കറുത്ത സത്യം
സാമുവലിനെ കാണുന്നതിന് മണിക്കടവിലേക്കും അവിടെനിന്ന് ഗോണിക്കൊപ്പലിലേക്കും പോകുമ്പോള്‍ ഗതിവിഗതികള്‍ ഇത്തരത്തിലാകുമെന്ന് റിഷി കരുതിയിരുന്നില്ല. റിഷിയെന്ന മനുഷ്യനും പത്രക്കാരനും നേര്‍ക്കുനേര്‍ നിന്ന് നൈതികതയുടെയും പ്രയോഗികതയുടെയും കണക്കെടുപ്പു നടത്താനുള്ള അവസരമാണ് സാമുവല്‍ സൃഷ്ടിച്ചത്. പത്രക്കാരനും മനുഷ്യനും ഒരേ ദിശയില്‍ നീങ്ങുന്നുവെന്നത് റിഷിയെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിനു വക നല്‍കി. ആ യാത്രയില്‍ റിഷി മനസ്സിലാക്കിയ പ്രധാനവസ്തുത നാലുവര്‍ഷം മുമ്പു ചാനല്‍ ത്രീയില്‍ താന്‍ റിപ്പോര്‍ട്ടു ചെയ്ത വാര്‍ത്ത നൂറ്റൊന്നു ശതമാനവും തെറ്റായിരുന്നു എന്നതാണ്.
മനുഷ്യത്വത്തെ മറയാക്കി കിരണ്‍രാജും ജീനയും ബ്യൂറോയിലെത്തിയപ്പോള്‍ റിഷി അവരെ തെല്ലും സംശയിച്ചില്ല. ഉച്ചവെയിലിന്റെ ഊക്കൊന്നണഞ്ഞാല്‍ അവസാനിക്കുന്ന നിഴല്‍പ്പാടുകള്‍ മാത്രമായിരുന്നു അവരെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. അന്നത്തെ വാര്‍ത്തയുടെ വസ്തുതകള്‍ എവിടെയൊക്കെയോ ചിതറിക്കിടക്കുകയാണ്. അവ പെറുക്കിയെടുക്കണം. കൂട്ടിവയ്ക്കണം. എങ്കില്‍ മാത്രമേ തിരിച്ചറിവുകള്‍ പൂര്‍ത്തിയാകൂ. ഇപ്പോഴത്തെ സ്ഥിതിയില്‍ അന്വേഷണം വഴിമുട്ടിയെന്നു പറയാനാവില്ല. പക്ഷേ വഴി മാറിയിട്ടുണ്ട്. വീണ്ടുമതു മുന്നോട്ടു പോകണമെങ്കില്‍ തുടക്കം കിരണ്‍രാജില്‍ നിന്നുവേണം ; അല്ലെങ്കില്‍ ജീനയില്‍ നിന്ന്. പക്ഷേ രണ്ടിടത്തും പ്രതിസന്ധികളവശേഷിക്കുകയാണ്.
യാത്ര കഴിഞ്ഞു വീട്ടിലെത്തിയതിനുപിന്നാലെ ശിവാനി വിളിച്ചു. യാത്രാവിവരങ്ങളറിയാനുള്ള ആകാംക്ഷയിലായിരുന്നു അവള്‍. വാലും ചേലുമില്ലാത്ത കുറെ വിവരങ്ങളാണ് തന്റെ കൈവശമുള്ളതെന്നും അതൊന്നു ചിട്ടപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും റിഷി അവളോടു പറഞ്ഞു.
വീട്ടിലേക്ക് ശിവാനി ക്ഷണിച്ചെങ്കിലും തിരക്കുഭാവിച്ച് അയാളതൊഴിവാക്കി. മനപ്പൂര്‍വ്വമായിരുന്നു അത്. അവിടെയെത്തുമ്പോള്‍ സ്വാഭാവികമായും സതീഷ് കാര്യങ്ങള്‍ അന്വേഷിക്കും. അതിനു കൊടുക്കുന്ന മറുപടി അയാള്‍ക്കു ബോധ്യപ്പെടുകയും ചെയ്യും. എന്നാല്‍ പത്രപ്രവര്‍ത്തനത്തിലെ എത്തിക്‌സില്ലായ്മയുടെ വലിയൊരു കഥയാണ് സതീഷിനു മുന്നില്‍ വെളിപ്പെടുത്തേണ്ടിവരുന്നത്. അതിന്റെ ഹേതു താനാണെന്ന സങ്കോചം റിഷിക്കുണ്ട്. എന്നുമാത്രമല്ല, സാമുവലിനെ കണ്ടതിന്റെ പശ്ചാത്തലത്തില്‍ ജീനയെ സമീപിച്ചാല്‍ ചിലപ്പോഴവള്‍ മനസ്സു തുറന്നേക്കും. വനിതാസദനത്തിലെത്തി അവളെ കണ്ടിട്ടുമതി ശിവാനിയുടെയും സതീഷിന്റെയും അടുത്തേക്കു പോകുന്നതെന്ന് അയാള്‍ തീരുമാനിച്ചു.
ചിന്തകള്‍ വീണ്ടും സാമവലിനെത്തേടി ഗോണിക്കൊപ്പലിലേക്കു പോകാനൊരുങ്ങുമ്പോഴാണ് രഘുനാഥന്റെ ഫോണ്‍ വന്നത്. പ്രൊഡ്യൂസര്‍ കഥ കേള്‍ക്കാന്‍ സന്നദ്ധനായിട്ടുണ്ട്. അടുത്ത ദിവസം വൈകുന്നേരം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനടുത്തുള്ള ഹോട്ടലിലെത്തണം.
രഘുനാഥന്റെ വാക്കുകള്‍ അയാളെ ആവേശത്തിലാക്കി.
' നന്നായൊന്നു റിഹേഴ്‌സല്‍ ചെയ്‌തോണം. ഓപ്പണിംഗും ക്ലൈമാക്‌സുമൊക്കെ വേണ്ടിവന്നാല്‍ അവതരിപ്പിച്ചുകാണിച്ചൊന്നു പൊലിപ്പിച്ചേക്കണം. കഥയില്‍ എങ്ങനെയെങ്കിലും അയാളെ വീഴ്ത്തണം. ബാക്കി ഞാന്‍ നോക്കിക്കോളാം. '
രഘുനാഥന്‍ അങ്ങനെയാണ്. ആരോടു കഥ പറയാന്‍ പോകുമ്പോഴും ഇതയാളുടെ പല്ലവിയാണ്. അതു മാനിച്ച് റിഷി രണ്ടുതവണ കഥ മനസ്സിരുത്തി വായിച്ചു. ഒരു കഥ പ്രൊഡ്യൂസറോടോ നായകനോടോ വില്ലനോടോ പറയുമ്പോള്‍ ആരോടാണോ പറയുന്നത് ആ കഥ അവരുടെ ആംഗിളില്‍ നിന്നുവേണം പറയാനെന്ന് അയാളെ പരിശീലിപ്പിച്ചതും രഘുനാഥനാണ്.
