സ്‌ക്രിപ്റ്റെഴുത്ത് പൂര്‍ത്തിയാക്കാനുള്ള രഘുനാഥന്റെ ധൃതിക്ക് രണ്ടു കാരണങ്ങളുണ്ട്.  
സംവിധായകന്‍ ദേവന്റെ ആകസ്മികസാന്നിധ്യമാണ് അതിലാദ്യത്തേത്. ജയിംസെന്ന പ്രൊഡ്യൂസറെ തട്ടിയെടുക്കാനുള്ള കുല്‍സിതനീക്കമാണ് ദേവന്റേതെങ്കില്‍ അത് തങ്ങളുടെ സിനിമയെയായിരിക്കും പ്രതികൂലമായി ബാധിക്കുകയെന്ന് രഘുനാഥന്‍ സംശയിക്കുന്നു. 
രണ്ടാമത്തെ കാരണം അടുത്ത മീറ്റിംഗിലെങ്കിലും പ്രതിഫലത്തുകയില്‍ നിന്നും കുറച്ചു പണം കൈപ്പറ്റേണ്ടതിന്റെ ആവശ്യകതയായിരുന്നു. രണ്ടിനും സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകണം. രഘുനാഥനെ സംബന്ധിച്ചിടത്തോളം പ്രൊജക്ട് യാഥാര്‍ത്ഥ്യമാകുന്നുവെന്ന ഉറപ്പുലഭിക്കുംപോലെ പ്രധാനമായിരുന്നു പണത്തിന്റെ ആവശ്യവും. 
 
എഴുത്തുവേളകളില്‍ രഘുനാഥന്റെ സാമ്പത്തികബാധ്യതയുടെ തീക്ഷ്ണത റിഷി നേരിട്ടു മനസ്സിലാക്കിയിട്ടുണ്ട്. തിരക്കഥാരചനയില്‍ എല്ലാം വിസ്മരിച്ച് മുഴുകുമെങ്കിലും രഘുനാഥന്റെ ജീവിതത്തിന്റെ വൈഡ് ഫ്രയിമിലേക്ക് ഫോക്കസ് ഷിഫ്റ്റ് ചെയ്താല്‍ കാര്യങ്ങള്‍ പാടേ മാറും. ട്വിസ്റ്റുകളില്ലാത്ത വിരസജീവിതമാണത്.  
 
കരിയറിലുണ്ടായ ഇടവേള കരുതല്‍ ധനമൂറ്റിയതോടെയാണ് രഘുനാഥന്‍ ഋണബാധ്യതയില്‍പ്പെട്ടത്. പഠനത്തില്‍ മിടുക്കനായ മകന്‍ ദീപു ഇത്തവണ എഞ്ചിനീയറിംഗിന് പ്രവേശനം നേടിക്കഴിഞ്ഞു. അവന്റെ ഹോസ്റ്റല്‍ഫീസും ട്യൂഷന്‍ഫീസും മറ്റാവശ്യങ്ങളും പുതിയതായി വന്നുചേര്‍ന്നിരിക്കുന്ന സാമ്പത്തികച്ചെലവുകളാണ്. 
നിര്‍മ്മാതാവെന്ന നിലയില്‍ ജയിംസ് നല്‍കിയിട്ടുള്ള പ്രതീക്ഷയാണ് രഘുനാഥന്റെ മുന്നില്‍ ഇപ്പോഴുള്ള ഏക രക്ഷാകവചം. അധികം വൈകാതെ സിനിമ തുടങ്ങുമെന്ന ധൈര്യത്തില്‍ ഇതിനകം പലരില്‍ നിന്നും പണം കടം വാങ്ങിക്കഴിഞ്ഞിരുന്നു.  
 
തിരക്കഥയെഴുത്തിനിരിക്കുമ്പോള്‍ വീട്ടില്‍ നിന്നുള്ളതൊഴിച്ച് മറ്റെല്ലാ ഫോണ്‍കോളുകളും മ്യൂട്ടിലിടുകയും ഫോര്‍വേഡുചെയ്യുകയുമാണ് രഘുനാഥന്റെ പതിവ്. എഴുത്തിനുള്ള മനസ്സു നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണത്. എല്ലാ ദിവസവും എഴുത്തു കഴിഞ്ഞാല്‍ മിസ്സ്ഡ് കോളുകളിലേക്കയാള്‍ തിരിച്ചുവിളിക്കും. അപ്പോഴാണ് എഴുത്തിന്റെ ഏകാഗ്രതയെ എത്രമാത്രം ശിഥിലമാക്കുന്നതായിരുന്നു അയാള്‍ക്കുവന്നുകൊണ്ടിരുന്ന കോളുകളെന്ന് റിഷിക്കു ബോധ്യപ്പെട്ടിരുന്നത്.  
 
പ്രധാനമായും രണ്ടുതരത്തിലുള്ള ഫോണ്‍കോളുകളായിരുന്നു അവ. ഒന്നുകില്‍ ആരോടെങ്കിലും പണം ചോദിക്കുന്നു. അല്ലെങ്കില്‍ ചിലരോട് കടം തിരിച്ചുകൊടുക്കുന്നതിന് അവധി തേടുന്നു. രണ്ടു തരത്തിലും അത് നിസ്സഹായതയുടെ ശപ്തമുഹൂര്‍ത്തങ്ങള്‍ തന്നെ. 
അടുത്ത മുറിയിലേക്ക് അകന്നിരുന്നാണ് രഘുനാഥന്‍ അത്തരം കോളുകള്‍ ചെയ്തിരുന്നത്. എങ്കിലും മിക്കപ്പോഴും റിഷിക്കത് കേള്‍ക്കാമായിരുന്നു. 
ആറേഴുവര്‍ഷമായി യാതൊരു വരുമാനവും ഇല്ലാത്ത ഒരാളുടെ നിര്‍ഗ്ഗതി ആ വാക്കുകളിലുണ്ടായിരുന്നു. ട്യൂഷന്‍ സെന്ററില്‍ പഠിപ്പിച്ചുവന്നിരുന്ന ഭാര്യയുടെ തുച്ഛമായ ശമ്പളവും തുണയായി ഇപ്പോഴില്ല. കൊറോണക്കാലം ഓണ്‍ലൈന്‍ പഠനത്തെ ശീലമാക്കിയതോടെ ഒറ്റയടിക്ക് പലരെയും ഒഴിവാക്കിയ കൂട്ടത്തില്‍ ദീപയ്ക്കും ജോലി നഷ്ടപ്പെട്ടിരുന്നു. 
ഇക്കാരണങ്ങളാല്‍ത്തന്നെ രഘുനാഥനെ സംബന്ധിച്ചിടത്തോളം ഈ സിനിമ ഒരു യാഥാര്‍ത്ഥ്യമായേ തീരൂ. എന്നുതന്നെയല്ല; അതെത്രയും വേഗം വേണം താനും.  
