ഹരിയുടെ പ്രലോഭനങ്ങളിൽ വഴി തെറ്റിപ്പോകാതെ കുഞ്ഞുങ്ങളുടെ ഭാവിയും ചിന്തകളും പഠനത്തിലും സാമൂഹിക പ്രതിബദ്ധതയിലും നിക്ഷിപ്തമാക്കുക എന്ന ആശയം പങ്കുവെച്ചു സംസ്ഥാനത്തെ മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിങ് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'വൈകും മുൻപേ' എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.

കേരളത്തിൽ വർധിച്ചു കൊണ്ടിരിക്കുന്ന ലഹരി ഉപയോഗവും യുവതലമുറയുടെ അമിത ലഹരി ഉപയോഗവും തടയേണ്ടതുണ്ട് എന്ന വ്യക്തമായ ഉദ്ദേശ്യം എഴുത്തുകാരൻ നടപ്പാക്കിയതായി  മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ''സർവീസ് ചട്ടക്കൂടുകളെല്ലാം അനുവർത്തിച്ചുകൊണ്ട് രചിച്ച ഈ പുസ്തകം രാജസ്ഥാനിൽനിന്നുള്ള ഐ.പി. എസ് ഓഫിസറായ ഋഷിരാജ് സിങ് മലയാളഭാഷയ്ക്കു കൂടി നൽകിയ സംഭാവനയായി, 'വൈകും മുൻപേ' എന്ന പുസ്തകത്തെ കാണേണ്ടതുണ്ട്.

"ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള മാതൃകാപരമായ പ്രവർത്തനമാണ് ഈ പുസ്തകം. ഇനിയും വൈകിയിട്ടില്ല എന്ന് പുതുതലമുറയെ ഓർമ്മിക്കുന്ന ഈ പുസ്തകം മറ്റു ഭാഷകളിലേക്കും വിവർത്തനം ചെയ്യേണ്ടതുണ്ട്. കേരളത്തിലെ ആയിരത്തിൽപരം സ്കൂളുകളും കോളേജുകളും സന്ദർശിച്ച് കുട്ടികളുമായി നേരിട്ട് സംസാരിച്ചും സംവദിച്ചും രചിച്ച 'വൈകും മുൻപേ' പ്രസിദ്ധീകരിക്കാൻ മുൻകയ്യെടുത്ത മാതൃഭൂമി ബുക്സ് അഭിനന്ദനങ്ങൾ അർഹിക്കുന്നു.'' മുഖ്യമന്ത്രി പറഞ്ഞു.

നാല് മക്കളുടെ പിതാവെന്ന നിലയിൽ ഈ പുസ്തകം തന്നെ സംബന്ധിച്ചിടത്തോളം വളരെ അർഥവത്താണെന്ന് ചടങ്ങിന് അധ്യക്ഷം വഹിച്ചുകൊണ്ട് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ എം.പി. പറഞ്ഞു. മാതൃഭൂമി ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വി.എസ്. ശിവകുമാർ എം.എൽ.എ., പുസ്തകമേറ്റു വാങ്ങിയ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത, നിയുക്ത ചീഫ് സെക്രട്ടറി വി.പി ജോയ്, ഡി.ജി.പി. ലോക്നാഥ് ബഹ്റ തുടങ്ങിയവർ പ്രസംഗിച്ചു.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Vaikum Munpe Book written by Rishiraj Sigh IPS published by Mathrubhumi Books Released Chief Minister Pinarayi Vijayan