തകഴി: തകഴി സാഹിത്യോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. കഥാകാരന്റെ ചരമദിനമായ ഏപ്രില്‍ 10 മുതല്‍ ജന്മദിനമായ 17 വരെയാണ് എല്ലാക്കൊല്ലവും ശങ്കരമംഗലം മുറ്റത്ത് സാഹിത്യോത്സവം നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണത്തെ സാഹിത്യോത്സവം.

ശനിയാഴ്ച വൈകീട്ട് അഞ്ചിന് സാഹിത്യോത്സവവും അനുസ്മരണസമ്മേളനവും നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യും. സ്മാരകസമിതി ചെയര്‍മാന്‍ മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനാകും. യു. പ്രതിഭ എം.എല്‍.എ. മുഖ്യാതിഥിയാകും. 17-ന് തകഴി ജന്മദിനാഘോഷവും പുരസ്‌കാരസമര്‍പ്പണവും നടക്കും. 

നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന് മന്ത്രി ജി. സുധാകരന്‍ പുരസ്‌കാരം സമ്മാനിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യാതിഥിയാകും. തകഴിയുടെ ചെറുമകന്‍ രാജ്നായര്‍ രചിച്ച നോവലിന്റെ പ്രകാശനം 16-ന് നടക്കും. പ്രകാശനസമ്മേളനം തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍ ഉദ്ഘാടനം ചെയ്യും.

Content Highlights: Thakazhi literary festival