'അവസരങ്ങള്‍ എപ്പോഴും കിട്ടില്ല. ഒരെണ്ണമൊത്തുവന്നാല്‍ അതു തട്ടിക്കളയരുത്. ഒരു ഫ്രയിമിലേക്കു കടക്കാനാണ് പ്രയാസം. അതില്‍ നിന്നു പുറത്തുപോകാന്‍ എളുപ്പമാണ് '
റെയില്‍വേ സ്റ്റേഷനില്‍ യാത്രയാക്കാന്‍ നില്‍ക്കുമ്പോള്‍ തോളില്‍ത്തട്ടി രഘുനാഥന്‍ പറഞ്ഞു.
' നമുക്കൊരു സ്റ്റാന്റുണ്ടായിരിക്കണം. അതുമാത്രം ശ്രദ്ധിച്ചാല്‍ മതി. ഞാനതെല്ലാം മനസ്സിലാക്കിവന്നപ്പോഴേക്കും വൈകിപ്പോയി. റിഷി തുടക്കമാണ്. നിനക്കു നന്നായി കഥ പറയാനറിയാം.  എനിക്കുറപ്പാണ്. മലയാളസിനിമയില്‍ ഒരു റൗണ്ട് വെടി പൊട്ടിക്കാനുള്ള മരുന്ന് നിന്റെ കയ്യിലുണ്ട്. '
റിഷിയുടെ എഴുതാനുള്ള കഴിവിനെപ്പറ്റി പലപ്പോഴുമെന്നപോലെ അയാളാവര്‍ത്തിച്ചു. 
 
രഘുനാഥന്റെ സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും നീതി പുലര്‍ത്തണമെങ്കില്‍ തന്റെ യാത്രകള്‍ക്ക് താല്‍ക്കാലികമായെങ്കിലും വിരാമമിടണമെന്ന് റിഷി ഉറപ്പിച്ചു. എത്രയും വേഗം മടങ്ങിച്ചെല്ലണം. അയാള്‍ക്കൊപ്പം മുഴുവന്‍സമയവും പ്രൊജക്ടിലേക്കിറങ്ങണം. മറ്റൊന്നും മനസ്സിനെ മഥിക്കരുത്. അതുകൊണ്ട് ഇത്തവണ സാമുവല്‍ മൗനം വെടിഞ്ഞേ മതിയാകൂ. അതിനാദ്യം അയാളില്‍ വിശ്വാസമുണ്ടാക്കുകയാണ് വേണ്ടത്. വിശ്വാസമില്ലാത്തിടത്തോളം കാലം ജീനയെപ്പറ്റി എന്തു പറഞ്ഞിട്ടും കാര്യമില്ല.
 
നാലു വര്‍ഷം മുമ്പ് റിഷി ആദ്യമായി ജീനയെ കാണുമ്പോള്‍ എന്തായിരുന്നോ അതല്ല ഇന്നവള്‍. ഇടവേളയ്ക്കുശേഷമുള്ള അവളുടെ ദര്‍ശനം റിഷിയില്‍ നടുക്കം സൃഷ്ടിച്ചെങ്കില്‍ അതുതന്നെയാണ് അവളെ അളക്കാനുള്ള ഉചിതമായ തോത്. 
ജീനയുടെ ഇന്നത്തെ അവസ്ഥ സാമുവലില്‍ നടുക്കമാണോ ഉണ്ടാക്കുക എന്നതില്‍ റിഷിക്കു മുന്‍വിധിയില്ല. അത് സാമുവലിന്റെ മനോവ്യാപാരത്തില്‍നിന്നുവേണം ഉരുത്തിരിയാന്‍. പക്ഷേ ഏറ്റവും ഒടുവില്‍ സാമുവല്‍ കണ്ടപ്പോഴുള്ള ജീനയല്ല ഇന്നത്തേത്. അക്കാര്യമെങ്കിലും സാമുവലിനു ബോധ്യപ്പെടുമെന്ന് റിഷിക്കുറപ്പുണ്ടായിരുന്നു.  
 
നൂറുശതമാനം വിശ്വാസമര്‍പ്പിച്ചിരുന്ന കരവലയത്തിന്റെ സുരക്ഷിതത്വത്തിലാണ് ജീന പിതാവിനെതിരെ നിയമയുദ്ധം നടത്തിയത്. അന്നവള്‍ എല്ലാത്തിനും മുന്നില്‍ വെറുതെ നിന്നുകൊടുത്താല്‍ മതിയായിരുന്നു. മറ്റു കാര്യങ്ങള്‍ക്കെല്ലാം കിരണുണ്ടായിരുന്നു. ഇന്നതല്ല സ്ഥിതി. കിരണിന്റെ സുരക്ഷിതത്വം ജീനയ്ക്കില്ല. അയാളില്‍ നിന്നു തന്നെ ഒളിച്ചോടിയിരിക്കുകയാണെന്നുവേണം കരുതാന്‍. ആ നിലയ്ക്ക് വനിതാസദനത്തിന്റെ കനത്ത മതിലിനു പുറത്തേക്കൊരു മോചനം അവളുടന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. ഓടിക്കയറിവന്നതുപോലെ അവള്‍ക്കത്ര വേഗം ഇറങ്ങിപ്പോകാന്‍ കഴിയണമെന്നില്ല. 
നിലവില്‍ ജീനയുടെയും കുഞ്ഞിന്റെയും തുടര്‍ദിനങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് അവള്‍ തന്നെയാണ്. അതിനു മുന്‍കൈയെടുക്കുന്നതുപോയിട്ട് , വനിതാസദനത്തിലെത്തിച്ചേരാനിടയായ സാഹചര്യം വെളിപ്പെടുത്താന്‍ പോലും അവള്‍ തയ്യാറായിട്ടില്ല. സാമുവലിനെപ്പോലെ മൗനത്തിന്റെ മറ്റൊരു കൊക്കൂണിലാണവള്‍. അതു ശിഥിലമാകാനും ശലഭരൂപികള്‍ ചിറകുവീശാനും അനന്തമായി കാത്തിരിക്കേണ്ടിവരും.  
ജീനയുടെ കാര്യത്തില്‍ ബദല്‍ചിന്ത വേണ്ടതുണ്ടെങ്കില്‍ അതു മുന്നോട്ടുവയ്ക്കേണ്ടത് സാമുവലാണ്. എന്നാല്‍ അതയാളെ ബാധിക്കുന്ന വിഷയമല്ലെന്ന് സാമുവല്‍ ചിന്തിച്ചാല്‍ കാര്യങ്ങള്‍ പിന്നെയും കുഴങ്ങും. തീര്‍ച്ചയായും അയാള്‍ക്കുവേണമെങ്കില്‍ മകളെ തള്ളിപ്പറയാം. അപ്പോഴും റിഷിക്കറിയാനുള്ളതെല്ലാം ബാക്കിനില്‍ക്കും. കേസിനാസ്പദമായുണ്ടായ സംഭവത്തിന്റെ നിജസ്ഥിതി എന്താണ് ? സ്വന്തം പിതാവിനെതിരെ ജീന തിരിഞ്ഞതെന്തുകൊണ്ടാണ്  ? നിരപരാധിയായ അയാളെ കള്ളക്കേസില്‍ കുരുക്കിയതെന്തിനാണ് ? 