കഥ പറയാന്‍ അടുത്ത ദിവസം നെടുമ്പാശ്ശേരിക്കു പോകേണ്ടതുകൊണ്ട് വനിതാസദനത്തിലെത്തി ജീനയെകാണുന്നത് ഒരു ദിവസത്തേക്കു വൈകിപ്പിക്കാന്‍ റിഷി തീരുമാനിച്ചു.
ചെറുപ്പത്തില്‍ത്തന്നെ ഒറ്റപ്പെട്ട ചിന്തകളില്‍ ആകൃഷ്ടനായ മാവോയിസ്റ്റ് യുവാവായിരുന്നു സിനിമയിലെ നായകന്‍. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ സായുധകലാപത്തിലൂടെ അസ്ഥിരപ്പെടുത്താമെന്ന മോഹം നടക്കാത്ത ഒന്നാണെന്ന് ഒരു ഘട്ടത്തില്‍, അതും നല്ല പ്രായത്തില്‍ത്തന്നെ അയാള്‍ തിരിച്ചറിയുന്നു. അശരണരായ ഇളയ സഹോദരിയും അമ്മയുമടങ്ങുന്നതാണ് അയാളുടെ കുടുംബം. അവരോടുള്ള ചുമതലകളില്‍ നിന്ന് ഇനിയും ഒളിച്ചോടാനാവില്ലെന്ന് ബോധ്യപ്പെടുന്ന അയാള്‍ കാടിറങ്ങാന്‍ ആലോചിച്ചു. ഭരിക്കുന്ന പാര്‍ട്ടിക്കെതിരെ പെട്ടെന്നാണ് വലിയൊരു ആരോപണമുണ്ടായതും മാധ്യമങ്ങളത് ഏറ്റുപിടിച്ചതും. വാര്‍ത്തകളും ചാനല്‍ച്ചര്‍ച്ചകളും ദിനം പ്രതി വര്‍ദ്ധിച്ചതോടെ പിടിച്ചുനില്‍ക്കാനാവാതെ സര്‍ക്കാര്‍ അടവുമാറ്റി. നിലവിലുള്ള വാര്‍ത്തകളുടെ പ്രാധാന്യം നഷ്ടമാക്കുംവിധം മറ്റൊരു വലിയ വാര്‍ത്ത സൃഷ്ടിക്കാന്‍ അവര്‍ തീരുമാനിച്ചു. അതിനുവേണ്ടി നായകനടക്കം മൂന്നു മാവേയിസ്റ്റുകളെ നിയമപാലകര്‍ കാടുകയറി വെടിവച്ചു കൊല്ലുന്നു. അത്യാവശ്യം ട്വിസ്റ്റുകളെല്ലാമുള്ള ഫാമിലി ത്രില്ലര്‍. പ്രൊഡ്യൂസറെ പിടിച്ചിരുത്തുംവിധം അതവതരിപ്പിക്കാന്‍ റിഷി തയ്യാറെടുത്തു.
പിറ്റേദിവസം വൈകിട്ട് റിഷിയും രഘുനാഥനും ഹോട്ടലിലെത്തി. പ്രൊഡ്യൂസര്‍ ജയിംസിന്റെ സ്യൂട്ടില്‍ മറ്റുമൂന്നുപേര്‍ കൂടിയുണ്ടായിരുന്നു. അവര്‍ക്കുമുന്നില്‍ മദ്യക്കുപ്പികള്‍ നിരന്നിട്ടുണ്ട്.
' വരൂ രഘുനാഥ്. ഇരിക്ക് '
പിന്നീടയാള്‍ അകത്തേക്കു നോക്കി
' ദോ ഗിലാസ് ലാവോ. ജല്‍ദി '
ജയിംസിന്റെ ഹിന്ദിക്കാരന്‍ പേഴ്‌സണല്‍ കുക്ക് രണ്ടു ഗ്ലാസ്സുകള്‍ അവര്‍ക്കു വേണ്ടി കൊണ്ടുവന്നു.
രഘുനാഥനപ്പോള്‍ സ്്‌നേഹപൂര്‍വ്വം തടഞ്ഞു
' സ്റ്റോറി കഴിഞ്ഞിട്ടാവട്ടെ സാര്‍ . അതാ നല്ലത്. '
' ആസ് യൂ വിഷ്.'
അതുപറഞ്ഞ് ജയിംസ് മറ്റുള്ളവര്‍ക്കുനേരെ തിരിഞ്ഞു.
' ആര്‍ യൂ റഡി ജന്റില്‍മെന്‍ ?'
കൂട്ടത്തില്‍ നടുക്കുണ്ടായിരുന്നയാള്‍ അല്‍പ്പം മുന്നോട്ടാഞ്ഞിരുന്ന് തംപ്‌സ് അപ് കാട്ടി റെഡിയെന്നറിയിച്ചു.
ജയിംസും സുഹൃത്തുക്കളും കഥ അതീവശ്രദ്ധയോടെ കേട്ടു. ഒടുവില്‍ മുറിയില്‍ നിശ്ശബ്ദത ബാക്കിയായി. ജയിംസ് മൂവരെയും നോക്കി. അവരില്‍ രണ്ടുപേര്‍ പൂര്‍ണ്ണതൃപ്തര്‍. മൂന്നാമന്റെ മുഖം മറുപടി പറയുന്നില്ല.
'നീയെന്തു പറയുന്നു?'
ജയിംസ് അയാളോടു ചോദിച്ചു.
തലയാട്ടി തെല്ലാലോചനയോടെ അയാള്‍ പറഞ്ഞു.
' ഞാന്‍ ക്ലൈമാക്‌സിനെപ്പറ്റി ആലോചിച്ചതാണ്. ഒരെത്തുംപിടിയും കൊടുക്കാതെ കൊണ്ടുവന്നിട്ടുണ്ട്..'
' എന്നുവച്ചാല്‍ കൊള്ളാമെന്നോ കെള്ളത്തില്ലെന്നോ ?'
' സൂപ്പര്‍ '
റിഷിക്കും രഘുനാഥനും ആശ്വാസമായി. ഹിന്ദിക്കാരന്‍ കൊണ്ടുവച്ച ഗ്ലാസ്സിലേക്ക് ജയിംസ് മദ്യം പകര്‍ന്നു. തനിക്കിപ്പോള്‍ വേണ്ടെന്നു പറഞ്ഞ് റിഷി അതില്‍നിന്നുമൊഴിഞ്ഞു. ജയിംസ് നിര്‍ബന്ധിച്ചതുമില്ല. രഘുനാഥന്‍ മദ്യം സിപ്പുചെയ്തുവച്ചു.
