സ്ത്രീ വലിയൊരു നിർമ്മിതിയാണ്.
എത്ര വേദനിപ്പിച്ചാലും ശരി ഒടുവിലത് മറക്കും. മനസ്സിന്റെ ഏതെങ്കിലുമൊരു കോണുകൊണ്ടവൾ ക്ഷമിക്കും.

മനുഷ്യജീവിയെന്ന പരിഗണനപോലും അറ്ററുത്ത്, ദുർഗ്ഗയുടെ ശബ്ദത്തെയും ചലനത്തെയും അപരിചിതമാം വിധം തടവിലാക്കുകയായിരുന്നു കിരൺരാജ്. കാട്ടുകസ്തൂരി പോലെ നട്ടുനനച്ചു വളർത്തിയ കൊച്ചുസ്വപ്നങ്ങളായിരുന്നു അവൾക്ക് ജീവിതം. വിശ്വസ്തയായ ഭാര്യ, സ്നേഹവതിയായ അമ്മ... ഒരു സാധാരണ സ്ത്രീയുടെ പതിവു പരിണാമങ്ങളിൽ കൂടുതലൊന്നും അവളാഗ്രഹിച്ചിരുന്നില്ല. ചാർച്ചവഴിയിലൊരു മുറച്ചെറുക്കൻ എന്നതിനപ്പുറം ഗൗരവമുള്ള ഇഷ്ടാനിഷ്ടങ്ങളും കിരണിനോടുണ്ടായിരുന്നില്ല. അവളെയാണയാൾ ലഹരിയുടെ പാശം കൊണ്ടു വരിഞ്ഞുകെട്ടിയതും ഉഴുതുമറിച്ചതും.

ഒരു സ്വാഭാവിക സ്വപ്നം യാഥാർത്ഥ്യമായതല്ല, പകരം അടിച്ചേൽപ്പിക്കപ്പെട്ടതാണ് ദുർഗ്ഗയ്ക്ക് ഭാര്യയെന്ന, അമ്മയെന്ന പദവികൾ. അപ്പോഴും സഹിക്കാനവൾ തയ്യാറായി. ഗർഭപാത്രത്തിൽ അന്യായമായി വിതയ്ക്കപ്പെട്ടതാണെങ്കിലും വിത്തുമുളപൊട്ടുന്ന ബോധത്താൽ അമ്മമനസ്സിനെ ഉർവ്വരമാക്കാൻ പോലും മാനസികമായി സജ്ജമായി. പക്ഷേ , അവിടെയും കിരൺ ക്രൂരത കാട്ടി. വന്യമായൊരാക്രമണം വിതച്ച വിത്തിനെ മറ്റൊരു വന്യതയിലൂടെ അയാൾ മെതിച്ചവസാനിപ്പിച്ചു.

എന്നിട്ടും ക്ഷമിക്കാൻ ദുർഗ്ഗയ്ക്ക് കഴിഞ്ഞെങ്കിൽ ...
അവൾ ദേവതയാണ്. സ്നേഹത്തിന്റെയും സഹനത്തിന്റെയും രൂപമായ ദുർഗ്ഗാദേവി.
മനസ്സുകൊണ്ടു പലവട്ടം പൂജിക്കേണ്ട സ്ത്രീ.

ന്യായാന്യായങ്ങളുടെ മേൽശീലയ്ക്കടിയിൽ എന്തെല്ലാമോ മറഞ്ഞുകിടപ്പുണ്ടെങ്കിലും സഹനത്തിന്റെ വകഭേദങ്ങൾ തന്നെയായിരുന്നു ജീനയിലും കണ്ടത്. കിരൺരാജിന് മറ്റൊരു ഭാര്യയുണ്ടെന്ന് അവൾ അറിഞ്ഞിട്ടുണ്ടാവുമോ? എങ്കിൽ എന്നായിരിക്കും അവളതറിഞ്ഞത്? ആ തിരിച്ചറിവിനും ജീനയുടെ ഇന്നത്തെ അവസ്ഥയ്ക്കും പാരസ്പര്യം ഉണ്ടോ?
റിഷിയുടെ ചിന്തകൾ ഉരുകിയൊലിച്ചുകൊണ്ടിരുന്നു.
തിരുനെല്ലായിയിലെ സ്വാമിമഠത്തിൽ നിന്നു മടങ്ങുമ്പോൾ നേരേ സാമുവലിനെക്കൂടി കാണേണ്ടതുണ്ടെന്ന് റിഷിക്കു തോന്നി.
പക്ഷേ...
രഘുനാഥന്റെ ഫോൺകോൾ അതു വിലക്കി.
അയാളുടെ ശബ്ദത്തിൽ ഉള്ളുലച്ചിൽ പ്രകടമായിരുന്നു.
'റിഷി എറണാകുളം വരെ വരണം. അത്യാവശ്യമാണ്. അതു കഴിഞ്ഞ് റിഷി ഗോണിക്കൊപ്പലിലേക്ക് പൊയ്ക്കോളൂ.'

സമയമൊട്ടും നഷ്ടപ്പെടുത്താനില്ലാത്തതുകൊണ്ടായിരുന്നു സ്വാമിമഠത്തിൽ നിന്നു നേരെ ഗോണിക്കൊപ്പലിലേക്കു പോകാൻ റിഷി ആലോചിച്ചിരുന്നത്. അതനുസരിച്ച് ഷൊർണ്ണൂർ വരെയുള്ള ട്രയിൻ ടിക്കറ്റു മാത്രമാണ് എടുത്തിരുന്നത്. അവിടയെയിറങ്ങിവേണം ഗോണിക്കൊപ്പലിലേക്കു പോകുന്നതെങ്ങനെയെന്നു തീരുമാനിക്കാൻ. സ്വാമി വൈദ്യരിൽനിന്ന് വസ്തുതകളുടെ പ്രവാഹം തന്നെയാണുണ്ടായത്. ആ പ്രവാഹത്തിൽ ചേർന്നങ്ങൊഴുകിയാൽ അന്വേഷണം പുരോഗമിക്കുമെന്നയാൾക്കുറപ്പുണ്ടായിരുന്നു. ജീനയുടെ കാര്യത്തിൽ എത്രയും വേഗം ധാരണയിലെത്തിയാൽ രഘുനാഥനൊപ്പം മനസ്സറിഞ്ഞ് തിരക്കഥയെഴുത്തിലും മുഴുകാം.

