു. കണ്ടു സംസാരിച്ച് കാര്യങ്ങളൊന്നു ഫൈനലൈസ് ചെയ്താല്‍ കുറച്ചു കാശു വാങ്ങാന്‍ പറ്റുമോന്നു നോക്കാം. അതു കഴിഞ്ഞ് നേരേ നമുക്കങ്ങ് എഴുത്തിലേക്കു കയറാം '

അതു നല്ല കാര്യമായി റിഷിക്കും തോന്നി. നേരിട്ടുകണ്ടാവുമ്പോള്‍ കാര്യങ്ങള്‍ക്കു കുറേക്കൂടി വ്യക്തതയുണ്ടാവും. അതേ സമയം രഘുനാഥന് പണം ഏറ്റവും അത്യാവശ്യമായ സമയമാണിത്. കുറച്ചു പണം അഡ്വാന്‍സിനത്തില്‍ കിട്ടിയാല്‍ അതയാള്‍ക്ക് വലിയൊരു സഹായമാകുമെന്നും റിഷിക്കു തോന്നി. 

അതാലോചിച്ചുനില്‍ക്കുന്നതിനിടെ വീണ്ടും മൊബൈല്‍ഫോണ്‍ ശബ്ദിച്ചു. ഇത്തവണ വനിതാസദനത്തില്‍ നിന്ന് വാര്‍ഡനായിരുന്നു. അവരുടെ വാക്കുകള്‍ക്ക് പതിവില്‍ കവിഞ്ഞ ആര്‍ദ്രത.
' അപ്പച്ചനും മോളും കൂടെ ഒരു പത്തുമിനുട്ട്... കരച്ചിലോടു കരച്ചിലായിരുന്നു'

പരസ്പരം കുറ്റങ്ങളേറ്റു പറഞ്ഞും ക്ഷമ ചോദിച്ചും അവരൊരുപാടുനേരം സംസാരിച്ചു. കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ത്തന്നെ സദനത്തിലേക്കു വരണമെന്ന് സാമുവലിനുണ്ടായിരുന്നു. പക്ഷേ, ഇപ്പോഴവിടെ ഗോണിക്കൊപ്പലിലെ പള്ളിയില്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം നടക്കുകയാണ്. അയാള്‍ക്കതിലെന്തോ ചുമതലകളൊക്കെയുണ്ട്.  ഈ ആഴ്ച അതവസാാനിക്കും. അതു കഴിഞ്ഞാല്‍ നേരെ ഇങ്ങോട്ടുവരാനാണ് സാമുവലിന്റെ ഉദ്ദേശ്യം. ഇക്കാര്യങ്ങളൊക്കെ വാചാലമായി റിഷിയോടു പറയുമ്പോള്‍ വാര്‍ഡന്‍ ആവേശം കൊണ്ടു.  

നറുമണമുള്ളൊരു കുളിര്‍കാറ്റ് വീശിയടിക്കുന്നതുപോലെ റിഷിക്കു തോന്നി. അയാള്‍ ബൈക്കില്‍ ബൈപാസിലേക്കു പാഞ്ഞു. പറഞ്ഞ സ്ഥലത്ത് രഘുനാഥന്‍ കാത്തുനിന്നിരുന്നു. 

'ആ ദേവന്റെ കെണിയിലാണ് അച്ചായന്‍ ...'

കോവളത്തു റിസോര്‍ട്ടില്‍ ജയിംസിന് താമസവും സുഖചികിത്സയുമൊക്കെ ഏര്‍പ്പാടാക്കിയിരിക്കുന്നത് ദേവനാണ്. ജയിംസിന്റെ പണമുപയോഗിച്ച് എങ്ങനെയുമൊരു സിനിമയെടുക്കണമെന്ന ഏകലക്ഷ്യം മാത്രമാണ് ദേവന്റേതെന്ന് രഘുനാഥന്‍ ഉറപ്പിച്ചു. ആ നിലയ്ക്ക് ജയിംസിനുവേണ്ടി ഇരുവശത്തുനിന്നും വടംവലി തുടങ്ങിയാല്‍ ആരാണ് നേട്ടമുണ്ടാക്കുക എന്നത് അലോസരപ്പെടുത്തുന്ന ആശങ്കയാണ്. എന്തെങ്കിലും പുതിയ പ്രൊജക്ടില്‍ ദേവനയാളെ ചാടിച്ചാല്‍ തന്റെ സിനിമയുടെ ഫണ്ടിംഗിനെ അതു ബാധിക്കുമെന്ന് രഘുനാഥന്‍ ഭയപ്പെട്ടു. അതോടെ ഡ്രീം പ്രൊജക്ട് തന്നെ കോള്‍ഡ് സ്‌റ്റോറേജിലാവും. ദേവന്റെ കെയര്‍ ഓഫിലാണ് ജയിംസ് കോവളത്തുതാമസിക്കുന്നതെന്നു സിനിമാവൃത്തങ്ങളില്‍ നിന്നുകേട്ടപ്പോള്‍ത്തന്നെ രഘുനാഥന്‍ പന്തികേട് മണത്തതാണ്. 

