കുട്ടികളുടെ വായനാലോകത്തേക്ക് വിരുന്നെത്തി മാതൃഭൂമിയുടെ രണ്ട് പുതിയ പുസ്തകങ്ങൾ. ചിത്രകാരന്മാരായ ബാലു വി.യുടെയും ശ്രീലാൽ എ.ജി.യുടെയും പുസ്തകങ്ങളാണ് മാതൃഭൂമിയിലൂടെ പുറത്തിറങ്ങിയിരിക്കുന്നത്. ബാലുവിന്റെ തവളകളുടെ ഹെലികോപ്റ്ററും ശ്രീലാലിന്റെ പിങ്കുവിന്റെ ആദ്യത്തെ ആകാശയാത്രയുമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. എഴുത്തുകാർ തന്നെയാണ് വരയും. പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രനാണ് പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചിരിക്കുന്നത്. 'തവളകളുടെ ഹെലികോപ്റ്റർ' പുസ്തകം കെ. വിശ്വനാഥും 'പിങ്കുവിന്റെ ആദ്യത്തെ ആകാശയാത്ര' കെ.സി. കൃഷ്ണകുമാറും ഏറ്റുവാങ്ങി.
''രണ്ടു പുസ്തകങ്ങളും പറക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ കേവലമായ ആഗ്രഹത്തെയാണ് ആവിഷ്കരിച്ചിരിക്കുന്നത്.' സുഭാഷ് ചന്ദ്രൻ പറഞ്ഞു. എഴുത്തും വരയും കൂടിച്ചേരുമ്പോഴാണ് ഒരു ബാലസാഹിത്യകൃതി പരിപൂർണമാകുന്നതെന്ന് നമുക്കറിയാം. എഴുതുന്ന ആൾക്ക് തന്നെ വരയ്ക്കാൻ കഴിയുന്നത് അതിന്റെ മാറ്റ് കൂട്ടുകയും ചെയ്യുമെന്നും വി. സുത്യേവ് എന്ന റഷ്യൻ സാഹിത്യകാരന്റെ പുസ്തകത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സുത്യേവിന് പകരം വെക്കാൻ രണ്ടുപേർ ഇപ്പോൾ നമ്മുടെ ഭാഷയിൽ ഉണ്ടായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാഹസികരായ രണ്ട് തവളകളുടെ കഥ പറയുന്ന പുസ്തകമാണ് ബാലുവിന്റെ 'തവളകളുടെ ഹെലികോപ്റ്റർ'. ലോകത്തിലെ അറിയപ്പെടുന്ന ഒരാളാവണമെന്ന് ആഗ്രഹിക്കുന്ന മഞ്ഞത്തവളക്കുട്ടനും പക്ഷിയെപ്പോലെ ആകാശത്തിൽ പറക്കാൻ ആഗ്രഹിക്കുന്ന പച്ചത്തവളക്കുട്ടനും ഇവർക്കൊപ്പം കൂടുന്ന പുള്ളിക്കാരിക്കുരുവിയുമാണ് കഥയിലെ കഥാപാത്രങ്ങൾ.ഇവർ നടത്തുന്ന യാത്രയും രസകരമായ സംഭവങ്ങളുമാണ് പുസ്തകം പറയുന്നത്. കുട്ടികളെ ഏറെ രസിപ്പിക്കുന്ന കഥയും മിഴിവുറ്റ ചിത്രങ്ങളും കൂടിച്ചേർന്ന് തീർത്തും വ്യത്യസ്തമായ ഒരു വായനാനുഭവം ഈ പുസ്തകം സമ്മാനിക്കുന്നു.
അമ്മയെത്തേടിയുള്ള പിങ്കു എന്ന കിളിക്കുഞ്ഞിന്റെ യാത്രയാണ് ശ്രീലാൽ എ.ജി.യുടെ പുസ്തകം. കടലുണ്ടിപ്പുഴയുടെ തീരത്ത് താമസിക്കുന്ന ദേശാടനക്കിളികളുടെ കൂട്ടത്തിലുള്ള പിങ്കുവിന് നാട്ടിലേക്കുള്ള യാത്രാമധ്യേ തന്റെ അമ്മയെ നഷ്ടപ്പെടുന്നു. തുടർന്ന് പിങ്കു നടത്തുന്ന യാത്രയാണ് പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികൾക്ക് ചൊല്ലിക്കൊടുക്കാൻ ചെറിയ കാവ്യശകലങ്ങളും മനോഹരമായ ചിത്രങ്ങളും കൂടിച്ചേർന്ന് പുതിയ ഒരു വായനാനുഭൂതിയാണ് ഈ പുസ്തകം സമ്മാനിക്കുന്നത്.
Content highlights : two malayalam childrens book released