ഈ ചിന്തകളെ ലംഘിച്ചുകൊണ്ടാണ് രഘുനാഥൻ വിളിച്ചത്. ട്രയിനപ്പോൾ ഷൊർണ്ണൂരെത്തിയിരുന്നില്ല. പതിവില്ലാത്തൊരു തിടുക്കം രഘുനാഥനുണ്ടായിരുന്നു. ഗോണിക്കൊപ്പൽ യാത്ര മാറ്റിവച്ച് എറണാകുളത്തേക്കെത്താൻ അയാളാവശ്യപ്പെട്ടപ്പോൾ പ്രാധാന്യമുള്ളതെന്തോ ഉണ്ടെന്ന് റിഷിക്കു തോന്നി. എന്നാലത് ശുഭകരമായ ഒന്നാവാനും തരമില്ല. അതുകൊണ്ടാവണം രഘുനാഥനത് ഫോണിലൂടെ വിശദമാക്കാതെയിരുന്നത്.

സിനിമയ്ക്കുവേണ്ടി ചില പ്രാരംഭപ്രവർത്തനങ്ങളൊക്കെ രഘുനാഥൻ തുടങ്ങിവച്ചിരുന്നു. അയാൾ മനസ്സിലുറപ്പിച്ചിരുന്ന പ്രൊഡക്ഷൻ കണ്ട്രോളറെ ഇതിനകം തന്നെ ജയിംസുമായി പരിചയപ്പെടുത്താൻ ശ്രമിച്ചതാണ്. എന്നാൽ പല കാരണങ്ങൾ കൊണ്ടും അതു നടന്നില്ല. പ്രൊഡക്ഷൻ കണ്ട്രോളർക്ക് അഡ്വാൻസ് നൽകുകയും പ്രൊജക്ടിലേക്ക് കരാറാക്കുകയും ചെയ്തിരുന്നെങ്കിൽ നായകനൊഴിച്ചുള്ള മറ്റു കഥാപാത്രങ്ങൾക്കുവേണ്ടി നടീനടൻമാരെ അന്വേഷിക്കാമായിരുന്നു. എന്നാൽ അതുണ്ടായില്ല. ആ സാഹചര്യത്തിൽ ലൊക്കേഷൻ നിർണ്ണയത്തിനുള്ള നീക്കങ്ങളിലായിരുന്നു അയാൾ.

ട്രയിൻ ഒറ്റപ്പാലത്തെത്തിയിരുന്നു. രഘുനാഥൻ ആവശ്യപ്പെട്ടതുപോലെ എറണാകുളത്തേക്കാണു പോകേണ്ടതെങ്കിൽ ഷൊർണ്ണൂർ വരെയുള്ള ടിക്കറ്റ് നീട്ടിക്കിട്ടണം. അൽപ്പസമയം കാത്തിരുന്നപ്പോഴേക്കും ടി ടി ഇ വീണ്ടും കംപാർട്ട്മെന്റിലെത്തി. ബാക്കി തുക നൽകി റിഷി യാത്ര നിയമവിധേയമാക്കി.

റിഷിയെ സംബന്ധിച്ചിടത്തോളം സിനിമ നൽകിയിരിക്കുന്നത് പുതിയ പ്രതീക്ഷയാണ്. പ്രതീക്ഷയും ജീവിതവും ആപേക്ഷികമാണ്. സംഭവിക്കുന്നതെല്ലാം പ്രതീക്ഷകൾക്കനുസൃതമാണെങ്കിൽ ജീവിതം മതിയാകാതെ വരും. അതേസമയം പ്രതീക്ഷിക്കാനൊന്നുമില്ലാത്തിടത്ത് ജീവിതം അവസാനിക്കുന്നു. പ്രതീക്ഷകൾക്ക് ആനുപാതികമായി പ്രതിസന്ധികളും ഉടലെടുക്കുമ്പോൾ ജീവിതം സംഭവബഹുലമാകുന്നു. പ്രതിസന്ധികളോടുള്ള പ്രതീക്ഷകളുടെ ഏറ്റുമുട്ടലുകളും ജയപരാജയങ്ങളും ജീവിതത്തിലെ സിനിമകളാകുന്നു. അവയെ രേഖപ്പെടുത്തുമ്പോൾ, പുനരാവിഷ്കരിക്കുമ്പോൾ ജീവിതം സിനിമയാകുന്നു.

എഴുത്തിന്റെ വേളകളിൽ ചിന്തകളുടെ മുന കൂർപ്പിക്കുന്നതിനായി ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ രഘുനാഥൻ ഇക്കാര്യം പറയാറുണ്ടായിരുന്നു.

