തിരുവനന്തപുരം: ജനതാ കള്‍ച്ചറല്‍ സെന്റര്‍ കുവൈത്ത്(ജെ.സി.സി.) ഏര്‍പ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം കഥാകൃത്ത് കെ.രേഖയ്ക്കു നല്‍കി. മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരദാനം നിര്‍വഹിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ സംഭാവനകള്‍ പുതുതലമുറയെ പഠിപ്പിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു. അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്കു പാഠമാകണം. ഇത്തരം വിഭജന സമീപനങ്ങളെ നേരിടാന്‍ സാംസ്‌കാരികരംഗത്തുള്ളവര്‍ പ്രതിബദ്ധത കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എല്‍.ജെ.ഡി. സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാര്‍ എം.പി. അധ്യക്ഷനായി. കുവൈത്തിലെ എല്ലാ മേഖലയിലും അംഗീകാരം കിട്ടിയ സംഘടനയാണ് ജെ.സി.സി.യെന്നും വിശ്വസാഹിത്യകാരന്റെ പേരിലുള്ള പുരസ്‌കാരം അര്‍ഹതപ്പെട്ടവര്‍ക്കുതന്നെയാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

ജെ.സി.സി. മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് സഫീര്‍ പി.ഹാരിസ്, എല്‍.ജെ.ഡി. ജനറല്‍ സെക്രട്ടറി ഷെയ്ക് പി.ഹാരിസ്, ബാലു കിരിയത്ത്, പ്രമോദ് പയ്യന്നൂര്‍, മുന്‍ മന്ത്രി വി.സുരേന്ദ്രന്‍പിള്ള, എല്‍.വി.ഹരികുമാര്‍, എന്‍.എം.നായര്‍, പനവൂര്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു.

കെ. രേഖയുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Vaikom Muhammad Basheer award presented to K Rekha