കൊച്ചി: പുരസ്‌കാരങ്ങളോട് മുഖംതിരിക്കാറില്ലെങ്കിലും അനീസ് ഒന്നേ പറയുന്നുള്ളു -'ഞാന്‍ പുരസ്‌കാരം കൈപ്പറ്റാന്‍ പോകുന്നില്ല. എഴുത്തുകാരനായ തന്നെ ആളുകള്‍ കാണേണ്ടതില്ല, എന്നെ അവര്‍ വായിച്ചാല്‍മതി'.

അനീസ് സലിമിന്റെ 'ദി ബ്ലൈന്‍ഡ് ലേഡീസ് ഡിസെന്റന്‍സ്' എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ഇതേപുസ്തകത്തിന് 2015-ല്‍ ക്രോസ്‌വേഡ് പുരസ്‌കാരം ലഭിച്ചിരുന്നു. എന്നാല്‍, അതും അദ്ദേഹം വാങ്ങിയില്ല. 

സാഹിത്യ അക്കാദമി അവാര്‍ഡിലും തന്നെയല്ല, തന്റെ പുസ്തകത്തെയാണ് മതിക്കേണ്ടത് എന്ന് ഉറച്ച് തീരുമാനമെടുത്തിരിക്കുന്ന അനീസ് അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. 

'അവാര്‍ഡ് ചെറുതോ വലുതോ ആയിക്കൊള്ളട്ടെ, വാങ്ങാന്‍ പോകില്ലെന്നത് എഴുത്തുകാരനായി പേരെടുത്ത അന്നുമുതലുള്ള തീരുമാനമാണ്. അതിനിനി മാറ്റമുണ്ടാവില്ല. എഴുത്തുകാരന്‍ ആഘോഷിക്കേണ്ടവനല്ല, അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുമില്ല' -അനീസ് പറഞ്ഞു. 

'അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപന സമയമായെന്ന് അറിഞ്ഞിട്ടുമില്ലായിരുന്നു. അന്തിമലിസ്റ്റില്‍ ബുക്ക് ഇടം നേടിയപ്പോഴാണ് പുരസ്‌കാരത്തെക്കുറിച്ച് അറിയുന്നത്. അവാര്‍ഡ് ലഭിച്ചതില്‍ അമിതസന്തോഷമില്ല, 'ദി സ്മോള്‍ ടൗണ്‍ സീ'യാണ് അവസാനം പുറത്തിറക്കിയ നോവല്‍. അടുത്ത നോവല്‍ എഴുതിത്തുടങ്ങിയിട്ടുണ്ടെന്നും അനീസ് പറഞ്ഞു. 

മൂന്നുപേര്‍ കൂടിയാല്‍ത്തന്നെ ആള്‍ക്കൂട്ടമായിട്ടാണ് അനീസിന് അനുഭവപ്പെടുന്നത്. അതുകൊണ്ടാവാം പലവേദികളില്‍നിന്നും പിന്മാറാന്‍ മനസ്സ് പറയുന്നത്. 16-ാം വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് അച്ഛന്റെ വലിയ പുസ്തകശേഖരത്തെ കൂട്ടുപിടിച്ചതും പിന്നീട് പതിയെ എഴുത്തിന്റെ ലോകത്തേക്ക് എത്തിപ്പെട്ടതിന് ഈ അന്തര്‍മുഖത്വം കാരണമായിട്ടുണ്ട്. 

ദി വിക്സ് മാംഗോ ട്രീ, ടെയ്ല്‍സ് ഫ്രം എ വെന്‍ഡിങ് മെഷീന്‍, വാനിറ്റി ബാഗ് എന്നിവയാണ് മറ്റ് നോവലുകള്‍. കൊച്ചിയില്‍ പരസ്യക്കമ്പനിയില്‍ ക്രിയേറ്റീവ് ഹെഡ് ആണ് ഇദ്ദേഹം.

Content Highlights: Crossword Book Prize, Anees Salim, The Blind Lady’s Descendants, Sahitya Akademi Award