എന്നാൽ ഇതിനിടെ വലിയൊരു പ്രതീക്ഷയുടെ കൊടുക്കൽ വാങ്ങൽ നടക്കുകയും പിന്നാലെ അതിൽ ഉലച്ചിൽ സംഭവിക്കുകയും ചെയ്തിരുന്നു. റിഷിയോടക്കാര്യം കഴിഞ്ഞ ദിവസങ്ങളിലാണ് രഘുനാഥൻ പറഞ്ഞത്.
രവിവർമ്മ എന്ന നായകനടൻ പരോക്ഷമായി നൽകിയ ഉറപ്പുകളിൽ നിന്നാണ് തുടക്കം. ആ ഉറപ്പുകളുടെ ബലത്തിൽ രഘുനാഥൻ പ്രൊജക്ടു സംബന്ധിച്ച ചില സാമ്പത്തികസാധ്യതകളെപ്പറ്റി ജയിംസിനു വാക്കുകൊടുക്കുകയും ചെയ്തു. സാറ്റലൈറ്റ് റൈറ്റ് മുൻകൂർ കിട്ടുന്ന കാര്യം ഉറപ്പില്ലെങ്കിലും രവിവർമ്മയ്ക്കൊരു മാർക്കറ്റുണ്ട്. ഭേദപ്പെട്ട പടങ്ങളെ തീയേറ്ററിൽ വിജയിപ്പിക്കാൻ കഴിയുന്ന നടനാണയാൾ. കുടുംബസദസ്സുകളിൽ അയാൾക്കിപ്പോഴും സ്വീകാര്യതയുണ്ട്. പടം തീയേറ്ററിൽ വിജയിച്ചാൽ സാറ്റലൈറ്റ് റൈറ്റിന്റെ കാര്യത്തിലും മെച്ചപ്പെട്ട തുക പ്രതീക്ഷിക്കാം.

പക്ഷേ ഒറ്റയൊരുത്തനാണ് എല്ലാം തകിടം മറിച്ചത്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് തിരുമുൽക്കാഴ്ച ജോയി എന്നറിയപ്പെടുന്ന ജോയി ചുടല. സെറ്റുകളിലെ മദഭരരാവുകളിൽ തിരുമുൽക്കാഴ്ചകളായി അയാളെത്തിക്കാറുള്ള രാപ്പൂവുകൾ മിക്കപ്പോഴും വാടിയവയായിരുന്നു. അക്കാരണത്താൽ അയാൾക്ക് നാടൻഭാഷയിൽ പാട്ടജോയിയെന്നൊരു വിശേഷനാമവും സിനിമക്കാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്നു.

തിരുമുൽക്കാഴ്ച ജോയിയ്ക്ക് ഏതു സിനിമാസെറ്റിലും ഒരു സ്ഥാനമുണ്ട്. അയാളുടേതല്ലാത്ത വർക്കുകളിലും എന്തിന് ശത്രുക്കളുടെ സെറ്റിൽപ്പോലും കയറിച്ചെല്ലാം. പല പ്രമുഖരുടെയും ചെറിയൊരു ചരട് അയാളുടെ കയ്യിലുണ്ട്. ആ ചരടിട്ടു പിടിച്ചാണ് രവിവർമ്മ എന്ന നടന്റെ അടുത്തിടെ പരാജയപ്പെട്ട നാലഞ്ചു പടങ്ങളുടെ ഡേറ്റ് അയാൾ സംഘടിപ്പിച്ചെടുത്തത്. സംഭവിച്ചതെന്താണെന്ന് രവിവർമ്മയ്ക്കും മാനേജർ സജി മത്തായിക്കും നന്നായറിയാം. ആ ഡീലുകളിലെല്ലാം രവിവർമ്മയെ വിറ്റുതിന്നുകയായിരുന്നു തിരുമുൽക്കാഴ്ച ജോയി. ഓരോ പടത്തിനും ഡേറ്റു വാങ്ങിക്കൊടുക്കാൻ ചുരുങ്ങിയത് പത്തിരുപതു ലക്ഷം രൂപവച്ചെങ്കിലും അയാൾ കൈക്കലാക്കിക്കാണും. പോട്ടേ... ഉള്ളവന്റെ കാശല്ലേ... കൊണ്ടുപോയിത്തിന്നട്ടെയെന്നു വിചാരിക്കാം. എന്നാൽ വീണ്ടും അത്തരം തല്ലിപ്പൊളി സിനിമകളുമായി ഒരവകാശം പോലെ വരാനും ഭീഷണിയുടെ സ്വരം മുഴക്കാനും തുടങ്ങിയതോടെയാണ് രവിവർമ്മ മാറിച്ചിന്തിച്ചത്. ഇപ്പോഴത്തെ അവസ്ഥയിൽ രണ്ടു പടം കൂടി തുടർച്ചയായി പൊട്ടിയാൽപ്പിന്നെ താരപദവി ചിതയിലെടുത്തു വയ്ക്കേണ്ടിവരും. അതോടെയാണ് എന്തു പ്രത്യാഘാതമുണ്ടായാലും വേണ്ടില്ലെന്നു കരുതി അയാൾ കടുപ്പിച്ചത്. മേലിൽ ഡേറ്റിനുവേണ്ടി തന്റെ മുന്നിൽ വരരുതെന്ന് മുഖത്തടിച്ചതുപോലെ രവിവർമ്മയ്ക്കു പറയേണ്ടിവന്നു.

അടുത്ത നിമിഷം; പാട്ടജോയി ഫണം വിടർത്തി.
'ഡേറ്റിനു വേണ്ടി വരരുത്; ഡേറ്റിംഗിന് തനിക്കെന്നെ വേണം. അല്ലേടോ... അതിനെന്നെ വേണ്ടെന്നു പറയാനുള്ള ആംപിയറുണ്ടോടോ തനിക്ക്. '
മാനേജരടക്കം എല്ലാവരുടെയും മുന്നിൽ വച്ചാണ് ജോയി ഒച്ച വെച്ചത്.

