സുകന്യചേച്ചി കാണണമെന്നു പറഞ്ഞതെന്തിനാണ് ?

പതിവിനു വിപരീതമായി രാവിലെ വൈകിയായിരുന്നു റിഷി ഉണർന്നത്. ഫോണിലപ്പോൾ സുകന്യയുടെ രണ്ടു മിസ്സ്ഡ് കോളുകളുണ്ടായിരുന്നു. ഉടൻതന്നെ റിഷി തിരിച്ചുവിളിച്ചു. റിഷിയെ അന്നുതന്നെ നേരിട്ടുകാണണമെന്നായിരുന്നു സുകന്യയുടെ ആവശ്യം.

തൊഴിൽപരമാണെങ്കിലും വ്യക്തിപരമാണെങ്കിലും അടിയന്തിരസ്വഭാവമുള്ള ആവശ്യമായിരിക്കണം. രണ്ടായാലും ഇപ്പോഴത്തെ തന്റെ തിരക്കിനിടയിൽ അവരെ സഹായിക്കാനാവുമോയെന്ന് റിഷി സംശയിച്ചു. എങ്കിലും നേരിട്ടുകാണണമെന്ന് അവരാവശ്യപ്പെട്ടപ്പോൾ അത് അവഗണിക്കാനുമാവില്ല.

അയാളെ സംബന്ധിച്ചിടത്തോളം ചാനൽ ത്രീയിൽ വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന ചുരുക്കം ജീവനക്കാരിലൊരാൾ സുകന്യയായിരുന്നു.
രണ്ടുപത്രങ്ങളിലായി ഇരുപതോളം കൊല്ലത്തെ പ്രവൃത്തിപരിചയവുമായാണ് അവർ ചാനലിൽ ചേർന്നത്. തൊഴിലിൽ അവർക്കുള്ള സീനിയോറിറ്റി ന്യൂസ് എഡിറ്റർ രവിശങ്കറടക്കം പലർക്കും അസഹ്യതയുളവാക്കിയിരുന്നു. വാർത്ത സംബന്ധിച്ച് ഡസ്കിൽ ആശയവിനിമയത്തിന് പറ്റിയ ആളായി റിഷി കണ്ടിരുന്നത് സുകന്യയെയായിരുന്നു.

ഈഗോകളുടെ തേനീച്ചക്കൂടായിരുന്നു ന്യൂസ്ഡസ്ക്. ചാനൽ ത്രീയിൽ ജനിച്ച് അവിടെത്തന്നെ വളർന്ന് അവിടെത്തന്നെ ഒടുങ്ങുന്ന ജേർണലിസ്റ്റുകളായിരുന്നു ഏറിയപങ്കും. ഒഴുക്കടഞ്ഞ് കെട്ടിക്കിടക്കുന്ന വെള്ളം പോലെ അവിടെ പ്രൊഫഷണലിസവും മലിനമായിരുന്നു. കൂട്ടത്തിലൽപ്പം കഴിവുള്ള ഒരുത്തനുണ്ടെങ്കിൽ അവനെ ആദ്യം പുകച്ചുപുറത്തുചാടിക്കും. ആരെയും അംഗീകരിക്കാനുള്ള മനസ്സില്ല. അവരിൽ ചിലരുടെയൊക്കെ അഹംഭാവങ്ങൾക്ക് സുകന്യയും ഇരയാകാറുണ്ടായിരുന്നു. സുകന്യയുടെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കിൽ അത്തരം അവസരങ്ങളിൽ അതേ നാണയത്തിൽ തിരിച്ചടിച്ചേനെ. എന്നാൽ അവർ അതിനൊന്നും മുതിർന്നിരുന്നില്ല. കഴിയുമെങ്കിൽ ഭിന്നത പറഞ്ഞൊതുക്കാൻ സുകന്യ തന്നെ മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു.

