തിരുനെല്‍വേലി:  പ്രമുഖ തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ (75) അന്തരിച്ചു. തിരുനെല്‍വേലിയില്‍ വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് അഞ്ചുമണിക്ക് നടക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി സാഹിത്യ പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.

1944 സെപ്റ്റംബര്‍ 26 ന് കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്താണ് മുഹമ്മദ് മീരാന്‍ ജനിച്ചത്. മലയാളത്തില്‍ എഴുതി അത് തമിഴിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇദ്ദേഹത്തിന്റെ കടലോരഗ്രാമത്തിന്‍ കതൈ എന്ന രചന ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.  ചായ്‌വു നാര്‍ക്കാലി എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം, നാഷണല്‍ ബുക്ക് ട്രസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുറൈമുഖം, കൂനന്‍തോപ്പ്,അന്‍പുക്ക് മുതുമൈ ഇല്ലൈ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

Content Highlights: veteran Tamil writer Thoppil Muhammad Meeran Passed away