പാട്ടജോയി അവിടെനിന്നു നേരേ പോയത് രവിവർമ്മയുടെ കുടുംബവീട്ടിലേക്കാണ്. രവിവർമ്മയുടെ ഭാര്യയും കുട്ടികളും അന്നവിടെയുണ്ടെന്ന് അയാളറിഞ്ഞിരുന്നു. ഭാര്യയെയും കുട്ടികളെയും ബന്ധുക്കളെയുമെല്ലാം ജോയി പൂമുഖത്തേക്കു വിളിച്ചുനിർത്തി. കഴിഞ്ഞ കുറേ വർഷങ്ങളായി രവിവർമ്മയ്ക്കുവേണ്ടി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണ് താനെന്നു പരിചയപ്പെടുത്തി അയാൾ മണിപ്രവാളത്തിന്റെ ചുരുളഴിച്ചു. ഏതൊക്കെ സെറ്റുകളിൽ ഏതൊക്കെ സ്ത്രീകളെ കൊണ്ടുകൊടുത്തെന്നും ഏതൊക്കെ ഹോട്ടലുകളിലും റിസോർട്ടുകളിലും രവിവർമ്മയ്ക്കുവേണ്ടി അവരെ പാർപ്പിച്ചിച്ചെന്നും തീയതി, സമയം, പ്രതിഫലത്തുക എന്നിവയുടെ വിശദാംശങ്ങൾ സഹിതം അയാൾ വിളിച്ചു പറഞ്ഞു. പാട്ടകൊട്ടി പട്ടണപ്രദക്ഷിണം ചെയ്ത മനസുഖത്തോടെയാണ് ജോയി അവിടെനിന്നു മടങ്ങിയത്.

അതൊരു വലിയ ഭൂകമ്പമായിരുന്നു. രവിവർമ്മയ്ക്കതിനു വലിയ വില കൊടുക്കേണ്ടിവന്നു. ഭർത്താവിനെക്കുറിച്ച് നാലുപാടുനിന്നും മോശമായി കേട്ടിട്ടും അയാൾ മദ്യത്തിന് അടിമയാണെന്നറിഞ്ഞിട്ടും സഹിച്ചുവന്ന രവിവർമ്മയുടെ ഭാര്യ ആകെ തകർന്നു. പ്രത്യേകിച്ച് ബന്ധുജനങ്ങളും നാട്ടുകാരും എല്ലാം അറിഞ്ഞതോടെ അവളുടെ സകല നിയന്ത്രണങ്ങളും നഷ്ടമായി. അവളപ്പോൾത്തന്നെ രണ്ടു കുട്ടികളെയും കൂട്ടി സ്വന്തം വീട്ടിലേക്കു പോയി.

രവിവർമ്മ എന്ന നടന്റെ തകർച്ചയ്ക്ക് അതു ധാരാളമായിരുന്നു. ചലച്ചിത്രപ്രസിദ്ധീകരണങ്ങളിൽ അടിക്കടി ഗോസിപ്പുകളും വന്നുതുടങ്ങിയതോടെ ഫ്ലാറ്റിൽ നിന്നു പുറത്തിറങ്ങാനോ ഭാര്യയുടെ അടുത്തേക്കുചെല്ലാനോ ആളുകളെ അഭിമുഖീകരിക്കാനോ അയാൾ മടിച്ചു. എന്തിന് സെറ്റുകളിൽപ്പോലും മദ്യപിക്കാതെ നിൽക്കാനാവാത്ത സ്ഥിതി.

ആയിടയ്ക്കാണ് രവിവർമ്മയ്ക്കൊരു രഹസ്യവിവരം കിട്ടിയത്. പാട്ടജോയിക്കുപിന്നിൽ മറ്റൊരു നടനുണ്ട്. രവിവർമ്മ ചെയ്യുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ഇപ്പോൾ ചെയ്തുവരുന്ന നടനാണത്. പൊതുവെ അലസനായ രവിവർമ്മയുടെ അവസരങ്ങൾ തട്ടിയെടുക്കാനും അയാളുടെ കരിയർ തകർത്ത് അവിടെ കൊടികുത്താനുമുള്ള നീക്കം. കുറച്ചുനാളായി അയാളുടെ കോടാലിക്കെയാണ് പാട്ടജോയി. ഇതറിഞ്ഞതോടെയാണ് അതിജീവനം അനിവാര്യമാണെന്ന് രവിവർമ്മയ്ക്കു ബോധ്യമായത്. വാക്കുകൊടുത്ത പ്രൊജക്ടുകൾ തന്നെ ഒന്നൊന്നര വർഷത്തേക്കുണ്ട്. തൽക്കാലം അതിൽ ശ്രദ്ധിക്കാനയാൾ തീരുമാനിച്ചു. പിന്നീടു മതി പുതിയ കഥകൾ കേൾക്കുന്നത്. അതോടെ രഘുനാഥന് കിട്ടിയിരുന്ന ഉറപ്പുകളും വരിയിലായി.

'എന്തു ചെയ്യാനാ ചേട്ടാ. ഇങ്ങനൊരു കൊലച്ചതി ആ പൊന്നുമോൻ കാണിക്കുമെന്നാരെങ്കിലും കരുതിയോ?'
പാട്ടജോയിയെ തെറിപറഞ്ഞ് സജി മത്തായി തന്റെ ബോസിന്റെ നിസ്സഹായത വെളിപ്പെടുത്തി.

രഘുനാഥന് ഒന്നുറപ്പായി. വർമ്മ പടം ചെയ്തേക്കും. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ടു വർഷത്തോളം കാത്തിരിക്കേണ്ടിവരും. ഏറ്റവും കുറഞ്ഞത് ഒന്നര വർഷമെങ്കിലും. അത്രയും കാലം കാത്തിരിക്കാൻ നിലവിലുള്ള പ്രൊഡ്യൂസർ തയ്യാറാവില്ല. പോരെങ്കിൽ അവിടെയും ഇവിടെയുമായി ചില സിനിമാപരുന്തുകൾ ജയിംസിനെ വട്ടമിട്ടു തുടങ്ങിയിട്ടുമുണ്ട്.

