ടകര: 'അന്ന് ലോക്കല്‍ ലൈബ്രറിയില്‍ അംഗത്വം കിട്ടാന്‍ മൂന്നു രൂപയാണ് ഫീസ്. ഒപ്പം ഒരു ഡിഗ്രിക്കാരന്റെ ഒപ്പും വേണം. അധ്യാപകര്‍ക്കൊക്കെയാണ് സാധാരണ അംഗത്വം കിട്ടുക...' വി.കെ. ബാലന്‍ മാസ്റ്റര്‍ പറയുന്നത് പുസ്തകങ്ങളുടെ ലോകത്തേക്ക് പിച്ചവെച്ചുതുടങ്ങിയ കഥയാണ്.

1956-ലായിരുന്നു അത്. അന്ന് 19 വയസ്സ്. തിയോസഫിക്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകനായ പതിയാരക്കരയിലെ കുഞ്ഞിരാമക്കുറുപ്പ് ഒപ്പിട്ടുനല്‍കി. അങ്ങനെ വടകര ലോക്കല്‍ ലൈബ്രറിയില്‍ അംഗത്വം കിട്ടി. പിന്നീടങ്ങോട്ട് പുസ്തകങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതം. ഗ്രന്ഥശാലകള്‍ കെട്ടിപ്പടുക്കുന്നതിലായിരുന്നു ശ്രദ്ധയത്രയും.

ആറു പതിറ്റാണ്ടിനോടടുക്കുന്ന ഗ്രന്ഥശാലാപ്രവര്‍ത്തനത്തിന് ഈ 83-ാം വയസ്സിലും വിശ്രമമില്ല. ഇപ്പോഴും നാട്ടിലെ പണിക്കോട്ടി ഐക്യകേരള ഗ്രന്ഥാലയത്തെ താലൂക്ക് ലൈബ്രറി കൗണ്‍സിലില്‍ പ്രതിനിധീകരിക്കുന്നു. പിന്നെ മുടങ്ങാത്ത വായനയും. മൂവായിരത്തോളം പുസ്തകങ്ങള്‍ സ്വന്തം ശേഖരത്തിലുണ്ട്. കിട്ടാവുന്ന സമയങ്ങളിലെല്ലാം വായിച്ച് വായിച്ച് ഗ്രന്ഥശാലാ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു ഇദ്ദേഹം.

1962-ലാണ് പണിക്കോട്ടി സ്വദേശി വി.കെ. ബാലന്‍ ഗ്രന്ഥശാലാ പ്രവര്‍ത്തനം തുടങ്ങിയത്. 1968-ല്‍ സ്വന്തം നാട്ടില്‍ ഐക്യകേരള കലാസമിതിയുടെ പേരില്‍ ഗ്രന്ഥാലയം തുടങ്ങുന്നതിന് നേതൃത്വം നല്‍കി.

ഗ്രന്ഥാലയം തുടങ്ങുന്നതിന് അന്ന് ഒരുപാട് പേര്‍ പിന്തുണ നല്‍കി. എം. കേളപ്പേട്ടന്‍, പി.പി. കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍, ഒതയോത്ത് ഗോപാലക്കുറുപ്പ്, ടി. കുഞ്ഞബ്ദുള്ള, ടി. രാജന്‍... അങ്ങനെ കുറേപ്പേര്‍... അച്ഛന്‍ കുട്ടിമാഷും എല്ലാ സഹായങ്ങളും നല്‍കി...'600 പുസ്തകങ്ങളായിരുന്നു ഗ്രന്ഥാലയം തുടങ്ങാന്‍ വേണ്ടത്. ഇത് ഓരോ വീടും കയറി ശേഖരിച്ചു. 1985 വരെ ഈ ഗ്രന്ഥാലയത്തിന്റെ സെക്രട്ടറിയായിരുന്നു. 1985 മുതല്‍ 90 വരെ പ്രസിഡന്റുമായി.