ജയിംസിനു ചില സംശയങ്ങളുണ്ടായിരുന്നു. കഥാഗതിയനുസരിച്ച് രണ്ടുസംസ്ഥാനങ്ങളിലായി മൂന്നു നാലു ലൊക്കേഷനുകള്‍ കണ്ടെത്തേണ്ടതുണ്ട്. ഒന്നുകൂടി ക്രമീകരിച്ചാല്‍ കേരളത്തില്‍ത്തന്നെ നിര്‍ത്തി പ്രൊജക്ട് സാധിക്കുമോ എന്നതായിരുന്നു അതില്‍ പ്രധാനം. രഘുനാഥന്‍ അതിന്റെ ഗുണദോഷങ്ങള്‍ വിശദമായിത്തന്നെ പറഞ്ഞുകേള്‍പ്പിച്ചു.
ഈ സമയം സുമുഖനായ ഒരു യുവാവ് സ്യൂട്ടിലേക്കെത്തി. സില്‍ക്കു ജുബ്ബയണിഞ്ഞ, കട്ടിയുള്ള സ്വര്‍ണ്ണ ബ്രേസ്‌ലൈറ്റ് ധരിച്ച, സുറുമയെഴുതിയ മുന്തിരിമൊഞ്ചന്‍ വന്ന പാടേ ജയിംസിനെ ആശ്ലേഷിച്ചു. ജയിംസ് അവന്റെ തോളില്‍ തട്ടി സന്തോഷം പ്രകടിപ്പിച്ചു. പിന്നെ എന്തോ ഒാര്‍ത്തിട്ടെന്ന പോലെ രഘുനാഥന്റെ നേര്‍ക്കുതിരിഞ്ഞു.
' എനിവേ ... ഐ വില്‍ കോള്‍ യൂ ലേറ്റര്‍ '
പുറത്തേക്കിറങ്ങുമ്പോള്‍ മുന്തിരിമൊഞ്ചന്‍ പരിചയപൂര്‍വ്വം കൈകാണിക്കുന്നതും രഘുനാഥനതു കണ്ടില്ലെന്നു നടിക്കുന്നതും റിഷി ശ്രദ്ധിച്ചു.
' അയാളാരാ രഘുവേട്ടാ ? '
ഡ്രൈവ് ചെയ്യുന്നതിനിടയില്‍ മുഖം ചെരിച്ച് റിഷിയെ നോക്കി രഘുനാഥന്‍ പറഞ്ഞു. .
' പിമ്പ് '
സര്‍വ്വസാധാരണവും നിസ്സാരവുമായ ഒരു കാര്യമെന്നപോലെ അയാളങ്ങനെ പറഞ്ഞപ്പോള്‍ റിഷിക്ക് അതിശയം തോന്നി. റിഷിയുടെ ഭാവമാറ്റം കണ്ട് രഘുനാഥന്‍ പൊട്ടിച്ചിരിച്ചു..
' വെറും പിമ്പല്ല... എലൈറ്റ് പിമ്പ്. ഇവിടുത്തെ സിനിമക്കാര്‍ക്കും ബിസിനസ്സുകാര്‍ക്കുമൊക്കെ എസ്‌കോര്‍ട്ട് ഗേള്‍സിനെ സപ്ലൈ ചെയ്യുന്നതിവനാണ്. '
ജയിംസിന്റെ മറുപടിക്കുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. പിറ്റേ ദിവസം ഉച്ചയോടെയാണ് ജയിംസിന്റെ വിളിയെത്തിയത്.
' രഘുനാഥന്‍ ... നമ്മളീ സിനിമ ചെയ്യുന്നു.'
മദ്യം പൊതിഞ്ഞ ജയിംസിന്റെ ശബ്ദം മഴവെള്ളം പെലെ ചിതറി.
എഴുതാനുള്ള സൗകര്യത്തിന് നഗരത്തിലൊരു ഫ്‌ലാറ്റ് വാടകയ്‌ക്കെടുക്കാനാണ് ജയിംസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. രണ്ടാഴ്ച റിഷിയോടൊപ്പമിരുന്നാല്‍ ഇന്റര്‍വെല്‍ വരെ തടസ്സങ്ങളൊന്നുമില്ലാതെ എഴുത്ത് മുന്നോട്ടുപോകുമെന്ന് രഘുനാഥനുറപ്പുണ്ട്. ചെറിയൊരു ബ്രേക്കെടുത്ത് വീണ്ടും രണ്ടാഴ്ച കൂടി ഇരിക്കേണ്ടിവരും. ഇപ്പോള്‍ത്തന്നെ തിരക്കഥയുടെ സ്‌കെലിട്ടണ്‍ ആയിട്ടുണ്ട്. ഓരോ സീനിലും സംഭവിക്കുന്നതെന്തെന്ന കാര്യത്തില്‍ ഇരുവരും ധാരണയിലെത്തിക്കഴിഞ്ഞു. ഇനി സംഭാഷണവും മറ്റു ഡീറ്റയില്‍സും ഉള്‍പ്പെടുത്തി സ്‌ക്രിപ്റ്റിലേക്കെത്തണം. ചെത്തിമിനുക്കാനും കൂട്ടിച്ചേര്‍ക്കാനുമുള്ളതൊക്കെ ഉള്‍പ്പെടുത്തി അന്തിമമാക്കണം.
മുഴുവന്‍സമയവും എഴുത്തിലേക്ക് മാറ്റിവയ്ക്കുന്നതിനു മുന്നോടിയായി റിഷിക്ക് അല്‍പ്പം തയ്യാറെടുപ്പുകള്‍ ആവശ്യമായിരുന്നു. ഒരാഴ്ച സമയമെങ്കിലും അതിനു വേണം. ഗോണിക്കൊപ്പലില്‍ നിന്നുവന്നിട്ട് ആദ്യം ചെയ്യേണ്ടിയിരുന്നത് വനിതാസദനത്തിലെത്തി ജീനയെ കാണുകയായിരുന്നു. എന്നാല്‍ അതിനിടെയാണ് പ്രൊഡ്യൂസര്‍ കഥ കേള്‍ക്കാന്‍ തയ്യാറായത്.
അടുത്ത ദിവസം രാവിലെതന്നെ റിഷി വനിതാസദനത്തിലെത്തി. അയാളുമായി വാര്‍ഡനിപ്പോള്‍ നല്ല സൗഹൃദത്തിലെത്തിയിരുന്നു. എന്നുതന്നെയല്ല എന്തു സഹായത്തിനും അവര്‍ ഒരുക്കവുമായിരുന്നു.
സാമുവലിനെ തേടി നടത്തിയ യാത്രയെക്കുറിച്ച് റിഷി വിശദമായിത്തന്നെ വാര്‍ഡനോട് പറഞ്ഞു. ഒരു വാര്‍ത്തയ്ക്കുള്ള വിഭവമായതുകൊണ്ടല്ല ജീനയ്ക്കു പിന്നാലെ കൂടിയത്. തൊഴിലില്‍ സംഭവിച്ച പിഴവിന്റെ ആഴം മനസ്സിലാക്കിയതുകൊണ്ടാണ്. ജീന എന്തെങ്കിലും സഹായം അര്‍ഹിക്കുന്നുണ്ടെങ്കില്‍ അതു സാധ്യമാക്കണം. സഹായത്തിന് ആളുകളുണ്ടെന്നു ബോധ്യപ്പെടുത്തണം. അതുമാത്രമാണ് തന്റെ ലക്ഷ്യമെന്ന് റിഷി വ്യക്തമാക്കി.