'ദേവനെന്തോ ഇരയെറിഞ്ഞിട്ടുണ്ട്. കുറച്ചുദിവസങ്ങളായി അയാള്‍ അച്ചായന്റെ കൂടെയാണ് '

' ഇര ? '

' എന്തുമാവാം. അയാള്‍ പേരുകേട്ട സ്ത്രീലമ്പടനാണ്. പറ്റിയ റിസോര്‍ട്ടുതന്നെയാ ദേവന്‍ അയാള്‍ക്കുവേണ്ടി കണ്ടെത്തിയിട്ടുള്ളത്  '

രഘുനാഥന്റെ ആശങ്ക അസ്ഥാനത്തല്ലെന്ന് റിഷിക്കു തോന്നി. ജയിംസിന്റെയും ദേവന്റെയും കാര്യത്തില്‍ രഘുനാഥനില്‍ നിന്നുകേട്ടതും നേരിട്ടു കണ്ടുബോധ്യപ്പെട്ടതുമായ അറിവുകള്‍ മാത്രമാണ് അയാള്‍ക്കുള്ളത്. ഭൗതികസുഖങ്ങളുടെ തടവറയില്‍ ജയിംസിപ്പോള്‍ ബന്ധനം ആഘോഷിക്കുകയാണ്.    

രഘുനാഥന്‍ വീണ്ടും തുടര്‍ന്നു.
' നിധി കാക്കുന്ന ഭൂതത്തെപ്പോലെ നോക്കിയിരിക്കണം. അതാണവസ്ഥ. കണ്ണുതെറ്റിയാലവന്‍മാര്‍ അച്ചായനെ അടിച്ചോണ്ടു പോവും '

രഘുനാഥന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു; പിന്നാലെ റിഷിയും.

റിസോര്‍ട്ടില്‍ ജയിംസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിറ്റൗട്ടില്‍ കടല്‍ച്ചൂരുള്ള കാറ്റില്‍ വെളിയിലേക്കു നോക്കിയിരിക്കുകയായിരുന്നു അയാള്‍. രാവിലെ കഷ്ടിച്ചു പത്തുമണിയായിട്ടില്ല, അതിനുമുമ്പുതന്നെ കയ്യില്‍ മദ്യഗ്ലാസുമുണ്ട്. 

ഇരുവരെയും കണ്ടിട്ടും ജയിംസിന് പഴയ സന്തോഷമില്ല. കഴിഞ്ഞ ദിവസം രഘുനാഥന്‍ വിളിച്ചപ്പോഴും ആ ഉത്സാഹക്കുറവ് പ്രകടമായിരുന്നു. ഫോണ്‍ സംസാരത്തിനുമുന്നോടിയായി ജയിംസപ്പോള്‍ ചോദിച്ചത് അയാള്‍ റിസോര്‍ട്ടിലുള്ള വിവരം രഘുനാഥന്‍ എങ്ങനെനെയറിഞ്ഞു എന്നാണ്. അതിനുശേഷമാണ് അവിടേക്കു ചെല്ലാന്‍ അനുവാദം കൊടുത്തത്. 

' വരൂ  ...'
മുന്നിലുള്ള കസാലകള്‍ ചൂണ്ടിക്കാട്ടി രഘുനാഥനെയും റിഷിയെയും ക്ഷണിച്ചെങ്കിലും ജയിംസിന്റെ മുഖത്ത് മൗനം ഉരുണ്ടുകൂടി.  

ചുരുള്‍പ്പടം നിവര്‍ന്നതുപോലെ വിശാലമായ തീരക്കാഴ്ചയിലേക്കു കണ്ണയച്ച് പൊതുകാര്യമെന്ന മട്ടില്‍ ആരോടെന്നില്ലാതെ ജയിംസ് പറഞ്ഞു. 
' മുമ്പൊക്കെ ഡിസംബറെത്തുമ്പോഴേക്കും തിക്കും തിരക്കുമായിരുന്നു. ഇതിപ്പോ തീരെ ആളില്ല '

ജയിംസ് പറഞ്ഞതു ശരിയായായിരുന്നു. തരിശുനിലത്തിലെ കള്ളിച്ചെടികള്‍പോലെ അവിടവിടെ കുറച്ചു നാട്ടുകാരും വിദേശസഞ്ചാരികളുമുണ്ട്; അത്ര തന്നെ. അക്കാര്യത്തില്‍ ലൈറ്റ് ഹൗസ് ബീച്ചിലെയും ഹവ്വ ബീച്ചിലെയും സ്ഥിതി ഒന്നുതന്നെ. 