പ്രധാനപ്പെട്ട ഒരു സ്റ്റോറി ഫയൽ ചെയ്താൽ ആ ഷിഫ്റ്റിലും തുടർന്നുള്ള ഷിഫ്റ്റിലും ഡസ്ക് ചീഫ് ആരാണെന്ന് റിഷി അന്വേഷിക്കാറുണ്ട്. ആദ്യമൊന്നും അതില്ലായിരുന്നു. എന്നാൽ ഡസ്ക് ചീഫുമാരുടെ അശ്രദ്ധയോ അമിതശ്രദ്ധയോ കാരണം അയാളുടെ പല സ്റ്റോറികളും ഉന്നം തെറ്റി വീണു തുടങ്ങി. ഒന്നുകിൽ മോർണിംഗ് ബുള്ളറ്റിനിൽ കൊടുത്ത സ്റ്റോറി പ്രാധാന്യം മനസ്സിലാക്കാതെ രാത്രിയാകുമ്പോഴേക്കും പിൻവലിക്കും. ഇനി പ്രാധാന്യം ബോധ്യപ്പെട്ടാൽത്തന്നെ പ്ലേഡൗൺ ചെയ്യാൻ കാത്തിരിക്കുന്നവർ അതു ചെയ്യും. മറ്റുചിലർ താനാണ് ഡസ്ക് ചീഫെന്നറിയിക്കാനുള്ള കൈക്രിയകളുടെ ഭാഗമായി വോയ്സ് ഓവർ സ്റ്റോറികളെ കയ്യും കാലും തല്ലിയൊടിച്ച് ഫൂട്ടേജുകളാക്കി മാറ്റും. അതോടെയാണ് ഡസ്ക് ചീഫുമാർ ആരെന്നുറപ്പിക്കുന്ന പതിവ് റിഷി തുടങ്ങിയത്. അതു സുകന്യ ആണെന്നറിഞ്ഞാൽ റിഷിക്കു പിന്നെ തിരിഞ്ഞുനോക്കേണ്ട ആവശ്യമില്ലായിരുന്നു. മുൻഷിഫ്റ്റിൽ അത്തരമൊരു അസുഖകരമായ സംഭവമുണ്ടായാൽത്തന്നെ അയാൾക്കത് വിശ്വാസപൂർവ്വം സുകന്യയോടു പറയാം. വാർത്ത മനസ്സിലാക്കിക്കഴിയുമ്പോൾ അവരൊരു ചെറുചിരി ചിരിക്കും. മറ്റൊരാളാണെങ്കിൽ മുൻഷിഫ്റ്റിൽ വാർത്ത മനസ്സിലാക്കാൻ തയ്യാറാകാതിരുന്ന ഡസ്ക് ചീഫിനെപ്പറ്റി പരിഹസിക്കാനായിരിക്കും മുതിരുക . എന്നാൽ നിർദ്ദോഷമായ ചിരിയിൽ സുകന്യയുടെ പ്രതികരണമൊതുങ്ങും. ആ വാർത്തയെ അതിന്റെ പ്രാധാന്യത്തോടെ പ്ലേസ് ചെയ്യുകയും ചെയ്യും. അത്തരത്തിൽ റിഷിയ്ക്ക് എല്ലാം കൊണ്ടും മാനസികമായ ഐക്യമുള്ളയാളായിരുന്നു സുകന്യ.

റിഷി ജോലി രാജി വച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ആദ്യകാലങ്ങളിൽ ചാനൽ ത്രീയിൽനിന്ന് പലരും വിളിച്ചിരുന്നു. ഒന്നുകിൽ അയാൾ നല്ല നിലയിലെത്തിയെന്നറിഞ്ഞ് അസൂയപ്പെടാൻ. അല്ലെങ്കിൽ വെറുതെയിരിപ്പാണെന്നു കേൾക്കുമ്പോഴുള്ള സന്തോഷത്തിൽ പരിഹസിച്ചു നടക്കാൻ. അതായിരുന്നു അത്തരം കോളുകളുടെ ലക്ഷ്യം. എന്നാൽ കലർപ്പില്ലാത്ത സ്നേഹവുമായി സാജനടക്കം ചിലരും വിളിച്ചിരുന്നു. അപ്പോഴൊക്കെ പഴയതുപോലെ സാജൻ ചാനൽത്രീയിലെ ആഭ്യന്തരപ്രശ്നങ്ങൾ പറയാൻ ശ്രമിക്കും. എന്നാൽ റിഷിയതു പ്രോത്സാഹിപ്പിച്ചിരുന്നില്ല.

അതിനിടെയാണിപ്പോൾ അപ്രതീക്ഷിതമായി സുകന്യയുടെ ഫോൺ.
റിഷി ചാനൽ ത്രീ വിട്ടതിനു ശേഷം ആദ്യമായിട്ടായിരുന്നു സുകന്യ വിളിച്ചത്. രാവിലെ പതിനൊന്നു മണിയോടെ കഫേ കോഫിയിൽ വച്ച് കൂടിക്കാഴ്ച തീരുമാനിച്ചു.
കുറെക്കാലത്തിനുശേഷം കണ്ടതിന്റെ സന്തോഷം ഇരുവർക്കുമുണ്ടായിരുന്നു. കുശലപ്രശ്നങ്ങൾക്കുശേഷം സുകന്യ ഓഫീസ് വിഷയങ്ങളിലേക്കു കടന്നു.

'ബ്യൂറോയിൽ പുതിയ അപ്പോയിന്റ്മെന്റ് നടക്കാൻ പോകുകയാണ്. ചീഫിന്റെ...'