ആദ്യതവണ സാമുവലിനെ കാണാന്‍ പോയപ്പോള്‍, നാലുവര്‍ഷം മുമ്പ് വാര്‍ത്തക്കുവേണ്ടി മുന്നിലെത്തിയ അറിവുകളും വനിതാസദനം പുതിയതായി കോറിയിട്ട നഖരേഖകളും മാത്രമായിരുന്നു റിഷിയുടെ കൈമുതല്‍. മണിക്കടവിലെ പോലീസ് സ്റ്റേഷനായിരുന്നു ഏക ലക്ഷ്യസ്ഥാനം. പിന്നീടത് ഗോണിക്കൊപ്പലിലേക്കു നീണ്ടു. സാമുവലിന്റെ താമസസ്ഥലത്തുനിന്നും മടങ്ങുമ്പോള്‍ അയാളെക്കുറിച്ചുണ്ടായിരുന്ന എല്ലാ മുന്‍വിധികളും റിഷിയന്ന് ഉപേക്ഷിച്ചിരുന്നു. നിന്ദ്യനും നിസ്വനുമായ ഒരു നിരപരാധിയുടെ മുഖം മാത്രമാണ് ഗോണിക്കൊപ്പലില്‍ നിന്നും കൊണ്ടുപോയത്.  
പക്ഷേ ഇന്നതല്ല സ്ഥിതി. മതിയായ വിവരശേഖരണം നടത്തിയിരിക്കുന്നതിന്റെ ആത്മവിശ്വാസം റിഷിക്കുണ്ട്. സ്വാമിമഠത്തില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും അറിഞ്ഞതെല്ലാം അപ്രതീക്ഷിതവും അനുമാനങ്ങളുടെ ദിശ തിരിക്കുന്നതുമായിരുന്നു. ഇത്രനാളും കരുതിയതുപോലെ ഒരാളല്ല കിരണ്‍രാജെന്ന യാഥാര്‍ത്ഥ്യം ആദ്യം വിശ്വസിക്കാനായില്ല. മെഡിസിന്‍ പഠിച്ച കോളജിലും ബാംഗ്ലൂര്‍ നഗരത്തിലുമെല്ലാം അവനൊരു വിഭിന്നനായ മനഷ്യനായിരുന്നു. അഴിച്ചുവിട്ട അതിരറ്റ ചിന്തകള്‍, ലഹരി തീപിടിപ്പിച്ച രാപ്പകലുകള്‍ , ഇരട്ടമുഖമുള്ള കൂട്ടുകാര്‍, ചാട്ടവാറടികള്‍, ബോണ്ടിംഗ് റോപ്പുകള്‍ ... അവന്‍ നിശ്ചയിച്ച ഹാര്‍ഡ് ലിമിറ്റുകളായിരുന്നു അവയെല്ലാം. തുടര്‍ന്നുള്ള ചികിത്സാനാളുകള്‍, സ്വാമിമഠത്തില്‍ ചാക്രികമൊരുവട്ടം പൂര്‍ത്തിയാക്കിയ സാഡോമസാക്കിസം, ഭ്രൂണം പൊട്ടിയൊഴുകിയ ശാപക്കറകള്‍...  സാമുവല്‍ വായ തുറക്കാന്‍ വേണ്ടതെല്ലാം തന്റെ കൈവശമുണ്ടെന്നാണ് റിഷി കരുതുന്നത്. 
ഇത്തവണ കപ്യാരും വീട്ടിലുണ്ടായിരുന്നു. റിഷിയെ കണ്ടപാടേ സാമുവലിന്റെ മുഖം നീരസമണിഞ്ഞെങ്കിലും കപ്യാരുടെ സാന്നിധ്യത്തില്‍ അയാളതടക്കി. സാമുവലിനെ കാണാനെത്തിയ ആളെന്ന പരിഗണണനയോടെ റിഷിയെ ക്ഷണിച്ചിരുത്തിയ കപ്യാര്‍ അവരുടെ സ്വകാര്യതയ്ക്കു തടസ്സമാകാതെ വീടിനുള്ളിലേക്കുപോയി. സാമുവല്‍ നിശ്ശബ്ദനായി തല താഴ്ത്തി. 
'സാര്‍...'
റിഷി വിളിച്ചു.
ഒരു പരാജിതന്റെ മുഖമാണ് റിഷിക്കു നേരെയുയര്‍ന്നത്.   
'അങ്ങയെത്തേടി വന്നതുപോലെ കിരണ്‍രാജിന്റെ പാലക്കാട്ടെ വീട്ടിലും ഞാന്‍ പോയിരുന്നു ; രണ്ടുതവണ... അയാളും ജീനയും പഠിച്ച ബാംഗ്ലൂരിലും പോയി. ഒരു ജേര്‍ണലിസ്റ്റാവുമ്പോള്‍ വാര്‍ത്തയ്ക്കുവേണ്ടിയുള്ള യാത്രകള്‍ സ്വാഭാവികമല്ലേയെന്ന് അങ്ങയ്ക്കു തോന്നാം. പക്ഷേ സത്യത്തില്‍ എനിക്കിത് വാര്‍ത്തയ്ക്കുവേണ്ടിയുള്ള യാത്രയല്ല.  തല്‍ക്കാലത്തേക്കെങ്കിലും പത്രപ്രവര്‍ത്തനം ഉപേക്ഷിച്ചയാളാണു ഞാന്‍.'
ഒന്നുനിര്‍ത്തി അയാള്‍ സാമുവലിന്റെ പ്രതികരണം കാത്തു.
നിശ്ശബ്ദനായി കേട്ടിരിക്കുകയാണ് അയാള്‍.
'കുറച്ചുദിവസം മുമ്പ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സാഹചര്യത്തില്‍ ഞാന്‍ വീണ്ടും ജീനയെ കണ്ടു. അതെത്തുടര്‍ന്നാണ് ഞാനീ യാത്രകളെല്ലാം നടത്തിയത്. അന്വേഷണത്തില്‍ എനിക്കൊരു കാര്യം ബോധ്യമായി. അന്നു ഞാന്‍ കൊടുത്ത വാര്‍ത്ത തെറ്റായിരുന്നെന്ന് . സാര്‍ നിരപരാധിയാണെന്ന്. എനിക്കെന്റെ തെറ്റുതിരുത്തണമെന്നു തോന്നി. ജീനയുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. അതാണ് സാര്‍ ഞാന്‍ വീണ്ടും വന്നത്. '
 
തന്റെ വാക്കുകള്‍ ലക്ഷ്യം കാണുന്നതായി ബോധ്യപ്പെട്ടതോടെ അന്വേഷണവഴികളിലേക്കെല്ലാം സാമുവലിനെ കൂട്ടാനുള്ള ശ്രമത്തിലായി റിഷി.  നേരനുഭവങ്ങളെല്ലാം റിഷി അക്കമിട്ടുനിരത്തി. എല്ലാം മൂളിക്കേട്ടും തലകുലുക്കി സമ്മതിച്ചും അയാളിരുന്നു. 
 
ഒടുവില്‍ വീണ്ടും താക്കോല്‍ചോദ്യത്തിലേക്ക് റിഷിയെത്തി. 
