രു റോഡ് മൂവിയിലെന്നപോലെ ചെറുതും വലുതുമായ സംഭവങ്ങൾ കോർത്തിണക്കിയ യാത്രകളായിരുന്നു റിഷിയുടേത്. ആകസ്മികമെന്നോണം വീണുകിട്ടിയ സൂചനകളെ അനുധാവനം ചെയ്ത അന്വേഷണങ്ങൾ. വാർത്തയുടെ ജനിതകം തേടിയുള്ള, പാപഭാരമളക്കാനുള്ള യാത്രകൾ മണിക്കടവിൽ നിന്നു ഗോണിക്കൊപ്പലിലേക്കും അവിടെനിന്ന് തിരുനെല്ലായിയിലേക്കും പിന്നെ ബാംഗ്ലൂർ നഗരത്തിലേക്കും നീളുകയായിരുന്നു. അതേസമയം വനിതാമന്ദിരത്തിൽ വച്ച് ജീനയെ തിരിച്ചറിഞ്ഞ ആദ്യദിനം മുതൽ റിഷിയുടെ മനസ്സിലുയർന്ന ചോദ്യങ്ങളിൽ പലതിനും ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.

ശൂന്യത റിഷിയ്ക്കെന്നും ഹരമാണ്. വട്ടപ്പൂജ്യത്തിൽ നിന്നു വിസ്മയം സൃഷ്ടിക്കാനാണ് അയാൾക്കിഷ്ടം . ബ്യൂറോയിലേക്കൊരു സ്ഥലം മാറ്റം ഉണ്ടാവുകയാണെങ്കിൽ മുൻപരിചയമൊന്നുമില്ലാത്ത, പ്രാദേശികഭാഷാഭേദത്തിന്റെ അപരിചിതത്വങ്ങൾ ആവോളമുള്ള ഒരിടത്തേക്കാവണം അതെന്ന് അയാളെപ്പോഴും പറയാറുണ്ടായിരുന്നു. അത്തരമിടങ്ങളിൽ ഒന്നുമില്ലായ്മയിൽ നിന്നുവേണം തുടങ്ങാൻ. അതിന്റെ റിസ്ക് ആസ്വദിക്കാനാവും. ഒന്ന് ,രണ്ട്, മൂന്ന് എന്നിങ്ങനെ വാർത്തയടെ സ്രോതസുകൾ കണ്ടെത്തേണ്ടിവരും. അത്തരം ബന്ധങ്ങൾക്ക് ആഴവും പരപ്പുമുണ്ടാവുമെന്നാണ് അയാളുടെ പക്ഷം.

ഏതാണ്ടതേ പോലെയാണ് ജീനയെക്കുറിച്ചുള്ള അന്വേഷണവും. ശൂന്യതയിൽ നിന്നുള്ള തുടക്കം ഓരോ പോയിന്റു കടക്കുമ്പോഴും സ്ഥൂലപ്രകൃതിയാർജ്ജിക്കുകയാണ്. പഴയ ഒരു വാർത്ത അതുചെയ്ത ജേർണലിസ്റ്റിനെ ദയാരഹിതമായി പിന്തുടരുകയാണ്. അപ്രതീക്ഷിതസത്യങ്ങളിൽ വാർത്തയുടെ ആണിച്ചുറ്റുകളിലുറപ്പിച്ചിരുന്ന ചിത്രങ്ങൾ ഒന്നൊന്നായി ഇളകിവീണിരിക്കുന്നു. ഇക്കാര്യത്തിലിനി അധികദൂരം ചുറ്റിത്തിരിയേണ്ടിവരില്ലെന്നാണ് റിഷിയിപ്പോൾ കരുതുന്നത്. സാമുവലിൽ നിന്നായാലും സ്വാമി വൈദ്യരിൽ നിന്നായാലും കിട്ടാനുള്ള വിവരങ്ങൾ കിട്ടിക്കഴിഞ്ഞു. ദുർഗ്ഗയും അമ്പിയും ബാംഗ്ലൂരിലെ ഡോക്ടറും ദിവാകറുമെല്ലാം ഓരോ തിരിച്ചറിവുകളായിരുന്നു.

സന്ദിഗ്ദ്ധാവസ്ഥ ശേഷിക്കുന്നത് രണ്ടു കാര്യങ്ങളിലാണ്.

നിർണ്ണായകദിവസം എന്താണ് സംഭവിച്ചത് ?

ജീന വനിതാസദനത്തിൽ അഭയം തേടാൻ കാരണമെന്ത് ?

അന്വേഷണങ്ങളിലൊരിടത്തും അതു സംബന്ധിച്ച് സൂചന ലഭിച്ചിട്ടില്ല. വിശ്വാസയോഗ്യമായ മറുപടി കിട്ടേണ്ടത് ഇനി ജീനയിൽ നിന്നാണ്. കിരൺരാജ് ഇപ്പോഴെവിടെയുണ്ടാവുമെന്നുപോലും ഒരുപക്ഷേ അവൾക്കറിവുണ്ടാകും.