റിഷി എറണാകുളം നോർത്ത് റയിൽവേസ്റ്റേഷനിൽ എത്തിയപ്പോൾ രഘുനാഥൻ കാറുമായി കാത്തുനിന്നിരുന്നു.

ഫ്ലാറ്റിലെത്തി ഫ്രഷാകുന്നതിനിടയിൽ അയാൾ കാര്യങ്ങൾ വിശദീകരിച്ചു.
'ജയിംസ് നാളെ ദുബായിലേക്കു പോകുകയാണ്. അതിനുമുമ്പ് ചില ധാരണകളിലെത്തണം. അല്ലെങ്കിൽ കാര്യങ്ങൾ വൈകും. പിന്നെയെല്ലാത്തിനും അയാൾ തിരിച്ചുവരുന്നതു കാക്കേണ്ടിവരും. ഇതൊക്കെ ഫോണിൽ പറയാമെന്നു വച്ചാൽ ... അറിയാമല്ലോ...സിനിമയാണ് ; എന്തും സംഭവിക്കാം. '

അതെന്തുതന്നെയായാലും ഗോണിക്കൊപ്പലിലേക്കുള്ള തന്റെ യാത്ര ക്യാൻസൽ ചെയ്ത് ഇവിടേക്കു വരാൻ രഘുനാഥൻ നിർബന്ധിച്ചതിന്റെ ലോജിക്കിനെക്കുറിച്ച് റിഷി സംശയിച്ചു. ജയിംസിനോട് കാര്യങ്ങൾ രഘുനാഥനുതന്നെ നേരിട്ടു പറയാവുന്നതേ ഉണ്ടായിരുന്നുള്ളൂ.

'നമ്മളീ വർക്കിന്റെ പിറകിൽത്തന്നെയാണെന്ന് അയാളെ ബോധ്യപ്പെടുത്തണം. അയാൾക്കൊരു മറുചിന്ത വരാൻ പാടില്ല'
റിഷിയുടെ മനസ്സുവായിച്ച മട്ടിൽ രഘുനാഥനപ്പോൾ പറഞ്ഞു.

പ്രാതലിനുള്ള ചെറിയൊരു സമയം മാത്രമേ പിന്നീട് വൈകിയുള്ളൂ. ഇരുവരും കാറിൽ പ്രൊഡ്യൂസറുടെ ഫ്ലാറ്റിലേക്കു നീങ്ങി.

'അച്ചായൻ നേരത്തെ രണ്ടു പടം ചെയ്തതാണല്ലോ. അതിലൊന്നിൽ കൈ നന്നായിട്ടു പൊള്ളി. അന്നത്തെ ചില ടീമുകളാ ഇറങ്ങിയിട്ടുള്ളത്. അവർ വീണ്ടും അച്ചായനെ നോട്ടമിട്ടേക്കുവാണെന്നാ കേട്ടത്. '

ഇപ്പോഴാണ് രഘുനാഥന്റെ വ്യാകുലതയുടെ കാരണം റിഷിക്കു വ്യക്തമായത്. അത് വളരെ ഗൗരവമുള്ളതാണുതാനും. പ്രത്യേകിച്ചും പ്രൊജക്ട് സംബന്ധിച്ച് ഇതുവരെ കരാറൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ.

കുത്തഴിഞ്ഞുവീണ ഓഫീസ് സമയം നഗരത്തിനു ചില താൽക്കാലിക വഴിത്തിരിവുകൾ നിശ്ചയിച്ചിരുന്നു. അവയിൽ ചുറ്റിയൊടുങ്ങി പ്രൊഡ്യൂസറുടെ ഫ്ലാറ്റിലെത്തുമ്പോൾ പറഞ്ഞുവച്ച സമയം കടന്നു. ജയിംസ് തിരക്കിലാണെന്നും അവിടെ ആരൊക്കെയോ ഉണ്ടെന്നും പുറത്തുകിടന്ന ഷൂസുകളുടെയും ചെരുപ്പുകളുടെയും എണ്ണം ബോധ്യപ്പെടുത്തി. മുറിയിൽ ആണും പെണ്ണുമടക്കം അഞ്ചുപേരുണ്ടായിരുന്നു. അതിലൊരാൾ കഴിഞ്ഞ തവണ അവിടെ വച്ചുകണ്ട കാതിൽക്കടുക്കനിട്ട,സ്വർണ്ണ ബ്രേസ്ലെറ്റ് അണിഞ്ഞ, കണ്ണിൽ സുറുമയെഴതിയ മുന്തിരി മൊഞ്ചനായിരുന്നു. അയാൾക്കൊപ്പമുള്ള യുവതികൾ സ്വദേശികളായിരുന്നില്ല. ഒന്നൊരു നേപ്പാളിപ്പെൺകുട്ടിയാണ്. ഒത്ത നീളവും വണ്ണവുമുള്ള അവൾക്ക് മാർഷ്യൽ ആർട്സിന്റെ മെയ് വഴക്കവുമുണ്ടാവുമെന്നു റിഷി സങ്കൽപ്പിച്ചു. ചാമ്പിമയങ്ങിയ കണ്ണുകൾ കൊണ്ട് റഷിയെയും രഘുനാഥനെയും നോക്കി ദ്രാവിഡവൃത്തങ്ങൾ വരയ്ക്കുകയായിരുന്നു രണ്ടാമത്തെ യുവതി. അവൾ വന്നത് ചെന്നൈയിൽ നിന്നാണ്.

