കൊച്ചി: ആധുനികതയെ ദൈവത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ് ശ്രീനാരായണഗുരു ചെയ്തതെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികളെ പൂര്‍ണമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നതില്‍ സമൂഹം പരാജയപ്പെട്ടതായും ഡോ. സുനില്‍ പി ഇളയിടം. കൃതി വിജ്ഞാനോല്‍സവത്തില്‍ ഗുരുദര്‍ശനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആധുനികതയുടെ ധാര്‍മികവും നൈതികവുമായ അടിസ്ഥാനം ഇന്ന് കൈമോശം വന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാഹോദര്യം, കാരുണ്യം എന്നീ ആശയങ്ങളിലൂന്നി ഗുരു ആധുനികതയെ ദൈവത്തിലേക്ക് സന്നിവേശിപ്പിച്ചു. ഇന്ന് ആധുനികതയുടെ നൈതിക മൂല്യങ്ങള്‍ വിസ്മരിക്കപ്പെട്ടിരിക്കുകയാണ്. ആധുനികത വിപരീത ദിശയിലേക്ക് പോയി. 

മത ജീവിതത്തെ സാഹോദര്യ ഭാവത്തിലേക്ക് മാറ്റാനാണ് ഗുരു ശ്രമിച്ചത്. മതത്തില്‍ നിന്ന് ആവശ്യമുള്ളത് കാലത്തിനനുസരിച്ച് സ്വീകരിക്കുകയാണ് വേണ്ടത്. മതം ശാശ്വതമായ, ഒരേ തരത്തില്‍ നിലനില്‍ക്കുന്ന ഒന്നല്ല. ഒരു മതം മാത്രം ശരിയെന്ന അഭിപ്രായം ശ്രീനാരായണ ഗുരു വെച്ചുപുലര്‍ത്തിയിരുന്നില്ല. 

ഗുരു ലോക ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങി ആത്മീയതയില്‍ മാത്രം മുഴുകിയ വ്യക്തിയല്ല. തന്റെ ലോകവീക്ഷണം മാത്രമാണ് ശരിയെന്ന് അദ്ദേഹം കരുതിയില്ലെന്നും മറ്റുള്ളവരുടെ ബോധ്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിയെന്നും സുനില്‍ പി ഇളയിടം പറഞ്ഞു.

Content Highlights: Sunil P Ilayidam, sree Narayana guru