'സാര്‍...അന്നെന്താണ് സംഭവിച്ചത് ? ജീനയെ ഉപദ്രവിച്ചതാരാണ് ?'അവര്‍ക്കിടയില്‍ തെല്ലുനേരം മൂകത പടര്‍ന്നു. കാറ്റിലാടിയ വള്ളിപ്പടര്‍പ്പില്‍നിന്ന് മല്ലികപ്പൂവുകള്‍ ജാലകപ്പാളിയിലേക്ക് തലനീട്ടി. അവര്‍ക്കിടയിലേക്കപ്പോള്‍ കപ്യാര്‍ കൊണ്ടുവച്ച കോഫി ആവിമണം പരത്തി. 
'ബാംഗ്ലൂരില്‍ കോഴ്സിനു ചേര്‍ന്ന കാലത്ത് അവളുടെ ആധിയൊക്കെ ഞാനിവിടെ തനിച്ചാവുന്നതിലായിരുന്നു. ഒറ്റയാനെപ്പോലാണ് അപ്പച്ചന്‍ കഴിയുന്നത്... എന്തെങ്കിലും ഒന്നു വയ്യാണ്ടായാല്‍... ആരും കൂടെയില്ല...അതൊക്കെയായിരുന്നു അവളുടെ സങ്കടം. '
സാമുവല്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞുതുടങ്ങി. 
അധികം വൈകാതെ ഓര്‍മ്മകളുടെ കുത്തൊഴുക്കായി അതു മാറി. ആ പ്രവാഹത്തിനൊപ്പം നിലതെറ്റിയും നീര്‍ച്ചുഴി ചുറ്റിയും അടിനിരപ്പില്‍ തട്ടിയും തങ്ങിയും റിഷിയും നീങ്ങിക്കൊണ്ടിരുന്നു. 
കോഴ്സ് പൂര്‍ത്തിയാക്കി മടങ്ങിയെത്തിയതിനുശേഷം ജീന അകാരണമായ മൗനത്തിലും നിരാശയിലുമായിരുന്നു. സാമുവല്‍ അതേക്കുറിച്ച് പല തവണ ചോദിച്ചതാണ്. എന്നാല്‍ അതിനവള്‍ കൃത്യമായ മറുപടി  നല്‍കിയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ആനത്താര വീട്ടിലേക്ക് കിരണ്‍രാജ് കയറിവന്നു. ബാംഗ്ലൂരില്‍ വച്ച് പരിചയത്തിലായ എം ബി ബി എസ് സ്റ്റുഡന്റും നഴ്സിംഗ് സ്റ്റുഡന്റം തമ്മിലുള്ള സൗഹൃദ സന്ദര്‍ശനമായി മാത്രമേ സാമുവല്‍ അതിനെ കണ്ടുള്ളൂ. എന്നാല്‍ കിരണ്‍രാജ് മടങ്ങിയതിനുശേഷം ജീന അയാളോട് ആ സത്യം വെളിപ്പെടുത്തി. അവര്‍ തമ്മില്‍ ഇഷ്ടത്തിലാണ്. ജീനയ്ക്കതുവരെയുണ്ടായിരുന്ന ഉന്മേഷക്കുറവ് കിരണ്‍രാജിനെ കണ്ടതോടെ  മാറിയിരുന്നു. 
 
മറ്റൊരു മതത്തില്‍ നിന്നുള്ള ബന്ധം സാമുവലിന് ചിന്തിക്കാവുന്നതിനുമപ്പുറമായിരുന്നു. ജീനയ്ക്കു ചേരുന്ന നല്ല സുറിയാനി ക്രിസ്ത്യാനി ചെറുപ്പക്കാര്‍ എത്രവേണമെങ്കിലുമുണ്ട്. എന്നാലവള്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഒട്ടുനേരത്തെ ആലോചനയ്ക്കൊടുവില്‍ അര്‍ദ്ധമനസ്സിലെത്തിയ സാമുവല്‍ ആദ്യം അന്വേഷിച്ചത് കിരണിന്റെ വീട്ടുകാരെക്കുറിച്ചായിരുന്നു. അപ്പോഴവള്‍ മടിച്ചുമടിച്ച് മറ്റൊന്നുകൂടി പറഞ്ഞു. വിളിച്ചുകൂട്ടിയുള്ള കല്യാണം കിരണിന് ഇഷ്ടമല്ല. ചടങ്ങു മാത്രം മതിയെന്നാണ് അയാള്‍ പറയുന്നത്. 
 
അക്കാര്യത്തിലൊരു വിട്ടുവീഴ്ചയ്ക്ക് സാമുവല്‍ ഒരുക്കമായിരുന്നില്ല. രണ്ടു മതത്തില്‍പ്പെട്ടവരാണെങ്കിലും കല്യാണം കല്യാണമായിത്തന്നെ നടക്കണം. മതപരമായ ചടങ്ങുകള്‍ ഉപേക്ഷിക്കാമെന്നുവയ്ക്കാം. പക്ഷേ റിസപ്ഷനും മറ്റും നടത്തിയേ തീരൂ. നാലു വര്‍ഷം മുമ്പ് ആശുപത്രിക്കിടക്കയില്‍ വച്ച് സോമിക്കു കൊടുത്ത വാക്കാണത്. തനിക്കെന്തായാലും മകളുടെ കല്യാണത്തിനു യോഗമില്ലെന്നും അച്ചായനത് ആഘോഷമാക്കണമെന്നും അയാളുടെ ഇരുകരങ്ങളും ചേര്‍ത്തുപിടിച്ച് വിങ്ങിപ്പൊട്ടിയാണ് സോമി ആവശ്യപ്പെട്ടത്. അതു പാലിക്കാതിരിക്കാന്‍ സാമുവലിനു കഴിയില്ല. അതോടെയാണ് കിരണിന്റെ വീട്ടില്‍ നേരിട്ടുചെന്നു സംസാരിക്കുന്നതാണ് ഏറ്റവുമുചിതമെന്ന് അയാള്‍ തീരുമാനിച്ചത്.  
'നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണ്. അവിടെ ചെന്നപ്പോള്‍ എനിക്കും തോന്നി ആ സ്ഥലത്തിനൊരു പ്രത്യേകതയുണ്ടെന്ന്. എല്ലാ കാര്യങ്ങളും വൈദ്യര്‍ വിശദമായി കേട്ടു. വിവാഹത്തിന് എനിക്കു സന്തോഷമാണെന്ന് ഞാനറിയിച്ചു. സത്യത്തില്‍ അവിടെ ചെല്ലുംവരെ ഞാനങ്ങനൊരു തീരുമാനമെടുത്തിരുന്നില്ല. വൈദ്യരെ കണ്ടതുമുതല്‍ എതിരഭിപ്രായങ്ങളൊക്കെ എന്റെ മനസ്സില്‍നിന്നു പോയിരുന്നു... എല്ലാം കേട്ടുകഴിഞ്ഞ് എന്നോടയാളൊരു ചോദ്യം ചോദിച്ചു. എന്റെ മകനെക്കുറിച്ച് നിങ്ങള്‍ക്കെന്തൊക്കെ അറിയാമെന്ന്  '
അതു പറഞ്ഞുനിര്‍ത്തി സാമുവല്‍ ദീര്‍ഘനിശ്വാസത്തോടെ റിഷിയെ നോക്കി. 