'അതെന്താ. ഹരീഷിനെന്തു പറ്റി ? '

'റിഷിയപ്പോൾ ഒന്നും അറിഞ്ഞില്ലേ? ഞാൻ കരുതിയിത് അവിടെ നടക്കുന്നതൊക്കെ റിഷി അറിയുന്നുണ്ടെന്നാണ് '

'ഞാൻ എന്റെ ഇഷ്ടപ്രകാരം രാജിവച്ചിറങ്ങിയ സ്ഥാപനമല്ലേ. അവിടിപ്പോ എന്തു നടന്നാലെന്താ? അല്ലെങ്കിൽത്തന്നെ അതൊക്കെ ഞാനറിഞ്ഞിട്ടെന്താ? അന്വേഷിക്കാൻ മെനക്കെടാത്തത് അതുകൊണ്ടാണ്. ചാനലിൽ നിന്നാരെങ്കിലും വിളിച്ചാൽത്തന്നെ ആ വക കാര്യങ്ങളൊന്നും ചോദിക്കാറുമില്ല '

ട്രേയിൽ നിന്നെടുത്ത കോഫിഗ്ലാസ് മേശമേൽ വച്ച് മെല്ലെ തിരിച്ചുകൊണ്ട് സുകന്യ പറഞ്ഞു.
'ഹരീഷ് ട്രാൻസ്‌ഫറായി. ഡസ്കിലേക്ക്...'

പുതിയതുമാത്രമായിരുന്നില്ല പ്രധാനപ്പെട്ടതുമായിരുന്നു ആ വിവരം. റിഷി തെല്ലതിശയത്തോടെ സുകന്യയെ നോക്കി.
'അതെങ്ങനെ? വെടിവച്ചുകൊന്നാലും ബ്യൂറോയിൽ നിന്നിറങ്ങിപ്പോവില്ലെന്നു ബലം പിടിച്ചിരുന്നതല്ലേ മൂപ്പര് '

'വെടിയൊന്നും വയ്ക്കേണ്ടി വന്നില്ല. അതിനുമുമ്പേ ഇറങ്ങി. റിഷിക്കറിയാമല്ലോ... കുറേ അലിഗേഷൻസ് പുള്ളിക്കെതിരെയുണ്ടായിരുന്നു. പിന്നെ മെറ്റിൽഡയുടെ ഇഷ്യൂ.

' അങ്ങനെയും ഒരിഷ്യുവോ? അതെന്താണ് ചേച്ചീ? '

സുകന്യയുടെ ചുണ്ടിൽ വിരിഞ്ഞ നറുപുഞ്ചിരി മുഖത്താകെ പരന്നു.
'അതു വേറൊന്നുമല്ല റിഷീ... മെറ്റിൽഡയ്ക്കു ന്യായമായും പ്രമോഷനു യോഗ്യതയുണ്ട്. അതു കൊടുക്കാൻ കമ്പനി തയ്യാറായതുമാണ്. പക്ഷേ ഹരീഷ് ഒരൊറ്റ നിർബന്ധം...ഡബിൾ പ്രമോഷൻ തന്നെ കൊടുക്കണമെന്ന് '

റിഷിയുടെ മനസ്സിൽ ചില അഭിപ്രായങ്ങൾ ഉരുത്തിരിഞ്ഞതാണ്. എങ്കിലും അയാളത് പെട്ടെന്നുതന്നെ അടക്കി. പിന്നെ സ്വാഭാവികമെന്ന മട്ടിൽ പറഞ്ഞു.
' കൊടുക്കാമല്ലോ. അവൾ മിടുക്കിയല്ലേ.'

' മിടുക്കിയൊക്കെത്തന്നെ. ഒടുവിൽ ഡബിൾ പ്രമോഷൻ തന്നെ കൊടുത്തു. ആദ്യത്തെ സാലറി സ്ലിപ്പു കയ്യിൽക്കിട്ടിയതോടെ അവളൊരൊറ്റ മലക്കം മറിച്ചിലായിരുന്നു '

സുകന്യ പറഞ്ഞതെന്തെന്ന് റിഷിക്കുമനസ്സിലായില്ല. അയാളവരെ സൂക്ഷിച്ചുനോക്കി.

'പുതിയ നാഷണൽ ചാനലില്ലേ. അവളങ്ങോട്ടു ചാടി. അവിടെ നല്ല പോസറ്റ് കിട്ടാനും സാലറി നെഗോഷ്യേറ്റു ചെയ്യാനുമാണ് ഹരീഷിനെ കയ്യിലെടുത്ത് അവളിവിടെ ഡബിൾ പ്രമോഷൻ സംഘടിപ്പിച്ചത് '

'മൂപ്പരു കൂടി അറിഞ്ഞുകൊണ്ടുള്ള പണിയായിരുന്നോ അത്? '

' അതെന്താണെന്നറിയില്ല . പക്ഷേ മൂപ്പർക്കു പണികിട്ടി. നേരെ ഡസ്കിലേക്ക് ട്രാൻസ്‌ഫറടിച്ചു. '