ഇത്തവണ തന്റെ ചോദ്യങ്ങളിൽനിന്ന് ജീനയ്ക്ക് ഒളിച്ചോടാനാവില്ലെന്ന് റിഷി ഉറപ്പിച്ചു. സംഭവഗതികളുടെ കൃത്യമായൊരു അസ്ഥികൂടം കൈവശമുണ്ട്. ജീനയെക്കൊണ്ടുവേണം അതിനു മജ്ജയും മാംസവും വയ്പ്പിക്കാൻ.

ഗോണിക്കൊപ്പലിൽ നിന്നുതിരിച്ചെത്തിയ ഉടൻതന്നെ വനിതാ സദനത്തിലേക്കു പോയി ജീനയെ കാണാമെന്നാണ് റിഷി കരുതിയിരുന്നത്. എന്നാൽ അമ്മയതു തടഞ്ഞു.
' വന്നു കയറിയതല്ലേയുള്ളൂ. അതിനെടയ്ക്ക് നീയിതെങ്ങോട്ടാ ? നീയാദ്യം എന്തെങ്കിലും കഴിക്ക്. നല്ല പുഴമീനുണ്ട്. വെയിലാറിയിട്ടു മതി പുറത്തുപോകുന്നത് '

നഗരത്തിന്റെ മധ്യത്തിലാണെങ്കിലും അമ്മയ്ക്ക് ഇടയ്ക്കിങ്ങനെ നല്ല പുഴമീൻ കിട്ടാറുണ്ട്. റിഷിയുടെ അച്ഛന്റെ പഴയൊരു പരിചയക്കാരൻ കൊണ്ടുവരുന്നതാണത്. വിൽപ്പനയ്ക്കല്ല, വല്ലപ്പോഴും ടൗണിലേക്കു വരുമ്പോഴുള്ള സന്തോഷസമ്മാനം.

റിഷിയുടെ അച്ഛന്റെ നാട്ടിൽ പുഴമീൻ പിടിക്കാൻ മിക്ക ദിവസങ്ങളിലുമെത്തിയിരുന്ന കറുത്തു തടിച്ച വലിയ കുടവയറുള്ള മനുഷ്യൻ. അച്ഛനും അയാളും തമ്മിൽ ദീർഘകാലത്തെ പരിചയമായിരുന്നു. ഇന്നാട്ടുകാരനാണെങ്കിലും നിറവും രൂപവും അയാൾക്കൊരു പേരു സമ്മാനിച്ചിരുന്നു; അണ്ണാച്ചി . നല്ല മീൻ കിട്ടിയാൽ അതാദ്യം അയാളെത്തിച്ചിരുന്നത് അച്ഛന്റെ തറവാട്ടിലേക്കാണ്. കുടവയറൻ അണ്ണാച്ചിയും അയാളുടെ ജീവനുള്ള മീനുകളും കുട്ടിക്കാലത്തെ റിഷിയുടെ കൗതുകങ്ങളായിരുന്നു. പിടയ്ക്കുന്ന, കുതിച്ചു ചാടുന്ന ചെറുതും വലുതുമായ ചെമ്പല്ലിയും വെള്ളക്കൂരിയും പള്ളത്തിയും കാരിയും കരിമീനും... അവയെ കളിപ്പിച്ച് റിഷിയിരിക്കുമ്പോൾ ഒരു ബന്ധുവിനോടെന്ന പോലെ അച്ഛനോടു കുടുംബവിശേഷങ്ങൾ പറയുന്നുണ്ടാവും അണ്ണാച്ചി.

അണ്ണാച്ചിക്ക് ഒരു മകളാണുള്ളത്. അവളെ നന്നായി പഠിപ്പിക്കണമെന്ന് അച്ഛനയാളോട് എപ്പോഴും പറഞ്ഞിരുന്നു. പതിനാലുവർഷം മുമ്പ് ടൗൺ ഹൈസ്കൂളിലേക്ക് അച്ഛൻ ട്രാൻസ്‌ഫറായതോടെയാണ് റിഷിയുടെ കുടുംബം നഗരത്തിൽ സ്ഥിരതാമസമാക്കിയത്. നഗരത്തിലേക്ക് എന്താവശ്യത്തിനു വന്നാലും അണ്ണാച്ചി റിഷിയുടെ വീട്ടിലേക്കും വരും. കൈവശം പുഴമീനുമുണ്ടാവും. അച്ഛന്റെ മരണശേഷവും അയാൾ ആ പതിവു തുടർന്നു. യാത്രകളുടെ എണ്ണം പൊതുവെ കുറവായിരുന്നുവെന്നു മാത്രം.

