കൊട്ടാരക്കര: എം.ടി. വാസുദേവന്‍നായര്‍ പ്രഖ്യാപിച്ചു-പെരുംകുളം ഇനി കേരളത്തിന്റെ പുസ്തകഗ്രാമം. കേരളത്തിലെ ആദ്യ പുസ്തകഗ്രാമമായി മാറുകയാണ് കൊല്ലം ജില്ലയിലെ കുളക്കട ഗ്രാമപ്പഞ്ചായത്തിലെ പെരുംകുളം. രാജ്യത്ത് രണ്ടാമത്തേതും.

ഗ്രാമത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പുസ്തകം ലഭ്യമാക്കിയാണ് ബാപ്പുജി വായനശാലയിലൂടെ പുസ്തകഗ്രാമമെന്ന പദവിയിലേക്ക് പെരുംകുളം നടന്നുകയറിയത്. എഴുത്തുകാരന്‍ എം. മുകുന്ദനാണ് ബാപ്പുജിയുടെ രക്ഷാധികാരി. പത്തിടങ്ങളിലാണ് വായനശാലയുടെ നേതൃത്വത്തില്‍ പുസ്തകക്കൂടുകള്‍ സ്ഥാപിച്ചത്. ആര്‍ക്കും ഈ കൂടുകളില്‍നിന്നു സൗജന്യമായി പുസ്തകമെടുക്കാം. വായിച്ചശേഷം തിരികെവെച്ച് അടുത്തതെടുക്കാം.

വായനദിനത്തില്‍ രാവിലെ പതിനൊന്നിന് എം.ടി. വാസുദേവന്‍ നായര്‍ ഓണ്‍ലൈനിലൂടെ പുസ്തകഗ്രാമത്തിന്റെ പ്രഖ്യാപനം നടത്തി. പഴയകാലത്ത് ഗ്രാമത്തിന്റെ അഭിവൃദ്ധിയും നവോത്ഥാനവുമുണ്ടാകുന്നത് വായനശാലയുണ്ടാകുമ്പോഴായിരുന്നുവെന്നും പുസ്തകക്കൂടുകള്‍ സ്ഥാപിച്ച് വായനയെ പ്രോത്സാഹിപ്പിക്കുന്നത് അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.

perumkulam Pusthakagramam
പെരുംകുളം പുസ്തകഗ്രാമം

പുസ്തകഗ്രാമം പ്രഖ്യാപനത്തിനു മുമ്പായി എല്ലാ പുസ്തകക്കൂടുകളിലും വായനശാലാ പ്രവര്‍ത്തകര്‍ പുസ്തകങ്ങള്‍ നിറയ്ക്കുകയും നാട്ടുകാര്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു. കോവിഡ് കാലമായതിനാല്‍ ഓരോ കൂട്ടിലും സാനിറ്റൈസറും കരുതിയിട്ടുണ്ട്.

ഭിലാര്‍ ഇന്ത്യയിലെ ആദ്യ പുസ്തകഗ്രാമം

മഹാരാഷ്ട്ര സതാര ജില്ലയിലെ ഭിലാര്‍ ആണ് രാജ്യത്തെ ആദ്യ പുസ്തകഗ്രാമം. ഗ്രാമത്തില്‍ 25 ഇടങ്ങളില്‍ ചെറു ലൈബ്രറികള്‍ തുറന്നിട്ടുണ്ട്. നാട്ടുകാര്‍ക്കും സഞ്ചാരികള്‍ക്കും ഇവിടെയെത്തി പുസ്തകം വായിക്കാം. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ലൈബ്രറികള്‍ കേന്ദ്രീകരിച്ച് സാഹിത്യോത്സവം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തുന്നുണ്ട്.

Content Highlights: The first Book Village in Kerala Perumkulam Announced by MT Vasudevan Nair