വിധിവൈപരീത്യമാണ് സാമുവലിനെ അവിടെയെത്തിച്ചതെന്ന സഹതാപം സ്വാമിവൈദ്യരുടെ മുഖത്ത് അപ്പോഴുണ്ടായിരുന്നത്രേ. കിരണിനെക്കുറിച്ച് തനിക്കറിയാവുന്നതെല്ലാം സത്യസന്ധമായി സ്വാമിവൈദ്യര്‍ അയാളോടു പറഞ്ഞു. ഒരു പിതാവിന്റെ പ്രതീക്ഷകളുടെ പൂന്തോട്ടമപ്പാടെ പിഴുതുനശിപ്പിച്ച മകന്‍ ചെന്നുപെട്ടിരിക്കുന്ന അപഥസഞ്ചാരങ്ങളുടെയും അഗമ്യഗമനങ്ങളുടെയും നെടുനീളന്‍ കഥയായിരുന്നു അത്. ഏകദേശം ഒന്നൊന്നരമണിക്കൂറെടുത്ത് നിസ്സംഗനായി സ്വാമിയതു പറയുമ്പോള്‍ അസ്വസ്ഥതയുടെ കാരിരുമ്പു മുള്ളുകളില്‍ വീഴുകയായിരുന്നു സാമുവല്‍  
കിരണിന്റെ അസ്വാഭാവിക ബന്ധങ്ങള്‍, ലഹരിയുടെ സ്വാധീനം, ബാംഗ്ലൂരിലെ ചികിത്സ തുടങ്ങി ഓരോ അറിവുകളും അയാളെ ശ്വാസം മുട്ടിച്ചു. അതിന്റെ ഒടുവില്‍ മൂര്‍ച്ചയുള്ളൊരായുധം ഹൃദയത്തിലേക്കു കുത്തിയിറക്കുംപോലെ കിരണ്‍ വിവാഹിതനാണെന്ന തിരിച്ചറിവും. 
ദുര്‍ഗ്ഗയെ മുന്നില്‍ വിളിച്ചുനിര്‍ത്തി സ്വാമിവൈദ്യര്‍ അയാളോടു ചോദിച്ചു.
' ഈ കുട്ടി അവന്റെ ഭാര്യയായി ഇവിടെ നില്‍ക്കുമ്പോള്‍ നിങ്ങളുടെ മോളും അവനുമായുള്ള വിവാഹത്തിനു ഞാന്‍ സമ്മതം മൂളണോ ...? ' 
സാമുവലിനു തല ചുറ്റുന്നതായി തോന്നി. രണ്ടുമണിക്കൂറായി അയാള്‍ കേട്ടുകൊണ്ടിരുന്നതെല്ലാം ഹൃദയമിടിപ്പു കൂട്ടുന്ന കാര്യങ്ങളായിരുന്നു. പക്ഷേ അതിപ്പോള്‍ ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു. തളര്‍ച്ച മാറും മുമ്പുതന്നെ സാമുവല്‍ പോകാനെഴുനേറ്റു. അയാളുടെ വികാരവിചാരങ്ങള്‍ മറ്റാരെക്കാളും നന്നായി സ്വാമിവൈദ്യര്‍ക്കു മനസ്സിലാകുമായിരുന്നു. 
ആശ്വസിപ്പിക്കാനെന്നപോലെ അയാള്‍ പറഞ്ഞു.
' അവന്റെ ജിഹ്വാ ചാപല്യം. അത്ര മാത്രം കരുതിയാ മതി. അവനെയങ്ങു വിട്ടുകള '
സ്ഫോടകവസ്തുക്കള്‍ നിറച്ച ചേംബര്‍ പോലെയായിരുന്നു സാമുവല്‍. എപ്പോള്‍ വേണമെങ്കിലും പൊട്ടിച്ചിതറാന്‍ പാകത്തില്‍ സങ്കടം പെരുകിപ്പെരുകി ശ്വാസം മുട്ടിക്കുന്നു. ചതിയുടെ ചൂണ്ടക്കൊത്തിട്ടു കൊരുത്തിരിക്കുകയാണ് കിരണവളെയെന്ന് സാമുവലിനുറപ്പായി. ചൂണ്ടയുടെ ആയവേഗത്തിലേ ഇനിയവള്‍ക്കു നീങ്ങാനാവൂ. അവളും അതുതന്നെയാണ് ഇഷ്ടപ്പെടുന്നത്.  ആ കുരുക്കില്‍ നിന്നവളെ സ്വതന്ത്രയാക്കണം. സ്വാമിമഠത്തില്‍ നിന്നറിഞ്ഞതൊന്നും അതേപടി ജീനയോടു പറയാനാവില്ല. കിരണിന്റെ ഇരട്ടമുഖത്തേക്കുറിച്ചോ അയാള്‍ക്കു മറ്റൊരു ഭാര്യയുണ്ടെന്നോ പറഞ്ഞാല്‍ അവള്‍ വിശ്വസിക്കണമെന്നില്ല. എന്നുതന്നെയല്ല, കിരണും ജീനയുമായുള്ള ബന്ധത്തില്‍ തനിക്കുള്ള എതിര്‍പ്പുകൊണ്ട് കള്ളം പറയുന്നതാണെന്നു തെറ്റിദ്ധരിക്കാനിടയുണ്ടെന്നും സാമുവലിനു തോന്നി. ആലോചിച്ചുവേണം നീങ്ങാനെന്ന് അയാളുറച്ചു.  
സാമുവല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ജീനയെ ഗോപ്യമായി ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവള്‍ ഇതിനകം തന്നെ മൗനം ശീലമാക്കിയിരുന്നു. മിക്ക സമയവും സ്വന്തം മുറിയില്‍ത്തന്നെ. ഭക്ഷണ സമയത്തും മറ്റുമല്ലാതെ അധികമൊന്നും പുറത്തേക്കിറങ്ങിയിരുന്നില്ല. പകല്‍ ഉച്ചഭക്ഷണത്തിനുശേഷം നീണ്ട ഉറക്കവും പതിവായിട്ടുണ്ട്. 
അവളുടെ പുത്തന്‍ശീലങ്ങള്‍ സാമുവലിനെ ഭയപ്പെടുത്തി. ഇന്നത്തെ കാലത്തെ കുട്ടികളാണ്. എല്ലാക്കാര്യത്തിലും മുമ്പേ പറക്കുന്ന പക്ഷികള്‍. ആ നിലയ്ക്ക് അവള്‍ എന്തെങ്കിലും എടുത്തു ചാട്ടം നടത്തിയിരിക്കുമോയെന്ന ഭയം അയാള്‍ക്കുണ്ടായിരുന്നു. അവളുടെ വിളര്‍ച്ചയ്ക്കും ക്ഷീണത്തിനുമൊപ്പം അയാളുടെ ആശങ്കയും വര്‍ദ്ധിച്ചു. എങ്കിലും അതെല്ലാം തന്റെ വെറും സംശയങ്ങള്‍ മാത്രമാണെന്ന് സ്വയം വിശ്വസിക്കാനയാള്‍ ശ്രമിച്ചുകൊണ്ടിരുന്നു.    