' ബ്ലാക്ക് ഷേഡുള്ള മണല്‍ത്തീരം തന്നെ നോക്ക്...  വെരി വെരി അഗ്ലി '

ഇല്‍മനൈറ്റും മോണോസൈറ്റുമൊക്കെ കറുപ്പഴകു ചാര്‍ത്തിയിരുന്ന തീരമേനി ഭാഗികമായി അലങ്കോലപ്പെട്ടുകിടക്കുകയാണ്. അവിടേക്കു നോക്കി ജയിംസ് മദ്യം സിപ്പു ചെയ്തു.

''ബീച്ചെന്നു പറഞ്ഞാലത് ബ്ലു ലഗൂണാ... കണ്ണാടിപോലാ വെള്ളം. നെടുനീളത്തിലങ്ങനെ കിടക്കുകയല്ലേ ക്രിസ്റ്റല്‍ ക്ലീന്‍ ബീച്ച്. അല്ലെങ്കില്‍ത്തന്നെ ഫിജിയിലെ ബീച്ചുകളൊക്കെ പൊതുവെ മനോഹരമാണ്. ഞാാനവിടെ നാലഞ്ചുതവണ പോയിട്ടുണ്ട. '

വിഷയത്തില്‍ പിടികൊടുക്കാതെ ജയിംസ് കോവളത്തുനിന്നും ബ്ലൂ ലഗൂണ്‍ ബീച്ചുവരെയെത്തിയിരിക്കുന്നു. അത് രഘുനാഥനെ വല്ലാതെ അസ്വസ്ഥനാക്കി. ഒരു ഘട്ടമെത്തിയപ്പോള്‍ അയാള്‍ക്ക് ഇടപെട്ട് സംസാരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. 

'അച്ചായാ... സ്‌ക്രിപ്റ്റ് ഫൈനല്‍ സ്റ്റേജിലാണ്. ഇനി അക്കാര്യത്തില്‍ നമുക്കു ടെന്‍ഷനില്ല. ഫ്‌ളാറ്റ് പോയെങ്കിലും അവിടെയും ഇവിടെയുമൊക്കെ ഇരുന്ന് ഞങ്ങളതങ്ങു ട്രാക്കിലാക്കി. '

ഗ്ലാസ്സിലേക്ക് പുതുതായി പകര്‍ന്ന മദ്യത്തില്‍ നാരങ്ങ സ്ലൈസിട്ട്് അതു കുത്തിത്താഴ്ത്തുന്നതില്‍ ശ്രദ്ധിക്കുകയായിരുന്നു ജയിംസ്.

'ഞാന്‍ പറഞ്ഞ പ്രൊഡക്ഷന്‍ കണ്‍ട്രോളറില്ലേ... അയാളെ അച്ചായനൊന്ന് എന്‍ഗേജ് ചെയ്യിക്കണം. ബജറ്റിടണം... എന്നാലേ കാര്യങ്ങളിനി മൂവ് ചെയ്യൂ '

സിപ്പുചെയ്ത വോഡ്ക ടേബിളിലേക്ക് മാറ്റിവച്ച ജയിംസ് പിന്‍കഴുത്തിലേക്ക് കൈകള്‍ വിരിച്ചുകെട്ടി കസേരയില്‍ ചാഞ്ഞിരുന്ന് രഘുനാഥനെ ശ്രദ്ധിച്ചു. 

'നമ്മളന്നു പ്ലാനിട്ടതുപോലെ മൂന്ന് ഏരിയയിലും വച്ചുള്ള ടാലന്റ് ഹണ്ട് നടത്തണം. ഓഡിഷനിലൂടെ ഷോര്‍ട്ട് ലിസ്റ്റു ചെയ്താല്‍ നല്ല നായകനെ കിട്ടും. കൂട്ടത്തില്‍ നല്ല പിള്ളേരുണ്ടെങ്കില്‍ അവര്‍ക്കും റോള്‍ കൊടുക്കാം. അതൊക്കെയൊന്നു പ്ലാന്‍ ചെയ്‌തെങ്കിലേ ലൊക്കേഷന്‍ കാണാനും ഫൈനലൈസ് ചെയ്യാനും കഴിയൂ.'

ജയിംസ് ഒന്നും മിണ്ടാതെ അല്‍പ്പസമയം കണ്ണടച്ചിരുന്നു. പിന്നെ ഒരാലോചനയുടെ തുടര്‍ച്ചയെന്നോണം മെല്ലെ പറഞ്ഞു തുടങ്ങി.