'അണ്ണാച്ചി വന്നിരുന്നോ..'

'വന്നെടാ . അയാളുടെ മോൾക്കെന്തോ ആലോചന. ടൗണീന്നാ ... അവരു തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നെന്നാ പറഞ്ഞത്. അണ്ണാച്ചി ആ വഴി കയറിയതാ... നിനക്കെന്തായാലും വയറ്റുഭാഗ്യം ഉണ്ട്. '

അണ്ണാച്ചിയുടെ മകൾ പഠിച്ച് എയർഹോസ്റ്റസായി ജോലി നേടിയിട്ട് അധികമായിട്ടില്ല. പ്രണയങ്ങളെക്കുറിച്ചും മറ്റും കേൾക്കുമ്പോൾ റിഷിയ്ക്കെന്തോ മനസ്സിലിപ്പോൾ ഓടിയെത്തുന്നത് ജീനയുടെ മുഖമാണ്. കണ്ടും കേട്ടും അനുഭവിച്ചുകൊണ്ടിരിക്കുന്ന യാത്രകളിലെ സമസ്യകളാണ്.

റിഷിയുടെ യാത്രാവിശേഷങ്ങളെക്കുറിച്ചൊന്നും അമ്മ ചോദിച്ചിരുന്നില്ല. അവർക്കറിയാം, പറയേണ്ട കാര്യങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ റിഷി പറയുമെന്ന്.

അമ്മ പറഞ്ഞതുപോലെ ഭക്ഷണം കഴിച്ച ശേഷം ഒരു മണിക്കൂർ തെല്ലൊരു മയക്കം . അതിനുശേഷമാണ് റിഷി പുറത്തേക്കിറങ്ങിയത്.

വനിതാ സദനത്തിലേക്കു തിരിക്കും മുമ്പ് റിഷി അവിടേക്കു വിളിച്ചിരുന്നു. വാർഡനവിടെയുണ്ടായിരുന്നു ; പക്ഷേ ജീന പുറത്താണ്. അവൾ സദനത്തിൽനിന്നു വെളിയിലേക്കുപോയിരിക്കുന്നെന്നു കേട്ടപ്പോൾ റിഷിക്ക് അതിശയം തോന്നി. പ്രതീക്ഷകളും സ്വപ്നങ്ങളും ബോൺസായി പോലെ മുരടിച്ച കനത്ത മതിൽക്കെട്ടുജീവിതത്തിൽനിന്ന് അൽപ്പസമയമെങ്കിലും അവൾ പുറത്തിറങ്ങിയത് എന്താവശ്യത്തിനാണെങ്കിലും നന്നായെന്ന് റിഷിക്ക് തോന്നി. അത്തരം ചെറിയ ചെറിയ മാറ്റങ്ങൾ അവളെ ഉണർത്തിയേക്കും.

'ജീനയിപ്പോൾ കുറെയൊക്കെ പ്ലസന്റായിട്ടുണ്ട്. എന്നാലും ഒന്നും വിട്ടുപറയുന്നില്ല. ഇതിപ്പോ കുട്ടിക്കു പനി കലശലായി. ഡോക്ടറെ ഫോണിൽ വിളിച്ചപ്പോൾ ഹോസ്പിറ്റലിലേക്കു ചെല്ലാൻ പറഞ്ഞു '

'ജീനയും കുഞ്ഞും മാത്രമേയുള്ളോ...?'

'അല്ല. സർവന്റിനെക്കൂടി അയച്ചിട്ടുണ്ട് '

ജീനയെ സംബന്ധിച്ച് അറിയുന്ന കാര്യങ്ങൾ മിക്കതും റിഷി അതാതു സമയങ്ങളിൽ വാർഡനെയും അറിയിക്കുന്നുണ്ട്. കഴിഞ്ഞ യാത്രകളിലെ വിശേഷങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂ. ജീന ഹോസ്പിറ്റലിൽ നിന്നു മടങ്ങിയെത്തുന്നതിനിടയിൽ അതിനുള്ള സമയം കിട്ടുമെന്ന് അയാളോർത്തു.

' എന്തെങ്കിലും ജോലി കണ്ടുപിടിക്കണമെന്ന് ആ കുട്ടിക്കുണ്ട്. ബി എസ് സി നഴ്സിംഗൊക്കെ കഴിഞ്ഞതല്ലേ ...'

വാർഡൻ വീണ്ടും പറഞ്ഞുതുടങ്ങി

'എവിടെയെങ്കിലും ഒരു ജോലി വാങ്ങിക്കൊടുക്കുമോന്ന് അവളെന്നോടു ചോദിച്ചു '

അതിനർത്ഥം യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെടാൻ ജീന തയ്യാറെടുക്കുന്നു എന്നാണ്. പ്രതീക്ഷ നൽകുന്ന അറിവായിരുന്നു റിഷിക്കത്. ശുഭകരവും അല്ലാത്തതുമായ അനുഭവങ്ങളെ ആ നിലയ്ക്കുതന്നെ കാണാനവൾ തീരുമാനിച്ചാൽ അവളിൽ നിന്നു ലഭിക്കാനുള്ള വിവരങ്ങൾക്കു തടസ്സമുണ്ടാവില്ല.

