തിരുവനന്തപുരം: വയലാര്‍ രാമവര്‍മ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വി.ജെ ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിന്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏഴാച്ചേരി രാമചന്ദ്രന്റെ ഇലത്തുമ്പിലെ വജ്രദാഹം എന്ന കൃതിയും അവസാന റൗണ്ടിലെത്തിയിരുന്നു.

അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുണ്ടായിരുന്നു. ഒരു കൃതിക്ക് അവാര്‍ഡ് നല്‍കാനായി ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമം നടക്കുന്നതായി ആരോപിച്ച് എഴുത്തുകാരന്‍ എം.കെ സാനു അവാര്‍ഡ് നിര്‍ണയ സമിതിയില്‍ നിന്ന് രാജിവെച്ചിരുന്നു. 

അവാര്‍ഡ് നല്‍കുന്ന വര്‍ഷത്തിന് തൊട്ടുമുമ്പുള്ള അഞ്ചുവര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പുറത്തിറക്കിയിട്ടുള്ള മൗലിക കൃതികളില്‍ നിന്നാണ് അവാര്‍ഡിനര്‍ഹമായ കൃതി തിരഞ്ഞെടുക്കുന്നത്. 

ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിയായ വി.ജെ ജയിംസ് തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ എഞ്ചിനീയറാണ്. പുറപ്പാടിന്റെ പുസ്തകം, ചോരശാസ്ത്രം, ദത്താപഹാരം, ലെയ്ക്ക (നോവലുകള്‍), ശവങ്ങളില്‍ പതിനാറാമന്‍, ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങള്‍, വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട് (കഥാസമാഹാരങ്ങള്‍) എന്നിവയാണ്‌ കൃതികള്‍.

content highlights: VJ James, vayalar award