'ആ പ്രൊജക്ടില്‍ കുറെ പ്രശ്‌നങ്ങളുണ്ട് രഘുനാഥന്‍ '

ഒരപായ സൂചനപോലെയായിരുന്നു ജയിംസിന്റെ വാക്കുകള്‍. രഘുനാഥന്റെയും റിഷിയുടെയും നെഞ്ചിടിപ്പു വര്‍ദ്ധിച്ചു. 

' ഞാന്‍ പലരോടും ഡിസ്‌കസ് ചെയ്തു. അവരെല്ലാം പറയുന്നത് ഒന്നു തന്നെയാ...'
അയാള്‍ വോഡ്ക സിപ്പു ചെയ്യാനുള്ള സമയം വീണ്ടുമെടുത്തു. 
'അറിയാമല്ലോ;  ബിസിനസ്സാണ് മുഖ്യം. അതു നടന്നെങ്കിലേ കാശിറക്കിയിട്ടു കാര്യമുള്ളൂ.'

രഘുനാഥന്‍ അമ്പരപ്പോടെയാണ് അതുകേട്ടത്. അളന്നുതൂക്കി ജയിംസ് സംസാരിക്കുന്നതും അതു രഘുനാഥനില്‍ വരുത്തുന്ന ഭാവമാറ്റങ്ങളും റിഷിയെയും ആശയക്കുഴപ്പത്തിലാക്കി.   

'ഇതിപ്പോ പുതുമുഖങ്ങള്‍... അതാണു വിഷയം. ഒന്നാമത്തെ കാര്യം അവര്‍ക്കു തീയറ്റര്‍ കിട്ടില്ല. അടിച്ചുപിടിച്ചു വാങ്ങിയാത്തന്നെ നേരംകെട്ടനേരത്തു വല്ല ഒന്നോ ഒന്നരയോ ഷോ കിട്ടും. വലിയ നടന്‍മാര്‍ക്കുതന്നെയിപ്പോള്‍ സാറ്റലൈറ്റ് റൈറ്റ് കിട്ടുന്നില്ല. അപ്പോപ്പിന്നെ പുതുമുഖങ്ങളുടെ കാര്യം പറയണോ. പടം തീയറ്ററില്‍ നന്നായി കളിച്ചു ബോധ്യപ്പെട്ടാലേ സാറ്റലൈറ്റ് കിട്ടൂ. അപ്പോ അതില്ലേ... പിന്നെ ഒ.ടി.ടി.  പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ. പുതുമുഖങ്ങളെ അവരു തിരിഞ്ഞുപോലും നോക്കില്ല. അല്ലെങ്കിത്തന്നെ ഈ ഇട്ടാവട്ടത്തുള്ള മലയാളം പടത്തോട് അവന്‍മാര്‍ക്കൊരു താല്‍പ്പര്യവുമില്ല. പിന്നെ ചില ലോക്കല്‍ പ്ലാറ്റ് ഫോമുകള്‍. ദാരിദ്ര്യവാസികളാണ്; കാര്യമില്ല... അപ്പോ ഞാന്‍ പറഞ്ഞതിത്രേയുള്ളൂ. സ്റ്റാര്‍ ഇല്ലാത്ത പടം പ്രശ്‌നമാണ് .'

ജയിംസ് വീണ്ടും വോഡ്ക കയ്യിലെടുത്തു. 
' നിങ്ങള്‍ കഴിക്കുന്നില്ലേ...? '

ഇല്ലെന്ന് ഇരുവരും തലയാട്ടി. രഘുനാഥന്റെ മുഖം വിളറി വെളുത്തിരുന്നു.

' പുതുമുഖങ്ങള്‍ പ്രശ്‌നം തന്നെയാണ്. ബിസിനസിന്റെ കാര്യം നടപടിയാവില്ല. ഒന്നുകിലൊരു സ്റ്റാര്‍, അല്ലെങ്കില്‍ ഗ്യാരണ്ടിയുള്ള സംവിധായകന്‍, അതുമല്ലെങ്കില്‍ പേരെടുത്ത റൈറ്റര്‍... ഒരാള്‍ക്കെങ്കിലും മാര്‍ക്കറ്റുവാല്യൂ വേണം. എന്നാലേ പടം കച്ചവടമാകൂ  '