പിതാവിനെതിരെ ജീന കൊടുത്ത കേസിന്റെ ഗൗരവസ്വഭാവം, പിന്നീടത് കള്ളക്കേസാണെന്നു തെളിഞ്ഞത്, ആരോപിതനായ പിതാവ് സര്‍വ്വതുമുപേക്ഷിച്ച് നാടുവിട്ടത്... എല്ലാം വാര്‍ഡന്‍ ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്നു. കിരണ്‍രാജിന്റെ സഹായത്തോടെ അന്നങ്ങനെ കേസുകൊടുക്കാന്‍ ധൈര്യം കാട്ടിയ ജീന അഭയാര്‍ഥിയായി വനിതാസദനത്തിലെത്തിയത് അവരെയും കുഴക്കി. ഒട്ടേറെ ദുരൂഹതകള്‍ അതിലുണ്ട്. ജീനയില്‍ നിന്നു കൂടുതല്‍ കാര്യങ്ങളറിഞ്ഞിട്ടുവേണം അവള്‍ സഹായം അര്‍ഹിക്കുന്നുണ്ടോയെന്നു തിട്ടപ്പെടുത്താന്‍.
റിഷിയുടെ ആവശ്യപ്രകാരം വാര്‍ഡന്‍ വീണ്ടുമൊരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി. ഇത്തവണ ജീന കുറെക്കൂടി ആത്മവിശ്വാസം വീണ്ടെടുത്തിരുന്നു. അതു നന്നായെന്നും ഒരുപക്ഷേ തന്റെ സംശയങ്ങള്‍ക്കവള്‍ മറുപടി പറഞ്ഞേക്കുമെന്നും റിഷി കരുതി.
' ഇവിടെ വന്നിട്ടൈങ്ങനെ . ജീനയുടെ ടെന്‍ഷനൊക്കെ മാറിയില്ലേ ?'
അവള്‍ക്കഭിമുഖമായി കസേരയിട്ടിരിക്കുന്നതിനിടയില്‍ റിഷി ചോദിച്ചു. എന്നാലതിന് ജീന മറുപടി നല്‍കിയില്ല.
'കഴിഞ്ഞ ദിവസം ജീനയുടെ മണിക്കടവിലെ വീട്ടില്‍ ഞാന്‍ പോയിരുന്നു. സാമുവലിനെ കാണാന്‍ '
അവളൊന്നു ഞെട്ടി . ഇത്തവണ അവള്‍ മുഖം താഴ്ത്തുകയല്ല; മറിച്ച് റിഷിക്കുനേരെ ഉയര്‍ത്തുകയാണ് ചെയ്തത്.
' സാമുവലിപ്പോ അവിടില്ല. നാടും വീടുമൊക്കെ ഉപേക്ഷിച്ച് കുടകിലാണ്. അവിടെ ഗോണിക്കൊപ്പലിലാണ് താമസം.'
അവിചാരിതമായി കേട്ട കാര്യങ്ങള്‍ അവളെ വല്ലാതെ സ്പര്‍ശിച്ചു. അവളിലുണ്ടാകുന്ന ഭാവമാറ്റങ്ങള്‍ നിരീക്ഷിച്ച് റിഷി തുടര്‍ന്നു.
' ഞാനവിടെപ്പോയി... സാമുവലിനെ കണ്ടു. .'
ജിന ഒന്നു പകച്ചു. മറ്റൊന്നുമാലോചിക്കാതെ വനിതാസദനത്തിലേക്കെത്തിയപ്പോള്‍ ഇങ്ങനെയൊരാള്‍ പിന്തുടര്‍ന്നേക്കുമെന്നോ, അയാള്‍ തന്റെ വേരുകള്‍ തേടിപ്പോകുമെന്നോ അവള്‍ കരുതിയിരുന്നില്ല. റിഷി എന്തൊക്കെയായിരിക്കും മനസ്സിലാക്കിയിട്ടുണ്ടാവുക എന്നതായിരുന്നു അവളുടെ ആശങ്ക..
' അന്നത്തേത് കള്ളക്കേസായിരുന്നെന്നും സാമുവലിനെ വെറുതെ വിട്ടെന്നും മനസ്സിലായി. അയാള്‍ കരുണ കാട്ടിയതുകൊണ്ട് ജീനയ്ക്കും കിരണിനും ജയിലില്‍ പോകേണ്ടിവന്നില്ല '
വാര്‍ഡന്‍ കൂടി ഇപ്പോള്‍ അവരുടെ അടുത്തേക്കെത്തി. ജീനയുടെ മുഖത്ത് വിവിധവികാരങ്ങള്‍ നിറയുന്നു.
' ആ കുട്ടി...? ഒന്നുകിലത് ജീനയുടെ ഹസ്ബന്റ് കിരണ്‍രാജിന്റെ കുട്ടിയാണ്. അല്ലെങ്കില്‍ കിരണും സാമുവലുമറിയാത്ത മറ്റാരുടെയോ കുട്ടി ... ജീന മാത്രമറിയുന്ന ആരുടെയോ കുട്ടി.'
വിതുമ്പാനൊരുങ്ങുകയായിരുന്നു ജീന.
'അപ്പോള്‍പ്പിന്നെ ആ കേസ് എന്തിനായിരുന്നു ? '
അടുത്തനിമിഷം. മനസ്സാന്നിധ്യം പൂര്‍ണ്ണമായും നഷ്ടപ്പെട്ട അവള്‍ പൊട്ടിക്കരഞ്ഞു.
സഹതാപത്തോടെ മുന്നോട്ടാഞ്ഞ വാര്‍ഡന്‍ അവളുടെ തോളില്‍ സ്‌നേഹപൂര്‍വ്വം തടവി. ജീനയെ ആശ്വസിപ്പിച്ചുകൊണ്ടവര്‍ മെല്ലെ പറഞ്ഞു.
' കുട്ടിയെ സഹായിക്കാനാ ഞങ്ങള്‍ ശ്രമിക്കുന്നത്. അതിനുവേണ്ടിയാ ഇതൊക്കെ ചോദിക്കുന്നത്. പ്ലീസ് ... കരയാതിരിക്കൂ . '
ജീന ശാന്തയാകാന്‍ ശ്രമിച്ചു. തെല്ലു കാത്തിരുന്ന ശേഷം സാവധാനം അയാള്‍ കാര്യങ്ങളിലേക്കു കടന്നു.
' രക്ഷപ്പെടണമെന്ന് ജീനയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍, കുഞ്ഞിന്റെ ഭാവിയെക്കുറിച്ചാശങ്കയുണ്ടെങ്കില്‍ മിനിമം കാര്യങ്ങളെങ്കിലും ഞങ്ങളോടു പറയണം. കിരണ്‍രാജെവിടെയാണ് താമസിക്കുന്നത്? അയാളുടെ ബാക്ക്ഗ്രൗണ്ടെന്താണ് ? എങ്ങനെയാണ് നിങ്ങള്‍ പരിചയപ്പെട്ടത് ? '
അപ്പോഴും മൗനം വെടിയാന്‍ അവള്‍ തയ്യാറായില്ല. റിഷി എഴുനേറ്റു.