'സ്വന്തമായി വരുമാനമുണ്ടെന്നു വന്നാൽ അവൾ കുറേയൊക്കെ സ്റ്റേണാവും. റിഷിക്കു പരിചയമുള്ള ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലുണ്ടോ ? തൽക്കാലത്തേക്കൊരു ജോലിക്ക് ? '

അത്തരം ആവശ്യങ്ങളൊന്നും മുമ്പുണ്ടാകാത്തതുകൊണ്ട് നേരിട്ടിടപെടാവുന്ന അടുപ്പക്കാരൊന്നും ഹോസ്പിറ്റൽ മേഖലയിൽ റിഷിക്കില്ലായിരുന്നു. അയാൾ നഗരത്തിലെ പ്രമുഖ ഹോസ്പിറ്റലുകളിലെ മാനേജിംഗ് ഡയറക്ടർമാർ മുതൽ പിആർഒമാർ വരെയുള്ളവരുടെ മുഖങ്ങൾ ഓർക്കാൻ ശ്രമിച്ചു.

'ഞാനിക്കാര്യം സെക്രട്ടറിയോടു പറഞ്ഞിരുന്നു. സാറും നോക്കാമെന്നു പറഞ്ഞിട്ടുണ്ട്. റിഷി കൂടെ ഒന്നു മനസ്സു വച്ചേക്ക്. ഒരാളെയും അശരണരായി ഇവിടെ പിടിച്ചു നിർത്തുന്നതിലല്ല കാര്യം; സ്വന്തം ജീവിതമുണ്ടാക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അതിനു സഹായിക്കുന്നതിലാ '

കണ്ണാടിയൂരി ഖാദിസാരിയുടെ തുമ്പുകൊണ്ട് ഇടയ്ക്കിടെ അവർ മുഖം തുടച്ചു. പിന്നീടുള്ള പത്തുമിനുട്ടോളം സമയം അവരത് ഇടയ്ക്കിടെ ആവർത്തിച്ചുകൊണ്ടിരുന്നു. റിഷിയപ്പോൾ അവരോട് സ്വാമിമഠത്തിലെയും ഗോണിക്കൊപ്പലിലെയും ബാംഗ്ലൂരിലെയും കഥകൾ പറയുന്നുണ്ടായിരുന്നു. കിരൺരാജിന്റെ ലഹരിവഴികളെ ബോധ്യപ്പെടുത്തുന്നുണ്ടായിരുന്നു. ദുർഗ്ഗയെ പരിചയപ്പെടുത്തുന്നുണ്ടായിരുന്നു.

സാരിത്തുമ്പുകൊണ്ട് വാർഡൻ മുഖം തുടക്കുന്ന രീതിയും അതവർ ചെയ്യുന്നതിലുള്ള സാവകാശവും കണ്ടപ്പോൾ ആശ്വാസത്തിന്റെ ലക്ഷണമായിട്ടാണ് റിഷി ആദ്യം കരുതിയത്. എന്നാലത് ആശങ്കയുടെ അടയാളമായിരുന്നെന്ന് തന്റെ യാത്രാനുഭവങ്ങൾ മുഴുവനും അവരോടു പങ്കുവച്ചുകഴിഞ്ഞപ്പോഴേക്കും അയാളുറപ്പിച്ചു. ജീനയുടെ സുരക്ഷിതത്വത്തിൽ വാർഡൻ അത്രമാത്രം ഔൽസുക്യം കാട്ടിയിരുന്നു. ആദ്യം കണ്ടപ്പോൾ കരുതിയ തന്റേടിയിലിപ്പോൾ അമ്മമനസ്സിന്റെ ആകുലതകളാണ്.

മിക്ക സ്ത്രീകളും ഇങ്ങനെയാണ്. പുറംചട്ടയിട്ടാലും ചാവിയിട്ടു പൂട്ടിയാലും ഹൃദയത്തിന്റെ അറകളിൽ സ്നേഹവും കാരുണ്യവും നിറഞ്ഞൊഴുകുന്നുണ്ടാവും. സഹനത്തിന്റെയും സ്നേഹത്തിന്റെയുമെല്ലാം മാതൃകാരൂപങ്ങളായി ചിലരെ റിഷി വെറുതെ സങ്കൽപ്പിക്കാൻ ശ്രമിച്ചു. അമ്മയെപ്പോലെ, ദുർഗ്ഗയെപ്പോലെ, ശിവാനിയെപ്പോലെ... ഇപ്പോഴിതാ വാർഡനെപ്പോലെ ...
പക്ഷേ അക്കൂട്ടത്തിലെങ്ങും ഉൾപ്പെടാത്ത, ചേർക്കാനാകാത്ത സാമുദ്രികാലക്ഷണവുമായി മെറ്റിൽഡ ഒറ്റപ്പെട്ടുനിൽക്കുന്നു.

