വേദവതി
തിരുവില്വാമല: സാഹിത്യകാരന്‍ വടക്കേക്കൂട്ടാല നാരായണന്‍കുട്ടി നായരു(വി.കെ.എന്‍.)ടെ ഭാര്യ പുതിയങ്കം മേതില്‍ കുടുംബാംഗമായ വേദവതി അമ്മ (90) അന്തരിച്ചു. പാലക്കാട് പുതിയങ്കം മേതില്‍ കുടുംബാംഗമായിരുന്നു. വി.കെ.എന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓര്‍മകളും സ്മാരകത്തിനായുള്ള പരിശ്രമവുമായാണ് അവസാനശ്വാസം വരെ വേദവതി കഴിഞ്ഞത്.
മക്കള്‍: രഞ്ജന, പരേതനായ ബാലചന്ദ്രന്‍. മരുമക്കള്‍: പരേതനായ കൃഷ്ണകുമാര്‍ (ആര്‍മി എന്‍ജിനീയര്‍), രമ (വി.കെ.എന്‍. സ്മാരകം കെയര്‍ ടേക്കര്‍). സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2-ന് പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തില്‍.
ചിരിയൂട്ടിയ എഴുത്തുകാരനൊപ്പം വിരുന്നൂട്ടിയ വേദവതി
തൃശ്ശൂര്‍: തിരുവില്വാമല വടക്കേക്കൂട്ടാലയിലെ വീട്ടില്‍ ഹാസ്യസമ്രാട്ട് വി.കെ.എന്‍. ആയിരുന്നുവെങ്കില്‍ പ്രസാദസുന്ദരമുഖമായിരുന്നു വേദവതി. വി.കെ.എന്റെ ആരാധകരെയും സുഹൃത്തുക്കളെയും സ്‌നേഹത്തോടെ ഊട്ടിയിരുന്നു വേദവതി. എത്ര അവാര്‍ഡും ശമ്പളവും കിട്ടിയാലും ആ പൈസയ്ക്ക് പുസ്തകവും വാങ്ങിക്കൊണ്ടുവന്ന് വായിച്ചിരിക്കുന്ന വി.കെ.എന്നെപ്പറ്റി അഭിമാനത്തോടെ വേദവതി പറയുമായിരുന്നു. 'വേദേ' എന്നാണ് വി.കെ.എന്‍. വിളിച്ചിരുന്നത്.
എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും പേരുകേട്ട പാലക്കാട് പുതിയങ്കം മേതില്‍ തറവാട്ടുകാരിയായിരുന്നു വേദവതി. 19-ാം വയസ്സില്‍ തലശ്ശേരിയില്‍ ഉദ്യോഗവുമായെത്തിയ നാരായണന്‍കുട്ടി, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ കോടോത്ത് ചന്ദ്രന്‍ നമ്പ്യാരുടെ ഒപ്പിനുവേണ്ടി ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ മൂത്ത മകളായ വേദവതിയെ കാണുന്നത്. വേദയുടെ മതിപ്പ് പിടിച്ചുപറ്റാനായി ഇംഗ്ലീഷ് കവിതകളെഴുതി വായിച്ച് അഭിപ്രായം പറയാനേല്‍പ്പിച്ചു.
കുറേയായിട്ടും സംഭാഷണത്തില്‍ അതൊന്നും പരാമര്‍ശിക്കാതായതോടെ എഴുത്തുകാരന് ആധിയായി. നേരിട്ട് അതേക്കുറിച്ച് ചോദിക്കാന്‍ നിശ്ചയിച്ചു. പാട്ടും കളിയുമൊക്കെയുണ്ടെന്ന് അച്ഛന്‍ പറഞ്ഞെന്നാണ് മറുപടി. അപ്പോഴാണ് എഴുത്തുകാരന് കഥ വ്യക്തമാകുന്നത്. അന്നേവരെ അയച്ചതെല്ലാം വായിച്ചിരുന്നത് അച്ഛനാണ്. അതിന് പ്രയോജനവുമുണ്ടായി. പുതുതായി ഉദ്യോഗത്തിനെത്തിയ യുവാവ് എഴുത്തും വായനയുമൊക്കെയുള്ളയാളാണെന്ന് അദ്ദേഹം നാട്ടില്‍ പാട്ടാക്കി. 1954 ഫെബ്രുവരി 11-ന് ഗുരുവായൂരില്‍വെച്ച് രാത്രികല്യാണമായിരുന്നു ഇവരുടേത്.
വി.കെ.എന്റെ ഓര്‍മയ്ക്കായി സ്മാരകം ഒരുക്കാനും മുന്നില്‍നിന്നിരുന്നു അവര്‍. മരിച്ച് 19-ാം വര്‍ഷം തികഞ്ഞ ഇക്കൊല്ലവും വീട്ടുമുറ്റത്തെ അദ്ദേഹത്തിന്റെ സ്മാരകത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചവയൊന്നും കിട്ടിയില്ലെന്ന വേദനയുണ്ടായിരുന്നു. വി.കെ.എന്‍. അന്തരിച്ചശേഷവും അദ്ദേഹത്തെ അറിയുന്നവരെല്ലാം അവരെ കാണാന്‍ തിരുവില്വാമലയില്‍ എത്തിയിരുന്നു. മോരൂട്ടാനും ചിരിയും കൊണ്ട് എല്ലാവരുടെയും ഹൃദയം കവര്‍ന്ന വേദവതി, എഴുത്തുകാരന്റെ അത്ര എളുപ്പമല്ലാത്ത സഞ്ചാരത്തിനൊപ്പമാണ് കടന്നുപോന്നത്. വേദവതി യാത്രയാകുന്നതോടെ പ്രസാദാത്മകമായ ആ ചിരിയാണ് മറയുന്നത്.
Content Highlights: writer vkn wife vedavathi amma passes away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..