' ഇപ്പോള്‍ വേണ്ട . മനസ്സു സ്വസ്ഥമാകുമ്പോള്‍ മാഡത്തോടു പറഞ്ഞാല്‍ മതി. മാഡം എന്നെ അറിയിച്ചോളും.'
വനിതാസദനത്തില്‍നിന്നു മടങ്ങും മുമ്പ് റിഷി അടുത്ത രണ്ടാഴ്ച താന്‍ സ്ഥലത്തുണ്ടാവില്ലെന്ന വിവരം വാര്‍ഡനോടു പറഞ്ഞു.
' എറണാകുളത്തേക്കു പോകുന്നു മാഡം. ഒരു ക്രിയേറ്റീവ് വര്‍ക്കുണ്ട്. അതിനിടെ ജീന എന്തെങ്കിലും പറഞ്ഞാല്‍, അതെത്ര ചെറുതായാലും ശരി, എന്നെ വിളിച്ചൊന്നറിയിക്കണം '
അക്കാര്യം വാര്‍ഡന്‍ ഉറപ്പുനല്‍കി. എന്തെങ്കിലും കുറുക്കുവഴികള്‍ കൊണ്ടോ പോലീസന്വേഷണം കൊണ്ടോ ശാശ്വതമായി പരിഹരിക്കാവുന്ന ഒന്നല്ല ജീനയുടെ വിഷയമെന്നും അതിന് സൈക്കോളജിക്കലായ മറ്റൊരു തലം കൂടിയുണ്ടെന്നും അവരും മനസ്സിലാക്കിയിരുന്നു.
വാരാന്ത്യത്തിലായിരുന്നു എറണാകുളത്തേക്കുള്ള യാത്ര. റിഷി രണ്ടാഴ്ച താമസിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയില്‍ അമ്മയെ അടുത്തുപിടിച്ചിരുത്തി തന്റെ പദ്ധതികള്‍ വിശദീകരിച്ചു.
' നീയെന്തു ജോലി ചെയ്താലും എനിക്കൊരു വിരോധവുമില്ല. നിന്റെ ക്യാരക്ടര്‍ സൂക്ഷിക്കാന്‍ നിനക്കു കഴിയുന്നിടത്തോളം ഞാനെന്തിനാ വേവലാതിപ്പെടുന്നത്. '
തീവ്രമായ വിശ്വസമായിരുന്നു അത്. തന്നെപ്പറ്റി അച്ഛന്‍ നല്‍കി ഉറപ്പ് അമ്മ എത്രമാത്രം ഉള്‍ക്കൊണ്ടിരിക്കുന്നുവെന്ന് ആ വാക്കുകള്‍ റിഷിയെ ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തി.
സ്വസ്ഥമായ എഴുത്തിനു പറ്റിയ ഫ്‌ലാറ്റു തന്നെയായിരുന്നു രഘുനാഥന്‍ കണ്ടുപിടിച്ചിരുന്നത്. സിനിമയുടെ ആവശ്യങ്ങള്‍ക്ക് വാടകയ്ക്കുനല്‍കാറുള്ള പതിവു ഫ്‌ലാറ്റുകളിലൊന്ന്. ആരുടെയും ശല്യമില്ലാത്ത ഒരിടം. ഉള്ളില്‍ക്കടന്നാല്‍പ്പിന്നെ നഗരത്തിരക്കിനു നടുവിലാണെന്ന തോന്നല്‍ പോലും നഷ്ടമാകും. മുന്‍ധാരണയുള്ള സീനുകള്‍ പലതും അങ്ങോട്ടുമിങ്ങോട്ടും മാറ്റി പൊസിഷനിംഗ് നിശ്ചയിക്കുകയാണആദ്യം ചെയ്തത്. പിന്നെ സീനുകളുടെ ഘടനയിലേക്കു കടന്നു. അക്ഷന്റെ മധ്യഭാഗത്തുനിന്നു വേണം ചില സീനുകള്‍ തുടങ്ങാന്‍. സമയവും അനുബന്ധസാഹചര്യങ്ങളും കഥാഗതിയില്‍ പരിമിതികള്‍ സൃഷ്ടിക്കാറുണ്ട്. അതേസമയം മറ്റുചിലപ്പോഴത് സാധ്യതകള്‍ തുറന്നിടുകയും ചെയ്യും. രണ്ടവസരത്തിലും സീനിന്റെ മധ്യഭാഗത്തുനിന്നുള്ള തുടക്കം കൂടുതല്‍ നന്നായിരിക്കും. എന്നാല്‍ മറ്റു ചില സീനുകള്‍ക്ക് ആദിമധ്യാന്തങ്ങള്‍ വേണം താനും. ചര്‍ച്ച പലപ്പോഴും ആരോഗ്യകരമായ വാദപ്രതിവാദങ്ങളായി.
' ഒരു പത്തു സീന്‍ ബ്രില്യന്റ് ആയാല്‍ മതി. ആരെയും പിടിച്ചിരുത്തുന്ന പത്തു സീന്‍. ഒരു സിനിമ രക്ഷപ്പെടാന്‍ അതു ധാരാളമാണ്. ഇന്റര്‍വെല്ലിനു മുമ്പും പിമ്പുമായി അതങ്ങു ഫിക്‌സു ചെയ്താല്‍പ്പിന്നെ ബാക്കി സീനുകളൊക്കെ അതില്‍പ്പിടിച്ചു കയറിവന്നോളും. '
രഘുനാഥന്റെ കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളുമെല്ലാം റിഷിക്ക് പുതിയ അനുഭവങ്ങളായിരുന്നു. ദൃശ്യമാധ്യമത്തെപ്പറ്റി നല്ല ധാരണയുള്ള ഒരു സംവിധായകനോടൊപ്പം കഥയെഴുതാനിരിക്കുമ്പോള്‍ അതെത്രമാത്രം ആരോഗ്യകരമായി മാറുന്നുവെന്ന് അയാള്‍ തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്.
