തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ രാമവർമ സാഹിത്യ പുരസ്കാരം എഴുത്തുകാരന്‍ ബെന്യാമിന്. 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവലാണ് നാല്‍പത്തിയഞ്ചാം വയലാര്‍ പുരസ്‌കാരം എഴുത്തുകാരന് നേടിക്കൊടുത്തത്.

കെ.ആര്‍ മീര, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ.സി ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശില്പവുമാണ് അവാർഡ്. അവാർഡ് തുക ആദായ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തി പത്രവും സമർപ്പിക്കും.വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ാം തീയതി വൈകിട്ട് 5.30 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് സമർപ്പിക്കും.  

തന്റെ ആത്മാംശം വളരെയധികം തന്നെയുള്ള കൃതിയ്ക്കു തന്നെ വയലാര്‍ അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബെന്യാമിന്‍ പ്രതികരിച്ചു. താന്‍ വളര്‍ന്നുവന്ന ചുറ്റുപാടിലെ രാഷ്ട്രീയബൗദ്ധിക ചുറ്റുപാടുകള്‍ കൊണ്ട് നിര്‍മിതമായ ഒരു സൃഷ്ടിയെന്ന നിലയിലും തിരുവിതാംകൂറിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടുകളോടുള്ള തന്റെ വീക്ഷണം എന്ന നിലയിലും 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവല്‍ ഏറെ പ്രിയപ്പെട്ടതാണെന്നും ബെന്യാമിന്‍ പറഞ്ഞു.

Content highlights : Vayalar Award 2021 Benyamin