ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി' എന്ന സിനിമയുടെ ഷൂട്ടിംഗിനു വേണ്ടി കലാസംവിധായകര്‍ കാലടിയില്‍ തയ്യാറാക്കിയിരുന്ന പള്ളിയുടെ സെറ്റ് തകര്‍ത്ത വിഷയത്തില്‍ മതഭീകരരെ ഒറ്റപ്പെടുത്തണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം ആവശ്യപ്പെട്ടു.

കലയ്ക്കും സാഹിത്യത്തിനുമെതിരെ സംഘപരിവാറും കൂട്ടാളികളും നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര നീക്കത്തിന്റെ ഭാഗമായി നടന്ന ഈ അക്രമത്തില്‍ സംഘം ശക്തമായി പ്രതിഷേധിക്കുന്നു. കോവിഡ് 19 പ്രതിരോധത്തിന്റെ ഈ പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങള്‍ക്കിടയിലെ ഐക്യം തകര്‍ത്ത് അരക്ഷിതാവസ്ഥക്കു ശ്രമിക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് പു.ക.സ അഭ്യര്‍ത്ഥിച്ചു.

ജനങ്ങളുടെ വലിയ അവലംബമായ സിനിമ എന്ന കലാരൂപം ഇന്ന് വലിയ പ്രതിസന്ധിയിലാണ്. മഹാവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ഭാഗമായി സിനിമാ മേഖല പാടെ സ്തംഭിച്ചിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ പ്രിയപ്പെട്ട ഈ ജനകീയ കലക്കെതിരെ നടക്കുന്ന മതഭീകരനീക്കത്തെ തിരിച്ചറിയാനും ചെറുത്തു തോല്‍പ്പിക്കാനും ജനങ്ങള്‍ ഒന്നടക്കം മുന്നോട്ടു വരണമെന്ന് സംഘം അഭ്യര്‍ത്ഥിക്കുന്നതായും സംസ്ഥാന പ്രസിഡന്റ് ഷാജി എന്‍ കരുണും ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലും ആവശ്യപ്പെട്ടു.

Content Highlights: writers slams ‘religious fanatics’ for destroying church set of Minnal Murali