ജയിംസ് ഫ്‌ലാറ്റിലേക്ക് പേഴ്‌സണല്‍ കുക്കിനെ വിട്ടുകൊടുത്തിരുന്നു. റാണ എല്ലാത്തരം ഭക്ഷണവും ഉണ്ടാക്കും. എങ്കിലും അയാളുടെ നോര്‍ത്ത് ഇന്‍ഡ്യന്‍ റസിപ്പിയാണ് അവര്‍ തെരഞ്ഞെടുത്തത്. ഭക്ഷണത്തിനു മാത്രമല്ല, എന്താവശ്യത്തിനും റാണയാണുള്ളത്. അവര്‍ അവിടെയെത്തും മുമ്പുതന്നെ എഴുത്തു മുറിയിലയാള്‍ മൂന്നു ബോട്ടില്‍ വിസ്‌കി വാങ്ങിവച്ചിരുന്നു. മദ്യപാനത്തോടു റിഷിക്കു വലിയ താല്‍പ്പര്യമില്ല. എങ്കിലുമയാള്‍ ഓരോ ദിവസവും എഴുത്തു കഴിയുന്ന മുറയ്ക്ക് രഘുനാഥനോടൊപ്പം അല്‍പ്പം മദ്യം കഴിച്ചു. ആദ്യ ആഴ്ച തന്നെ മദ്യത്തിന്റെ സ്‌റ്റോക്ക് തീര്‍ന്നെങ്കിലും വീണ്ടും വാങ്ങുന്നതിന് രഘുനാഥനും ആവശ്യപ്പെട്ടില്ല.
ഉദ്ദേശിച്ചതിലും വേഗത്തിലാണ് എഴുത്തു പുരോഗമിച്ചുകൊണ്ടിരുന്നത്. എഴുത്തിനൊപ്പം തന്നെ മറ്റു കാര്യങ്ങളും സമാന്തരമായി നീക്കിക്കൊള്ളാനാണ് ജയിംസ് നിര്‍ദ്ദേശിച്ചിരുന്നത്. സിനിമ തടസ്സങ്ങളില്ലാതെ മുന്നോട്ടു പോകാന്‍ പറ്റിയ ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര്‍ രഘുനാഥന്റെ മനസ്സിലുണ്ട്. അയാളാകുമ്പോള്‍ കാര്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്‌തോളും. ആവശ്യമില്ലാത്ത തലവേദന മറ്റുള്ളവര്‍ക്കുണ്ടാക്കില്ല.
'പടം നടക്കാന്‍ വേണ്ടി പ്രൊഡക്ഷനില്‍ പിശുക്കു കാട്ടിയാണ് ഞാന്‍ ബജറ്റാണിടാന്‍ പോകുന്നത്. പക്ഷേ, പടം ഹിറ്റടിച്ചേ പറ്റൂ. അതിനുള്ള വഴി ഞാന്‍ കണ്ടിട്ടുണ്ട്.'
റിഷി അതെന്താണെന്ന മട്ടില്‍ രഘുനാഥനെ നോക്കി.
' പടം തുടങ്ങിയാല്‍പ്പിന്നെ ബജറ്റു മാറും. കുറെക്കാശു കൂടി ജയിംസ് മുടക്കേണ്ടി വരും. അങ്ങനൊരു സാഹചര്യത്തിലേക്കു ഞാനയാളെ പിടിച്ചിടും. അതിന്റെ ഗുണം അയാള്‍ക്കു തന്നെയാ. പടം നന്നായി കളിച്ചാല്‍ കാശുകിട്ടുന്നത് അയാള്‍ക്കുതന്നെയാണ് '
' അയാളു കച്ചവടക്കാരനല്ലേ... ഇഷ്യൂ ആക്കത്തില്ലേ ? '
' കലയോടുള്ള സ്‌നേഹം കൊണ്ടൊന്നുമല്ല റിഷീ അയാള്‍ പടമെടുക്കുന്നത്. പല താല്‍പ്പര്യങ്ങളുമുണ്ട്. കൂട്ടത്തില്‍ ലാഭം പ്രധാനമാണ്. പിന്നെ ... ആളെ മനസ്സിലായിക്കാണുമല്ലോ. എല്ലാ വീക്ക്‌നെസ്സുകളും ഉണ്ട്. എന്റെ മനസ്സിലുള്ള പ്രൊഡക്ഷന്‍ കണ്ട്രോളര്‍ അയാള്‍ക്കു പറ്റിയ ആളാ. ആവശ്യമനുസരിച്ച് വേണ്ടതെന്താണെന്നുവച്ചാലത് അയാളെത്തിച്ചോളും. മുട്ടില്ലാതെ കാര്യങ്ങള്‍ നടന്നാല്‍ ഒരുതടസ്സവുമില്ലാതെ അയാള്‍ തുട്ടിറക്കിക്കോളും. നമ്മളുദ്ദേശിക്കുന്ന തരത്തില്‍ പടം പൂര്‍ത്തിയാവും. അയാളെന്തു ചെയ്യുന്നെന്നോ എന്തു ചെയ്യുന്നില്ലെന്നോ ശ്രദ്ധിക്കാന്‍ നില്‍ക്കണ്ട. സിനിമയില്‍ സംഭവിക്കുന്നതൊക്കെ ആ വഴിക്കങ്ങു നടന്നോളും '
രഘുനാഥന്‍ പറഞ്ഞതിന്റെ പൊരുള്‍ റിഷിക്കു മനസ്സിലായി. കാണുന്നതുപോലെ മനോഹരമായ ഒന്നല്ല സിനിമ. ഓരോ സിനിമയ്ക്കും പിന്നില്‍ അനേകം സിനിമകള്‍ സംഭവിക്കുന്നുണ്ട്.
' ഞാനുദ്ദേശിച്ച കണ്ട്രോളറെത്തന്നെ കിട്ടണം. അയാള്‍ക്കിപ്പോ വലിയ പ്രിയമാണ്. തമിഴിലും തെലുങ്കിലുമൊക്കെ പടങ്ങളുണ്ട്. കാശല്‍പ്പം കൂടും. എന്നാലും ഒന്നുറപ്പാ. സാറ്റലൈറ്റ് റൈറ്റിന്റെ കാര്യം സേഫാക്കിത്തരും.'
റിഷിയുടെ മുഖത്തേക്കുറ്റുനോക്കി അയാള്‍ തുടര്‍ന്നു.
' ചില ചാനലിന്റെ ചീഫുമാരൊക്കെ ജീവിച്ചിരിക്കുന്നിടത്തോളം കാലം അയാളെന്തു പടം കൊണ്ടുചെന്നാലും അവരെടുക്കും; അതും അയാള്‍ പറയുന്ന റേറ്റിന് .'
'അതെന്താ അങ്ങനെ ? '
റിഷിയുടെ ചോദ്യം കേട്ട് രഘുനാഥന്‍ ചിരിച്ചു. കാര്യങ്ങള്‍ ഷാര്‍പ്പായി അനലൈസ് ചെയ്യുന്ന ജേര്‍ണലിസ്റ്റില്‍ നിന്ന് താനിത്ര നിഷ്‌കളങ്കത പ്രതീക്ഷിക്കുന്നില്ലെന്ന മട്ടില്‍ അയാള്‍ പറഞ്ഞു.
' അതങ്ങനാ റിഷീ... നമ്മളെപ്പോഴും പറയാറില്ലേ ; സിനിമ പോലെയല്ല ജീവിതമെന്ന്. എന്നാല്‍ സിനിമ പോലെയും ജീവിതമുണ്ടെടോ '
'
വാച്യത്തിനും വ്യംഗ്യത്തിനുമിടയിലിട്ട് രഘുനാഥന്‍ മൂര്‍ച്ച കൂട്ടിയ ഉത്തരത്തില്‍ നിരവധി സീക്വന്‍സുകളും ഫ്‌ലാഷ് ബാക്കുകളും ഉള്‍ച്ചേര്‍ന്നിരുന്നു.
