നാടകകൃത്ത്, നോവലിസ്റ്റ്, ഹാസ്യസാഹിത്യകാരന്‍, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം മലയാള സാഹിത്യ ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ തിക്കോടിയന്റെ ജന്മശതാബ്ദി കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിക്കുകയാണ്. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷപരിപാടികള്‍ ജൂലായ് 14ന് എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. 

കോഴിക്കോട് ടൗണ്‍ ഹാളില്‍ വൈകിട്ട് 5ന് നടക്കുന്ന ചടങ്ങില്‍ കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. എം.കെ. രാഘവന്‍ എംപി ശതാബ്ദി സ്മരണിക പ്രകാശനം ചെയ്യും. തിക്കോടിയന്റെ മകള്‍ പുഷ്പ എം ശതാബ്ദി സ്മരണിക സ്വീകരിക്കും. വി. ആര്‍ സുധീഷ് അനുസ്മരണപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നാടകപ്രവര്‍ത്തകരെ ആദരിക്കും. ചലച്ചിത്രതാരം മാമുക്കോയ റേഡിയോ കലാകാരന്മാരെ ആദരിക്കും. 

ഉത്തരകേരളത്തിലെ കലാസമിതി പ്രസ്ഥാനത്തിലൂടെ രൂപപ്പെട്ട നാടകസംസ്‌ക്കാരത്തിന്റെ നെടുംതൂണായിരുന്ന തിക്കോടിയന്റെ ആത്മകഥയായ 'അരങ്ങുകാണാത്ത നടന്‍', ശ്രദ്ധേയ നോവലായ 'ചുവന്ന കടല്‍' എന്നീ പുസ്തകങ്ങളുടെ പ്രകാശനം ചടങ്ങില്‍ നടക്കും. 'ചുവന്ന കടല്‍' കെ.പി. രാമനുണ്ണി സുനീത ടി. വിക്ക് നല്‍കിയും 'അരങ്ങുകാണാത്ത നടന്‍' സജിത മഠത്തില്‍ ദീദി ദാമോദരന് നല്‍കിയും പ്രകാശിപ്പിക്കും. തുടര്‍ന്ന് അദ്ദേഹത്തിന്റെ 'പുഷ്പവൃഷ്ടി' എന്ന നാടകം വേദിയില്‍ അരങ്ങേറും.