തിരുവനന്തപുരം : നാല്‍പ്പത്തിനാലാമത് വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ് സമര്‍പ്പണം രാജ്ഭവനില്‍ നടന്നു. ഏഴാച്ചേരി രാമചന്ദ്രന്‍,  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി. ഏഴാച്ചേരി രാമചന്ദ്രന്റെ 'ഒരു വെര്‍ജീനിയന്‍ വെയില്‍കാലം' എന്ന കൃതിയാണ് അവാര്‍ഡിനര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച ശില്‍പവുമാണ് അവാര്‍ഡ്.

രാജ്ഭവനില്‍ നടന്ന  അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ ഗവര്‍ണ്ണര്‍ക്ക് പുറമെ അവാര്‍ഡ് ജേതാവും വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് അംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.

ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീ. പ്രഭവാര്‍മ്മ സ്വാഗതം പറഞ്ഞു. പ്രൊഫ. ശ്രീ. ജി. ബാലചന്ദ്രന്‍, ട്രസ്റ്റ് സെക്രട്ടറി ശ്രീ. സി. വി. ത്രിവിക്രമന്‍ എന്നിവരും പങ്കെടുത്തു.

കഴിഞ്ഞ 44 വര്‍ഷമായി വയലാര്‍ സാഹിത്യ അവാര്‍ഡ് നിര്‍ണ്ണയ ചടങ്ങുകള്‍ ഭംഗിയായി നടത്തിവരുന്ന, 90 വയസ്സ് പിന്നിട്ട സെക്രട്ടറി സി വി ത്രിവിക്രമനെ ഗവര്‍ണ്ണര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പുരസ്‌കാര സമര്‍പ്പണത്തോടനുബന്ധിച്ചു വയലാര്‍ ഗാനസന്ധ്യയും നടന്നു.  കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു പരിപാടി.

Content Highlights: Vayalar Award given to Ezhachery Ramachandran