കൊച്ചി: എണ്‍പത്തഞ്ചാം പിറന്നാളിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ അതിശക്തമായ സ്ത്രീപക്ഷ രചനയുടെ തിരക്കിലാണ് എഴുത്തുകാരന്‍ കെ.എല്‍. മോഹനവര്‍മ. രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ തന്ത്രപ്രധാന തീരുമാനങ്ങളില്‍ സ്ത്രീകളുടെ അടയാളപ്പെടുത്തലുകള്‍ എത്രത്തോളമുണ്ട് എന്ന അന്വേഷണമാണ് പുതിയ നോവലെന്ന് അദ്ദേഹം പറയുന്നു.

സംവരണത്തിന്റെ പേരിലല്ല, തുല്യതയുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ക്ക് കഴിവ് തെളിയിക്കാന്‍ അവസരം നല്‍കേണ്ടതെന്ന മാധവിക്കുട്ടിയുടെ വാക്കുകളില്‍ നിന്നാണ് ഇത്തരമൊരു രചനയുടെ ആദ്യ ചിന്ത വന്നതെന്ന് അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചു പോയ അമ്മയുടെ ഓര്‍മകളും രചനയുമായി ബന്ധപ്പെട്ട് ഉണ്ട്. കെ.ആര്‍. ഗൗരിയമ്മയുമായി അമ്മയ്ക്ക് ആത്മബന്ധമുണ്ടായിരുന്നു.

കഴിവ് തെളിയിച്ചിട്ടും മുന്‍നിരയിലേക്ക് ഉയര്‍ന്നിട്ടും അര്‍ഹിക്കുന്ന സ്ഥാനത്തെത്താന്‍ ഗൗരിയമ്മയ്ക്ക് കഴിഞ്ഞിരുന്നില്ലെന്ന് അമ്മ പറയുമായിരുന്നു. ഗൗരിയമ്മയുടെ മരണത്തിനു പിന്നാലെ അമ്മ പണ്ട് പറഞ്ഞ കാര്യങ്ങളും ഓര്‍മയിലെത്തി. നോവല്‍ രചനയെ അതും സ്വാധീനിച്ചിരിക്കാമെന്ന് അദ്ദേഹം പറയുന്നു.

പൊതു രംഗങ്ങളിലും രാഷ്ട്രീയത്തിലും സമൂഹത്തിലും ഉയര്‍ന്നുവന്ന സ്ത്രീകളെക്കുറിച്ചുള്ളതാണ് നോവല്‍.

ജൂലായ് എട്ടിനാണ് ജന്മദിനം. കോവിഡ് കാലത്ത് പ്രത്യേക ആഘോഷങ്ങളൊന്നുമില്ല. ജന്മനക്ഷത്രം കഴിഞ്ഞ മാസമായിരുന്നു. ആ ദിവസമാണ് നോവല്‍ രചന ആരംഭിച്ചത്. ഇനിയും പേരിട്ടിട്ടില്ലാത്ത നോവല്‍ എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

Content Highlights: writer KL Mohanavarma 85 th birthday