ജയിംസിന്റെ വാക്കുകള്‍ സൃഷ്ടിച്ച ഞെട്ടലിലായിരുന്നു രഘുനാഥന്‍. റിഷിക്കു വല്ലാത്ത രോഷം തോന്നി. ഹിറ്റുസിനിമകള്‍ ചെയതു ശ്രദ്ധിക്കപ്പെട്ട ഒരു സംവിധായകന്റെ മുഖത്തു നോക്കിയാണ് ജയിംസ് അതു പറഞ്ഞത്. കരിയറില്‍ ചെറിയൊരു ഇടവേളയുണ്ടായി എന്ന ഒറ്റക്കാരണത്താല്‍ രഘുനാഥനോട് വീണ്ടും പ്രതിഭ തെളിയിക്കാനാവശ്യപ്പെട്ടിരിക്കുകയാണ് ജയിംസ്. അതൊരുപക്ഷേ അയാളെ ഉപദേശിക്കുന്നവര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമാവാം. ഒരു നിമിഷത്തേക്കാണെങ്കിലും രഘുനാഥന്‍ തല താഴ്‌ത്തേണ്ടിവന്നത് റിഷിയെ അസ്വസ്ഥനാക്കി. 

' ഇതൊന്നുമല്ലെങ്കില്‍ പടം വലിയ ടെക്‌നിക്കല്‍ സംഭവമായിരിക്കണം. അതിനൊക്കെ കാശുമുടക്കിയാല്‍ ആളുകളെ ആകര്‍ഷിക്കാന്‍ പറ്റിയേക്കും. '

ജയിംസ് പറഞ്ഞുനിര്‍ത്തി. വെയില്‍ച്ചൂടേറിത്തുടങ്ങിയ ബീച്ചിലേക്കും ലൈറ്റ് ഹൗസിലേക്കും മിഴിമാറ്റിനട്ടിരുന്ന രഘുനാഥന്റെ മനസ്സിലിപ്പോള്‍ എന്താവുമെന്ന് റിഷിക്കൂഹിക്കാവുന്നതേയുള്ളൂ, നടപ്പായെന്നു കരുതിയ പ്രൊജക്ട് നാമാവശേഷമായ സ്ഥിതി. 

' ഇത്രയുമൊക്കെയായില്ലേ അച്ചായാ... ആ പ്രൊജക്ടില്‍ നിന്നു പിന്‍മാറണോ. അതു വിജയിപ്പിക്കാന്‍ കഴിയുമെന്ന് എനിക്കു പൂര്‍ണ്ണവിശ്വാസമുണ്ട് '
ദുര്‍ബ്ബലമായ ശബ്ദത്തിലാണ് രഘുനാഥനതു പറഞ്ഞത്. 

' ശരിയായിരിക്കാം. പക്ഷേ അനുഭവമുള്ളവരൊക്കെ പറയുന്നത് കൈ പൊള്ളുമെന്നാണ്. അല്ലെങ്കില്‍ ഒരു കാര്യം ചെയ്യൂ. രഘുനാഥനെനിക്ക് പടം തുടങ്ങുമ്പോഴേക്ക് സാറ്റലൈറ്റ് വാങ്ങിത്താ. പ്രൊഡക്ഷന്‍ കോസ്റ്റിന്റെ എഴുപത്തഞ്ചു ശതമാനം മതി. ബാക്കി വരുന്നതുപോലെ വരട്ടെയെന്നു വയ്ക്കാം. അതു പറ്റുമോ ? '

ജയിംസിന്റെ ചോദ്യത്തിനുമുന്നില്‍ രഘുനാഥന്‍ നിശ്ശബ്ദനായി. 

അയാള്‍ക്കൊരുകാര്യം ഉറപ്പായി. കഴിഞ്ഞ പ്രാവശ്യമെല്ലാം ജയിംസിന് കുറച്ച് ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു എന്നതു ശരിതന്നെ. പക്ഷേ അയാളിതുപോലൊരു കടുത്ത നിലപാടിലേക്കാണെന്ന സൂചന ഒരിക്കല്‍പ്പോലും നല്‍കിയിരുന്നില്ല. എന്നുതന്നെയല്ല ബദല്‍ മാര്‍ഗ്ഗങ്ങളെപ്പറ്റി ചിന്തിക്കാനുള്ള മനസ്സും അപ്പോഴയാള്‍ക്കുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ സ്ഥിതി അതല്ല. ജയിംസ് ഇങ്ങനൊരു തീരുമാനത്തിലെത്തണമെങ്കില്‍ ആരോ അയാളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവണം. അത് ദേവനല്ലാതെ മറ്റാരുമാവില്ല.  

