കോഴിക്കോട്: ഇരുപതാമത് ടോംയാസ് പുരസ്‌കാരം എം.ടി. വാസുദേവന്‍നായര്‍ക്ക് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ സമ്മാനിച്ചു. കോഴിക്കോട് കൊട്ടാരം റോഡിലെ എം.ടി.യുടെ വീടായ സിതാരയിലായിരുന്നു ചടങ്ങ്.

സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനുമായ വി.എ. കേശവന്‍ നായരുടെ സ്മരണയ്ക്കായി ടോംയാസ് അഡ്വര്‍ടൈസിങ് ഏര്‍പ്പെടുത്തിയതാണ് രണ്ടുലക്ഷം രൂപയും ശില്പവുമടങ്ങിയ ഈ അവാര്‍ഡ്. ടോംയാസ് മാനേജിങ് ഡയറക്ടര്‍ തോമസ് പാവറട്ടി എം.ടി.യെ പൊന്നാടയണിയിച്ചു.

മഹാനായ പത്രപ്രവര്‍ത്തകന്‍ വി.എ. കേശവന്‍നായരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം സ്വീകരിക്കുവാന്‍ ഭാഗ്യം ലഭിച്ചതില്‍ അതിയായി സന്തോഷിക്കുന്നുവെന്ന് എം.ടി. പറഞ്ഞു.

വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍ അനീസ് ബഷീര്‍, പി.ജെ. സ്‌റ്റൈജു, ടോംയാസ് ആര്‍ട്ട് ഡയറക്ടര്‍ സുധീഷ് കെ.എസ്. എന്നിവര്‍ സംസാരിച്ചു.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സി.ഇ.ഒ. ഡോ. ജി.സി. ഗോപാലപിള്ള, ട്രസ്റ്റിയും അഡീഷണല്‍ ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരന്‍, ജോയന്റ് ജനറല്‍ മാനേജര്‍ കോര്‍പ്പറേറ്റ് അഫയേഴ്സ് പി. രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: Tomyas award for MT Vasudevan Nair