അടുത്തിരുന്ന തടിച്ച കുറിയ ആളെ കാട്ടി ജയിംസ് ചോദിച്ചു.
'രഘുനാഥന് മനസ്സിലായില്ലേ ?'

ആളെ നന്നായറിയാമെങ്കിലും പ്രത്യേകിച്ചൊന്നും പറയാതെ രഘുനാഥൻ ചിരിച്ചു.

'എന്റെ ആദ്യത്തെ പടമില്ലേ; ഓവർബ്രിഡ്ജ്. അതിന്റെ സംവിധായകനാ. ദേവൻ ' അതു പറഞ്ഞിട്ട് ജയിംസ് നാടകീയമായി പൊട്ടിച്ചിരിച്ചു.
'എസ്എസ്എൽസി ബുക്കിൽ ദേവനെന്നാ പേര്... എന്നാൽ ഈ മോന്റെ കയ്യിലിരിപ്പൊക്കെ മറ്റേതാ... അസുരന്റെ, അല്ലേടാ? '

ജയിംസിന്റെ വാക്കുകളിൽ ദേവനും രഘുനാഥനും ഒരുപോലെ അസ്വസ്ഥരായി. ജയിംസ് പുതിയ പടം പ്രൊഡ്യൂസ് ചെയ്യുന്നെന്നറിഞ്ഞ് അടുത്തുകൂടിയിരിക്കുകയാണ് ദേവൻ. ആ പ്രൊജക്ട് നടക്കുന്നതിന്റെ കൂട്ടത്തിൽ ചെറിയ പടമെന്ന നിലയിലൊരെണ്ണം തിരുകിയെടുക്കാനായിരുന്നു അയാളുടെ നീക്കം. ഇടയ്ക്കെന്തെങ്കിലും മുടക്കമുണ്ടായാലും ശരി അതു ബാധിക്കുന്നത് കൂട്ടത്തിൽ വലിയ പടത്തെയായിരിക്കും. തന്റെ ചെറിയ പടം സുരക്ഷിതമായി ഒരു വശത്തുകൂടെ മുന്നോട്ടുപൊയ്ക്കോളും. ദിവസങ്ങളായി ജയിംസിനെ അയാൾ വട്ടമിട്ടത് അതിനാണ്.

ദേവന്റെ മനക്കോട്ടകളെക്കുറിച്ച് വ്യക്തമായ അറിവില്ലെങ്കിലും അയാളുടെ സാന്നിധ്യം നല്ലതിനല്ലെന്ന് രഘുനാഥനുറപ്പുണ്ട്. ദേവനെ പരിചയപ്പെടുത്തിയെന്നല്ലാതെ അയാളുടെ ലക്ഷ്യമെന്തെന്നും മറ്റും ജയിംസ് അയാളോടു പറഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിൽ ദേവന്റെ സാന്നിധ്യത്തിൽ വച്ച് സിനിമാ സംബന്ധിയായ കാര്യങ്ങൾ ജയിംസിനോടു സംസാരിക്കുന്നത് അവിവേകമാണെന്ന് അയാളൂഹിച്ചു.

ജയിംസിന്റെ അടുത്തേക്കു നീങ്ങി ശബ്ദം താഴ്ത്തി രഘുനാഥൻ പറഞ്ഞു.
'അച്ചായനോടൊന്നു പേഴ്സണലായി സംസാരിക്കണം '

അതേയോ എന്ന മട്ടിൽ അയാളെ നോക്കിയശേഷം ജയിംസ് ബഡ്റൂമിലേക്കു നടന്നു. പിന്നാലെ നടക്കുന്നതിനിടയിൽ രഘുനാഥൻ ഒപ്പം വരാനായി റിഷിയെ കണ്ണുകാണിച്ചു.

ഡേറ്റു നൽകാമെന്നുറപ്പു നൽകിയിരുന്ന രവിവർമ്മയെ തിരുമുൽക്കാഴ്ച ജോയി തകർത്തതും അയാളെ കാത്തിരുന്നാൽ പടം വൈകാൻ സാധ്യതയുള്ളതും രഘുനാഥൻ വിവരിച്ചു. കമ്മിറ്റ് ചെയ്ത പടങ്ങൾ തീർത്തിട്ടേ രവിവർമ്മ പുതിയതിനു താൽപ്പര്യം കാട്ടൂ.

അൽപ്പസമയത്തെ നിശ്ശബ്ദതയ്ക്കുശേഷം ബദൽസാധ്യതയായി ജയിംസൊരു നിർദ്ദേശം മുന്നോട്ടുവച്ചു.
'നമുക്കാ റോളിൽ രമേഷ് കുമാറിനെ നോക്കിയാലോ ?'

രഘുനാഥനും റിഷിയും മുഖത്തോടുമുഖം നോക്കി.

കഥ മുഴുവൻ ശ്രദ്ധാപൂർവ്വം കേട്ടശേഷം കമ്മിറ്റു ചെയ്ത മറ്റൊരു പടത്തിന്റെ തീമുമായി ക്ലാഷ് വന്നേക്കുമെന്നു പറഞ്ഞ് വിദഗ്ധമായി തലയൂരിയവൻ. സഹായിക്കാനാകാത്തതിന്റെ മനപ്രയാസം സ്നേഹം നിറച്ച ആസാം ചായയിലൂടെ അവസാനിപ്പിച്ചവൻ. കള്ളപ്പടുത. അവൻ തനിക്കു ഡേറ്റു നൽകില്ലെന്ന് രഘുനാഥനുറപ്പുണ്ട്. എന്നാൽ അക്കാര്യം ജയിംസ് അറിയാനും പാടില്ല. അറിഞ്ഞാൽ അതോടെ തീരും നിർമ്മാതാവിനു മുന്നിൽ സംവിധായകന്റെ വില.

