കോഴിക്കോട്: ഓള്‍ ഇന്ത്യ മലയാളി അസോസിയേഷനും ബേപ്പൂര്‍ ഹെറിറ്റേജ് ഫോറവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാഘോഷ പരിപാടി 'ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, ലിറ്ററേച്ചര്‍ ടൂറിസം ഫെസ്റ്റിവലി'ന് വ്യാഴാഴ്ച തുടക്കം. 40 ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ഒരുക്കിയതെന്നും സംഘാടകസമിതി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചലച്ചിത്രോത്സവം, ചെറുകഥാമത്സരം, ഹ്രസ്വചിത്രമത്സരം, ബഷീര്‍ കഥകളെ ആസ്പദമാക്കി തയ്യാറാക്കുന്ന വീഡിയോ അവതരണം, വിവിധഭാഷകളില്‍ ബഷീര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹണ്‍ഡ്രഡ് സെക്കന്‍ഡ് കാ സുല്‍ത്താന്‍', സെമിനാര്‍ തുടങ്ങിയവ നടക്കും. ഇതുകൂടാതെ 30-ഓളം കലാകാരന്മാരുടെ നേതൃത്വത്തില്‍ ബേപ്പൂര്‍ ജങ്കാര്‍ ജെട്ടിയോട് ചേര്‍ന്നുള്ള പോര്‍ട്ടിന്റെ 150 അടിയില്‍പ്പരം നീളമുള്ള ചുമരില്‍ ബഷീര്‍ കഥകളുടെ ചിത്രങ്ങള്‍ വരയ്ക്കും. ആര്‍ട്ടിസ്റ്റ് ഗുരുകുലം ബാബു ബീച്ചില്‍ ബഷീറിന്റെ മണല്‍ശില്പം തീര്‍ക്കും.
പരിപാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് നാലിന് കാലിക്കറ്റ് പ്രസ് ക്ലബ്ബിലെ മലപ്പുറം പി. മൂസ ഹാളില്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് നിര്‍വഹിക്കും. ചിത്രഭിത്തിയുടെ ഉദ്ഘാടനം ആര്‍ട്ടിസ്റ്റ് മദനന്‍ നിര്‍വഹിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ 11-ന് മലബാര്‍ പാലസില്‍ നടത്തുന്ന സാംസ്‌കാരികസമ്മേളനം മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് എഴുത്തുകാര്‍ പങ്കെടുക്കുന്ന സാഹിത്യ സമ്മേളനവും നടക്കും. പത്രസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ എം.കെ. പ്രശാന്ത്, ജനറല്‍കണ്‍വീനര്‍ പ്രദീപ് ഹുഡിനോ, ഇ.ആര്‍. ആനന്ദ മണി, കെ. മുരളി ബേപ്പൂര്‍, നീതു തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: Vaikom Muhammad Basheer birth anniversary programs starts today