ബേപ്പൂര്‍: മനുഷ്യന്റെ നന്മക്ക് വേണ്ടി മാത്രം എഴുതിയ എഴുത്തുകാരനാണ് ബഷീറെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വൈക്കം മുഹമ്മദ് ബഷീറിന്റെ 27ാം ചരമവാര്‍ഷിക ദിനത്തിന്റെ ഭാഗമായി ബേപ്പൂരിലെ വൈലാലില്‍ വീട്ടില്‍ നടന്ന ബഷീര്‍ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കുറേ കാലത്തിന് ശേഷം ബഷീറിന്റെ പുസ്തകങ്ങള്‍ വീണ്ടും വായിക്കാന്‍ അവസരമുണ്ടായത് ഈ കോവിഡ് കാലത്താണ്. മതിലുകള്‍ എന്ന കൃതി മതിലുകള്‍ക്കപ്പുറത്തും ഇപ്പുറത്തുമുള്ള പ്രണയത്തെ കുറിച്ചാണ് പറഞ്ഞിരുന്നതെങ്കില്‍ ഈ കോവിഡ് കാലത്ത് നാം വീണ്ടും മതിലുകളുടെ ലോകത്താണ്. 

ബഷീര്‍ 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ കാര്യങ്ങള്‍ ഇന്ന് ഈ ലോകത്ത് പ്രസക്തമാവുന്നു എന്നത് നമ്മെ വിസ്മയിപ്പിക്കുന്നു. അതിന് കാരണം ബഷീര്‍ എല്ലാ കാലത്തും മനുഷ്യ പക്ഷത്ത് നിന്ന എഴുത്തുകാരനാണ് എന്നുള്ളതാണ്. മനുഷ്യന്റെ നന്മക്ക് വേണ്ടിയായിരുന്നു ബഷീര്‍ എഴുതിയിരുന്നത്. എന്നെപ്പോലെയുള്ള സമൂഹിക പ്രവര്‍ത്തകര്‍ക്ക് ബഷീറിന്റെ കൃതികള്‍ എന്നും വഴികാട്ടിയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലിറ്റററി സര്‍ക്യൂട്ട് ബഷീറിന് ഉചിതമായ സ്മാരകമാകും. എല്ലാവരുടെയും പിന്തുണ ഈ പദ്ധതി യാഥാര്‍ഥ്യമാക്കാനായി ഉണ്ടാവണമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ എം.പി, എം.കെ രാഘവന്‍ എം.പി, അനീസ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

Content Highlights: vaikom muhammad basheer PA Muhammed Riyas