രഘുനാഥനെയും റിഷിയെയും മാറിമാറിനോക്കിയിട്ട് അച്ചായന്‍ വീണ്ടും പറഞ്ഞു. 
' സിനിമയല്ലേ... രഘുനാഥന് നന്നായി അറിയാവുന്നതല്ലേ. ഇങ്ങനൊക്കെത്തന്നെയല്ലേ കാര്യങ്ങള്‍ '

ജയിംസ് കാഴ്ചപ്പാട് വ്യക്തമാക്കിക്കഴിഞ്ഞു. ഭാഗ്യപരീക്ഷണത്തിനുള്ള സമയമല്ല ഇത്. സിനിമ പൊതുവെ വലിയ പ്രതിസന്ധിയിലാണിപ്പോള്‍. ഇറങ്ങുന്ന പടങ്ങളില്‍ തൊണ്ണൂറു ശതമാനവും എട്ടുനിലയില്‍ പൊട്ടുന്നു. ഇന്‍ഡസ്ട്രിയില്‍ ശുഭപ്രതീക്ഷയ്ക്കു വക നല്‍കുന്ന എന്തെങ്കിലും മാറ്റമുണ്ടായാലേ പണം മുടക്കിയിട്ടു കാര്യമുള്ളൂ. അല്ലെങ്കിലത് കളഞ്ഞുകുളിച്ചതുമാതിരിയാണെന്നാണ് ജയിംസിന്റെ വീക്ഷണം.  

'ഞാനിപ്പോള്‍ നോക്കുന്നത് പഴയ പടങ്ങളാ... റീമേക്കിനു പറ്റിയത്. നസീര്‍, ജയഭാരതി, സത്യന്‍, മധു, ഷീല പടങ്ങളില്ലേ...  ആ സൈസ് ചെറിയ പടങ്ങള്‍ തമിഴിലും കന്നടയിലും കുറെയുണ്ട്. അതാവുമ്പോ വലിയ കോസ്റ്റുമില്ല. തല്‍ക്കാലം അതാ ബുദ്ധിയെന്നാ എനിക്കു തോന്നുന്നത്. '

മലയാളത്തില്‍ത്തന്നെ റീമേക്കു ചെയ്യപ്പെട്ട ഭരതന്റെ രതിനിര്‍വ്വേദവും നിദ്രയുമെല്ലാം ജയിംസിന്റെ മനസ്സിലെ തിരശ്ശീലയിലപ്പോള്‍ പ്രദര്‍ശനം തുടരുകയായിരുന്നു. വലിയ ചെലവില്ലാതെ നിര്‍മ്മിക്കാവുന്ന അത്തരം ചിത്രങ്ങളുടെ ഒരു ലിസ്റ്റുതന്നെ ഇതിനകം അയാള്‍ തയ്യാറാക്കിയിട്ടുണ്ട്. 

' ആ ഡയറക്ടര്‍ ദേവനില്ലേ. അങ്ങനൊരു പ്രൊജക്ട് അയാളുടെ കയ്യിലുണ്ട്. ആദ്യം അതു ചെയ്യാമെന്നു വച്ചു. ചെറിയ കോസ്റ്റില്‍ വര്‍ക്ക് ഔട്ട് ആവും. അതു കഴിയട്ടെ; നമുക്കു നോക്കാം. അപ്പോഴും പ്രശ്‌നം പുതുമുഖങ്ങളുടെ കാര്യത്തിലാ'

രഘുനാഥനെ ഇത്രത്തോളം പരിക്ഷീണനായി റിഷി ഇതുവരെ കണ്ടിട്ടില്ല. അപമാനിതനായതിന്റെ സങ്കടവും ആ മുഖത്തുണ്ടായിരുന്നു. ജയിംസിനോട് തുടര്‍ന്നെന്തു പറയണമെന്നു പോലുമറിയാതെ അയാള്‍ കുഴങ്ങി.

' നിങ്ങള്‍ ഫുഡ് കഴിച്ചിട്ടല്ലേ പോകുന്നുള്ളൂ ? ഞാന്‍ ഫുഡ് പറയാം.'

അയാള്‍ ബല്‍ അമര്‍ത്താനൊരുങ്ങിയപ്പൊഴേക്കും രഘുനാഥന്‍ തടഞ്ഞു. 
' വേണ്ട അച്ചായാ.  ഞങ്ങളധികം നില്‍ക്കുന്നില്ല  '

അതു പറഞ്ഞ് രഘുനാഥന്‍ മെല്ലെ റിഷിയെ തിരിഞ്ഞൊന്നു നോക്കി. അയാള്‍ക്കെന്തോ പറയാനുണ്ട്. എന്നാല്‍ അതിന് പൂര്‍ണ്ണമായും മനസ്സ് അനുവദിക്കുന്നതുമില്ല. ഒടുവില്‍ ഗതികേടുകൊണ്ടയാള്‍ പറഞ്ഞുതുടങ്ങി.  