പ്രതീക്ഷയുണ്ടായിട്ടല്ലെങ്കിലും ഒരു യുവനടനോടു കഥ പറയാന്‍ രഘുനാഥന്‍ നിരന്തരം ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും അയാള്‍ ഫോണെടുത്തില്ല . ആരുവിളിച്ചാലും ഫോണെടുക്കുന്ന ശീലം അയാള്‍ക്കില്ലെന്ന കുപ്രസിദ്ധി തന്നെ നിലവിലുണ്ട്. നടനിലേക്കെത്തിച്ചേരാന്‍ അയാളുടെ മാനേജരെ ഉപയോഗപ്പെടുത്താമെന്ന് രഘുനാഥന്‍ തീരുമാനിച്ചു. തന്നിലൂടെയല്ലാതെ നടനുമായി കരാറുണ്ടാക്കാന്‍ ഒരു പരിധിവരെ മാനേജര്‍ ആരെയും അനുവദിച്ചിരുന്നില്ല എന്നതും സത്യമാണ്. സീനിയര്‍ സംവിധായകനെന്ന പരിഗണന രഘുനാഥനു കൊടുത്തുകൊണ്ട് മാന്യമായാണ് മാനേജര്‍ പ്രതികരിച്ചത്. പ്രൊജക്ടിനെപ്പറ്റി നടനോടു സംസാരിക്കാമെന്ന് അയാളേറ്റു.
' അവന്‍ വാങ്ങുന്നതിപ്പോ എണ്‍പതാ. ഒരു ഇരുപതൂടിട്ട് ഒന്നാക്കി മാനേജരെ ഏല്‍പ്പിച്ചാല്‍ അവന്‍ ഡേറ്റു സംഘടിപ്പിച്ചു തരും. ഇരുപതു ലക്ഷം മാനേജര്‍ക്കു കിട്ടണം. അതാ ഇവന്റെയൊക്കെ അടവ്.'
രഘുനാഥന്റെ വാക്കുകള്‍ സിനിമയിലെ നിലനില്‍പ്പിന്റെ വ്യാകരണങ്ങള്‍ ഇടയ്ക്കിടെ തുറന്നിട്ടു.
മാനേജരുടെ പ്രതികരണം വൈകി. നടന് എന്തൊക്കെയോ കുടുംബപ്രശ്‌നങ്ങളുണ്ടെന്ന് രഘുനാഥന്‍ കേട്ടിരുന്നു. മയക്കുമരുന്നും സ്ത്രീവിഷയവും വല്ലാതെ ദൗര്‍ബ്ബല്യമായതോടെ അയാളെ വിട്ട് ഭാര്യ സ്വന്തം വീട്ടില്‍ പോയിനില്‍ക്കുകയാണെന്നാണ് ഗോസിപ്പുകള്‍. ഇനി അതെല്ലാമൊന്നടങ്ങിയിട്ടു മതി അയാളെ പ്രതീക്ഷിക്കുന്നതെന്നു കരുതുമ്പോഴാണ് മാനേജര്‍ വിളിച്ചത്. കാക്കനാട് ഒരു ഫ്‌ലാറ്റുണ്ട്. അവിടെ വച്ച് അടുത്ത ദിവസം വൈകിട്ട് നാലിന് കഥ കേള്‍ക്കും.
' ബസ്റ്റ്് സ്ഥലം '
ഫോണ്‍ വച്ച ശേഷം ആരോടെന്നില്ലാതെ രഘുനാഥന്‍ പറഞ്ഞു.
' ഷൂട്ടു നടക്കുന്നതിനിടയില്‍ പൊകയെടുക്കാന്‍ ഇവന്‍മാരെടുത്തിടുന്ന ഫ്‌ലാറ്റുകളാ ആ ഏരിയയിലൊള്ളത്. '
രഘുനാഥന്റെ പ്രവചനം ശരിയായിരുന്നു. അടുത്ത ദിവസം നടനെ കാണാന്‍ ചെല്ലുമ്പോള്‍ ലിവിംഗ് റൂം തന്നെ ലഹരിഗന്ധത്തില്‍ മുങ്ങിയിട്ടുണ്ട്.
മെഴുകുപ്രതിമപോലെ ഒറ്റയിരുപ്പിലിരുന്ന് നടന്‍ കഥ മുഴുവന്‍ കേട്ടു. സംശയനിവൃത്തിയുടെ ആവശ്യമോ അധികസംഭാഷണങ്ങളോ ഉണ്ടായില്ല. കഥ കേട്ടശേഷം രണ്ടു മിനുട്ട് എവിടേക്കോ തുറിച്ചു നോക്കിയിരുന്ന നടന്‍ പെട്ടെന്ന് എഴുനേറ്റ് അകത്തേക്കുപോയി. അയാള്‍ക്കു പിന്നാലെ മാനേജരും. റിഷി ആകാംക്ഷയോടെ രഘുനാഥനെ നോക്കി. കാത്തിരുന്നുകാണാമെന്ന നിലപാടിലായിരുന്നു അയാള്‍.
അല്‍പ്പസമയത്തിനകം മാനേജര്‍ അവരുടെ അടുത്തേക്കുവന്നു.
' പുള്ളി ഒന്നാലോചിക്കട്ടെ. ഞാന്‍ വിളിക്കാം '
പുറത്തിറങ്ങിയപ്പോള്‍ രഘുനാഥന്‍ നീരസത്തോടെ പറഞ്ഞു.
' സ്‌ററ്ഫ് മൂത്ത് കിറുങ്ങിയിരിക്കുവാ ചെക്കന്‍. അവനെന്താണാവോ കേട്ടത് ;ആര്‍ക്കറിയാം. ആ മാനേജര് കഥയൊക്കെ കേട്ടല്ലോ. അതു നന്നായി '
സിനിമ മോഹവലയം പോലെ അടിക്കടി ശക്തമാകുന്നത് റിഷിയറിഞ്ഞു. ചെറുപ്പം മുതലേ ഒരു കാന്തത്തെപ്പോലെ അതിലേക്കു വലിച്ചടുപ്പിക്കുകയായിരുന്നു. അടുക്കുന്തോറും ഉള്‍ച്ചുഴികളുമുള്ള ജലാശയം പോലെ അത് ദുരൂഹമായിക്കൊണ്ടിരിക്കുകയും ചെയ്തു.
അന്നും അടുത്ത ദിവസവും നടന്റെ മറുപടി അവര്‍ പ്രതീക്ഷിച്ചിരുന്നു. മാനേജരെ അങ്ങോട്ടുവിളിക്കാന്‍ രഘുനാഥന്‍ എന്തുകൊണ്ടോ താല്‍പ്പര്യപ്പെട്ടില്ല.
