പ്രശസ്ത സാഹിത്യകാരി സുമംഗല ഇനി ഓർമ. എൺപത്തിയേഴ് വയസ്സായിരുന്നു. വൈകുന്നേരം ആറ് മണിക്ക് സ്വന്തം വീട്ടിൽ വച്ചായിരുന്നു അന്ത്യം. സുമംഗലയുടെ വിയോഗത്തെക്കുറിച്ച് മകൻ അഷ്ടമൂർത്തി സംസാരിക്കുന്നു.

''രണ്ടാഴ്ചയായി അമ്മ വായനമുടക്കിയിട്ട്. തീരെ വയ്യാതായി എന്നു ഞങ്ങൾ മനസ്സിലാക്കിയതു തന്നെ അമ്മ പുസ്തകങ്ങൾ തുറക്കാതായപ്പോഴാണ്. മൂന്നുമാസം മുമ്പ് ഒന്നു വീണതാണ് ഹേതു. വീഴ്ചയ്ക്കുശേഷം കിടപ്പു തന്നെയായിരുന്നു. കിടന്നിടത്തു അമ്മയ്ക്ക് കാണാനും എടുക്കാനുമുള്ള സൗകര്യത്തിൽ പുസ്തകങ്ങൾ വെക്കാനായിരുന്നു ഏക നിർബന്ധം കാണിച്ചിരുന്നത്.

ഇന്ന് വൈകിട്ട് ആറ് മണിക്ക് അമ്മ പോയി. ഒരു മണിക്കൂർ മുമ്പുവരെ ഞങ്ങൾ മക്കളോട് അമ്മയാലാവും വിധം പ്രതികരിച്ചിരുന്നു. ഞാനും ജ്യേഷ്ഠൻ നാരായണനും അടുത്തു തന്നെ ഉണ്ടായിരുന്നു. ഏകമകളായ ഡോ. ഉഷാനീലകണ്ഠന്റെ മകൾക്ക് കോവിഡായതിനാൽ അവർക്ക് അമ്മയെ കാണാനോ അവസാനമായി അമ്മയ്ക്ക് അവരെ കാണാനോ സാധിച്ചില്ല എന്നൊരു സങ്കടം ബാക്കിയാണ്. സംസ്കാരച്ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നാളെ പതിനൊന്നു മണിക്ക് നടക്കും.''

Content Highlights : Writer Sumangala Passed Away Son Ashtamoorthi says about the death