കോഴിക്കോട്: ലക്ഷദ്വീപിലെ കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്കും സിനിമ പ്രവര്‍ത്തകര്‍കരും ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോള്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ കെ.പി രാമനുണ്ണി. ദ്വീപുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് ദൈവപ്രീതി ലഭിക്കുന്ന സല്‍ക്കര്‍മമായിരിക്കുമെന്ന് രാമനുണ്ണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇത്ര പാവങ്ങളും നിഷ്‌കളങ്കരുമായ മനുഷ്യര്‍ക്ക് പുലരാന്‍ കഴിയുമോ എന്ന അത്ഭുതം ലക്ഷദ്വീപില്‍ പോയാല്‍ നമ്മള്‍ അനുഭവിക്കും. ഇത്ര പാവങ്ങളും നിഷ്‌കളങ്കരുമായ മനുഷ്യര്‍ക്ക് പുലരാന്‍ കഴിയുമോ എന്ന അത്ഭുതം ലക്ഷദ്വീപില്‍ പോയാല്‍ നമ്മള്‍ അനുഭവിക്കും. എന്തിനീ സമാനതകളില്ലാത്ത ക്രൂരതയെന്നും കെ.പി രാമനുണ്ണി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

സമാനതകളില്ലാത്ത ക്രൂരത
ഇത്ര പാവങ്ങളും നിഷ്‌കളങ്കരുമായ മനുഷ്യര്‍ക്ക് പുലരാന്‍ കഴിയുമോ എന്ന അത്ഭുതം ലക്ഷദ്വീപില്‍ പോയാല്‍ നമ്മള്‍ അനുഭവിക്കുക തന്നെ ചെയ്യും. കേന്ദ്ര സാഹിത്യഅക്കാദമി സംഘടിപ്പിച്ച പരിപാടിക്ക് ലക്ഷദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ എനിക്ക് ഈ അനുഭവമുണ്ടായി.
സ്‌നേഹസമ്പന്നരായ ജനങ്ങള്‍, സൗമ്യമായ ഇടപെടലുകള്‍, പരക്കംപാച്ചിലുകളില്ലാത്ത ജീവിതചര്യകള്‍, കുറ്റകൃത്യങ്ങളില്ലാത്ത ജനപദങ്ങള്‍ , അടച്ചുപൂട്ടിയ ജയിലുകള്‍......

ഇങ്ങനെയുള്ള ജീവിതാവസ്ഥയെ കുട്ടിച്ചോറാക്കാനാണ് പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫൂല്‍ പട്ടേല്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിയന്ത്രണങ്ങളില്‍ അയവുവരുത്തി കോവിഡ് മഹാമാരിയെ അദ്ദേഹം ദ്വീപ് നിവാസികളിലേക്ക് എത്തിച്ചു. പോരാത്തതിന് ഡയറിഫാമുകള്‍ അടച്ചുപൂട്ടി സാമ്പത്തിക രംഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഗുണ്ടാ നിയമം കൊണ്ടുവന്ന് പാവങ്ങളെ അടിച്ചൊതുക്കാന്‍ പദ്ധതിയിടുന്നു. 

എന്തിനീ സമാനതകളില്ലാത്ത ക്രൂരത ?
കേന്ദ്ര സര്‍ക്കാര്‍ കണ്ണുതുറക്കുമോ ?
ദ്വീപുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്  ദൈവപ്രീതി ലഭിക്കുന്ന സല്‍ക്കര്‍മമായിരിക്കും. നമ്മള്‍ അത് ചെയ്യണം. 

Content Highlights: writer KP Ramanunni facebook post on Lakshadweep administrator policies