രണ്ടാം പിണറായി സർക്കാരിന്റെ ആദ്യത്തെ മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ച പ്രധാനപ്പെട്ട് പദ്ധതികളെക്കുറിച്ചും കേരളത്തിൽ സത്വരം നടപ്പിൽ വരുത്തേണ്ടതായ നടപടികളെക്കുറിച്ചും ടി.പത്മനാഭൻ പ്രതികരിക്കുന്നു.

സത്യപ്രതിജ്ഞ വീട്ടിലിരുന്ന് കണ്ടു. സർക്കാരിനെ കുറിച്ച് ശുഭപ്രതീക്ഷയാണുള്ളത്. ഇപ്പോൾ വിമർശനബുദ്ധിയോടെ നോക്കുന്നത് ഒരു ചീത്ത ഏർപ്പാടാണ്. ഇന്നലെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളിൽ എത്രത്തോളം കാര്യങ്ങൾ പ്രാവർത്തികമാക്കും എന്നതാണ് ഞാൻ ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രഖ്യാപനങ്ങളിൽ എന്നെ ഏറ്റവും സന്തോഷിപ്പിച്ച ഒന്നുണ്ട്. ബാങ്കുകളിൽ നിന്ന് ചെറിയ പണം വായ്പയായി എടുത്ത് തിരിച്ചടയ്ക്കാൻ കഴിയാതെ കിടപ്പാടം നഷ്ടപ്പെടുന്നവർ ഏറെയുണ്ട് നമ്മുടെ നാട്ടിൽ. ചിലർ ആത്മഹത്യ ചെയ്യും. ചിലർ റോഡിലിറങ്ങി കരയും. അവരെ സംരക്ഷിക്കാൻ എടുത്ത തീരുമാനം ഒരു മന്ത്രിസഭയുടെ വളരെ നല്ല തുടക്കമായാണ് എനിക്ക് തോന്നുന്നത്.

പുതിയ സർക്കാർ പ്രാധാന്യം കൊടുക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങളെ കുറിച്ച് ഞാൻ മുമ്പ് മാതൃഭൂമിയോട് പ്രതികരിച്ചിരുന്നു. അതിൽ പറഞ്ഞ ആദ്യത്തെ നിർദ്ദേശം മാലിന്യ നിർമാർജനത്തിന് കൊടുക്കേണ്ട പ്രാധാന്യമാണ്. മാലിന്യ നിർമാർജനം കേരളത്തിന്റെ മുന്നിലുള്ള ഗുരുതരമായ പ്രശ്നമാണ്. തീർത്തും അശാസ്ത്രീയമായ രീതിയിലാണ് നിലവിൽ ഇത് കൈകാര്യം ചെയ്യുന്നത്. ഇക്കാര്യം പിണറായി സർക്കാർ ഇന്നലെ തന്നെ ഏറ്റെടുത്തതിൽ സന്തോഷമുണ്ട്.

കേരളത്തിൽ സർക്കാരിന്റെ ഫണ്ടിങ്ങിൽ നടന്നുപോകുന്ന ധാരാളം സാംസ്കാരിക കേന്ദ്രങ്ങളുണ്ട്. ഭാഗ്യാന്വേഷികളുടെയും രാഷ്ട്രീയഭിക്ഷാംദേഹികളുടെയും കേന്ദ്രങ്ങളായി അവയെ മാറ്റരുത്. ഒന്നുകൂടി ചോദിക്കുന്നു, ഇത്രയേറെ കേന്ദ്രങ്ങൾ കേരളത്തിൽ ആവശ്യമുണ്ടോ എന്നും പരിശോധിക്കണം.

ശൈലജ ടീച്ചർ മന്ത്രിയാവാത്തതിലെ പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. പക്ഷെ ഇടതുപക്ഷത്തിന്റെ ദീർഘവീക്ഷണമുള്ള ഒരു നീക്കമായാണ് ഞാൻ ഇതിനെ നോക്കിക്കാണുന്നത്. വീണ ജോർജിൽ ഏറെ പ്രതീക്ഷയുണ്ട്. അറിയാത്ത കാര്യങ്ങൾ ഗൃഹപാഠം ചെയ്യാൻ മനസ് കാണിക്കുന്ന സ്ത്രീയാണവർ. എന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്.

മാധ്യമപ്രവർത്തകയായിരുന്ന കാലത്ത് വീണ എന്നെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. വീണ അൽപം വിറയോടെയാണ് തുടങ്ങിയത്. പക്ഷെ ഉടൻ തന്നെ അതിമനോഹരമായി അത് മുന്നോട്ട് പോയി. മികച്ച രീതിയിൽ ഗൃഹപാഠം ചെയ്തിട്ടായിരുന്നു വന്നിരുന്നത്. എന്റെ നൂറുകണക്കിന് അഭിമുഖങ്ങളിൽ ഏറ്റവും മികച്ചത് അതായിരുന്നു. അതിനുശേഷം വീണയുടെ എല്ലാ ഉദ്യമങ്ങളും ഞാൻ ഏറെ താൽപര്യത്തോടെ ശ്രദ്ധിക്കാറുണ്ടായിരുന്നു. മന്ത്രിയായി അവർ തിളങ്ങും എന്നതിൽ സംശയം വേണ്ട. പുതിയ മന്ത്രിസഭയിലെ ഒരുപാട് പേരെ എനിക്ക് അറിയാം. അവരുടെ കഴിവിലും സ്വഭാവ മഹിമയിലും എനിക്ക് വിശ്വാസമുണ്ട്. ഞാൻ കാത്തിരിക്കുകയാണ്.

Content Highlights : T Padmanabhan Reacts on second Pinarayi Goverment in Kerala