tribesകോഴിക്കോട്: അന്യംനിന്നുപോകലിന്റെ വക്കിലായ ആദിവാസി വാമൊഴിഭാഷയെ സമഗ്രമായി രേഖപ്പെടുത്തി ഗവേഷകര്‍. കേരളത്തിലെ ഏക 'ആര്‍ട്ടിസാന്‍ ട്രൈബ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വയനാട്ടിലെ വെട്ടകുറുമരുടെ (ബെട്ടകുറുമര്‍) ഭാഷയുടെ സവിശേഷതകളാണ് കിര്‍താഡ്‌സ് ഗവേഷകര്‍ പഠനവിധേയമാക്കി പ്രസിദ്ധീകരിച്ചത്. വെട്ടകുറുമരുടെ ഭാഷയും സാഹിത്യവും സംസ്‌കാരവും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതാണ് പഠനം.

ദക്ഷിണ ദ്രാവിഡ ഭാഷാകുടുംബത്തില്‍പ്പെടുന്ന മലയാളം, തമിഴ്, കന്നഡ, തുളു ഭാഷകളുടെ ഉച്ചാരണത്തോടും പദങ്ങളോടും വെട്ടകുറുമരുടെ ഭാഷയ്ക്ക് സാദൃശ്യമുണ്ട്. വെട്ടകുറുമ ഭാഷയുടെ പ്രയോഗരീതി, ശബ്ദവിശേഷങ്ങള്‍, ഭാഷാഭേദങ്ങള്‍, ശബ്ദഭേദം, അക്ഷരങ്ങള്‍, വ്യാകരണം, വാക്യഘടന തുടങ്ങിയവ വിശദമായി പഠനത്തില്‍ പ്രതിപാദിക്കുന്നു. വേറിട്ട സ്വത്വമുള്ള ഒരു ഭാഷയ്ക്കുവേണ്ട എല്ലാ സവിശേഷതകളുമുള്ള വാമൊഴിഭാഷയാണ് വെട്ടുകുറുമരുടേതെന്ന് പഠനം തെളിയിക്കുന്നു.

ഭാഷാപരമായ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ വെട്ടകുറുമ ഭാഷ കൂടുതലായും ബന്ധപ്പെട്ടുകിടക്കുന്നത് കന്നഡയുമായാണെന്ന് വ്യക്തമായി. കന്നഡയിലും വെട്ടകുറുമ ഭാഷയിലും ഒരുപോലെ ഉപയോഗിക്കുന്ന പദങ്ങളുണ്ട്. ബേലി(മലയാളത്തില്‍ വേലി), എമ്മെ(എരുമ), ബാവ്ള്(വവ്വാല്‍), ബാവി(കിണര്‍) തുടങ്ങിയവ ഉദാഹരണങ്ങളാണ്. കന്നഡ, മലയാളം, തമിഴ്, തുളു ഭാഷകള്‍ ഇടകലര്‍ന്ന സമ്മിശ്രഭാഷയാണ് വെട്ടകുറുമരുടേത്. സംഘകാലഘട്ടത്തില്‍ തമിഴില്‍ ഉപയോഗിച്ച ചിലപദങ്ങള്‍ ചെറിയ വ്യത്യാസത്തോടെ ഇന്നും ഉപയോഗിക്കുന്നു. വെട്ടകുറുമരുടെ വിശ്വാസങ്ങള്‍, ആചാരങ്ങള്‍, ഭക്ഷണശീലങ്ങള്‍, പ്രകൃതിയറിവുകള്‍, പാട്ടുകള്‍, കഥകള്‍, കടങ്കഥകള്‍, ചൊല്ലുകള്‍ തുടങ്ങിയവയും ശേഖരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

വയനാട് ഗോത്രഭാഷ പഠനകേന്ദ്രം പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ വെട്ടകുറുമരുടെ ഇടയില്‍ 2018-'19 കാലയളവിലാണ് വിവരശേഖരണം നടത്തിയത്. കിര്‍താഡ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എസ്. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ കേരള സര്‍വകലാശാലാ കാര്യവട്ടം കാമ്പസ് ലിംഗ്വിസ്റ്റിക്‌സ് അസി.പ്രൊഫസര്‍ ഡോ. എസ്.കെ. ശ്യാം, എച്ച്. രതീഷ്, ഡി. കിരണ്‍ എന്നിവരാണ് പഠനസംഘത്തിലുണ്ടായിരുന്നത്. 'വെട്ടകുറുമരുടെ വാമൊഴി സാഹിത്യം, ഭാഷ, കലകള്‍' എന്ന പേരില്‍ പഠനം കിര്‍താഡ്‌സ് പ്രസിദ്ധീകരിച്ചു.

ആര്‍ട്ടിസാന്‍ ട്രൈബ്

:മണ്‍കലങ്ങളും പാത്രങ്ങളും നിര്‍മിക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ളതിനാലാണ് വെട്ടകുറുമരെ ആര്‍ട്ടിസാന്‍ ട്രൈബ് എന്ന് വിശേഷിപ്പിക്കുന്നത്. 2011-ലെ സെന്‍സസനുസരിച്ച് 739 ആണ് അവരുടെ ജനസംഖ്യ. ഇതില്‍ 569 പേരും വയനാട്ടിലാണ്.

തിരുനെല്ലി, കോട്ടപ്പടി, അഞ്ചാംപാടി, തോല്‍പ്പെട്ടി, മൂന്നാംതറ, ബത്തേരി, പുല്‍പ്പള്ളി, ചേകാടി പ്രദേശങ്ങളിലാണ് വെട്ടകുറുമ കുലങ്ങളുള്ളത്.

Content Highlights: vetta kurumar tribe language KIRTADS project