റിഷിക്ക് ഒരു പഴഞ്ചൊല്ലാണ് ഓർമ്മ വന്നത്. കൊടുത്താൽ കൊല്ലത്തും കിട്ടും. മെറ്റിൽഡയുടെ താൽപര്യങ്ങൾക്കുവേണ്ടി ഹരീഷ് പലരെയും നിരന്തരം ബുദ്ധിമുട്ടിച്ചു. ഒടുവിൽ അയാൾക്ക് മെറ്റിൽഡയിൽ നിന്നുതന്നെ തിരിച്ചടി നേരിട്ടിരിക്കുന്നു. ഇനിയൊരുപക്ഷേ നാഷണൽ ചാനലിലേക്കുള്ള മെറ്റിൽഡയുടെ നീക്കം ഹരീഷ് അറിഞ്ഞില്ലെന്നു തന്നെയിരിക്കട്ടെ; അപ്പോഴും ബ്യൂറോയിൽ നിന്ന് ഡസ്കിലേക്കുള്ള സ്ഥലം മാറ്റം അയാൾക്ക് അപ്രതീക്ഷിതവും അസഹ്യവുമാണ്. ബ്യൂറോയിൽ ജോലി ചെയ്യുമ്പോഴുള്ള സ്വാധീനശക്തി ഡസ്കിലേക്കുമാറിയാൽ അതേപടി ഉണ്ടാവില്ലെന്നു വിശ്വസിക്കുന്ന മാധ്യമപ്രവർത്തകരിലൊരാളാണ് ഹരീഷെന്നിരിക്കെ വിശേഷിച്ചും.

ചാനൽ ത്രീയിയിൽ മെറ്റിൽഡ ഒരു ട്രെയിനിയായി ചേർന്ന കാലം റിഷിയുടെ മനസ്സിലേക്കെത്തി. പരിശീലനത്തിന്റെ ആദ്യഘട്ടങ്ങളിൽ മിക്കപ്പോഴും അവൾ റിഷിയ്ക്കൊപ്പമായിരുന്നു. അന്നും ഒരു ട്രെയിനിയിലുണ്ടാവാൻ പാടില്ലാത്ത പെരുമാറ്റവൈകല്യം അവളിൽ പ്രകടമായിരുന്നു. നാളുകൾ കഴിയുന്തോറും അതു കൂടിവരികയും ചെയ്തു. മൂപ്പെത്താതെ പഴുത്ത ഫലമാണ് അവളെന്ന സഹതാപമായിരുന്നു ആദ്യമൊക്കെ റിഷിയ്ക്ക്. അത്തരക്കാരുടെ എണ്ണം പൊതുവെ കൂടുന്ന കാലമായതുകൊണ്ട് അവളുടെ എടുത്തുചാട്ടങ്ങൾ പലപ്പോഴുമയാൾ കണ്ടില്ലെന്നു നടിച്ചു. എന്നാൽ അധികകാലം വേണ്ടിവന്നില്ല റിഷിക്ക് മർമ്മത്തുതന്നെ തല്ലുകിട്ടാൻ. വർഷങ്ങളായി അസംബ്ലി റിപ്പോർട്ടിംഗ് അയാളാണ് ചെയ്തിരുന്നത്. അയാൾക്കൊപ്പം മെറ്റിൽഡയെക്കൂടി അയയ്ക്കാനുള്ള ഹരീഷിന്റെ തീരുമാനമാണ് നിർണ്ണായകമായത്. എല്ലാ മാധ്യമങ്ങളും മുതിർന്ന റിപ്പോർട്ടർമാരെ അയയ്ക്കുന്ന അസംബ്ലിയിലേക്ക് തുടക്കക്കാരിയെ അയച്ചത് നിഷ്കളങ്കമായ നീക്കമെന്നു കാണാൻ റിഷിക്കു കഴിഞ്ഞില്ല. അതെപ്പറ്റി അയാൾ ഹരീഷിനോടന്വേഷിച്ചു. മെറ്റിൽഡയും അതെല്ലാം കണ്ടുപഠിക്കട്ടെയെന്നായിരുന്നു ഹരീഷിന്റെ ആദ്യമറുപടി. ദിവസങ്ങൾക്കകം ഹരീഷ് വീണ്ടും പറഞ്ഞു; ഇടയ്ക്കൊക്കെ അവളും റിപ്പോർട്ട് ചെയ്യട്ടെയെന്ന്. പിന്നീടതു നിരന്തരമായി. അതോടെ അസംബ്ലി റിപ്പോർട്ടിംഗിൽ റിഷിയുടെ മേൽക്കൈ ഇല്ലാതെയായി. അസംബ്ലിറിപ്പോർട്ടിംഗിൽ ഒരു പെൺകുട്ടിയുള്ളത് ശ്രദ്ധിക്കപ്പെടുമെന്ന ന്യായീകരണമായിരുന്നു ഹരീഷിനുണ്ടായിരുന്നത്.