' ഞങ്ങള്‍ ഇത്രയും സമയം ഇതിനുവേണ്ടി ഇന്‍വെസ്റ്റ് ചെയ്യുകയായിരുന്നു. പ്രൊജക്ട് മുന്നോട്ടുനീക്കിക്കൊള്ളാന്‍ അച്ചായന്‍ പറഞ്ഞതുകൊണ്ട് വലിയ പ്രതീക്ഷയിലായിരുന്നു. ഇതുവച്ച് കുറെ ബാധ്യതകളൊക്കെ വീട്ടാനിരുന്നതാണ്. ഇന്ന് അച്ചായന്റെ കയ്യില്‍ നിന്ന് ചെറിയൊരു അഡ്വാന്‍സ് കിട്ടുമെന്നാണ് കരുതിയിരുന്നത്... '
ഒരു നിമിഷം നിര്‍ത്തിയ രഘുനാഥന്‍ കസേരയില്‍ അല്‍പ്പം മുന്നോട്ടാഞ്ഞിരുന്ന് അപേക്ഷ പോലെ ശബ്ദം താഴ്ത്തി പറഞ്ഞു.
' എങ്ങനെയെങ്കിലും സഹായിക്കണം അച്ചായാ . ഈ പ്രൊജക്ട് കയ്യൊഴിയരുത്  '

ജയിംസ് നിസ്സഹായത പ്രകടിപ്പിച്ചു. 
' ഞാന്‍ പറഞ്ഞില്ലേ. നമുക്കു നോക്കാം. ചെറിയൊരു പടം ആലോചിച്ചു വയ്ക്കൂ... ചെലവു കുറഞ്ഞ ഒന്ന്. ആദ്യം ദേവന്റെ പടം കഴിയട്ടെ. '

രഘുനാഥന്‍ പിന്നീടൊന്നും പറയാന്‍ നിന്നില്ല. റിഷിക്കും ആ സാഹചര്യത്തില്‍ എങ്ങനെ പ്രതികരിക്കണമെന്നറിയില്ലായിരുന്നു. എന്തെങ്കിലും പറഞ്ഞാല്‍, പ്രവര്‍ത്തിച്ചാല്‍ അത് രഘുനാഥനു ദോഷകരമായി മാറരുതെന്നുകരുതി മാത്രം അയാള്‍ മൗനം അവലംബിച്ചു. 

ജയിംസിനോടു യാത്ര പറഞ്ഞിറങ്ങിയതിനുശേഷം രഘുനാഥന്‍ മൗനത്തിലായിരുന്നു. അയാളോട് റിഷിയും പ്രത്യേകിച്ചൊന്നും ചോദിച്ചില്ല. പാച്ചല്ലൂര്‍ റോഡ് കോവളം ബൈപ്പാസ് റോഡിലേക്കെത്തുന്ന ജംഗ്ഷനിലെത്തിയപ്പോള്‍ രഘുനാഥന്‍ ബൈക്കുനിര്‍ത്തി.  

' ഏതായാലും ഉച്ചയായി. ഫുഡ് കഴിച്ചിട്ടു പോകാം. '
രഘുനാഥന്‍ ഹോട്ടലിനരികിലേക്കു ബൈക്കടുപ്പിച്ചു. 

റിഷി എതിരൊന്നും പറഞ്ഞില്ല. ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തിരിക്കുമ്പോള്‍ രഘുനാഥന്‍ പറഞ്ഞു. 
' ഞാനിതു വിടുവാ റിഷീ. ഇനി എനിക്കിതു കഴിയില്ല '

' പ്ലീസ് രഘുവേട്ടാ ... നിങ്ങളിങ്ങനെ പെട്ടെന്ന് ഡിപ്രസ് ആവല്ലെ '

' ഡിപ്രഷനല്ല റിഷി ... സത്യം. ഞാനിപ്പോ ഏതുപടം ചെയ്യണമെന്നു പറഞ്ഞാലും അയാള്‍ കാശിറക്കും. പക്ഷേ, ഞാനൊരൊന്നാന്തരം കൂട്ടിക്കൊടുപ്പുകാരന്‍ ഡയറക്ടറായിരിക്കണം. എനിക്കതിനു കഴിയില്ലല്ലോ...'