ഒരു വാരാന്ത്യത്തില്‍ അയാളെത്തേടി കിരണ്‍രാജിന്റെ ഫോണെത്തി. 
'സ്വാമിമഠത്തില്‍ ചെന്നെന്നും എന്റെ ചരിത്രോം ഭൂമിശാസ്ത്രോമൊക്കെ എടുത്തോണ്ടുപോയെന്നും കേട്ടു.'
മുന വച്ച സംഭാഷണത്തോടെയായിരുന്നു കിരണ്‍രാജിന്റെ തുടക്കം. ജീനയുടെ ശ്രദ്ധയില്‍പ്പെടാതെ പുറത്തിറങ്ങിയ സാമുവല്‍ ഇഞ്ചിയും ഏലവുമെല്ലാം സമൃദ്ധമായി വളര്‍ന്ന പറമ്പിലൂടെ നടന്നു.  
' ശരിയാണ്. ഞാനവിടെ പോയിരുന്നു. അതെന്റെ കടമയാണല്ലോ . പക്ഷേ, ഒരു പെണ്‍കുട്ടിയുടെ പിതാവു കേള്‍ക്കാനാഗ്രഹിക്കുന്നതൊന്നുമല്ല ഞാന്‍ കേട്ടത് '
' എന്നിട്ട്... അതെല്ലാം ജീനയോടു പറഞ്ഞോ ?'
എന്തു മറുപടി പറയണമെന്ന് ഒരുനിമിഷം സാമുവല്‍ ആലോചിച്ചു. എന്നാല്‍ അതിനിടയില്‍ത്തന്നെ കിരണ്‍ വീണ്ടും ഇടപെട്ടു. 
' ഇയാളു പറഞ്ഞോ. അതുകൊണ്ടൊന്നും ഒരുകാര്യവുമില്ല. അതിനുള്ള മരുന്നൊക്കെ എന്റെ കയ്യില്‍ വേറെയുണ്ട്. '
അസ്വാഭാവികമായ രീതിയില്‍, ഒരെതിരാളിയോടെന്നപോലെയുള്ള കിരണിന്റെ വാക്കുകള്‍ സാമുവലിനെ പൊള്ളിച്ചു.   
പൊട്ടിത്തറിച്ചിട്ടോ പ്രകോപനമുണ്ടാക്കിയിട്ടോ കാര്യമില്ലെന്ന് സാമുവലിനു തോന്നി. നയപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അല്‍പ്പസമയം വേണ്ടതുമുണ്ട്. പള്ളിക്കമ്മറ്റിയില്‍ അയാള്‍ക്കു ഹൃദയബന്ധമുള്ള ചിലരുണ്ട്. അവരോടൊക്കെ കൂടിയാലോചിച്ചിട്ടുവേണം ഉചിതമായ തീരുമാനത്തിലെത്താന്‍ . 
മനപ്പൂര്‍വ്വം ശാന്തത വരുത്തി അയാള്‍ സംസാരിക്കാന്‍ ശ്രമിച്ചു.
' കിരണ്‍... നിങ്ങളിപ്പോള്‍ ജീനയെ വെറുതെ വിടൂ. റിസള്‍ട്ട് വന്നിട്ട് അവളൊരു ജോലി കണ്ടെത്തട്ടെ.  ആ സമയം കൊണ്ട് നിങ്ങള്‍  എം ബി ബി എസ് കംപ്ലീറ്റ് ചെയ്യാന്‍ നോക്കൂ '
്അയാള്‍ പുശ്ചസ്വരത്തില്‍ പൊട്ടിച്ചിരിച്ചു. അതിന്റെ വികൃതമായ അലയൊലികളടങ്ങും മുമ്പേ അയാള്‍ തുടര്‍ന്നു.
' ഉണ്ടാക്കിവച്ച തന്ത ഉപദേശിച്ചിട്ടു നന്നായില്ല. പിന്നല്ലേ തന്റെയൊരു ഉപദേശം '
' കിരണ്‍ ...ആദ്യം നിങ്ങള്‍ സ്വന്തം ഭാര്യയെക്കുറിച്ചാലോചിക്ക്. നിയമപ്രകാരം വിവാഹം കഴിച്ച ഭാര്യ സ്വാമിമഠത്തിലുണ്ടല്ലോ... ഇങ്ങനൊക്കെ പറയാന്‍ തനിക്കെങ്ങനെ കഴിയുന്നു ?'
സാമുവല്‍ ഉറച്ച ശബ്ദത്തില്‍ ചോദിച്ചു. 
ഒരു നിമിഷത്തെ നിശ്ശബ്ദത. പിന്നീടു ഫോണിലുയര്‍ന്ന ശബ്ദം തീര്‍ത്തും പരുക്കനായിരുന്നു. മധ്യകേരള സ്ലാങ്ങില്‍ ഇടയ്ക്ക് വെള്ളിവീണ മുഴങ്ങുന്ന ശബ്ദം.
'എല്ലാം ഇയാളറിഞ്ഞല്ലോ. അതു നന്നായി... എന്നാല്‍ കേട്ടോ. അറിഞ്ഞതും പറഞ്ഞതുമൊക്കെയില്ലേ; പറമ്പിലൊരു കുഴികുത്തിയങ്ങു മൂടിയേര്. കൂട്ടത്തിലൊരുമൂട് ഇഞ്ചീം കൂടെ വച്ചോ. അതാ ഇയാള്‍ക്കു നല്ലത്. '
ഓര്‍മ്മകളുടെ അടുക്കുതെറ്റിച്ചത് കപ്യാരുടെ ശബ്ദമാണ്. അയാള്‍ കൊണ്ടുവച്ചിരുന്ന കോഫി അവരിതുവരെ കുടിച്ചിരുന്നില്ല. അതു ചത്തുതണുത്തിരുന്നു. വേറെ കോഫി എടുത്തുവരാമെന്നു പറഞ്ഞ് കപ്യാര്‍ ഗ്ലാസ്സുകള്‍ രണ്ടും തിരിച്ചെടുത്തുകൊണ്ടുപോയി. 
'കിരണിനെ പിന്നീട് നേരിട്ടു കണ്ടിരുന്നോ...?
റിഷി ആകാംക്ഷയോടെ ചോദിച്ചു. 