ഒരൊറ്റക്കാര്യമേ റിഷിക്കറിയേണ്ടിയിരുന്നുള്ളൂ. അതയാൾ തിരിച്ചും മറിച്ചും ഹരീഷിനോടു ചോദിച്ചു.
''ഞാൻ റിപ്പോർട്ടുചെയ്യുന്നതിൽക്കൂടുതൽ എന്തു വിവരമാണ് മെറ്റിൽഡ അസംബ്ലിയിൽ നിന്നു തരുന്നത് ?'
' ഞാൻ നൽകുന്നതുപോലെ വിവരങ്ങൾ മെറ്റിൽഡ തരുന്നുണ്ടോ ? '

രണ്ടു ചോദ്യങ്ങളും ബധിരകർണ്ണങ്ങളിലാണ് പതിച്ചത്. കടുത്ത അംബിഷനോടെയാണ് മെറ്റിൽഡ നീങ്ങുന്നതെന്ന് അന്നുതന്നെ റിഷിക്കു ബോധ്യമായതാണ്. അതിനുള്ള പൂർണ്ണ പിന്തുണ അവൾക്കു ലഭിക്കുന്നത് ബ്യൂറോ ചീഫ് ഹരീഷിൽനിന്നാണെന്നും വ്യക്തമായിരുന്നു.

' റിഷിയെന്താ ആലോചിക്കുന്നത് ?'
സുകന്യയുടെ ചോദ്യത്തിലേക്കയാൾ ഞെട്ടിയുയർന്നു.

'' ഒന്നുമില്ല ... എന്നിട്ട് ? '

' ബ്യൂറോയ്ക്കിപ്പോൾ ഒരു ചീഫിനെ വേണം. സിറ്റി നന്നായി അറിയുന്നയാൾ. എന്താ നിനക്കു താൽപ്പര്യമുണ്ടോ ? '

അപ്രതീക്ഷിതമായിരുന്നു അങ്ങനെയൊരു ചോദ്യം. അതയാളെ തെല്ലിട നിശ്ശബ്ദനാക്കി. പിന്നീടൊരു ചെറുചിരി. അതു പൊട്ടിച്ചിരിയായി.
അപ്പോൾ കോഫിടേബിളിൽ കൈമുട്ടുകുത്തി മന്നോട്ടൊന്നാഞ്ഞിരുന്ന സുകന്യ തുടർന്നു.
'തമാശയല്ല; സീരിയസായാണ് ചോദിച്ചത്. ചീഫ് എഡിറ്റർ തന്നെയാണ് നിന്റെ പേര് സജസ്റ്റ് ചെയ്തത്. എഡ്യൂക്കേഷൻ, ലെഫ്റ്റ് പൊളിറ്റിക്സ് ബീറ്റെല്ലാം നീയല്ലേ നോക്കിയിരുന്നത്... റിഷിയോടന്വേഷിക്കാൻ സാറാണ് എന്നെയേൽപ്പിച്ചത്. നീ ഒ കെ ആണെങ്കിൽ സാറിപ്പോൾത്തന്നെ നിന്നോടു സംസാരിക്കും. അതറിയാനാണ് ഞാൻ വന്നത്. '

ചീഫ് എഡിറ്ററെ വിളിക്കാൻ സുകന്യ ഫോണെടുത്തു. റിഷിയപ്പോൾത്തന്നെ അവളുടെ കയ്യിൽപ്പിടിച്ചു വിലക്കി തെല്ലൊരാലോചനയോടെ ശബ്ദം താഴ്ത്തി പറഞ്ഞു.
' ചേച്ചീ... അതുവേണ്ട '

' എടാ... അന്നത്തെ നിന്റെ ഇഷ്യൂസ് ഓർത്തിട്ടാണെങ്കിൽ അതങ്ങു കളഞ്ഞേക്ക് . അക്കാര്യത്തിൽ ചീഫ് എഡിറ്റർക്കെന്നല്ല ഒരാൾക്കും നിന്നോട് പരിഭവമില്ല. ഒന്നുമില്ലേലും ഞങ്ങളൊക്കെ അവിടെയില്ലേ '

സുകന്യയുടെ കണ്ണുകളിലെ ആത്മാർത്ഥത തരിമ്പുപോലും ചോദ്യം ചെയ്യപ്പെടാനാവാത്തതാണ്. ഒരുമിച്ചു ജോലി ചെയ്യുന്നതിലുള്ള താൽപ്പര്യം ആ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നു.

