ഷാര്‍ജ: സ്വാമി വിവേകാനന്ദനെക്കുറിച്ച് എം.പി. വീരേന്ദ്രകുമാര്‍ എഴുതിയ പ്രൗഢമായ ജീവചരിത്രഗ്രന്ഥമാണ് 'വിവേകാനന്ദന്‍ സന്യാസിയും മനുഷ്യനും'. മഹാസന്യാസി മാത്രമല്ല ജീവിതത്തിന്റെ കഠിന പരീക്ഷണങ്ങളെല്ലാം നേരിടേണ്ടിവന്ന ഒരു സാധാരണമനുഷ്യന്‍ കൂടിയായ വിവേകാനന്ദന്റെ വ്യഥകളും വീരേന്ദ്രകുമാര്‍ ഈ ബൃഹത്ഗ്രന്ഥത്തില്‍ വെളിപ്പെടുത്തുന്നു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയിലെ മാതൃഭൂമി ബുക്സ് സ്റ്റാളിലുള്ള 'വിവേകാനന്ദന്‍ സന്യാസിയും മനുഷ്യനും' വായനക്കാരുടെ ഇഷ്ടകൃതികൂടിയാണ്. മാതൃഭൂമി ബുക്സ് തന്നെയാണ് പ്രസാധകര്‍. വായനോത്സവം തീരാന്‍ രണ്ടുദിവസം മാത്രമുള്ളപ്പോള്‍ 'വിവേകാനന്ദന്‍' മാത്രമല്ല വീരേന്ദ്രകുമാറിന്റെ 'ഹൈമവതഭൂവില്‍' അടക്കം മിക്കകൃതികളും കൂടുതല്‍ വിറ്റഴിയുന്നു. 39 വര്‍ഷംമാത്രം ജീവിച്ച സ്വാമി വിവേകാന്ദന്‍ ഒരു പുരുഷായുസ്സില്‍ ചെയ്തുതീര്‍ക്കാവുന്ന സദ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മടങ്ങിയതെന്ന് ഈ ജീവചരിത്രത്തില്‍ വ്യക്തമാക്കുന്നു. ഒരു പരിവ്രാജകന്റെ വിരക്തയും വിവേകാനന്ദന്‍ എന്ന മനുഷ്യന്റെ ധര്‍മസങ്കടങ്ങളും ഒരേപോലെ അനുഭവിച്ച ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഈ കൃതിയിലൂടെ എം.പി. വീരേന്ദ്രകുമാര്‍ വായനക്കാരിലെത്തിക്കുന്നു.

എം,പി വീരേന്ദ്രകുമാർ എഴുതിയ പുസ്കങ്ങൾ വാങ്ങാം

കവിയും മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ കെ. ജയകുമാര്‍ എഴുതിയ 'ലളിതജീവിതം' എന്ന ചെറുപുസ്തകവും ഷാര്‍ജ പുസ്തകമേളയില്‍ മലയാളികള്‍ തിരഞ്ഞെടുക്കുന്നു. സാധാരണ ജീവിതത്തില്‍ ആന്തരികമാറ്റം അനുഭവപ്പെടുകയും ആ മാറ്റങ്ങളിലൂടെ ജീവിതസങ്കീര്‍ണതയെ പ്രതിരോധിക്കുകയും ചെയ്യാമെന്ന വിശ്വാസമാണ് ഈ കൃതിയിലൂടെ ജയകുമാര്‍ പറയുന്നത്. പരിസ്ഥിതിക്ക് വിരുദ്ധമായി ജീവിച്ച് ജീവിതത്തില്‍ നാശം വരുത്തിവെയ്ക്കുന്ന വര്‍ത്തമാന മനുഷ്യരുടെ നിയന്ത്രണമില്ലാത്ത ജീവിതചര്യയുടെ പോരായ്മകൂടിയാണ് ഈ കൃതി പറയുന്നത്.

വില്യം ലോഗന്‍ കേരളത്തിന്റെ സമസ്തമേഖലകളെയും സ്പര്‍ശിച്ചെഴുതിയ 'മലബാര്‍ മാന്വല്‍' ഉം വായനക്കാരുടെ പ്രീതി നേടിയ കൃതിയാണ്. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ ഈ കൃതി ഇതിനകം ഒട്ടേറെ പതിപ്പുകള്‍ വന്നുകഴിഞ്ഞു. കേരളത്തില്‍ വില്യം ലോഗന്‍ നടത്തിയ യാത്രകളിലൂടെ പഠനങ്ങളും അനുമാനങ്ങളും ചേര്‍ത്താണ് ഈ വൈജ്ഞാനിക ഗ്രന്ഥം രചിച്ചിരിക്കുന്നത്. ചരിത്രഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രധാനപ്പെട്ട റഫറന്‍സ് ഗ്രന്ഥമാണിത്. മലബാറിന്റെ സംസ്‌കാരം, ഭൂപ്രകൃതി, ആചാരാനുഷ്ഠാനങ്ങള്‍, പൂര്‍വചരിത്രം എന്നിവയെല്ലാം സവിസ്തരം പ്രതിപാദിക്കുന്നു. മൂന്നുകൃതികളും പുസ്തകമേളയിലെ മാതൃഭൂമി സ്റ്റാളില്‍ ലഭ്യമാണ്.

വില്യം ലോഗൻെറ മലബാർ മാന്വൽ വാങ്ങാം

Content Highlights :vivekanandan sanyasiyum manushyanum lalithajeevitham malabar manual sharjah books festival