ഒഞ്ചിയം: ക്ഷേത്രങ്ങളിലും കാവുകളിലും അവകാശികളും ഉത്സവക്കമ്മിറ്റികളുംചേര്‍ന്ന് വര്‍ഷം തോറും നടത്തിവരാറുള്ള തിറയുത്സവങ്ങള്‍ കോവിഡ് ഭീതിയില്‍നിന്ന് മുക്തമായി പതിയെ സജീവമാകുന്നു. കടത്തനാടിന്റെ മണ്ണില്‍ ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് തെയ്യം-തിറകളുടെ കാലം. തീക്കുനിയിലെ ഉമയന്‍കുന്ന് പരദേവതാക്ഷേത്രത്തില്‍ തുടങ്ങി കടമേരി ഭഗവതിക്ഷേത്രത്തില്‍ അവസാനിക്കുന്നതാണ് കടത്തനാട്ടിലെ തിറക്കാലം.

ഇതിനിടയില്‍ നൂറുകണക്കായ ക്ഷേത്രങ്ങളില്‍ കെട്ടിയാട്ടങ്ങള്‍ നടക്കും. 2020 മാര്‍ച്ച് മുതല്‍ കോവിഡിനെത്തുടര്‍ന്ന് ഇതെല്ലാം നിശ്ചലമായിരുന്നു. ഇത്തവണ കോവിഡ് കേസുകള്‍ കുറഞ്ഞ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയാണ് പല ക്ഷേത്രങ്ങളിലും തിറയുത്സവങ്ങള്‍ തിരിച്ചെത്തുന്നത്. ആവേശം ഒട്ടും ചോരാതെ ജനം ഇത് നെഞ്ചേറ്റുന്നു. തെയ്യം കലാകാരന്‍മാര്‍ക്കും ആശങ്കയൊഴിയുന്ന നാളുകളാണിത്. പ്രയാസകരമായ രണ്ടുവര്‍ഷമാണ് കടന്നുപോയത്. ഇത്തവണ ഇതിനകം ഒട്ടേറെ ക്ഷേത്രങ്ങളില്‍ തിറയാട്ടം പഴയതുപോലെതന്നെ നടന്നുകഴിഞ്ഞു.

ഒത്തുചേരലിന്റെ ഉത്സവങ്ങള്‍

ഏറെനാളത്തെ മുന്നൊരുക്കത്തോടെ കൊടിയേറ്റം നടന്ന് മൂന്നുദിവസങ്ങളിലായാണ് മിക്കയിടത്തും ക്ഷേത്രോത്സവങ്ങള്‍ നടക്കാറ്. ഓരോ പ്രദേശത്തിന്റെയും സ്‌നേഹസൗഹൃദങ്ങളുടെ കൂട്ടായ്മ കൂടിയാണ് വാദ്യഘോഷങ്ങളും ആര്‍പ്പുവിളിയും അകമ്പടി സേവിക്കുന്ന കെട്ടിയാട്ടങ്ങള്‍. പ്രത്യേക സമുദായങ്ങളില്‍ പ്പെട്ടവരാണ് ഓരോ ദേശത്തിന്റെയും നിയോഗത്തിനനുസരിച്ച് കെട്ടിയാടുന്നത്.

മയ്യഴിപ്പുഴയ്ക്കും കോരപ്പുഴയ്ക്കും ഇടയിലുള്ള പ്രദേശങ്ങളായിരുന്നു മുന്‍കാലങ്ങളില്‍ കടത്തനാടന്‍ തെയ്യപ്പെരുമയ്ക്ക് ആധാരം. ദേശവും കഴകങ്ങളും ലോപിച്ചതിന്റെ ഫലമായി മൂരാട് പുഴയ്ക്കും മയ്യഴിപ്പുഴയ്ക്കും ഇടയിലുള്ള വടക്കന്‍ പ്രദേശങ്ങളില്‍ ഒതുങ്ങി കടത്തനാടന്‍ തെയ്യങ്ങള്‍. ഗുളികന്‍, കുട്ടിച്ചാത്തന്‍, ഭഗവതി, ഭദ്രകാളി, കാരണവര്‍, പരദേവത, ഘണ്ഡാകര്‍ണന്‍, വസൂരിമാല തുടങ്ങി വര്‍ണഭംഗിയാര്‍ന്ന ഒട്ടേറെ തെയ്യക്കോലങ്ങളാണ് ഇവിടങ്ങളില്‍ കെട്ടിയാടുന്നത്.

കളരിയെ ആധാരമാക്കി തച്ചോളി മാണിക്കോത്ത് തച്ചോളി ഒതേനന്‍, രാമത്ത് മുച്ചിലോട്ട് ഭഗവതി, മടപ്പള്ളി വലിയപുരയ്ക്കല്‍ കരിനീലിയമ്മ, ഏറാമല മൂരൂല്‍ കാളി തുടങ്ങിയ തെയ്യങ്ങള്‍ ഏറെ ആകര്‍ഷണീയമാണ്.

Theyyamചെണ്ട, കുറുങ്കുഴല്‍, ഇലത്താളം എന്നീ വാദ്യസംഘത്തിന്റെയും താളവട്ടത്തിന്റെ ചുവടുകളോടുംകൂടിയാണ് തെയ്യങ്ങള്‍ ആട്ടം നടത്തുന്നത്. ഓരോദേശത്തും തങ്ങളുടെ കുലത്തൊഴിലില്‍ പ്രാവീണ്യം നേടിയ പ്രഗല്ഭരായ വാദ്യക്കാര്‍ ഇന്നും ഈ രംഗത്തുണ്ട്. ഓരോ ക്ഷേത്രത്തിലും മേല്‍ശാന്തി, തന്ത്രി, തണ്ടാന്‍ തുടങ്ങിയ ചുമതലക്കാര്‍ പ്രത്യേകമായുണ്ട്. വിവിധ വരവുകളും എഴുന്നള്ളത്തുകളുമാണ് തിറയുത്സവങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നത്. വേഷങ്ങള്‍ കെട്ടിയാടുന്നതിന് പിറകില്‍ വ്രതശുദ്ധി ഉള്‍പ്പെടെയുള്ള വലിയ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. മിക്ക കെട്ടിയാട്ടങ്ങള്‍ക്കും മെയ് വഴക്കം ആവശ്യമായതിനാല്‍ ആയോധന അഭ്യാസമുറയായ കളരിപരിശീലനം അനിവാര്യമാണ്.

വ്യത്യസ്തവേഷങ്ങള്‍ക്ക് ഉടയാടകളും മുഖമെഴുത്തും വാദ്യങ്ങളും എല്ലാം വ്യത്യസ്തങ്ങളാണ്. വര്‍ഷത്തില്‍ ഒരു തവണമാത്രം ഉപയോഗിക്കുന്ന ഉടയാടകള്‍ അണിയറയില്‍ ഒരുക്കാനുള്ള ചെലവും വലുതാണ്.

ഒരു കഴകത്തില്‍ മൂന്നുദിവസത്തെ തെയ്യംപരിപാടികള്‍ നടത്താന്‍ വാദ്യക്കാര്‍, കോലധാരികള്‍, അണിയറ ശില്പികള്‍ എന്നിവരടങ്ങുന്ന ഇരുപത് മുതല്‍ നാല്പതുവരെ പേര്‍ ആവശ്യമാണെന്നാണ് തെയ്യം പരിപാടി ഏറ്റെടുത്ത് നടത്തുന്നവര്‍ പറയുന്നത്.

Content Highlights ;Theyyam in north malabar kadathanadu