ബേപ്പൂര്‍ (കോഴിക്കോട്): കാലദേശങ്ങള്‍ക്കതീതമായി വായിക്കപ്പെടുന്ന ബഷീറിന്റെ കാലത്ത് ജീവിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്ന് പ്രമുഖ സാഹിത്യകാരനും ജ്ഞാനപീഠജേതാവുമായ എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ വിയോഗത്തിന്റെ 25-ാം വാര്‍ഷികദിനത്തില്‍ ബേപ്പൂരിലെ അദ്ദേഹത്തിന്റെ വസതിയായ ബേപ്പൂര്‍ വൈലാലില്‍ തറവാടിന്റെ അങ്കണത്തില്‍ച്ചേര്‍ന്ന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എം.ടി. 

പലതലമുറയെ ആകര്‍ഷിച്ച ബഷീര്‍ കാലത്തിനും മരണത്തിനും മായ്ക്കാനാവാത്തവിധം ഈശ്വരന്‍ അനുഗ്രഹിച്ച വലിയ സാഹിത്യപ്രതിഭയാണ്. പുതിയതലമുറയും അദ്ദേഹത്തെ ശ്രദ്ധയോടെ വായിക്കുന്നു. വരുംതലമുറയുടെ മനസ്സിലും ഇങ്ങനെ ഒരെഴുത്തുകാരനുണ്ടാവും.

എന്റെ ആ ജ്യേഷ്ഠസഹോദരന്റെ സാന്നിധ്യവും സഹവാസവും ജീവിതത്തില്‍ ലഭിച്ചത് വലിയ പുണ്യമായി കരുതുന്നു. മലയാളത്തിന്റെ മഹാഭാഗ്യമാണ് ബഷീര്‍. ഏതു ഭാഷയില്‍ ഇനി ഇങ്ങനെ ഒരു സാഹിത്യകാരനുണ്ടാവും? പഴയ തലമുറയില്‍പ്പെട്ടവര്‍ നന്മകളുടെ ഓര്‍മയില്‍ ബഷീറിനെ ചേര്‍ത്തുവയ്ക്കുമ്പോള്‍ പുതുതലമുറയ്ക്ക് സ്മരണയ്ക്കായി അദ്ദേഹത്തിന് സ്മൃതിവനമൊരുങ്ങുന്നു -എം.ടി. പറഞ്ഞു.

എം.പി. അബ്ദുസ്സമദ് സമദാനി, സിനിമാനടന്‍ മധുപാല്‍, രവി ഡി.സി., അനീസ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ബഷീറിന്റെ കൊച്ചുമകന്‍ അസീം മുഹമ്മദ് ബഷീര്‍ സ്വാഗതം പറഞ്ഞു.

വൈലാലില്‍ തറവാട്ടുവളപ്പിലൊരുക്കുന്ന സ്മൃതിവനത്തിലേക്കുള്ള 25 അമൂല്യ വൃക്ഷത്തൈകളില്‍ ആദ്യത്തേത് ഷാഹിന ബഷീറിന് എം.ടി. കൈമാറി. മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന്‍, നടന്‍ മാമുക്കോയ, ഡോ. ഖദീജ മുംതാസ്, കെ.എസ്. വെങ്കിടാചലം, കെ.പി. സുധീര, ഇ.പി. ജ്യോതി, കെ.ജെ. തോമസ്, എം. രാജന്‍, എടത്തൊടി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തിനെത്തിയിരുന്നു.

ബഷീര്‍ സാഹിത്യരചനകള്‍ നടത്തിയിരുന്ന സ്ഥാനത്തെ വേദിക്കരികില്‍ അദ്ദേഹത്തിന്റെ ചാരുകസേരയും ഗ്രാമഫോണും വെച്ചിരുന്നു.

Content Highlights: vaikom muhammad basheer, m t vasudevan nair