തൃശ്ശൂര്‍: മഹാകവി വള്ളത്തോളിന്റെ മരിക്കാത്ത ഓര്‍മകളെ പുതിയകാലത്തിന്റെ ചുവടുപിടിച്ച് ജനങ്ങളിലേക്കെത്തിക്കുകയാണ് കവിയുടെ കുടുംബാംഗങ്ങള്‍. കുടുംബകൂട്ടായ്മയുടെ നേതൃത്വത്തില്‍ 'കവിയുടെ ഓര്‍മയില്‍' തുടങ്ങിയ വെബിനാര്‍ പരമ്പര മുടക്കമില്ലാതെ തുടരുകയാണ്. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങളും ദേശഭക്തിയും ആയുര്‍വേദവുമെല്ലാം വെബിനാറുകള്‍ക്ക് വിഷയങ്ങളായി.

വള്ളത്തോളിന്റെ അനന്തരവനായ രാംദാസ് വള്ളത്തോളാണ് വെബിനാര്‍ പരമ്പര നടത്താമെന്ന ആശയം മുന്നോട്ടുവെച്ചത്. ലോക്ഡൗണ്‍ കാലത്ത് പ്രശസ്ത ബാംസുരി വാദകന്‍ ഹരിപ്രസാദ് ചൗരസ്യയുടെ വെബിനാറില്‍ പങ്കെടുത്ത അനുഭവം ഇതിന് പ്രചോദനമായി. രാംദാസിന്റെ ആശയത്തെ മറ്റംഗങ്ങളും പിന്തുണച്ചു. വള്ളത്തോള്‍ കുടുംബയോഗത്തിന്റെ സമിതി രൂപപ്പെടുത്തലായിരുന്നു അടുത്തഘട്ടം. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറും കവിയുടെ മറ്റൊരു അനന്തരവനുമായ ഡോ. അനില്‍ വള്ളത്തോള്‍, നന്ദകുമാര്‍ വള്ളത്തോള്‍, വള്ളത്തോള്‍ രവീന്ദ്രനാഥ്, ഭരദ്വാജ് വള്ളത്തോള്‍, വിനോദ് വള്ളത്തോള്‍ തുടങ്ങിയവരുടെ ഉത്സാഹത്തോടെ കൂട്ടായ്മ പിറന്നു.

തിരൂര്‍ മംഗലം പുല്ലൂണി വള്ളത്തോള്‍ തറവാട്ടിലെ നാലുകെട്ടിന്റെ പ്രധാനഭാഗം ഇപ്പോള്‍ മഹാകവിയുടെ സ്മാരകമാക്കി മാറ്റിയിരിക്കുകയാണ്. വള്ളത്തോള്‍ ജയന്തിദിവസം ഡോ. അനില്‍ വള്ളത്തോള്‍ സംവിധാനംചെയ്ത കാവ്യമാലികയില്‍ വള്ളത്തോള്‍ കുടുംബാംഗങ്ങള്‍ മഹാകവിയുടെ തിരഞ്ഞെടുത്ത കവിതകള്‍ ആലപിച്ചിരുന്നു. പ്രശസ്ത നര്‍ത്തകന്‍ വി.പി. ധനഞ്ജയന്‍, ഡോ. പി.കെ. വാരിയര്‍, മല്ലിക സാരാഭായ്, സി. രാധാകൃഷ്ണന്‍, മോഹന്‍ലാല്‍, മേജര്‍ രവി തുടങ്ങിയ പ്രഗല്ഭര്‍ പത്ത് എപ്പിസോഡ് പിന്നിട്ട പരമ്പരയുടെ ഭാഗമായി. യുക്രൈനില്‍നിന്നുള്ള കുച്ചിപ്പുഡി നര്‍ത്തകി ലെന ലക്ഷ്മി, ഫ്രാന്‍സില്‍നിന്നുള്ള മോഹിനിയാട്ടം നര്‍ത്തകി ബ്രിജിറ്റ്, ഫ്രാന്‍സില്‍നിന്നുള്ള കഥക് നര്‍ത്തകി ഇസബെല്‍ അന്ന, മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, നോവലിസ്റ്റ് ജോര്‍ജ് ഓണക്കൂര്‍, ഗായകന്‍ കാവാലം ശ്രീകുമാര്‍ തുടങ്ങിയവരും പങ്കാളികളായി. സ്‌കൂളുകളുമായി സഹകരിച്ച് മഹാകവിയുടെ കവിതകളുടെ ആലാപനമത്സരം നടത്താനും ആലോചനയുണ്ട്.

മഹാകവിക്ക് പ്രിയങ്കരിയായിരുന്ന നിളാനദിയുടെ പുനരുജ്ജീവനമാണ് ശനിയാഴ്ച നടക്കുന്ന വെബിനാറിന് ആധാരം. മെട്രോമാന്‍ ഡോ. ഇ. ശ്രീധരന്‍, കവി മധുസൂദനന്‍നായര്‍, കര്‍ണാടക സംഗീതജ്ഞന്‍ ശ്രീവത്സന്‍ ജെ. മേനോന്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

Content Highlights: Vallathol memorial webinar series