കൊയിലാണ്ടി: തൃക്കോട്ടൂരിന്റെ കഥാകാരന് എന്നും പ്രചോദനവും തണലുമായിരുന്ന പ്രിയ പത്‌നിയാണ് തിങ്കളാഴ്ച അന്തരിച്ച ഫാത്തിമ.

ബാല്യത്തില്‍ കൊയിലാണ്ടി സ്വദേശിയായ പിതാവിനൊപ്പം ബര്‍മയില്‍നിന്ന് എത്തി കൊയിലാണ്ടിക്കാരനായി മാറിയ യു.എ. ഖാദറിന്റെ കഥാലോകം പന്തലായനിയില്‍നിന്ന് തൃക്കോട്ടൂരിന്റെ പെരുമയിലേക്ക് ചേക്കേറുന്നത് തിക്കോടിക്കാരി വടക്കേട്ടില്‍ ഫാത്തിമയെ നിക്കാഹ് ചെയ്യുന്നതോടെയാണ്. തികച്ചും ഗ്രാമീണജീവിതം നയിച്ചുവന്ന വീട്ടമ്മയായ ഫാത്തിമ എഴുത്തിന്റെ വഴികളില്‍ തനിക്ക് പ്രചോദനമായിരുന്നെന്ന് ഖാദര്‍ ഓര്‍ത്തെടുക്കാറുണ്ടെന്ന് യു.എ. ഖാദറിന്റെ കഥാജീവിതം അടിസ്ഥാനമാക്കി 'ഉറഞ്ഞാടുന്ന ദേശങ്ങള്‍' ഡോക്യുമെന്ററി നിര്‍മിച്ച എന്‍.ഇ. ഹരികുമാര്‍ പറഞ്ഞു.

തൃക്കോട്ടൂരിന്റെ കഥാകാരന് കലര്‍പ്പില്ലാത്ത നാട്ടുഭാഷയുടെ ചൂരും ചെത്തവും ആവാഹിക്കാനും ഫാത്തിമയുടെ സംസര്‍ഗം നിമിത്തമായി.

ദേശം, ഭാഷ, സൗഹൃദം തുടങ്ങി പലതരത്തിലുള്ള ഒറ്റപ്പെടലുകള്‍ ജീവിതത്തിന്റെ തുടക്കംമുതല്‍ അനുഭവിച്ച തനിക്ക് ധൈര്യം പകര്‍ന്ന കാവലാളായിരുന്നു ഫാത്തിമയെന്ന് സ്വകാര്യഭാഷണങ്ങളില്‍ ഖാദര്‍ പറയാറുണ്ടായിരുന്നു.

Content Highlights: UA Khader wife Fathima beevi