ഈ സമയം വനിതാ സദനത്തിനുമുന്നിലൊരു ഓട്ടോറിക്ഷ വന്നുനിൽക്കുകയും അതിൽനിന്ന് ജീനയും കുട്ടിയും സദനം ജീവനക്കാരിയും പുറത്തിറങ്ങുകയും ചെയ്തു. നെടുതായ അങ്കണത്തിലൂടെ അവിടേക്കെത്തുന്ന ജീനയുടെ മുഖത്ത് ഭീതിയുടെ കാറൊഴിഞ്ഞുതുടങ്ങത് റിഷി ശ്രദ്ധിച്ചു. പക്ഷേ, ഓഫീസിൽ അപ്രതീക്ഷിതമായി റിഷിയെ കണ്ടപ്പോൾ അവളൊന്നുലഞ്ഞു. പെട്ടെന്നുതന്നെ അവൾ അകത്തേക്കു നടന്നു. അവളുടെ ഭാവമാറ്റത്തിൽ അപ്രതീക്ഷിതമായി ഒന്നുമില്ലെന്ന മട്ടിൽ വാർഡനപ്പോൾ റിഷിയെ കണ്ണടച്ചു കാണിച്ചു .

ഇത്തവണ റിഷി മുറിയിലേക്കു ചെല്ലുമ്പോൾ ജീന അയാളെ കണ്ട് എഴുനേറ്റു. അയാളവളോട് ഇരിക്കാൻ പറഞ്ഞതിനുശേഷം അവിടെയുണ്ടായിരുന്ന തടിക്കസേരകളിലൊന്നിലിരുന്നു.

'കുഞ്ഞിന് എങ്ങനെയുണ്ട് ? '

'പനിയാണ് . ബ്ലഡൊക്കെ ടെസ്റ്റ് ചെയ്തു. കുഴപ്പമൊന്നുമില്ല . വൈറൽഫീവറാ '

നാലു വർഷത്തിനുശേഷം ആദ്യമായി അവളുടെ ശബ്ദം കേൾക്കുകയായിരുന്നു റിഷി. തന്റെ അന്വേഷണത്തോടവൾ പ്രതികരിച്ചിരിക്കുന്നു. അറച്ചുനിൽക്കുന്ന പതിവുരീതിയിൽ നിന്നുള്ള മാറ്റം പ്രതീക്ഷ നൽകുന്നതാണ്. അയാൾ മെല്ലെ കാര്യത്തിലേക്കു കടന്നു.

'വാർഡൻ പറഞ്ഞു ജീന ജോലി അന്വേഷിക്കുന്നുണ്ടെന്ന്. ഞാനും നോക്കാം . '

അവളുടെ കണ്ണുകളിൽ നന്ദി നിറഞ്ഞു. വാർഡൻ പറഞ്ഞതു ശരിവയ്ക്കുന്ന പ്രതികരണമായിരുന്നു അത്. സ്വന്തം കാലിൽ നിൽക്കണമെന്ന തോന്നൽ ജീനയ്ക്കുണ്ട്. അതൊരുപക്ഷേ, കുഞ്ഞിന്റെ ഭാവി കൂടി ആലോചിച്ചിട്ടായിരിക്കാം. റിഷി മെല്ലെ തന്റെ ലക്ഷ്യത്തിലേക്കു കടന്നു.

'ഞാനിങ്ങനെ പിന്നാലെ കൂടുന്നത് ജീനക്കു ശല്യമായി തോന്നാം. പറഞ്ഞില്ലേ... ഞാനായിട്ടു ചെയ്ത ഒരു വാർത്ത തെറ്റായിരുന്നെങ്കിൽ അതു തിരുത്തേണ്ട ബാധ്യത എനിക്കുണ്ട്. അതു ഞാൻ ചെയ്യുന്നത് ജീനയെ സഹായിക്കാൻ വേണ്ടിയാണ്. '
ജീനയുടെ വിശ്വാസമാർജ്ജിക്കാൻ വേണ്ടി അയാൾ ഒന്നുകൂടി നിലപാടു വ്യക്തമാക്കി.

അവൾ തല താഴ്ത്തി. ജീനയുടെ സഹകരണമാണ് തനിക്കിപ്പോഴാവശ്യമെന്ന് റിഷി പറഞ്ഞു. നേരത്തെ അതു കിട്ടിയിരുന്നെങ്കിൽ ഇത്രയും ദീർഘങ്ങളായ യാത്രകൾ വേണ്ടിവരുമായിരുന്നില്ല.

