ന്യൂയോര്‍ക്ക്: ലോകമെങ്ങും ആരാധകരുള്ള കോമിക് കഥാപാത്രം സൂപ്പര്‍മാനെ ഉഭയലിംഗാനുരാഗിയായി അവതരിപ്പിക്കുകയാണ് അമേരിക്കന്‍ പ്രസാദകക്കമ്പനി ഡി.സി. കോമിക്‌സ്. ലൈംഗിക ന്യൂനപക്ഷങ്ങളെയും ഉള്‍ക്കൊള്ളുക എന്ന സന്ദേശമാണ് ഇതിലൂടെ നിര്‍മാതാക്കള്‍ നല്‍കുന്നത്.

സൂപ്പര്‍മാനായ ക്ലാര്‍ക്ക് കെന്റിന്റെയും പത്രപ്രവര്‍ത്തകയായ ലോയിസ് ലെയിന്റെയും മകന്‍ ജോണ്‍ കെന്റാണ് പുതിയ സൂപ്പര്‍മാന്‍. പത്രപ്രവര്‍ത്തകനായ ജെയ് നാക്കമൂറയുമായി പ്രണയത്തിലാണ് കെന്റ്. ഇവര്‍ തമ്മില്‍ ചുംബിക്കുന്നതിന്റെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. ജോണ്‍ കെന്റ് തന്റെ വ്യക്തിത്വം കണ്ടെത്തുന്നുവെന്ന തലക്കെട്ടോടുകൂടിയ പത്രക്കുറിപ്പിലൂടെയാണ് തിങ്കളാഴ്ച ഡി.സി. ഇക്കാര്യം പ്രഖ്യാപിച്ചത്. 'സണ്‍ ഓഫ് കാള്‍ എല്‍' എന്ന് പേരുനല്‍കിയിട്ടുള്ള പരമ്പര നവംബര്‍ ഒമ്പതിനാകും പുറത്തിറങ്ങുക. ശക്തനായ സൂപ്പര്‍ഹീറോയില്‍ കൂടുതല്‍ പേര്‍ക്ക് തങ്ങളെത്തന്നെ കാണാന്‍ സാധിക്കുന്ന തരത്തിലാണ് അവതരണമെന്ന് പരമ്പരയുടെ തിരക്കഥാകൃത്ത് ടോം ടെയ്ലര്‍ പറഞ്ഞു.

Content Highlights :Superman comes out as bisexual in DC s latest comic