നീരാറും കടലുടുത്ത നിലമടന്തൈ കെഴിലൊഴുകും
സീരാറും വദനമെന തികഴ് ഭരത കണ്ഡമിതില്‍
തെക്കണമും അതിര്‍സിറന്ത ദ്രാവിഡനല്‍ തിരുനാടും
തക്കസിരു പിറൈനുധലും തരിതനരും തിലകമുമേ
അത്തിലക വാസനൈപോല്‍ അനൈതുലകും ഇമ്പമുറ
എത്തിസയും പുകഴ് മണക്ക ഇരുന്ത പെറും
തമിഴണങ്കേ... തമിഴണങ്കേ
ഉന്‍ സീരിളമൈ തിറം വിയന്തു സെയല്‍ മറന്തു
വാഴ്ത്തുദുമേ...വാഴ്ത്തുദുമേ...വാഴ്ത്തുദുമേ....

 തമിഴ്നാടിന്റെ ഔദ്യോഗികഗാനം രചിച്ചത് ആലപ്പുഴയില്‍ ജനിച്ച് തലസ്ഥാനത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ മലയാളി. യൂണിവേഴ്സിറ്റി കോളേജില്‍ ഫിലോസഫി വകുപ്പ് മേധാവിയായിരുന്ന മനോന്മണിയം പി.സുന്ദരംപിള്ള രചിച്ച കവിത തമിഴ് തായ്വാഴ്ത്തായി തമിഴ്നാട് സര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനത്തിലൂടെ അംഗീകരിച്ചു. പാടേണ്ടവിധം ഉള്‍പ്പെടെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തോടെയാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉത്തരവിറക്കിയത്.

സുന്ദരംപിള്ളയെ ബഹുമാനസൂചകമായി സുന്ദരനാര്‍ എന്നാണ് തമിഴകം വിളിക്കുന്നത്. 1891-ല്‍ അദ്ദേഹം രചിച്ച മനോന്മണിയം എന്ന നാടകത്തിലെ 'നീരാറും കടലുടുത്ത...' എന്ന ഗാനമാണ് തമിഴ്നാട്ടില്‍ ഔദ്യോഗിക ചടങ്ങുകളിലും സ്‌കൂളുകളിലും പ്രാര്‍ഥനാഗാനമായി പാടിവരുന്നത്. തമിഴിനെ വണങ്ങിയാണ് ഗാനം അവസാനിക്കുന്നത്. 55 സെക്കന്‍ഡില്‍ മോഹനരാഗത്തില്‍ പാടണമെന്നാണ് നിര്‍ദേശം.

റെക്കോഡ് ഒഴിവാക്കി അഭ്യസിച്ചവര്‍ വായ്പ്പാട്ടായി പാടണമെന്നും ആ സമയം എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. 1913-ല്‍ നടന്ന തമിഴ്സംഘം യോഗത്തില്‍ ഈ ഗാനത്തെ ഔദ്യോഗിക ഗാനമായി അംഗീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

1970 മാര്‍ച്ചില്‍ മുഖ്യമന്ത്രി കരുണാനിധി ഒരു സര്‍ക്കാര്‍ ചടങ്ങില്‍ ഇതിന് അംഗീകാരവും നല്‍കി. സര്‍ക്കാര്‍ ഉത്തരവുണ്ടായെങ്കിലും പൂര്‍ണതോതില്‍ പാലിക്കപ്പെടുന്നില്ലെന്ന പരാതിയുണ്ടായിരുന്നു. സംഗീതസംവിധായകന്‍ എം.എസ്.വിശ്വനാഥനാണ് ഇന്നു കേള്‍ക്കുന്ന രീതിയില്‍ സംഗീതരൂപം നല്‍കിയത്.

1855-ല്‍ ആലപ്പുഴയില്‍ ജനിച്ച സുന്ദരംപിള്ള മധുരയില്‍നിന്നുള്ള കുടിയേറ്റ കുടുംബത്തിലെ അംഗമായിരുന്നു. സുന്ദരംപിള്ള ദക്ഷിണേന്ത്യയിലെ പ്രമുഖ തത്ത്വശാസ്ത്ര പണ്ഡിതനായിരുന്നു. തിരുവനന്തപുരം പുരാവസ്തുവകുപ്പിലെ ആദ്യ സൂപ്രണ്ടും അദ്ദേഹമായിരുന്നു. 1954-ല്‍ തിരു-കൊച്ചിയിലെ പട്ടം മന്ത്രിസഭയില്‍ ധനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ പി.എസ്.നടരാജപിള്ള അദ്ദേഹത്തിന്റെ മകനാണ്. 1962-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ തിരുവനന്തപുരത്തുനിന്ന് സ്വതന്ത്രനായി മത്സരിച്ച് അദ്ദേഹം ജയിച്ചിരുന്നു.

1897-ല്‍ 42-ാം വയസ്സില്‍ പ്രൊഫ. സുന്ദരംപിള്ള അന്തരിച്ചു. തിരുനെല്‍വേലി യൂണിവേഴ്സിറ്റി അദ്ദേഹത്തിന്റെ സ്മരണാര്‍ഥം മനോന്മണിയം സുന്ദരനാര്‍ യൂണിവേഴ്സിറ്റി എന്നാണ് അറിയപ്പെടുന്നത്.

Content Highlights:Tamilnadu official anthem written by Manonmaneeyam Sundaranpillai