പാഞ്ഞാളിലെ മാമണ്ണ് മനയുടെ കോലായിരുന്ന് ലോകത്തെ വീക്ഷിച്ച നാടകത്തിന്റെ നാട്ടുമൂപ്പനായിരുന്നു തുപ്പേട്ടനെന്ന മാമണ്ണ് സുബ്രമണ്യന്‍ നമ്പൂതിരി. വായന ദിനത്തില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചത് തുപ്പേട്ടന്റെ വസതിയായിരുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടായി പാഞ്ഞാളിലൂടെ കടന്നുപോകുന്ന വേളയിലെല്ലാം തുപ്പേട്ടനെ കാണാനെത്തുന്ന രാധാകൃഷ്ണന്‍ മനയിലുള്ളവര്‍ക്കും കുടുംബാംഗമാണ്, മന്ത്രിയല്ല.

വായന ദിനത്തില്‍ കോവിഡ് നിയന്ത്രങ്ങള്‍ മാനിച്ച് പൊതുപരിപാടികളില്‍ നിന്നെല്ലാം വിട്ടു നിന്ന മന്ത്രി കെ. രാധാകൃഷ്ണന്‍, തുപ്പേട്ടന്റെ ഗ്രന്ഥശേഖരം മകന്‍ രാമന്‍ നമ്പൂതിരി യില്‍ നിന്ന് ഏറ്റുവാങ്ങി പാഞ്ഞാള്‍ വായനശാല ഭാരവാഹികള്‍ക്ക് കൈമാറി. ദീര്‍ഘകാലം പാഞ്ഞാള്‍ വായനശാല പ്രസിഡന്റായിരുന്നു ചിത്രകാരന്‍ കൂടിയായിരുന്ന പാഞ്ഞാളിന്റെ സ്വന്തം ഡ്രോയിങ് മാഷ്.

'പുസ്തകത്തിലെ ഉള്ളടക്കം വായനക്കാരന്റെ ജീവിതത്തില്‍ പ്രചോദനമാ വാറുണ്ട്. തുപ്പേട്ടന്റെ വന്നന്ത്യേ കാണാം എന്ന പുസ്തക ശീര്‍ഷകമാണ് പൊതുരംഗത്ത് തന്റെ ചാലക ശക്തിയായി വര്‍ത്തിച്ചത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഈ ശീര്‍ഷകം മുന്നോട്ട് നീങ്ങാന്‍ സഹായകമായി. എഴുത്തിലെ സര്‍ഗ്ഗാത്മകത സൗഹൃദത്തിലും തുപ്പേട്ടന്‍ പുലര്‍ത്തി.  സര്‍ഗ്ഗാത്മകതയും രാഷ്ട്രീയവും തിരിച്ചറിഞ്ഞ വായനാ സംസ്‌കാരത്തിന്റെ സഹയാത്രികന്‍ കൂടിയായിരുന്നു തുപ്പേട്ടന്‍ ' - മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ്, പാഞ്ഞാള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കൃഷ്ണന്‍ കുട്ടി, വായനശാല പ്രസിഡന്റ് വിജയനന്ദ്, സെക്രട്ടറി എന്‍.എസ്.ജെയിംസ് , പാഞ്ഞാള്‍ ദേവസ്വം മാനേജര്‍ നെല്ലിക്കാട്ടു നീലകണ്ഠന്‍ നമ്പൂതിരി തുടങ്ങിയവരും ഗ്രന്ഥശേഖരം ഏറ്റുവാങ്ങാന്‍ മനയില്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Content Highlights: Vayana dhinam 2021