' നമുക്കു വെയ്റ്റ് ചെയ്യാം ചേട്ടാ. എന്തായാലും ഇത്രയൊക്കെയായില്ലേ '

' അതിനൊന്നും ഇനി സമയമില്ല റിഷി. പറക്കുന്ന പക്ഷിയെ എറിഞ്ഞുപിടിക്കാന്‍ പറ്റിയ ബാല്യമൊന്നുമല്ല എന്റേത്.  പക്ഷേ ഈ സ്‌ക്രിപ്റ്റ് നീ പൊതിഞ്ഞുകെട്ടി വയ്ക്കരുത്. മാര്‍ക്കറ്റ് വാല്യുവുള്ള ഏതെങ്കിലും ഡയറക്ടറെ കാണിക്കണം. ചെലപ്പോ സിനിമ പെട്ടെന്നങ്ങു നടക്കും. '

' അതെങ്ങനെയാണ് ചേട്ടാ ... ഇത് ചേട്ടന്റെ കൂടെ വര്‍ക്കല്ലേ  '

' നോ റിഷി... സിനിമയില്‍ സെന്റിമെന്റ്‌സിന് സ്ഥാനമില്ല. ഞാന്‍ ചില വഴികള്‍ വരച്ചിട്ടുതന്നു എന്നതു ശരിയാണ്. പക്ഷേ, അതു വേണോ വേണ്ടയോ എന്നു തീരുമാനിച്ചത് റിഷിയാണ്. ആ വഴിയില്‍ക്കൂടി നടന്നതും ഓടിയതും തളര്‍ന്നുനിന്നതും മുന്നിലേക്കെത്തിയതുമെല്ലാം നീയാണ്. നിന്റെ എഫര്‍ട്ട് പാഴാവരുത്  '

' അതൊക്കെ പിന്നീടാലോചിക്കേണ്ട കാര്യങ്ങളല്ലേ രഘുവേട്ടാ '

' അല്ല... നീയിതിന്റെ പിറകില്‍ത്തന്നെയുണ്ടാവണം. ഞാനെപ്പോഴും പറയാറില്ലേ... മലയാള സിനിമയില്‍ ഒരു റൗണ്ട് വെടി പൊട്ടിക്കാനുള്ള മരുന്ന് നിന്റെ കയ്യിലുണ്ട്. വീണുകൊടുക്കരുത്. വീണാല്‍ എല്ലാവനും ചവിട്ടിത്തേച്ച് കടന്നുപോകും'

റിഷി വേദനയോടെ നിശ്ശബ്ദനായി കേട്ടുനിന്നു.

' എന്നെ ഒഴിവാക്കി സ്‌ക്രിപറ്റ് കൊടുത്താല്‍ വേറെ ഡയറക്ടറെ വച്ചു പടം ചെയ്യാമെന്നു മുമ്പൊരിക്കല്‍ പറഞ്ഞ ആ നടനില്ലേ... യുവതുര്‍ക്കി...  അവനെയും അപ്രോച്ച് ചെയ്യണം. ഞാനിതു പറയുന്നത് നിന്നിലുള്ള പ്രതീക്ഷ കൊണ്ടാണ്. '
അയാള്‍ നിറഞ്ഞ കണ്ണുകളോടെ റിഷിയുടെ ചുമലില്‍ പിടിച്ചു. 
' പൊന്നും വിലയുള്ള റൈറ്ററായിക്കഴിയുമ്പോ നീയെനിക്കൊരു കഥ തന്നാ മതി '

ആ നിമിഷം റിഷിയുടെ കണ്ണുകളും ഈറനണിഞ്ഞു. അയാള്‍ ആശയക്കുഴപ്പത്തില്‍പ്പെട്ടിരിക്കെ രഘുനാഥന്‍ ബില്‍ പേ ചെയ്തു. അയാളെക്കാള്‍ മുമ്പേ അതു ചെയ്യണമെന്നു കരുതിയിരുന്നതാണ് റിഷി. അതുകൊണ്ടുതന്നെ രഘുനാഥനെ വിലക്കാനയാള്‍ ശ്രമിച്ചു. എന്നാല്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നെന്നു കണ്ണുകൊണ്ടു സൂചിപ്പിച്ച് രഘുനാഥന്‍ ഹോട്ടലിനു പുറത്തേക്കു നടന്നു. 

അയാള്‍ ബൈക്ക് സ്റ്റാര്‍ട്ടു ചെയ്തു പറഞ്ഞു.
' റിഷി വിട്ടോളൂ. എനിക്കൊരാളെ കാണാനുണ്ട്. ഞാന്‍ വന്നേക്കാം '

റിഷി ബൈപ്പാസിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി. 
അയാളുടെ മനസ്സുമുഴുവന്‍ ഇശ്ചാഭംഗമായിരുന്നു. പറക്കാന്‍ തുടങ്ങിയ ഒരു സിനിമാശലഭം ചിറകറ്റു വീണിരിക്കുന്നു. ആ വീഴ്ചയുടെ പരിക്കും നിന്ദയും നെഞ്ചേറ്റിയിരിക്കുന്നത് രഘുനാഥനാണ്.

( തുടരും )

മുന്‍ ഭാഗങ്ങള്‍ വായിക്കാം

Content Highlights: Malayalam Novel based on true story part eighteen