ഗതാ ക്രിസ്റ്റിയുടെ നോവലുകൾക്ക് ഇന്ത്യൻ അനുകല്പനങ്ങളൊരുക്കുകയാണ് ചലച്ചിത്ര സംവിധായകൻ വിശാൽ ഭരദ്വാജ്. ക്രിസ്റ്റിയുടെ വിഖ്യാത കുറ്റാന്വേഷണ നോവലുകളിൽ നിന്നും അതിശയകരവും അത്യുദ്വേഗജനകവുമായ ഒരു കഥയാണ് തന്റെ 'ക്രിസ്റ്റി പ്രൊജക്ടി'നായി തിരഞ്ഞെടുത്തിട്ടുള്ളതെന്ന് സംവിധായകൻ പറഞ്ഞു. ക്രിസ്റ്റിയുടെ ഡിറ്റക്ടീവുകളായ ഹെർക്യുൾ പൈററ്റ്, മിസ് മാർപിൾ എന്നിവരിൽ നിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ട് പുതിയ രണ്ട് ഇന്ത്യൻ ഡിറ്റക്ടീവ് ജോഡികളെയാണ് വിശാൽ അവതരിപ്പിക്കാനുദ്ദേശിക്കുന്നത്.
തിരക്കഥയുടെ പണികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി സംവിധായകൻ തന്റെ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 'അഗതാ ക്രിസ്റ്റിയുടെ ഏത് നോവലിനെയാണ് സിനിമയ്ക്കാധാരമാക്കുന്നതെന്നുള്ളതാണ് സസ്പെൻസ്'- അദ്ദേഹം പറഞ്ഞു.

സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്, പിന്നണി ഗായകൻ, സംഗീതസംവിധായകൻ തുടങ്ങിയ നിലകളിൽ ഇന്ത്യൻ സിനിമയുടെ അവിഭാജ്യഘടകമായ വിശാൽ ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്തനാടകങ്ങളായ മാക്ബത്, ഒഥല്ലോ, ഹാംലെറ്റ് എന്നീ ത്രയങ്ങളെ മക്ബൂൽ, ഓംകാര, ഹൈദർ എന്നീ പേരുകളിൽ ഹോളിവുഡ് സിനിമയാക്കിയിട്ടുണ്ട്. വിശാൽ ഭരദ്വാജ് ഫിലിംസും അഗതാ ക്രിസ്റ്റി ലിമിറ്റഡും ചേർന്നാണ് പുതിയ ആശയത്തിന് രൂപം കൊടുത്തിരിക്കുന്നത്. ക്രിസ്റ്റിയുടെ കൊച്ചുമകനായ ജെയിംസ് പ്രിച്ചാർഡാണ് കോപ്പിറൈറ്റ് സംബന്ധമായകാര്യങ്ങളിൽ വിശാലുമായി സഹകരിക്കുന്നത്.

Content Highlights: Vishal Bhardwaj to develop film franchise based on the works of Agatha Christie