യുവ എഴുത്തുകാരന്‍ യാസര്‍ അറഫാത്തിന്റെ ആദ്യ നോവല്‍ 'മുതാര്‍ക്കുന്നിലെ മുസല്ലകള്‍' എഴുത്തുകാരന്‍ വി.ജെ ജയിംസ് പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു പ്രകാശനം. എഴുത്തിന്റെ വഴികളില്‍ തന്റേതായ ഒരു നടപ്പ് ഉറപ്പാക്കിയ വ്യക്തിയാണ് യാസറെന്ന് നോവല്‍ പ്രകാശനം ചെയ്തുകൊണ്ട് വി.ജെ. ജെയിംസ് പറഞ്ഞു. 

എഴുത്തില്‍ അദ്ദേഹത്തിന്റെ ഒരു വ്യക്തിത്വം തെളിഞ്ഞ് നില്‍ക്കുന്നത് കാണാം. അതുകൊണ്ടുതന്നെ യാസറിന്റെ ആദ്യ നോവലിനെ ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് താന്‍ സമീപിച്ചത്. ഒരു ദേശത്തിന്റെ ഭൂമിശാസ്ത്രം, സസ്യശാസ്ത്രം, ഭാഷ, ജനങ്ങള്‍, മിത്തുകള്‍ തുടങ്ങിയവയെ എല്ലാം ഖനനം ചെയ്ത് എടുക്കുകയാണ് യാസര്‍ ഈ കൃതിയിലൂടെ ചെയ്യുന്നത്. തന്റേത് മാത്രമായ ഒരു ഭാഷയിലാണ് യാസര്‍ ഈ നോവല്‍ എഴുതിയിരിക്കുന്നതെന്നും വി.ജെ ജെയിംസ് പറഞ്ഞു.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം വെബ്‌സൈറ്റിലും മാതൃഭൂമി ബുക്‌സ് ഷോറൂമുകളിലും ലഭ്യമാണ്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Yasar Arafath Malayalam Novel release VJ James Mathrubhumi Books