താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിന്റെ ഹൃദയഭേദകമായ കാഴ്ചകള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ നിറയുകയാണ്. ഭയചകിതരായ തന്റെ ജനതയുടെ വിലാപങ്ങള്‍ ഉയരുമ്പോള്‍ അവരെ മോചിപ്പിക്കാനായി ഇടപെടണമെന്ന് ലോകത്തോട് അഭ്യര്‍ഥിക്കുകയാണ് ലോകപ്രശസ്ത അഫ്ഗാന്‍-അമേരിക്കന്‍ എഴുത്തുകാരന്‍ ഖാലിദ് ഹുസൈനി. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.

'ശ്ചിമ അഫ്ഗാനിസ്ഥാന്റെ ഹെറാത് നഗരത്തിന് സമീപം താമസിക്കുന്ന ഒരു കസിന്‍ ഉണ്ടെനിക്ക്. ഒന്നിച്ച് ജനിച്ച് വളര്‍ന്നവാരണ് ഞങ്ങള്‍. ബാല്യകാലത്ത് ഞങ്ങള്‍ ഒന്നിച്ച് പാട്ട് കേള്‍ക്കുന്നതും നൃത്തം ചെയ്യുന്നതുമെല്ലാം ഞാന്‍ ഓര്‍ക്കുന്നു. കഴിഞ്ഞ അമ്പത് വര്‍ഷത്തോളമായി ഞാനവളെ കണ്ടിട്ടില്ല. മനോഹരമായ പച്ച കണ്ണുകളുള്ള, ഊഷ്മളമായി പുഞ്ചിരിക്കുന്ന യുവതിയായാണ് അവള്‍ എന്റെ ഓര്‍മകളിലുള്ളത്. 

ഇന്നലെ ഞാന്‍ അവളോട് ഫോണില്‍ സംസാരിച്ചിരുന്നു. അവള്‍ ഭയന്നുവിറച്ചിരിക്കുകയാണ്. അവളുടെ മുതിര്‍ന്ന കുട്ടികളെല്ലാം ഹെരാതിലേക്കോ കാബൂളിലേക്കോ പലായനം ചെയ്തതായി അവള്‍ പറഞ്ഞു. അവിടം താല്‍ക്കാലികമായെങ്കിലും സുരക്ഷിതമാണെന്ന് അവര്‍ കരുതുന്നത്. താലിബാന്റെ കൊടി പാറുന്ന ഒരു നഗരത്തില്‍ അവളും ഒരു മകനും ഭയന്ന് വിറച്ച് കഴിയുകയാണിപ്പോള്‍.

ഞെട്ടലേടെയും നിസഹായതയോടെയുണ് ഞാനത് കേട്ടുനിന്നത്. അവളെ കുറിച്ചുള്ള ആശങ്കയിലാണ് ഞാനിപ്പോള്‍. അവളെപ്പോലെ, നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമായ ലക്ഷക്കണക്കിന് അഫ്ഗാനികളെ കുറിച്ചോര്‍ത്ത് ഞാന്‍ ആശങ്കപ്പെടുന്നു. അവര്‍ എങ്ങോട്ട് പോകും? അവര്‍ക്ക് എന്താണ് സംഭവിക്കുക? ആര്‍ക്കും ഒന്നും പറയാന്‍ സാധിക്കുന്നില്ല. പക്ഷെ ഞാന്‍ ഏറ്റവും ആശങ്കപ്പെടുന്നത് എന്റെ അഫ്ഗാന്‍ സഹോദരിമാരെ കുറിച്ചോര്‍ത്താണ്. മറ്റാരെക്കാളും അനുഭവിക്കേണ്ടി വരിക അവരായിരിക്കും. 