'അറ്റ്ലീസ്റ്റ് കിരൺരാജ് എവിടെയുണ്ടാവുമെന്നറിയാമെങ്കിൽ അതെങ്കിലും ജീനയ്ക്കു പറയാമായിരുന്നു. അന്നത്തെ കേസിനെക്കുറിച്ചും നിങ്ങൾക്കിടയിൽ സംഭവിച്ചതെന്താണെന്നും ജീനയ്ക്കല്ലാതെ മറ്റാർക്കാണറിയുക ? നോക്കൂ ജീന. എന്റെ ഇത്രയും ദിവസത്തെ യാത്ര... അന്വേഷണങ്ങൾ ... അതു വെറുതെയാവരുത്. '

അവളപ്പോഴും മറുപടിയൊന്നും പറഞ്ഞില്ല. ഇനിയും കാര്യങ്ങൾ മറച്ചുവയ്ക്കുന്നതിലർത്ഥമില്ലെന്ന് റിഷിക്കു തോന്നി. ജീനയുടെ സ്വകാര്യജീവിതത്തിലേക്കെത്തുന്ന നിരവധി വഴികളിലൂടെയുള്ള തന്റെ സഞ്ചാരത്തെക്കുറിച്ചും കണ്ടെത്തലുകളെക്കുറിച്ചും അയാൾ ഒന്നൊന്നായി പറയാൻ തുടങ്ങി. മറ്റാർക്കുമറിയില്ലെന്ന് കരുതിയിരുന്ന പലതും റിഷിയിൽ നിന്നു കേട്ടതോടെ അവൾ സമ്മർദ്ദത്തിലായി. അത് അനിശ്ചിതത്വത്തിന്റെ തിരശ്ശീല നീക്കിയേക്കുമെന്നും ജീന സഹകരിക്കുമെന്നും റിഷി പ്രതീക്ഷിച്ചു.

'ഞാനൊരിക്കൽ പറഞ്ഞില്ലേ; ജീനയുടെ അപ്പച്ചനെ കാണാൻ പോയകാര്യം. അന്വേഷണത്തിന്റെ ഭാഗമായി ഞാനെവിടെയൊക്കെ പോയി എന്നറിയാമോ... ജീന അതറിയണം. '

വാർഡൻ അപ്പോൾ റിഷിയുടെ പിന്നിലേക്കെത്തി. ജീന നിശ്ശബ്ദം കേട്ടിരുന്നു.

'തിരുനെല്ലായിയിൽ സ്വാമിമഠത്തിൽ പോയി സ്വാമിവൈദ്യരെ കണ്ടു. ബാംഗ്ലൂരിൽ നിങ്ങൾ പഠിച്ച സ്ഥലങ്ങളിലെല്ലാം പോയി. കിരൺരാജിന്റെ സുഹൃത്തുക്കളെക്കുറിച്ചു മനസ്സിലാക്കി. സാമുവൽ സാറിനെ കാണാൻ രണ്ടാമതും ഗോണിക്കൊപ്പലിൽ പോയി. അദ്ദേഹത്തോടു മണിക്കുറുകളോളം സംസാരിച്ചു... ഞാൻ പറഞ്ഞില്ലേ ; അറിയാവുന്ന കാര്യങ്ങൾ ജീന പറഞ്ഞിരുന്നെങ്കിൽ എന്റെ അലച്ചിൽ കുറെയൊക്കെ ഒഴിവാക്കാമായിരുന്നു. '

അവളുടെ ജീവിതത്തിലെ നിർണ്ണായക സംഭവങ്ങളുടെയെല്ലാം അലകും പിടിയും റിഷി കൈക്കലാക്കിയിരിക്കുന്നെന്ന് ജീനയ്ക്കു ബോധ്യപ്പെട്ടു. എന്തു പറയണമെന്നുറപ്പില്ലെങ്കിലും അവളാകെ അസ്വസ്ഥയായി.

റിഷിയപ്പോൾ ശബ്ദം താഴ്ത്തി അവളോടു പറഞ്ഞു.

'സ്വാമി മഠത്തിൽ ഞാൻ ദുർഗ്ഗയെ കണ്ടു.'

അതുകേട്ട് പകച്ചുപോയ ജീന മുഖമുയർത്തി.

'അതെ. എല്ലാം സ്വാമിവൈദ്യൻ എന്നോടു പറഞ്ഞു. '

അവളുടെ കണ്ണുകൾ നിറഞ്ഞു. എന്തൊക്കെയോ പറയാനവൾ വെമ്പുന്നുണ്ടായിരുന്നു. എന്നാൽ അടുത്ത നിമിഷം തന്നെ പഴയതുപോലെ അവളുടെ മുഖം താഴേക്കമർന്നു.

