മലയാളത്തിലെ മുഖ്യധാരാ സിനിമയ്ക്ക് രാഷ്ട്രീയ അടിത്തറയിട്ട തിരക്കഥാകൃത്ത്, പുത്തന്‍ ആശയങ്ങള്‍കൊണ്ടും അവതരണരീതി കൊണ്ടും മലയാള നാടകരംഗത്തെ പരമ്പരാഗത ശൈലിയെ അട്ടിമറിച്ച നാടകകൃത്ത്, അഭിനേതാവ് എഴുത്തുകാരന്‍, റഫറി, കമന്റേറ്റര്‍ തുടങ്ങി വിവിധ മേഖലകളില്‍ ഉജ്ജ്വലമായ വ്യക്തിമുദ്ര പതിപ്പിച്ച ടി. ദാമോദരന്‍ മാസ്റ്ററുടെ ജീവിതവും രചനകളും വിശകലനം ചെയ്യുന്ന പുസ്തകം
വില: 140.00
അങ്ങാടി, അഹിംസ, ഈ നാട്, വാര്‍ത്ത, ആവനാഴി, അടിമകള്‍ ഉടമകള്‍, ആര്യന്‍, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, അഭിമന്യു, അദ്വൈതം, കാലാപാനി, തുടങ്ങി മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ നിരവധിസിനിമകളുടെ തിരക്കഥാകൃത്ത് ടി. ദാമോദരന്‍ മാസ്റ്ററുടെ ജീവിതത്തെയും സിനിമാലോകത്തെയും കുറിച്ചുള്ള പുസ്തകമാണ് ടി. ദാമോദരന്‍: ജീവിതവും രചനയും. മലയാളത്തിലെ മുഖ്യധാരാസിനിമയ്ക്ക് രാഷ്ട്രീയ അടിത്തറയിട്ട തിരക്കഥാകൃത്ത്, പുത്തന്‍ ആശയങ്ങള്‍ കൊണ്ടും അവതരണരീതികൊണ്ടും മലയാള നാടകരംഗത്തെ പരമ്പരാഗത ശൈലിയെ അട്ടിമറിച്ച നാടകകൃത്ത്, അഭിനേതാവ്, എഴുത്തുകാരന്‍, റഫറി, കമന്റേറ്റര്‍ തുടങ്ങി വിവിധമേഖലകളില്‍ ഉജ്ജ്യലമായ വ്യക്തിമുദ്ര പതിപ്പിച്ച ടി. ദാമോദരന്‍ മാസ്റ്ററെ ഈ പുസ്തകത്തില്‍ കാണാം
അടുപ്പമുള്ളവര്‍ സ്‌നേഹബഹുമാനങ്ങളോടെ 'മാസ്റ്റര്‍' എന്നുമാത്രം വിളിക്കുന്ന ദാമോദരന്‍ മാസ്റ്ററുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ പ്രമുഖ വ്യക്തികളുടെ ഓര്‍മകള്‍, അറുപതുകളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന്റെ പശ്ചാത്തലത്തിലെഴുതിയ 'ഉടഞ്ഞ വിഗ്രഹങ്ങള്‍' എന്ന പ്രശസ്ത നാടകം, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മാസ്റ്റര്‍ എഴുതിയ ഏക ചെറുകഥ 'ബന്ധന'വും മാസ്റ്ററുടെ പ്രിയനഗരമായ കോഴിക്കോടിനെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പായ ഓര്‍മകളുടെ ഗാലറിയുമുള്‍പ്പെടെ മൂന്നു ഭാഗങ്ങളിലായാണ് പുസ്തകം. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ മാസ്റ്ററുടെ സഹപാഠിയായിരുന്ന എം. പി. വീരേന്ദ്രകുമാറാണ് അവതാരികയെഴുതിയിരിക്കുന്നത്. പുസ്തകത്തിന്റെ എഡിറ്ററും മാസ്റ്ററുടെ മകളുമായ ദീദി ദാമോദരന്‍ 'അച്ഛന്‍'എന്ന തലക്കെട്ടില്‍ ആമുഖം എഴുതിയിട്ടുണ്ട്. അനുബന്ധമായി പ്രേംചന്ദ് എഴുതിയ 'ഉടഞ്ഞ വിഗ്രഹങ്ങള്‍ക്ക്' എന്ന കുറിപ്പും മാസ്റ്ററുടെ ജീവിതത്തിലെ പല അമൂല്യമായ നിമിഷങ്ങളെയും അനശ്വരമാക്കുന്ന ഇരുപതോളം ചിത്രങ്ങളും.
ടി. ദാമോദരന്‍ മാസ്റ്ററുടെ ആദ്യചിത്രമായ ലൗ മാര്യേജിന്റെ സംവിധായകന്‍ ഹരിഹരന്‍, ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളും സഹപ്രവര്‍ത്തകനുമായ ജോണ്‍പോള്‍, മാസ്റ്ററുടെ നിരനധി സൂപ്പര്‍ഹിറ്റുകള്‍ നിര്‍മിച്ച പി.വി. ഗംഗാധരന്‍, മാസ്റ്റര്‍ തിരക്കഥയെഴുതിയ 'ഉണരൂ'സംവിധാനം ചെയ്തിട്ടുള്ള മണിരത്‌നം, സൂപ്പര്‍ഹിറ്റുകളുടെ സംവിധായകന്‍ ഐ. വി. ശശി, മലയാളത്തിലെ നാഴികക്കല്ലായ 'കാലാപാനി'യുടെ സംവിധായകന്‍ പ്രിയദര്‍ശന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, എന്‍. ജി. ജോണ്‍, അനില്‍കുമാര്‍ തിരുവോത്ത്, അഡ്വ. നിര്‍മല്‍കുമാര്‍, ഡോ. കെ. പി. വിജയകുമാര്‍ എന്നിവരാണ് ആദ്യ ഭാഗമായ ഓര്‍മകളില്‍ എഴുതിയിരിക്കുന്നത്.
ടി. ദാമോദരന്‍ മാസ്റ്റര്‍ എന്ന മനുഷ്യനെയും തിരക്കഥാകൃത്തിനെയും സ്‌പോട്‌സ്മാനേയും നാടകകൃത്തിനേയും കമന്റേറ്ററേയുമെല്ലാം അടുത്തറിയാന്‍ ഈ പുസ്തകം സഹായകമാകും. ഒപ്പം, മലയാളസിനിമയുടെയും നാടകത്തിന്റെയും സ്‌പോട്‌സിന്റെയുമെല്ലാം കഴിഞ്ഞുപോയ സുവര്‍ണകാലത്തെയും ഇതില്‍ വായിച്ചനുഭവിക്കാം.