ലോകചെസ് കിരീടം നേടിയ ആദ്യ ഏഷ്യക്കാരന്‍, ചെസ്സ് ഓസ്‌കര്‍ ലഭിച്ച ആദ്യ ഏഷ്യക്കാരന്‍, ഇന്ത്യയിലെ പ്രഥമ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്നിങ്ങനെ നേട്ടങ്ങള്‍ ഒരുപാടുണ്ട് വിശ്വനാഥന്‍ ആനന്ദിനെ അടയാളപ്പെടുത്താന്‍. 1997 മുതല്‍ തുടര്‍ച്ചയായി ലോകത്തിലെ ഒന്നാം നമ്പര്‍ ചെസ്സ് താരമായ ആനന്ദ്, ലോകം കണ്ട എക്കാലത്തേയും ഏറ്റവും മികച്ച ചെസ്സ്താരങ്ങളിലൊരാളായാണ് അറിയപ്പെടുന്നത്.

ഇന്ത്യയുടെ ഈ ചെസ് ഇതിഹാസം ഇതാദ്യമായി തന്റെ വിജയ രഹസ്യങ്ങള്‍ തുറന്നെഴുതുകയാണ്. 30 വര്‍ഷത്തിലേറെയായി ലോക ചെസിന്റെ മുന്‍ നിരയില്‍ നിലനില്‍ക്കാന്‍ സഹായിച്ച തന്ത്രങ്ങളുടെ രഹസ്യം പുസ്തകരൂപത്തിലാക്കുകയാണ് വിശ്വനാഥന്‍ ആനന്ദ്. 'മൈന്‍ഡ് മാസ്റ്റര്‍: വിന്നിങ് ലെസന്‍സ് ഫ്രം എ ചാമ്പ്യന്‍' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഹാഷറ്റ് ഇന്ത്യയാണ് പ്രസിദ്ധീകരിക്കുന്നത്. ഡിസംബര്‍ 11ന് പുസ്തകം പുറത്തിറങ്ങും.

പ്രമുഖ വിജയങ്ങളും പരാജയങ്ങളും വിജയ രഹസ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകം തനിക്കൊരു ഓര്‍മപുതുക്കലാകുമെന്ന് ആനന്ദ് പറഞ്ഞു. എന്റെ കരിയറിലെയും ജീവിതത്തിലെയും സുപ്രധാന സംഭവങ്ങളെക്കുറിച്ച് എനിക്ക് ഓര്‍മയുണ്ട്. എന്നാല്‍ അത് കടലാസിലേക്ക് പകര്‍ത്തുകയാണെങ്കില്‍, പെട്ടെന്ന് ചിന്തകളെ ക്രോഡീകരിക്കാനും അവയുലൂടെ വിശദമായി കടന്നു പോകാനും നിര്‍ബന്ധിതരാകും. രസകരമായ നിരവധി കഥകളും സംഭവങ്ങളും വീണ്ടും കണ്ടെത്താന്‍ ഇത് എന്നെ സഹായിച്ചു - അദ്ദേഹം പറഞ്ഞു.

Content Highlights: Viswanathan Anand pens inspirational book named Mind Master: Winning Lessons from a Champion's Life