ഗോണിക്കൊപ്പലിൽ സാമുവൽ ജീവിക്കുന്ന സാഹചര്യത്തെക്കുറിച്ച് വിശദമായ ചിത്രം റിഷി അവളുടെ മുന്നിലവതരിപ്പിച്ചു. ജീവിതകാലത്തിന്റെ നല്ലൊരു ഭാഗം ചെലവിട്ട നാട്ടിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും മുന്നിൽ അയാളിപ്പോൾ വെറും അതിഥി മാത്രമാണ്. വല്ലപ്പോഴും നാട്ടിലെത്തുന്ന അതിഥി.

'കള്ളക്കേസിൽ ജീനയ്ക്കെതിരെ പരാതി കൊടുക്കാഞ്ഞതെന്താണെന്ന് ഞാനദ്ദേഹത്തോടു ചോദിച്ചു. അപ്പോൾ സാമുവൽസാർ പറഞ്ഞതെന്താണെന്നറിയാമോ ? '

അവൾ നിറമിഴികൾ റിഷിക്കുനേരെ ഉയർത്തി.

'ഒരപ്പച്ചനങ്ങനാണ്. ക്ഷമിക്കാനേ കഴിയൂ... മക്കളപ്പോലെയല്ല'

അവൾക്ക് സർവ്വനിയന്ത്രണവും നഷ്ടമാകുകയായിരുന്നു. മുമ്പൊരിക്കലുണ്ടായതുപോലെ പൊട്ടിക്കരയാൻ തുടങ്ങിയെങ്കിലും പെട്ടെന്നുതന്നെ സ്വയമവൾ നിയന്ത്രിച്ചു.

'സങ്കടപ്പെടണ്ട... കാര്യങ്ങൾ പറഞ്ഞെന്നേയുള്ളൂ. കഴിയുമെങ്കിൽ കേസും പിന്നീടുണ്ടായ സംഭവങ്ങളും എന്തായിരുന്നെന്ന് ജീന പറയണം. ഇക്കാര്യത്തിലിനി ജീനയെ ബുദ്ധിമുട്ടിക്കാൻ ഞാൻ വരില്ല.'
തെല്ലു നിരാശയോടെ റിഷി പുറത്തേക്കിറങ്ങി. പിന്നാലെ വാർഡനും.

വനിതാ സദനത്തിൽ നിന്നു യാത്രയായതോടെ റിഷിയുടെ മനസ്സിലേക്ക് വീണ്ടും സിനിമ പ്രവേശിച്ചു. അതൊരു മാരത്തോൺ ഓട്ടം പോലെയാണ്. ഇനിയും സ്റ്റാർട്ടിംഗ് പോയന്റ് നിർണ്ണയിക്കപ്പെടാത്ത മാരത്തോൺ.
പുതുമുഖനായകനെ മുന്നിൽ കണ്ട് കഥാഗതി മാറ്റുന്നത് അല്ലറ ചില്ലറ കാര്യങ്ങളിലൊതുങ്ങുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ രഘുനാഥൻ നിർദ്ദേശിച്ച ചില ആളുകളെ പരിഗണിക്കുമ്പോൾ പ്രായവ്യത്യാസം പ്രധാനമാകുന്നു. പ്രായവ്യത്യാസം ഒരു കാലപരിണാമത്തിന്റെ സൂചനയായേക്കാം. അത്ര നിസ്സാരമല്ല മാറ്റങ്ങളെന്നർത്ഥം. ചില മേഖലകളിൽ കാര്യമായി കൂട്ടിച്ചേർക്കലും ചെത്തിമിനുക്കലും നടക്കേണ്ടതുണ്ട്.

രഘുനാഥന്റെ ഫോൺകോൾ രാത്രിയിൽ റിഷിയെ തേടിയെത്തി. അത്യാവശ്യയാത്രകളൊക്കെ കഴിഞ്ഞോ എന്ന ചോദ്യത്തോടെയാണ് അയാൾ തുടങ്ങിയത്. ജാലകത്തിലൂടെ വീശുന്ന രാത്രിശീതം പോലെ ആ ശബ്ദവും മരവിച്ചിരുന്നു.

'തൽക്കാലത്തേക്കത് അവസാനിപ്പിച്ചു രഘുവേട്ടാ. നമുക്ക് എഴുത്തു തുടങ്ങാം. നാളെയെങ്കിൽ നാളെ . ഇനിയത് കംപ്ലീറ്റ് ചെയ്തിട്ടു മതി ബാക്കിയെന്തും '

രഘുനാഥൻ അതിനു മറുപടി പറഞ്ഞില്ല. താൻ യാത്രയ്ക്കു പ്രാധാന്യം കൊടുത്തതിലോ എഴുത്തുദിനങ്ങളെ നഷ്ടപ്പെടുത്തിയതിലോ അയാൾക്ക് നീരസം കണ്ടേക്കുമെന്ന് റിഷിക്കു തോന്നി.