ഇനിയുമൊരു രണ്ടുദിവസം കൂടി കഴിഞ്ഞാല്‍ ആദ്യറൗണ്ട് എഴുത്തുകഴിഞ്ഞ് വീട്ടിലേക്കു മടങ്ങാമെന്ന് റിഷി കണക്കുകൂട്ടി. ഇന്റര്‍വെല്‍ വരെ കഥാഗതിയെ ഭേദപ്പെട്ട രീതിയില്‍ സംഘര്‍ഷാത്മകമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ത്രില്ലര്‍ സബ്ജക്ടായതുകൊണ്ട് അല്‍പ്പസ്വല്‍പ്പം നര്‍മ്മമുഹൂര്‍ത്തങ്ങളേ വേണ്ടിവരുന്നുള്ളൂ. ആ ട്രാക്ക് തനിക്കെത്രമാത്രം വഴങ്ങുമെന്ന സംശയം റിഷിക്കുണ്ടായിരുന്നു. എന്നാല്‍ സംശയം അസ്ഥാനത്തായിരുന്നു. അത്യാവശ്യം സിറ്റ്വേഷണല്‍ ഹ്യൂമറുകളിലൂടെ അതു സാധ്യമായി. അക്കാര്യത്തില്‍ രഘുനാഥനില്‍ നിന്ന് കാര്യമായ സഹായങ്ങള്‍ ലഭിക്കുകയും ചെയ്തു.
അതിനിടെ അപ്രതീക്ഷിതമായി വനിതാസദനത്തില്‍ നിന്ന് വാര്‍ഡന്റെ കോള്‍ റിഷിയെത്തേടിയെത്തി. അവരോടു കുറച്ചുകാര്യങ്ങള്‍ ജീന സംസാരിച്ചിരിക്കുന്നു. കിരണ്‍രാജിന്റെ മേല്‍വിലാസവും ജീന കൊടുത്തിട്ടുണ്ട്.
' അതൊന്നു വാട്‌സ് ആപ്പ് ചെയ്യാമോ മാഡം '
വാര്‍ഡന്‍ വാട്‌സ് ആപ്പില്‍ ചാറ്റുതുടങ്ങി.
വാര്‍ഡന്‍ : കിരണ്‍രാജ്
സ്വാമി മഠം.
തിരുനെല്ലായി
പാലക്കാട്
റിഷി : എനിതിംഗ് മോര്‍ മാഡം.
വാര്‍ഡന്‍ : ഹസ്ബന്റിനെപ്പേടിച്ചാണ് ജീന സദനത്തിലെത്തിയത്.
വാര്‍ഡന്‍ : ബാംഗ്ലൂര്‍ വച്ചാണ് അവരുതമ്മില്‍ പരിചയം.
റിഷി : ഒരുമിച്ചു പഠിച്ചതാണോ ? എവിടെ ?
വാര്‍ഡന്‍ : മേരിമാതയില്‍. നഴ്‌സിംഗ് .
വാര്‍ഡന്‍ : തൊട്ടടുത്ത കോളജില്‍ അയാള്‍ എം ബി ബി എസിനുണ്ടായിരുന്നു.
റിഷി : ഇവിടെ ലോക്കല്‍ അഡ്രസെന്തെങ്കിലും ?
വാര്‍ഡന്‍ : ഇല്ല
റിഷി : താങ്ക്‌സ് മാഡം.
മേട്രന്റെ കോളും പിന്നാലെ വന്ന വാട്‌സ് ആപ്പ് മെസ്സേജുകളും ശുഭകരമായ സൂചനയായി റിഷിക്കു തോന്നി. ജീനയുടെ കേസില്‍ സുരക്ഷിതമായ ദിശാസൂചി ഇതുവരെയില്ലെങ്കിലും വിഷയത്തിലേക്കു കടക്കാനുള്ള ഇടറോഡുകള്‍ ചിലതു കിട്ടിക്കഴിഞ്ഞു. അതിലൂടെ സഞ്ചരിച്ചാല്‍ ചിലപ്പോള്‍ ലക്ഷ്യത്തിലെത്തും. എഴുത്തിനു താല്‍ക്കാലികമായി വിരാമമിട്ടു മടങ്ങിയാല്‍ ആദ്യം ചെയ്യേണ്ടത് ആ ഇടറോഡുകളിലൂടെ ചെറുതെങ്കിലും ഒരു സഞ്ചാരമാണ്.
കഥ പറഞ്ഞതിന്റെ മൂന്നാമത്തെ ദിവസം രാവിലെ ഒന്‍പതു മണിയോടെ നടന്റെ മാനേജര്‍ വിളിച്ചു. പക്ഷേ അയാളിത്തവണ വിളിച്ചത് രഘുനാഥനെയായിരുന്നില്ല ; മറിച്ച് റിഷിയുടെ നമ്പരിലേക്കായിരുന്നു. രഘുനാഥനപ്പോള്‍ ബാത്ത് റൂമിലായിരുന്നു.
' രഘുനാഥന്‍ സാര്‍ അടുത്തുണ്ടോ ?'
മാനേജര്‍ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.
' കുളിക്കുന്നു. '
' കഥ കുഴപ്പമില്ല. സാറു ചെയ്യാമെന്നു പറയുന്നു. പക്ഷേ ഒരു വിഷയമുണ്ട്... '
കഥയെപ്പറ്റി നടന്‍ നല്ല അഭിപ്രായം പറഞ്ഞത് റിഷിയെ സന്തോഷിപ്പിച്ചു. എന്നാല്‍ മാനേജര്‍ അര്‍ത്ഥോക്തിയില്‍ നിര്‍ത്തിയതെന്തെന്ന സംശയത്തില്‍ അയാള്‍ കാതു കൂര്‍പ്പിച്ചു.
' കഥ നമുക്കെടുക്കാം . പക്ഷേ ഡയറക്ടര്‍... അതു ഞങ്ങളു തരും. '
' എന്നു പറയുമ്പോ ?'
' അതു തന്നെ. സാറിന്റെ കയ്യിലൊരു ഡയറക്ടറുണ്ട് . പടം പുള്ളി ചെയ്‌തോളും . '
' അപ്പോള്‍ രഘുവേട്ടന്‍ ? '
' പുള്ളിയുടെ കാര്യത്തില്‍ സാര്‍ ഒ കെ യല്ല. രഘുനാഥന്‍ സാറൊക്കെ ഓള്‍ഡ് സ്‌കൂളല്ലേ.'
മറുപടി പറയാനില്ലാതെയാണ് റിഷി ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്. സിനിമയിലെ ഓള്‍ഡ് സ്‌കൂളും ന്യൂ സ്‌കൂളും മുഖം തിരിഞ്ഞുനില്‍ക്കുന്ന കാഴ്ച.
ആരായിരുന്നു ഫോണിലെന്ന ചോദ്യത്തോടെ രഘുനാഥനപ്പോള്‍ ബാത്ത് റൂമില്‍ നിന്നും പുറത്തേക്കു വന്നു.
( തുടരും)
Content Highlights: Malayalam Novel based on true story part Eight