തിരൂര്‍: ഭാഷയിലും സാഹിത്യത്തിലും കലാസാംസ്‌കാരിക രംഗങ്ങളിലും മഹത്തായ സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തികള്‍ക്കുള്ള ഡി.ലിറ്റ് പുരസ്‌കാരങ്ങള്‍ മലയാളസര്‍വകലാശാലാ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ടി. ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിപ്പാട്, ഡോ. സ്‌കറിയ സക്കറിയ, സി. രാധാകൃഷ്ണന്‍, വി.എം. കുട്ടി എന്നിവര്‍ക്കാണ് ബുധനാഴ്ച രാവിലെ 11.30-ന് സര്‍വകലാശാലയുടെ പ്രഥമ ഡി.ലിറ്റ് ബിരുദം നല്‍കുന്നത്. അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് മരണാനന്തര ബഹുമതിയായിട്ടാണ് ബിരുദം സമര്‍പ്പിക്കുന്നത്.

മലയാളസര്‍വകലാശാലയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പരിപാടി. കോണ്‍വെക്കേഷന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ഫോക്ലോര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ചമയപ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്.

പത്രസമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, രജിസ്ട്രാര്‍ ഡോ. ഡി. ഷൈജന്‍, പരീക്ഷാകണ്‍ട്രോളര്‍ ഡോ. പി.എം. റെജിമോന്‍, വൈസ് ചാന്‍സലറുടെ പ്രൈവറ്റ് സെക്രട്ടറി വി. സ്റ്റാലിന്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: Thunchath Ezhuthachan Malayalam University Malayalam university D'Litt award