' അതൊന്നുമല്ല ചേച്ചീ. എന്നെന്നേക്കുമായി ജേർണലിസം ഉപേക്ഷിച്ച ആളൊന്നുമല്ല ഞാൻ. അതൊരു മോശം തൊഴിലാണെന്ന അഭിപ്രായവുമില്ല. പക്ഷേ കുറച്ചു നാളത്തേക്ക് വിട്ടു നിൽക്കണമെന്നു തോന്നി.'

' അതെന്താണങ്ങനെ? ആ തീരുമാനത്തിനൊരു കാരണമുണ്ടാവുമല്ലോ '

' ഞാനിപ്പോൾ ഒരു സിനിമയുടെ പിന്നാലെയാണ്. അതെഴുതുന്നത് ഞാനാണ്. വൈകാതെ ആ പ്രൊജക്ട് ഓണാവും. ആറേഴുമാസം അതിന്റെ പിന്നാലെ പോയേ പറ്റൂ. അതുവരെ ഒന്നിലും എൻഗേജ് ചെയ്യണ്ട എന്നാണെന്റെ തീരുമാനം '

റിഷിയുടെ നിലപാട് ഉറച്ചതായിരുന്നു. അതു ബോധ്യമായതോടെ ഒരു പുനരാലോചനയ്ക്ക് നിർബന്ധിക്കാൻ സുകന്യ ശ്രമിച്ചില്ല. എന്നുമാത്രമല്ല, അയാളുടെ സിനിമാ പ്രൊജക്ടിനെപ്പറ്റി കൂടുതൽ അറിയാൻ കൗതുകം കാട്ടുകയും ചെയ്തു. ഏറെക്കാലമായി കൊണ്ടുനടക്കുന്ന സ്വപ്നത്തിലേക്കയാൾ നടന്നടുക്കുന്നതിന്റെ സന്തോഷം സുകന്യയും മറച്ചുവച്ചില്ല. അയാളെ പ്രോത്സാഹിപ്പിക്കാനാണ് പിന്നീടവർ തുനിഞ്ഞത്.

അതാണ് സുകന്യ. ഒരവസരം വന്നപ്പോൾ റിഷിയെ കൂടെ നിർത്തണമെന്ന് തോന്നി. അയാൾ സ്ഥാപനത്തിലുള്ളത് നന്നാവുമെന്നു കരുതി ക്ഷണിച്ചു. എന്നാൽ അയാൾ കൂടുതൽ ആനന്ദം കണ്ടെത്തുന്നത് മറ്റൊരു മേഖലയാണെന്നറിഞ്ഞപ്പോൾ ആ വഴിക്ക് എല്ലാ ഭാവുകങ്ങളും നേർന്നു.

സുകന്യയെ ബൈക്കിൽ ഓഫീസിലേക്ക് തിരിച്ചുകൊണ്ടുവിടാൻ റിഷി തയ്യാറായതാണ്. അവർക്കു പക്ഷേ മറ്റെവിടെയോ പോകാനുണ്ടായിരുന്നു. അതുകൊണ്ട് ഓട്ടോറിക്ഷയിലാണ് മടങ്ങിയത്.

വൈകുന്നേരം ശിവാനിയെ വിളിച്ച് സതീഷ് വീട്ടിലുണ്ടെന്നുറപ്പാക്കിയ ശേഷം റിഷി അവിടേക്കു പോയി. റിഷിയെ കണ്ടിട്ടും വിശേഷങ്ങളറിഞ്ഞിട്ടും ദിവസങ്ങളായതുകൊണ്ട് സതീഷും വലിയ താൽപ്പര്യത്തിലായിരുന്നു.
സിറ്റൗട്ടിൽ പടിഞ്ഞാറൻ കാറ്റിന്റെ തണുപ്പിലേക്ക് കസാലകൾ വലിച്ചിട്ട് അവരിരുന്നു. സതീഷിന്റെ ശിരസ്സ് 'എ'കാരത്തിലൂടെ ചുറ്റിത്തിരിഞ്ഞു.
' എന്തായി കാര്യങ്ങളൊക്കെ ? '

പുതിയതായി മൂന്നു കാര്യങ്ങളായിരുന്നു റിഷിക്കു പറയാനുണ്ടായിരുന്നത്.
അതിലാദ്യത്തേത് ജീനയെക്കുറിച്ചാണ്.
തീർച്ചയായും സതീഷത് പ്രതീക്ഷിക്കുന്നുണ്ട്. സിനിമാജോലികളിൽ പൂർണ്ണമായി മുഴുകുന്നതിനു മുമ്പ് ജീനയുടെ നിഗൂഢതകളവശേഷിക്കണമെന്ന റിഷിയുടെ ദൃഢനിശ്ചയം സതീഷിനു ബോധ്യമുള്ളതാണ്. ഏതായാലും ഒരു പരിധിവരെ അവളെ ചുറ്റിപ്പപ്പറ്റിയുള്ള അജ്ഞതകൾ നീങ്ങിയിരിക്കുന്നു. ഉത്തരം കിട്ടാതെ ശേഷിച്ചിരുന്ന ചോദ്യങ്ങളെല്ലാം സാധൂകരിക്കപ്പെട്ടുകഴിഞ്ഞു. ഏറ്റവുമൊടുവിൽ സാമുവലിന് അവളെഴുതിയ കത്തുവരെയുള്ളതെല്ലാം റിഷി സമയമെടുത്ത് അയാളോടു പറഞ്ഞു. ജീനയേൽപ്പിച്ച കത്തിൽ അവളുടെ ഹൃദയമുണ്ടായിരുന്നു. പരിധിയറ്റ പശ്ചാത്താപമുണ്ടായിരുന്നു.