താലിബാന്‍ അവസാനമായി അഫ്ഗാനിസ്ഥാന്‍ ഭരിച്ചപ്പോഴുള്ള ഭയപ്പെടുത്തുന്ന ഓര്‍മകള്‍ ഇപ്പോഴും വിട്ടുപോയിട്ടില്ല. പൊതുനിരത്തുകളിലെ ചാട്ടവാറടികള്‍, മൈതാനങ്ങളില്‍ വെച്ചുള്ള പരസ്യമായ കൈവെട്ടലുകളും വധശിക്ഷകളും, അമൂല്യമായ ചരിത്രശേഷിപ്പുകളുടെ തകര്‍ക്കലുകള്‍ തുടങ്ങിയ ഭീകരമായ ഓര്‍മകള്‍. ബുര്‍ഖ ധരിച്ച ഒരു സ്ത്രീയെ ഒരു താലിബാന്‍ തീവ്രവാദി വടി ഉപയോഗിച്ച് ക്രൂരമായി അടിക്കുന്ന ചിത്രമാണ് എന്നെ ഏറ്റവും വേട്ടയാടാറുള്ളത്. സ്ത്രീകളായിരുന്നു ഏറ്റവും വലിയ ഇരകള്‍. സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും ജോലി ചെയ്യാനും വിദ്യാഭ്യാസം നേടാനുമൊക്കെയുള്ള അവകാശങ്ങള്‍ അന്നവര്‍ നിഷേധിച്ചു. സ്വന്തം മുഖം പുറത്ത് കാണിക്കാന്‍ പോലും അവകാശമില്ലാത്തവരായി മാറി. എന്റെ സഹോദരിയെയും അവളുടെ മകളെയും കാത്തിരിക്കുന്നത്? ഇതാണോ സ്വന്തം സ്വത്വത്തിനും അന്തസിനും സ്വാതന്ത്രത്തിനുമായി ഇരുപത് വര്‍ഷത്തോളം പോരാടിയ ധീരകളായ പതിനായിരക്കണക്കിന് അഫ്ഗാന്‍ സ്ത്രീകളെ കാത്തിരിക്കുന്നത്?

എന്റെ ജനതയ്ക്ക് എന്ത് സംഭവിക്കും? എന്റെ സഹോദരിമാര്‍ക്ക് എന്ത് സംഭവിക്കും? ആരാണ് അവരെ സഹായിക്കുക? ഒന്നിനുമുള്ള മറുപടികള്‍ ഇന്ന് എന്റെ കൈവശമില്ല. ഇന്ന് എനിക്ക് സങ്കടം മാത്രമാണുള്ളത്. ഞാന്‍ തകര്‍ന്നിരിക്കുകയാണ്. എന്റെ സഹോദരന്മാരുടെ പ്രതീക്ഷകള്‍ക്കും അഭിലാഷങ്ങള്‍ക്കുമായി വിലപിക്കുകയാണ് ഞാന്‍. 

അമേരിക്ക അവരുടെ തീരുമാനം എടുത്തുകഴിഞ്ഞു. ഞാന്‍ ഉള്‍പ്പടെയുള്ള അഫ്ഗാനികള്‍ ഭയപ്പെട്ട ദുരന്തം ആരംഭിച്ചു കഴിഞ്ഞു. പക്ഷെ ഈ ഇരുണ്ട കാലത്തും ഞാന്‍ പ്രതീക്ഷ കൈവിടുന്നില്ല. അഫ്ഗാനിസ്ഥാനെ മറന്നുകളയാന്‍ ലോകത്തിനാകില്ല. മറക്കാന്‍ പാടില്ല. അടച്ചിട്ട വാതിലുകള്‍ക്കകത്ത് അഫ്ഗാന്‍ സ്ത്രീകള്‍ തകര്‍ന്നുപോയിട്ടില്ലെന്ന് നാം ഉറപ്പുവരുത്തണം. അവര്‍, അഫ്ഗാന്‍ ജനത ഇതിലും മെച്ചപ്പെട്ടവ അര്‍ഹിക്കുന്നവരാണ്.

Content Highlights: Writer Khaled Hosseini Shares Horrific Images Of Taliban Rule