വളരെ ശ്രദ്ധിച്ചാണ് രഘുനാഥനൊരു മറുപടി കണ്ടെത്തിയത്.
'ടൈപ്പ് പടം ചെയ്ത് ചെയ്തിപ്പോ മൂപ്പരാളുകളെ വെറുപ്പിച്ചോണ്ടിരിക്കുവാ... ഭാഗ്യപരീക്ഷണമാണ്. അയാളെ വച്ചൊക്കെ പടം ചെയ്യുമ്പോൾ രണ്ടുപ്രശ്നങ്ങളുണ്ട്. ഒന്നുകിൽ ഇപ്പോപ്പൊയ്ക്കൊണ്ടിരിക്കുന്ന ട്രാക്കിലുള്ള പടമാണെന്ന് ജനം മുൻവിധി എഴുതും. അല്ലെങ്കിൽ വേറൊരു കൂട്ടർ അമിത പ്രതീക്ഷ വയ്ക്കും. അയാളുടെ കാര്യത്തിൽ രണ്ടും അപകടമാണ് '

'അപ്പോൾപ്പിന്നെ എന്തു ചെയ്യും ? '

'അമിതപ്രതീക്ഷയില്ലാതെ ആളുകൾ തീയേറ്ററിൽക്കയറണം. അവരുടെ മുന്നിലേക്ക് ഒരൊന്നാന്തരം വർക്കങ്ങോട്ടു കൊടുക്കണം. ഉറപ്പാ... കേറിക്കത്തും. അതാ സൈക്കോളജി. അതാ നല്ലതെന്നെനിക്കു തോന്നുന്നു '

ഉദ്ദേശിച്ച നടൻമാരെ കിട്ടില്ലെന്നുറപ്പായതോടെ സിനിമ ഒരു യാഥാർത്ഥ്യമാകണമെങ്കിൽ പുതുമുഖനായകനെ വച്ചു ചെയ്യേണ്ടിവരുമെന്ന് രഘുനാഥനുറപ്പായിരുന്നു. അതു പക്ഷേ ജയിംസിനു ദഹിക്കില്ല. അയാളുടെ മനസ്സിനെ അതിലേക്കു പാകപ്പെടുത്തണം . അതിനുള്ള ആദ്യസൂചനയാണ് അയാൾ മുന്നോട്ടു വച്ചത്.

രഘുനാഥൻ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലാകാതെ ജയിംസ് ഇരുവരെയും നോക്കി.

'രഘുവേട്ടൻ പറഞ്ഞത്...കയ്യിലിപ്പോ നല്ലൊരു കഥയുണ്ട്. നമ്മുടെ മേക്കിംഗ് ബ്രില്യന്റായിരിക്കും. പുതുമുഖത്തെ നായകനാക്കണം . അങ്ങനല്ലേ...'
റിഷി തന്ത്രപരമായി രഘുനാഥനെ നോക്കി.

രഘുനാഥനപ്പോൾ റിഷി പറഞ്ഞതിന്റെ തുടർച്ചയായി കൂട്ടിച്ചേർത്തു.
'മിടുക്കൻമാരു പിള്ളേര് ഇഷ്ടം പോലുണ്ട്. പടം ഹിറ്റായാൽ ഒന്നുറപ്പാ. നല്ലൊരു നടനുണ്ടാവുകേം ചെയ്യും; അവൻ നമ്മുടെ കയ്യിലിരിക്കുകേം ചെയ്യും. പിന്നെ കുറേക്കാലത്തേക്കവൻ നമ്മുടെ വട്ടം വിട്ടു പുറത്തു പോകാതെ നോക്കിയാ മതി.'

പുതിയ ട്രെൻഡ് അനുസരിച്ചുള്ള നീക്കമാണ് രഘുനാഥൻ മുന്നോട്ടുവച്ചത്. ഒരു പുതുമുഖം ക്ലിക്കായാൽ ഉടൻതന്നെ അയാളെ അവതരിപ്പിച്ച സംവിധായകനും പ്രൊഡ്യൂസറും ശിങ്കിടികളും ചേർന്നൊരു കോക്കസുണ്ടാക്കും. പിന്നീട് ആ നടന്റെ നിയന്ത്രണം അവരങ്ങേറ്റെടുക്കുകയാണ്. എത്ര ചിത്രങ്ങളിൽ, ആരുടെയൊക്കെ ചിത്രങ്ങളിൽ അഭിനയിക്കണമെന്ന് അവരാണ് തീരുമാനിക്കുക. കഥ കേൾക്കുന്നത് അവരായിരിക്കും. മുമ്പൊരു പുതുമുഖത്തോടു കഥ പറഞ്ഞു മടങ്ങിയതിനു ശേഷം അവന്റെ ടീമിനു വിലയിരുത്താൻ കഥ ഈ മെയിലിൽ വേണമെന്നാവശ്യപ്പെട്ടതും തനിക്കവന്റെ ഡേറ്റു വേണ്ടെന്നു പറയേണ്ടിവന്നതും മനസ്സിൽ വച്ചുകൊണ്ടാണ് രഘുനാഥനതു പറഞ്ഞത്.

