കോഴിക്കോട് : വൈക്കം മുഹമ്മദ് ബഷീറിന്റെ 27-ാം ചരമ വാര്‍ഷികദിനത്തില്‍ ബഷീര്‍ അനുസ്മരണവുമായി 'നമ്മള്‍ ബേപ്പൂര്‍'. ജൂലൈ അഞ്ചിന് രാവിലെ ഏഴുമണിക്ക് ഓണ്‍ലൈനായാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 

കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. സച്ചിദാനന്ദന്‍, എം.എന്‍. കാരശ്ശേരി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും മഞ്ജുവാര്യരും ബഷീറിന്റെ കൃതികള്‍ വായിക്കും. ജില്ലാ കളക്ടര്‍ സാംബശിവ റാവു, ഷാഹിന ബഷീര്‍, അനീസ് ബഷീര്‍, കെ.ആര്‍.പ്രമോദ് എന്നിവരും ചടങ്ങില്‍ സംസാരിക്കും. 

മന്ത്രി മുഹമ്മദ് റിയാസിന്റെയും കോഴിക്കോട് ജില്ലാ കളക്ടറുടെയും ഫെയ്‌സ്ബുക്ക് പേജിലൂടെ അനുസ്മരണപരിപാടിയുടെ ഭാഗമാകാം. കോവിഡ് മഹാമാരിയെ അതിജീവിക്കുന്നതിന്റെ ഭാഗമായി ബേപ്പൂര്‍ എം.എല്‍.എ. കൂടിയായ മുഹമ്മദ് റിയാസ് ആവിഷ്‌കരിച്ച പദ്ധതിയാണ് നമ്മള്‍ ബേപ്പൂര്‍. 

Content Highlights:Vaikom Muhammed Basheer's death anniversary events to commence on July 5