കേരളത്തിലെ പുതിയ മുഖ്യമന്ത്രിയുടെ സത്വരശ്രദ്ധ പതിയുന്നതിലേക്കായി ടി. പത്മനാഭന്‍ അഞ്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു

1. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത തരത്തിലാണ് കേരളത്തിന്റെ പലഭാഗത്തും മാലിന്യനിര്‍മാര്‍ജനം നടക്കുന്നത്. പ്രതിഷേധം കൊണ്ടൊന്നും ഒരു ഫലവും ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഒട്ടേറെ അന്യരാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ ഇടവന്നിട്ടുള്ള ആളാണ് ഞാന്‍. അവിടെയൊന്നും ഇത്തരം കാഴ്ചകള്‍ കാണാന്‍ ഇടവന്നിട്ടില്ല. ഈ ദുഃസ്ഥിതി നീക്കി മാലിന്യങ്ങള്‍ ശാസ്ത്രീയ രീതിയില്‍ സംസ്‌കരിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചേ പറ്റൂ.

2. ഇവിടെ വനങ്ങള്‍ വെട്ടി നശിപ്പിക്കാനുള്ളതാണ്. റിസോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ നാം കായലുകള്‍ മണ്ണിട്ടുനികത്തുന്നു. ഇതൊക്കെ കുറ്റകൃത്യമാണെന്നറിയാതെയല്ല. തടയേണ്ടവര്‍ ആത്മാര്‍ഥതയോടെ നടപ്പാക്കുന്നില്ല.

വനങ്ങളുടെ സമീപത്തെ കൃഷിക്കാര്‍ കാട്ടുമൃഗങ്ങളില്‍നിന്ന് അനുഭവിക്കുന്ന ദുരിതങ്ങളാണ് മറ്റൊരു കാര്യം. കാട്ടുമൃഗങ്ങളുടെ ആവാസ വ്യവസ്ഥ കൃഷിയുടെ പേരില്‍ മുനുഷ്യന്‍ നിഷ്‌കരുണം നശിപ്പിച്ചപ്പോഴല്ലേ ഈ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങിയത്. ഈ ഭൂമി മനുഷ്യന് മാത്രമല്ല എല്ലാ ജന്തുജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ്.

3. ഭരണം സത്യസന്ധമായാല്‍ മാത്രം പോരാ, അത് സുതാര്യമായിരിക്കണം. മേലെ തട്ടിലുള്ളവര്‍ക്ക് സാധാരണക്കാരില്‍നിന്ന് ഒളിച്ചു വെക്കാന്‍ ഒന്നും ഉണ്ടാവരുത്.

4. ധൂര്‍ത്തും ആഡംബരവും പൂര്‍ണമായും ഒഴിവാക്കി ലളിതവും വിനയാന്വിതവുമായ ജീവിതംകൊണ്ട് മന്ത്രിമാരും താക്കോല്‍ സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥരും മറ്റുള്ളവര്‍ക്ക് മാതൃകയാവണം.

5. കേരളത്തില്‍ ഗവ.ഫണ്ടിങ്ങില്‍ നടന്നുപോകുന്ന ധാരാളം സാംസ്‌കാരിക സ്ഥാപനങ്ങളുണ്ട്. അവ ഇത്രയധികം വേണോ? ഈ സ്ഥാപനങ്ങള്‍ ഒരിക്കലും രാഷ്ട്രീയ ഭിക്ഷാംദേഹികളുടെയും ഭാഗ്യാന്വേഷികളുടെയും അഭയസ്ഥാനമായി മാറാന്‍ അനുവദിക്കരുത്.

Content Highlights: T Padmanabhan to new chief Minister