'അതൊക്കെ ശരിയാണ്. പക്ഷേ സാറ്റലൈറ്റ് ? '

'അച്ചായാ സാറ്റലൈറ്റ് മാത്രമല്ലല്ലോ ... ഒ ടി ടി പ്ലാറ്റ്ഫോമില്ലേ. ആമസോണും നെറ്റ്ഫ്ലിക്സുമൊക്കെ കിടക്കുകയല്ലേ. പണ്ടത്തെപ്പോലല്ലല്ലോ. പിന്നെ തീയറ്റർ... ചുറ്റും കുട്ടകളുള്ളപ്പോൾ നമ്മളെന്തിനാ ഒരു കുട്ടയിൽ മാത്രം മുട്ടയിടുന്നത് '

ജയിംസ് ആലോചനയിൽത്തന്നെയായിരുന്നു.
'നോക്കട്ടെ. നിങ്ങൾ പ്രൊജക്ടുമായി മുന്നോട്ടു പൊയ്ക്കോളൂ '

ലിവിംഗ് റൂമിലപ്പോൾ ചെന്നൈക്കാരി മാത്രമേയുണ്ടായിരുന്നുള്ളൂ. അവൾ ഡ്രസ് ചേഞ്ചു ചെയ്തിരുന്നു. ഇറുകിക്കിടക്കുന്ന ഷോർട്ട്സിനുള്ളിൽ തുടവണ്ണത്തെ കുതറിത്തെറിപ്പിച്ചുകൊണ്ടവൾ ചീസ് നുണഞ്ഞ് ചുണ്ടു നനച്ച് നടക്കുന്നു. ഇടയ്ക്കവൾ ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ട്. ഇതിനകം ഫ്ലാറ്റിലവൾ ഒരംഗമായിക്കഴിഞ്ഞിരുന്നു.

താഴെ പാർക്കിംഗ് ഏരിയയിൽ മുന്തിരിമൊഞ്ചൻ കാത്തുനിന്നിരുന്നു. അവരെക്കണ്ട് അയാളടുത്തേക്കു വന്നു.

'രഘുവേട്ടൻ പെട്ടെന്നങ്ങു പോകുവാണോ...?'
'ഉം '
താൽപ്പര്യമില്ലാത്ത മട്ടിൽ മൂളി അയാൾ കാറിന്റെ ഡോർ തുറന്നു. മുന്തിരിമൊഞ്ചൻ അയാളുടെ അടുത്തേക്കു ചേർന്നുനിന്നു പറഞ്ഞു.

'അതേ... ആ നേപ്പാളിയുണ്ടല്ലോ...ഫ്രഷാ. ഡൽഹിന്ന് ഇന്നലെ എനിക്കിങ്ങോട്ടു കിട്ടിയതേയുള്ളൂ. അച്ചായനാ ഉദ്ഘാടനം. വേണ്ടപ്പെട്ടവരാരെങ്കിലുമൊണ്ടെങ്കിൽ പറയണേ. ഒരാഴ്ച എന്റെ കയ്യിലുണ്ടാവും'
അതുപറഞ്ഞയാൾ കാറിന്റെ സീറ്റിലേക്ക് വിസിറ്റിംഗ് കാർഡ് വച്ചിട്ട് പിന്നോക്കം മാറി കൈവീശി യാത്രയാക്കി.

കാർ റോഡിലേക്കു കയറിയപ്പോൾ വിസിറ്റിംഗ് കാർഡെടുത്ത് വെളിയിലേക്കു കളഞ്ഞ് രഘുനാഥൻ ആരോടെന്നില്ലാതെ പറഞ്ഞു.
'ബാസ്റ്റാർഡ് '

പുതുമുഖങ്ങളെ വച്ചുള്ള പ്രൊജക്ടിനു ജയിംസിൽ നിന്നും ഗ്രീൻ സിഗ്നൽ കിട്ടിയതോടെ സ്ക്രിപ്റ്റിലടക്കം പുതിയ ചില ഭേദഗതികൾ വേണ്ടിവരും. അതെപ്പറ്റിയായി ഇരുവരുടെയും ചിന്ത.

'സ്ട്രക്ചർ ഒന്നുടയ്ക്കണം. പിന്നെ നായകൻ ചെറുപ്പമാവും. പ്രായം അപ്പോഴൊരു പ്രശ്നമാവും. നമ്മളൊരു പത്തുദിവസം ബലം പിടിച്ചിരുന്നാൽ തീരാവുന്ന കേസാ. ഇനിയതു വൈകിക്കണ്ട . റിഷി ഈ യാത്രയൊക്കെ തൽക്കാലത്തേക്കൊന്നു നിർത്തി വയ്ക്ക് '

'ഞാനേതായാലും ഈ വഴി ഗോണിക്കൊപ്പലിലേക്കു മടങ്ങുകയാണ്. ഇപ്പോഴെന്റെ യാത്ര ഇടമുറിഞ്ഞാൽ പാതിവഴിക്കു കുടമിട്ടുടച്ചതുപോലെയാവും. ഈ യാത്രയൊന്നു കഴിഞ്ഞോട്ടെ. നമുക്കിരിക്കാം.'

മനസ്സില്ലാമനസ്സോടെ മൂളിക്കേട്ട രഘുനാഥൻ ദീർഘനിശ്വാസമുതിർത്തു. പിന്നെ ആത്മഗതമെന്നോണം പറഞ്ഞു.
'അടുത്ത മീറ്റിംഗിലെങ്കിലും കുറച്ചു പൈസ അഡ്വാൻസ് വാങ്ങണം. കാര്യങ്ങളൊക്കെ നടന്നുപോകണ്ടേ.... '

ആ വാക്കുകൾ റിഷിയെ സന്തോഷിപ്പിച്ചു. സിനിമയെന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നു. ആദ്യസിനിമയ്ക്ക് അഡ്വാൻസ് തുക വാങ്ങാൻ പോകുന്നു.

രഘുനാഥൻ അയാളെ റയിൽവേ സ്റ്റേഷനിലെത്തിച്ചു. പത്തുമണിയോടെ മാവേലി വടക്കോട്ടുണ്ട്. അതിൽ ടിക്കറ്റിനുള്ള സാധ്യത തേടി റിഷി കൗണ്ടറിലേക്കു നടന്നു.

(തുടരും)

Content Highlights: Based on A True Story Novel part 12 Swapnalokam Written by Manoj Bharathi