'കണ്ടിരുന്നു. കുറച്ചു കഴിഞ്ഞാണത്. കൃത്യമായി പറഞ്ഞാല്‍ കേസിനിടയായ സംഭവം നടന്നില്ലേ ; അതിനു രണ്ടുദിവസം മുമ്പ്. സഭയുടെ കെയറോഫിലുള്ള ഹോസ്പിറ്റലില്‍ ജീനയ്ക്കൊരു ജോലിക്കുവേണ്ടി വികാരിയച്ചന്‍ നല്‍കിയ കത്തുമായി ഒരിടം വരെ പോകാനിറങ്ങിയതായിരുന്നു ഞാന്‍. ചെന്നുപെട്ടിരിക്കുന്ന കെണിയില്‍ നിന്നും വഴിമാറിച്ചിന്തിക്കണമെങ്കില്‍ അവള്‍ക്കൊരു മുഴുവന്‍സമയ ജോലി വേണമെന്നെനിക്കു തോന്നി. അതിലവള്‍ മുഴുകിയാല്‍ പയ്യെപ്പയ്യെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താം. അന്നു യാത്രതിരിച്ചാല്‍ പിറ്റേ ദിവസമേ മടങ്ങിയെത്തൂ. അക്കാര്യം ഒരാഴ്ച മുമ്പു നിശ്ചയിച്ചതും ജീനയ്ക്ക് അറിയാവുന്നതുമായിരുന്നു. യാത്രയ്ക്കിറങ്ങി ബസ് സ്റ്റോപ്പിലെത്തിയപ്പോഴാണ് ഭാഗ്യത്തിനോ ഭാഗ്യദോഷത്തിനോ അവനെന്റെ കണ്‍മുന്നില്‍ ബസ്സിറങ്ങിയത്. ''വീട്ടിലേക്കു തന്നെ വന്നതാണോ അയാള്‍ ? '
 
'അല്ലാതെ ആ നാട്ടില്‍ അവനെന്തുകാര്യം.  ജീനയെ കാണാന്‍ തന്നെ വന്നതാണ്. ബസ് സ്റ്റോപ്പില്‍ അപ്പോള്‍ ഞാന്‍ മാത്രമേയുള്ളൂ. ഞാനവനെ തടഞ്ഞുനിര്‍ത്തി. എല്ലാം അവസാനിപ്പിക്കണമെന്നും ജീനയെ ഇനി കാണരുതെന്നും കാലുപിടിച്ചു പറഞ്ഞുനോക്കി. വളരെ മോശമായിട്ടായിരുന്നു അവന്റെ പ്രതികരണം. ആരും അറിയരുതെന്നു കരുതി ഞാനതു സഹിച്ചു. ക്രിമിനല്‍ കുറ്റമാണ് അവന്‍ ചെയ്യുന്നതെന്നും നിയമപരമായി നേരിടുമെന്നും പറഞ്ഞുനോക്കി. പക്ഷേ അവനെന്നെ വെല്ലുവിളിക്കുകയായിരുന്നു. ഒരു ലക്ഷ്യമിട്ടാല്‍ ഒന്‍പതുകാര്യം അവന്‍ നേടുമെന്ന് അവനെന്നോടു പറഞ്ഞു. ആ സമയത്താണ് ബസ്സ്റ്റോപ്പിലേക്ക് നാട്ടുകാരായ ചില ചെറുപ്പക്കാരെത്തിയത്. കാര്യം പന്തിയല്ലെന്നു തോന്നിയിട്ടാവും അടുത്ത ബസിലവന്‍ ചാടിക്കേറിപ്പോവുകയായിരുന്നു. അവന്‍ സ്ഥലംവിട്ടെന്നുറപ്പാക്കിയിട്ടാണ് ഞാനന്ന് എന്റെ വഴിക്കു പോയത്. '
ഗോണിക്കൊപ്പലിലെ സമശീതോഷ്ണത്തിലും സാമുവല്‍ നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ ക്രൂശിതരൂപത്തിനു ചുവടെ മേശമേലിരുന്ന കട്ടിത്തുണികൊണ്ട് മുഖമമര്‍ത്തിത്തുടച്ചു. 
'ജോലിക്കാര്യത്തില്‍ ഏകദേശധാരണയുണ്ടാക്കിയിട്ടാണ് പിറ്റേന്നുച്ചയ്ക്കുശേഷം ഞാനെത്തിയത്. വീടു തുറന്നുകിടന്നിരുന്നു. ജീന ഉച്ചയുറക്കത്തിലായിരുന്നു. ഞാനവളെ ഉണര്‍ത്താന്‍ നിന്നില്ല. യാത്രാക്ഷീണമുണ്ടായിരുന്നതുകൊണ്ട് വന്നയുടന്‍ തന്നെ കുളിക്കാന്‍ കയറി. ബാത്ത്റൂമില്‍നിന്നിറങ്ങി അതേ വേഷത്തില്‍ അകത്തേക്കു നടക്കുമ്പോള്‍ അവളുടെ മുറിയില്‍ ചെറിയൊരു ഞരക്കം കേട്ടു. ആരുമില്ലാത്ത അവസരത്തില്‍ മുന്‍വാതില്‍ തുറന്നിട്ട് അവളങ്ങനെ ഉറങ്ങുന്നതില്‍ത്തന്നെ എനിക്കൊരു പന്തികേട് തോന്നിയിരുന്നു. ചാരിയ വാതില്‍ ഞാനൊന്നു തുറന്നു നോക്കി. '
അതു പറയുമ്പോള്‍ സാമുവലിന്റെ മുഖം പൊടുന്നനെ വിവര്‍ണ്ണമായി. വല്ലാത്തൊരു വിയര്‍പ്പും വേപഥുവും അയാളില്‍ പ്രകടമായി. അതു തിരിച്ചറിഞ്ഞ റിഷി തിരക്കുകൂട്ടിയില്ല. മനസ്സൊന്നു ശാന്തമായതിനുശേഷം സാമുവല്‍ തുടരട്ടെയെന്നയാള്‍ കരുതി.  
'അവളെ ആരോ കട്ടിലില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. കൈകളും കാലുകളും ചുരീദാര്‍ഷാളുകൊണ്ടു കൂട്ടിക്കെട്ടി ചലിക്കാനാവാത്ത വിധം... വായില്‍ തുണി തിരുകി, കണ്ണുകള്‍ മൂടിക്കെട്ടി... അവളുടെ ശരീരത്തില്‍ ഡസ്സുണ്ടായിരുന്നില്ല. അവള്‍ക്കു ബോധമുണ്ടായിരുന്നില്ല...'
ഒരു വിലാപം പോലെ സാമുവല്‍ പറഞ്ഞുകൊണ്ടിരുന്നു.
' ആ കാഴ്ച കണ്ട് ഞാന്‍ മരവിച്ചു പോയി. നിന്നിടത്തുനിന്ന് അനങ്ങാന്‍ എനിക്കായില്ല. എന്റെ കാലുകളുറച്ചുപോയി...എന്റെ ശബ്ദം നിലച്ചു പോയി... ഒരുവിധത്തിലാണ് ഞാനവളെ വിളിച്ചുണര്‍ത്തിയത്. അപ്പോഴേക്കുമവള്‍ വാവിട്ടുനിലവിളിച്ചു. ആളുകള്‍ ഓടിക്കൂടി. എവിടെനിന്നാണെന്നറിയില്ല, മടങ്ങിപ്പോയെന്ന് ഞാന്‍ കരുതിയ കിരണും അവിടെയെത്തി. എല്ലാവരുടെയും മുന്നില്‍ വച്ച് അവനെന്നെ കുറ്റക്കാരനാക്കുകയായിരുന്നു. ഒരപ്പച്ചനും കേള്‍ക്കാനാഗ്രഹിക്കാത്ത കാര്യങ്ങള്‍. കിരണിനെ വിവാഹം കഴിക്കുമെന്നു മനസ്സിലാക്കി ഞാനവളെ നശിപ്പിച്ചെന്ന് . എന്റെ വേഷവും സാഹചര്യങ്ങളുമെല്ലാം ആളുകളുടെ കണ്ണില്‍ തെറ്റിദ്ധാരണ പരത്തി. അതിനിടയിലവന്‍ അവളെയും കൂട്ടി കടന്നുകളഞ്ഞു '
 
അവിശ്വസനീയവും ദാരുണവുമായ വിവരണമായിരുന്നു അത്. ഇരുവരും അല്‍പ്പസമയം നിശ്ശബ്ദരായി. 
