ഉരുളികുന്നം: സാമൂഹിക, സാംസ്‌കാരിക, ആധ്യാത്മികരംഗത്ത് നിറസാന്നിധ്യമായിരുന്ന ഒ.എന്‍.വാസുദേവന്‍ നമ്പൂതിരിയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് സാഹിത്യകാരന്‍ സക്കറിയ എത്തി. ഉണ്ണി എന്നുവിളിച്ചിരുന്ന ബാല്യകാലസുഹൃത്തിനെക്കുറിച്ചുള്ള ഓര്‍മകളുമായാണ് സക്കറിയ പൈക ഓണിയപ്പുലത്ത് ഇല്ലത്തേക്ക് വന്നത്.

തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച പാലായിലെത്തിയ സക്കറിയ ബുധനാഴ്ച ഉച്ചയ്ക്കാണ് ഇല്ലത്ത് എത്തിയത്. ഒന്നിച്ചുള്ള സ്‌കൂള്‍ യാത്രയും പുസ്തകവായനയുമായി ഏറ്റവുമടുത്ത കൂട്ടുകാരനായിരുന്നു ഒ.എന്‍.വി.നമ്പൂതിരിയെന്ന് സക്കറിയ ഓര്‍മിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സാവിത്രി തമ്പാട്ടി, മകള്‍ സ്വപ്ന വി.നമ്പൂതിരി എന്നിവരോട്, ഉണ്ണിയുമായി വര്‍ഷങ്ങളായുള്ള സുഹൃദ്ബന്ധത്തെക്കുറിച്ച് സക്കറിയ സംസാരിച്ചു.

സാവിത്രി തമ്പാട്ടിയുടെ ബന്ധു എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ എതിരന്‍ കതിരവനുമായുള്ള സുഹൃദ്ബന്ധത്തെക്കുറിച്ചും സക്കറിയ പറഞ്ഞു. ഉരുളികുന്നത്ത് അയല്‍വാസികളായിരുന്നു സക്കറിയയും ഒ.എന്‍.വി.നമ്പൂതിരിയും. സക്കറിയ പിന്നീട് വിവിധ നാടുകളിലേക്ക് പോയപ്പോഴും ഫോണിലൂടെ ബന്ധം നിലനിര്‍ത്തി. നാട്ടിലെത്തുമ്പോള്‍ പരസ്പരം കാണുന്നതിനും നിര്‍ബന്ധം കാട്ടിയിരുന്നു. സക്കറിയയുടെ സഹോദരി സിസ്റ്റര്‍ മേരിയുടെ സഹപാഠിയായിരുന്നു വാസുദേവന്‍ നമ്പൂതിരി.

അച്ഛന്റെ അന്ത്യകര്‍മങ്ങള്‍, സ്ത്രീകള്‍ ചെയ്യാറില്ലെന്ന പതിവ് തെറ്റിച്ച് പൂര്‍ണമായും നിര്‍വഹിച്ച മകള്‍ സ്വപ്നയുടെ തീരുമാനത്തെ സക്കറിയ അനുമോദിച്ചു. പുരുഷന്മാര്‍ ചെയ്യാറുള്ള ശ്മശാനക്രിയകളത്രയും അച്ഛന്റെ ആഗ്രഹമനുസരിച്ച് സ്വപ്നയായിരുന്നു ചെയ്തത്.

Content Highlights: Zacharia, ON Vasudevan Namboodiri