1970-ല്‍ തന്നെ ഗ്രന്ഥശാലാ സംഘം താലൂക്ക് യൂണിയന്‍ ഭരണസമിതി അംഗമായി. 87-ല്‍ ഗ്രന്ഥശാലാ സംഘം ജില്ലാ ഉപദേശകസമിതി പ്രസിഡന്റായി. 94 മുതല്‍ പത്തുവര്‍ഷം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയായി. 2004 മുതല്‍ 2015 വരെ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായി.

ആദ്യകാലഘട്ടങ്ങളിലെ ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിന്റെ ഓര്‍മകള്‍ ഒട്ടും തിളക്കം മങ്ങാതെ ഇദ്ദേഹത്തിന്റെ ഉള്ളിലുണ്ട്. അന്ന് നാടാകെ സഞ്ചരിക്കണം. ലൈബ്രറികള്‍ വരുക എന്നുള്ളത് ആവേശകരമായ കാര്യമായിരുന്നു. ജില്ലയില്‍ ഇദ്ദേഹം പോകാത്ത ലൈബ്രറികളില്ല. ഇദ്ദേഹത്തെ അറിയാത്ത ഗ്രന്ഥശാലാ പ്രവര്‍ത്തകരുമില്ല. അധ്യാപക സംഘടന, കലാസമിതി, ശാസ്ത്രസാഹിത്യപരിഷത്ത്, സാക്ഷരത, ജനകീയാസൂത്രണം, രാഷ്ട്രീയം എന്നീ മേഖലകളിലും നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. സി.പി. എമ്മിനെ പ്രതിനിധീകരിച്ച് നഗരസഭാ കൗണ്‍സിലറുമായി.

ഗ്രന്ഥശാലാ സംഘം പിരിച്ചുവിട്ടശേഷമുള്ള കാലത്തെ പ്രവര്‍ത്തനം ഏറെ ക്ലേശകരമായിരുന്നെന്ന് ഇദ്ദേഹം ഓര്‍ക്കുന്നു. കുറെ ലൈബ്രറികള്‍ തകര്‍ച്ചയിലായിരുന്നു. കുറച്ചുമാത്രമാണ് നിലനിന്നത്. ഇതിനെയെല്ലാം പുനരുജ്ജീവിപ്പിക്കാന്‍ ഏറെ പാടുപെട്ടു. ഗ്രന്ഥശാലാസംഘം പിരിച്ചുവിട്ടതിനെതിരേ ശക്തമായ പ്രതിഷേധമാണ് അന്നുയര്‍ന്നത്.

വായന മരിക്കുന്നില്ലെന്നും പുതിയ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി വായന വളരുകയാണെന്നുമാണ് ഇദ്ദേഹത്തിന്റെ പക്ഷം. അനുഭവങ്ങളുടെ വെളിച്ചത്തില്‍ ലൈബ്രറികളെക്കുറിച്ചും സംഘാടനത്തെക്കുറിച്ചും ഇദ്ദേഹത്തിന് പറയാനുള്ളത് ഇത്രമാത്രം.

'ലൈബ്രറികള്‍ നല്ലതാണ്... പക്ഷേ, നടത്തിക്കൊണ്ടുപോകാന്‍ കുറച്ച് പണിയുണ്ട്...നല്ല സംഘടനാ സംവിധാനം വേണം... ആ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരും വേണം... ഒന്നും ഇങ്ങോട്ട് പ്രതീക്ഷിക്കരുത്...'

2008-ല്‍ കൊല്‍ക്കത്ത രാജാറാം മോഹന്‍ റോയ് ഫൗണ്ടേഷന്‍ പുരസ്‌കാരം, 2015-ലെ കേരള സാഹിത്യ അക്കാദമിയുടെ മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള പുരസ്‌കാരം, 2016-ല്‍ കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പി.എന്‍ പണിക്കര്‍ പുരസ്‌കാരം എന്നിവ വി.കെ ബാലന്‍ മാസ്റ്ററെ തേടിയെത്തിയിട്ടുണ്ട്.

Content Highlights: VK Balan Master, keeping books and library for sixty years, Kerala Libraries