കാലിഫോര്‍ണിയ: പ്രശസ്ത വിവര്‍ത്തകന്‍ തോമസ് ക്ലിയറി അന്തരിച്ചു. കാലിഫോര്‍ണിയയിലെ ഓക്​ലൻഡിലായിരുന്നു അന്ത്യം. ബുദ്ധിസ്റ്റ്, താവോയിസ്റ്റ്, പുരാതന ചൈനീസ്, സംസ്‌കൃതം പുസ്തകങ്ങളുടെ തര്‍ജമയിലൂടെയാണ് ക്ലിയറി പ്രശസ്തനായത്.

ചൈനീസും അറബിയും സംസ്‌കൃതവും ഉള്‍പ്പടെ 20 ലേറെ ഭാഷകളില്‍ നിന്നുള്ള 80 ലേറെ പുസ്തകങ്ങള്‍ ക്ലിയറി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പുരാതന പുസ്തകങ്ങളോട് ഏറെ താല്‍പര്യമുണ്ടായിരുന്ന ക്ലിയറി നിരവധി പുരാതന ബുദ്ധിസ്റ്റ്, താവോയിസ്റ്റ്, ഗ്രീക്ക്, ഐറിഷ് പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. 

ഇത്തരം പരിഭാഷകളോടൊപ്പം ഈ പുസ്തകങ്ങളിലെ ചരിത്രപരവും ഭാഷാപരവുമായ കാര്യങ്ങല്‍ വായനക്കാര്‍ക്ക് വിശദീകരിക്കുന്ന കുറിപ്പുകളും ക്ലിയറി ഉള്‍പ്പെടുത്തിയിരുന്നു. 

1949 ജനിച്ച ക്ലിയറി കിഴക്കന്‍ ഏഷ്യന്‍ ഭാഷകളില്‍ ബിരുദവും പി.എച്ച്.ഡിയും നേടിയിരുന്നു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദവും നേടി. കൗമാര പ്രായത്തില്‍ തന്നെ ബുദ്ധമതത്തില്‍ ആകൃഷ്ടനായ ക്ലിയറി 18 വയസ്സില്‍ തന്നെ വിവര്‍ത്തനം ചെയ്യാന്‍ ആരംഭിച്ചിരുന്നു. 

1977 ല്‍ തന്റെ സഹോദരന്‍ ജെ.സി ക്ലിയറിയമായി ചേര്‍ന്നാണ് ആദ്യ പുസ്തകമായ ദ ബ്ലു ക്ലിഫ് റെക്കോര്‍ഡ് തോമസ് ക്ലിയറി പുറത്തിറക്കിയത്. തിരഞ്ഞെടുത്ത സെന്‍ കഥകളുടെ സമാഹാരമായിരുന്നു ഈ പുസ്തകം. 2015 ലാണ് അദ്ദേഹത്തിന്റെ അവസാന പുസ്തകം പുറത്തിറങ്ങിയത്.

Content Highlights: Thomas Cleary, Prolific Translator of Eastern Texts, Dies