അവൻ വീണ്ടും വിളിച്ചു.
'രഘുവേട്ടാ '

'ഞാനാലോചിച്ചത് എവിടെയിരുന്ന് എഴുതുമെന്നാണ് '

'എറണാകുളത്ത് ... ഫ്ലാറ്റിലിരുന്ന് എഴുതിക്കൂടേ ? '

'അതുപക്ഷേ... അച്ചായൻ വിട്ടു. '

'അതെന്തു പറ്റി ? '

'ചില പ്രശ്നങ്ങളുണ്ടായി. കൂടിപ്പോയാൽ നമ്മളിതുവരെ അവിടൊരു പതിനഞ്ചോ ഇരുപതോ ദിവസം കഴിഞ്ഞിട്ടുണ്ടാവും . മറ്റു ദിവസങ്ങളിൽ അച്ചായന്റെ ചില കൂട്ടുകാരായിരുന്നു അവിടെ തങ്ങിയിരുന്നത്. ദുബായിയിലിരിക്കുന്ന അച്ചായന്റെ ഓപ്പറേഷൻസ് നടത്താൻ കൊച്ചിയിലെത്തുന്ന എർത്തുടീമുകൾ വരെ അവിടെ വന്നിരുന്നു. രാത്രി വെള്ളമടിയും പെണ്ണുപിടിയും. ഒടുക്കം കഴിഞ്ഞ ദിവസം ചേരി തിരിഞ്ഞ് അടിയായി '

റിഷി ആകാംക്ഷയോടെ കാതോർത്തു.

'തല്ലും ബഹളവുമായപ്പോൾ അടുത്ത ഫ്ലാറ്റുകാരിടപെട്ടു. ഓണർ അച്ചായനോടോ ഫ്ലാറ്റ് ഒഴിഞ്ഞുകൊടുക്കാൻ പറഞ്ഞു '

രഘുനാഥന്റെ സംഭാഷണത്തിലുണ്ടായിരുന്ന മഞ്ഞുവീഴ്ചയുടെ കാരണം റിഷിക്കു ബോധ്യപ്പെട്ടു. ഒരു പക്ഷേ അയാൾ പറഞ്ഞ ദിവസം തന്നെ എഴുത്തിനുവേണ്ടി ഫ്ലാറ്റിലേക്കു പോയിരുന്നെങ്കിൽ അവിടെ മറ്റു താമസിക്കാരെത്തുകയോ അടിപിടി ഉണ്ടാവുകയോ ഫ്ലാറ്റ് ഒഴിയേണ്ടിവരികയോ ഇല്ലായിരുന്നു .

' അച്ചായൻ വേറെ ഏർപ്പാടെന്തെങ്കിലും ഉണ്ടാക്കില്ലേ ? '

' ഒന്നും പറഞ്ഞില്ല. വിളിക്കാമെന്നു മാത്രം പറഞ്ഞു.'

ഇനിയെന്താണ് ചെയ്യുകയെന്ന സങ്കോചം റിഷിയെും ബാധിച്ചു. എത്രയും പെട്ടെന്ന് എഴുത്തവസാനിപ്പിച്ച് സ്ക്രിപ്റ്റ് ലോക്കുചെയ്യേണ്ടതിന്റെയും പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കേണ്ടതിന്റെയും ആവശ്യകത ഇപ്പോൾ രഘുനാഥനെപ്പോലെ റിഷിക്കും പ്രധാനമായി.

' വലിയ സൗകര്യങ്ങളൊന്നുമില്ല റിഷീ ... നമുക്കെന്റെ വീട്ടിലിരുന്ന് വർക്കു കംപ്ലീറ്റു ചെയ്താലോ...'

അതു നല്ല നിർദ്ദേശമാണെന്ന് റിഷിക്കും തോന്നി.
തിരക്കേറിയ ബിസിനസ്സുകാരനാണ് ജയിംസ്. ഒരു ബിസിനസ്സിലല്ലെങ്കിൽ മറ്റൊന്നിലയാളെ കുഴിച്ചുനിർത്തിയിരിക്കുകയാണ്. അതിനിടയിൽ എഴുത്തിനു പറ്റിയ പുതിയൊരിടം അയാൾ ഏർപ്പാടാക്കിത്തരാൻ കാത്തിരുന്നാൽ വൈകുമെന്നുറപ്പ്. ആ നിലയ്ക്ക് രഘുനാഥൻ പറഞ്ഞതാണുചിതം.

അടുത്ത ദിവസം രഘുനാഥന്റെ വീട്ടിൽ വച്ചുകാണാമെന്നു തീരുമാനിച്ച് റിഷി ഫോൺ വച്ചു.

( തുടരും )

Content highlights :based on a true story malayalam novel part 14