' എന്നിട്ട് ? ' 
'നാട്ടുകാര്‍ വിശ്വസിച്ചെന്നും ഇല്ലെന്നും പറയാം. മിക്കയാളുകളും മറുത്തൊന്നും പറഞ്ഞില്ലെങ്കിലും അവിടെ നടന്നതിലെ ദുരൂഹതയില്‍ സംശയമുള്ളവരായിരുന്നു. പിന്നീട് നാലഞ്ച് മാസത്തേക്ക് ജീനയെപ്പറ്റിയും കിരണിനെപ്പറ്റിയും യാതൊരു വിവരവുമുണ്ടായിരുന്നില്ല. എനിക്കവരെപ്പറ്റി അന്വേഷിക്കാന്‍ തന്നെ ഭയമായി. ഒരുദിവസം എവിടെനിന്നോ അവന്‍ വീണ്ടും വിളിച്ചു. എന്റെ സ്വത്തു മുഴുവനും അവന്റെ പേരില്‍ എഴുതിക്കൊടുക്കണമെന്ന്... സ്വത്തും വകയുമെല്ലാം ഞാനുണ്ടാക്കിവച്ചത് ജീനയ്ക്കുവേണ്ടിത്തന്നെയാണ്. പക്ഷേ അതിതുപോലെ അവളുടെ ജീവിതം തുലയ്ക്കാന്‍ വേണ്ടി ഒരുത്തനു കൊടുക്കാനാവില്ല. ഞാന്‍ സമ്മതിച്ചില്ല . പിന്നെയും പലപ്പോഴും അവനെന്നെ വിളിച്ചു. ഭീഷണിപ്പെടുത്തി. ഒടുവിലൊരു ദിവസം അവനെന്നോടു പറഞ്ഞതെന്താണെന്നറിയാമോ ? '
അയാള്‍ വേദനയോടെ റിഷിയെ നോക്കി
'എന്റെ കുഞ്ഞ് ഗര്‍ഭിണിയാണെന്ന്.... അതിനുത്തരവാദി ഞാനാണെന്ന്... '
അയാളുടെ വാക്കുകള്‍ ഇടറി. ഉള്ളുരുക്കത്തോടെ കേട്ടിരുന്ന റിഷിയും തെല്ലുനേരം മൗനിയായി. 
'എത്രയും വേഗം സ്വത്ത് എഴുതിക്കൊടുക്കാനാണ് അവനാവശ്യപ്പെട്ടത്. ആ ഭീഷണിക്കു ഞാന്‍ വഴങ്ങിയാല്‍ അതിനര്‍ത്ഥം അവന്‍ പറഞ്ഞതുപോലെ ഞാന്‍ തെറ്റുകാരനാണെന്നല്ലേ... 
അതോടെയാണ് ജീന പോലീസ് സ്റ്റേഷനില്‍ എനിക്കെതിരെ പരാതി കൊടുത്തത്. ഉറങ്ങിക്കിടക്കുമ്പോള്‍ അവളെ കെട്ടിയിട്ട് കണ്ണും വായും മൂടിക്കെട്ടി ഉപദ്രവിച്ചെന്ന്...ഗര്‍ഭിണിയാക്കിയെന്ന്  ' ധൂസരവര്‍ണ്ണം പടര്‍ന്ന അയാളുടെ കണ്ണുകളില്‍ നനവു പടര്‍ന്നു.  
സാമുവലില്‍ നിന്ന് അറിയേണ്ടതും അറിയാന്‍ കഴിയുന്നതുമായ കാര്യങ്ങള്‍ ഇത്രമാത്രമാണ്. ഇതിനിടെ കപ്യാര്‍ വീണ്ടും കോഫി കൊണ്ടുവച്ചിരുന്നു . റിഷി അതെടുത്തു കുടിക്കുന്നതിനിടയില്‍ തെല്ലൊരാലോചനയില്‍പ്പെട്ടു. ജാലകത്തിലൂടെ നിരത്തിലെ തിരക്കിലേക്ക് ദൃഷ്ടിയുറപ്പിച്ചിരുന്ന സാമുവല്‍ ഇത്തവണയും കാപ്പി എടുത്തിരുന്നില്ല. 
'കള്ളക്കേസാണെന്നു തെളിഞ്ഞപ്പോ ... സാറെന്താ ജീനയ്ക്കെതിരെ പരാതി കൊടുക്കാതിരുന്നത്  ? '
അയാള്‍ അങ്ങേയറ്റം ദുര്‍ബ്ബലമായി ചിരിച്ചു. പിന്നെ പിറുപിറുക്കുന്നതുപോലെ പറഞ്ഞു.
'ഒരപ്പച്ചനങ്ങനാണ്. ക്ഷമിക്കാനേ കഴിയൂ... മക്കളപ്പോലെയല്ല '
പിതാവിന്റെ ഹൃദയമെന്തെന്നു വ്യക്തമാക്കുന്ന വാക്കുകള്‍ . ഒരിക്കല്‍ പതിനാലുപേര്‍ പീഡിപ്പിച്ച കുട്ടിയുടെ വീട്ടില്‍ ചെന്നപ്പോഴും അച്ഛന്റെ  ഭാവം ഇതുതന്നെയായിരുന്നു. മക്കളെ ചിറകിനടിയില്‍ ചേര്‍ത്തുനിര്‍ത്തുന്ന സ്നേഹം . 
നാലുവര്‍ഷം മുമ്പ് സാമുവലിന്റെ കാര്യത്തില്‍ അക്ഷന്തവ്യമായ അപരാധമാണുണ്ടായതെന്ന് റിഷി വീണ്ടും സ്വയം ബോധ്യപ്പെടുത്തുകയായിരുന്നു. പശ്ചാത്താപമാണ് ഏറ്റവും വലിയ പ്രായച്ഛിത്തം. അതനുഷ്ഠിക്കാനയാള്‍ പൂര്‍ണ്ണമായും സന്നദ്ധനായിക്കഴിഞ്ഞിരുന്നു. 
മടങ്ങുമ്പോള്‍ റിഷിയുടെ മനസ്സില്‍ സാമുവലിന്റെ വാക്കുകള്‍ നീറിപ്പിടിക്കുന്നുണ്ടായിരുന്നു.'ഒരപ്പച്ചനങ്ങനാണ്. ക്ഷമിക്കാനേ കഴിയൂ... മക്കളെപ്പോലെയല്ല. '
(തുടരും)
 
Content Highlights : Based on a True Story Novel by Manoj Bharathi Part Thirteen