തന്റെ വാക്കുകൾ കാതിലേക്കല്ല മനസ്സിലേക്കാണ് സതീഷ് സ്വീകരിക്കുന്നതെന്ന് റിഷിക്കു തോന്നി. അത്രമാത്രം ദത്തശ്രദ്ധനായിരുന്നു അദ്ദേഹം.

' ചെയ്ത തെറ്റിന് പ്രതിവിധി എന്താണെന്നവൾക്കറിയില്ല. കത്തിലത് ക്ലിയറാണ് '
റിഷി പറഞ്ഞുനിർത്തി.

പതിവു പോലെ അൽപ്പനേരത്തെ ആലോചനയ്ക്കുശേഷം സതീഷ് നിരീക്ഷണങ്ങളിലേക്കുകടന്നു.
'ഇക്കാര്യത്തിൽ ഇനിയെന്തു ചെയ്യണമെന്നതാണ് പ്രധാനം. അതുപോലെ ഗൗരവമുള്ള വിഷയം കിരൺരാജിൽ നിന്ന് അവൾ നേരിടാനിടയുള്ള ആക്രമണമാണ്. അതേതു തരത്തിലായിരിക്കുമെന്നൂഹിച്ച് തടുക്കേണ്ടിവരും '

' ശരിയാണ് ... '
റിഷിയും ആ വഴിക്കുതന്നെയാണ് ചിന്തിച്ചിരുന്നത്.

' സാമുവൽ എങ്ങനെയായിരിക്കും പ്രതികരിക്കുക? അനുകൂലമായിരിക്കുമോ അതോ ...? '
അതുവരെ നിശ്ശബ്ദം കേട്ടിരുന്ന ശിവാനി സംശയിച്ചു.

ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലേ അതിനൊരു മറുപടി പറയാനാകൂവെന്ന് റിഷിക്കറിയാം. നിലവിൽ ജീനയ്ക്കെതിരെ കിരൺരാജിന്റെ ഭീഷണി തള്ളിക്കളയാനാവില്ല. അതു ശാശ്വതമായി തടയണമെങ്കിൽ സാമുവലിന്റെ സംരക്ഷണം അനിവാര്യമാണ്. ജീനയോട് സാമുവൽ എന്തു നിലപാടു സ്വീകരിക്കുമെന്നതാണ് നിർണ്ണായകം. എന്തൊക്കെയായാലും അയാളിൽ ഒരു പിതാവ് ഇപ്പോഴും അവശേഷിക്കുന്നുവെന്നു വിശ്വസിക്കാനാണ് റിഷിക്ക് ഇഷ്ടം. കുടുംബം, ഭാര്യ, മകൾ ഈ വക വൈകാരികാംശങ്ങളെല്ലാം മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു പിതാവ്.

സതീഷിനെ അറിയിക്കാനുള്ള രണ്ടാമത്തെ കാര്യം സിനിമയുടെ കാര്യത്തിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളാണ്.

സ്ക്രിപ്റ്റിന്റെ പുരോഗതിയും പ്രൊജക്ടിനുവേണ്ടിയുള്ള നടപടികളും എത്രത്തോളമെത്തിയിരിക്കുന്നുവെന്നു കേൾക്കാൻ കാത്തിരിക്കുകയാണ് സതീഷ്. നടൻമാരിൽ പലരും കാട്ടുന്ന നിസ്സഹകരണം കൊണ്ട് പുതുമുഖനായകൻ മതിയെന്നു തീരുമാനത്തിലെത്തിയെന്ന് റിഷി പറഞ്ഞു. പുതുമുഖസിനിമയുടെ വിപണിസാധ്യതയെപ്പറ്റി ജയിംസിനിതുവരെ ആത്മവിശ്വാസം വന്നിട്ടില്ല. ഇതിനിടെ പഴയ ഡയറക്ടർ ദേവൻ പരാന്നഭോജിയായി ജയിംസിനെ ചുറ്റിപ്പിണഞ്ഞിരിക്കുന്നതാണ് മറ്റൊരു പ്രതിബന്ധം. സ്വന്തം കാര്യം നേടാൻ എന്തുവഴിവിട്ട കളിക്കും അയാൾ തയ്യാറാവും. ദേവൻ അടുത്തുകൂടിയതിനുശേഷം പുതുമുഖങ്ങളെ വച്ചുള്ള സിനിമയുടെ കാര്യത്തിൽ ജയിംസിന്റെ സംശയം ദിനംപ്രതി കൂടുകയാണെന്നാണ് രഘുനാഥൻ പറയുന്നത്.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ സതീഷ് ശാന്തനായി പറഞ്ഞു.
' ആരെയും വിശ്വസിക്കാനാവാത്ത ഒരിടമാണ് സിനിമ. അതൊരു കയമാണ്. ചിലരതിൽ മുങ്ങിത്താഴും. ചിലർ പൊങ്ങിക്കിടക്കും '

അയാളുടെ ആലോചനയിലേക്കു തന്നെ റിഷി കണ്ണുകൾ നട്ടു.

' കൂടെനിൽക്കുന്നവരെയും ശ്രദ്ധിക്കണം. രക്ഷപ്പെടാൻ സമ്മതിക്കില്ല. ഞണ്ടിനെപ്പോലെ താഴോട്ടുവലിച്ചിടും '

അതൊരു മുന്നറിയിപ്പായിരുന്നു. അതേ സമയം റിഷിയുടെ ആത്മവിശ്വാസം നിലനിർത്താനും സതീഷ് മറന്നില്ല.

' അങ്ങനെയെന്തെങ്കിലും സംഭവിക്കുമെന്നല്ല ഞാൻ പറഞ്ഞത്. റിസ്കെടുക്കാൻ തയ്യാറായിത്തന്നെയാണ് റിഷി സിനിമയ്ക്കിറങ്ങിയിരിക്കുന്നത്. റിഷി പറഞ്ഞതനുസരിച്ച് രഘുനാഥൻ സ്ട്രെയിറ്റാണ്. നേരെ വാ നേരോ പോ ടൈപ്പ്. അതുകൊണ്ടാണ് അയാൾ ചീറ്റ് ചെയ്യപ്പെടുന്നത്. '

' അറിയാം സാർ ... '

' ധൈര്യമായി മുന്നോട്ടു പോകുക .... എല്ലാം ശരിയാവും '

അതിനിടെ ചാനലിൽ നിന്ന് തനിക്ക് ക്ഷണം കിട്ടിയ വിവരം റിഷി പറഞ്ഞു. അതായിരുന്നു റിഷിക്കു പറയാനുള്ള മൂന്നാമത്തെ കാര്യം.

ശിവാനി ആശ്ചര്യസൂചകമായ ശബ്ദത്തോടെ കയ്യടിച്ച് ആ വാർത്തയെ പൊലിപ്പിച്ചു. മെറ്റിൽഡ മറ്റൊരു ചാനലിലേക്കു തരാതരം മാറിയതും ഹരീഷിനെ പണിഷ്മെന്റ് ട്രാൻസ്‌ഫറായി ബ്യൂറോയിൽ നിന്നു നീക്കിയതുമടക്കം സുകന്യയിൽ നിന്നറിഞ്ഞതെല്ലാം റിഷി വിശദീകരിച്ചു.

' അടിപൊളി ...തലസ്ഥാനത്തെ ബ്യൂറോ ചീഫല്ലേ; മിസ്സാക്കണോ മാഷേ ? '
ശിവാനി തെല്ല് ആശയക്കുഴപ്പത്തിലായിരുന്നു.

മറുപടി റിഷി ചിരിയിലൊതുക്കി. സതീഷിന്റെ പ്രതികരണമറിയാനായിരുന്നു അയാൾക്ക് താൽപ്പര്യം. പക്ഷേ സതീഷ് കൃത്യമായൊരു അഭിപ്രായപ്രകടനത്തിനപ്പോൾ മുതിർന്നില്ല.
'റിഷിയാണ് തീരുമാനിക്കേണ്ടത്. ഒരു ബാനറിൽ സെറ്റിൽ ചെയ്യാനാണെങ്കിൽ അതു ധാരാളമാണ് '

'ഇല്ല സാർ. ഞാനക്കാര്യം സുകന്യ ചേച്ചിയോടു പറഞ്ഞു. തൽക്കാലം എന്റെ ലക്ഷ്യം സിനിമയാണെന്ന് '

സതീഷിന്റെ മുഖം കൂടുതൽ തെളിഞ്ഞു.
ചഞ്ചലമല്ലാത്ത മനസ്സ് റിഷിയ്ക്കുണ്ടെന്നും അതുള്ളിടത്തോളം കാലം അയാൾ വിജയിക്കുമെന്നും സതീഷിനുറപ്പുണ്ടായിരുന്നു.

(തുടരും )

Content Highlights : Malayalam Novel Based on A True Story part seventeen PinviliWritten by Manoj Bharathi