വര്‍ക്കല: ഭൂമിയെയും പൂക്കളെയും സ്‌നേഹിച്ച മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരിയുടെ ചിതാഭസ്മം പുണ്യവാഹിനിയായ പാപനാശിനിയില്‍ വിലയിച്ചു. ചിതാഭസ്മമടങ്ങിയ കലശങ്ങളിലൊന്ന് ചൊവ്വാഴ്ച രാവിലെ അരുവിപ്പുറത്ത് നെയ്യാറില്‍ നിമജ്ജനം ചെയ്യും.
മകള്‍ ലക്ഷ്മിദേവി ഉള്‍പ്പെടെയുള്ളവര്‍ വര്‍ക്കല പാപനാശം തീരത്തെത്തിയാണ് നിമജ്ജനം നടത്തിയത്. സുഗതകുമാരിയുടെ സഹോദരി സുജാതാദേവിയുടെ കൊച്ചുമകന്‍ വിഷ്ണുവാണ് ചിതാഭസ്മം കടലിലൊഴുക്കിയത്. ശാന്തികവാടത്തില്‍നിന്ന് ഞായറാഴ്ച രാവിലെ ചിതാഭസ്മം രണ്ടുകലശങ്ങളിലായി ലക്ഷ്മിദേവിയും ബന്ധുക്കളും ഏറ്റുവാങ്ങി. അതിലൊന്നാണ് വര്‍ക്കലയിലേക്ക് കൊണ്ടുവന്നത്. മറ്റുചടങ്ങുകളൊന്നുമുണ്ടായിരുന്നില്ല.
സുജാതാദേവിയുടെ മകന്‍ പദ്മനാഭന്‍, മറ്റൊരു സഹോദരി ഹൃദയകുമാരിയുടെ മകള്‍ ശ്രീദേവിപിള്ള, ബന്ധുക്കളായ കേശവന്‍കുട്ടി, ഹരീഷ്, ഗീത, ഗാഥ, വിനീത എന്നിവരും ചടങ്ങിനെത്തിയിരുന്നു.
ലക്ഷ്മിദേവിയാണ് കലശം കെ. ആന്‍സലന്‍ എം.എല്‍.എക്ക് കൈമാറിയത്. ബോധേശ്വരന്‍ ഫൗണ്ടേഷന്‍ ജോയന്റ് സെക്രട്ടറി വി. കേശവന്‍കുട്ടി, ഗാന്ധിമിത്രമണ്ഡലം സെക്രട്ടറി എം. രാജ്മോഹന്‍, അഡ്വഞ്ചര്‍ അക്കാദമി സെക്രട്ടറി രാജേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സുഗതകുമാരിയുടെ അച്ഛന്‍ ബോധേശ്വരന്റെ നാടായ നെയ്യാറ്റിന്‍കരയിലേക്ക് കൊണ്ടുപോയത്. ചൊവ്വാഴ്ച രാവിലെ 7.30-ന് നെയ്യാറ്റിന്‍കര സ്വദേശാഭിമാനി പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാം. അരുവിപ്പുറത്തെ വീടുകളില്‍ സുഗതകുമാരിയുടെ വയസ്സിനെ അനുസ്മരിപ്പിക്കുന്ന 86 വൃക്ഷത്തൈകള്‍ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടും. തുടര്‍ന്ന് സുഗതകുമാരിയുടെ കവിതകള്‍ കോര്‍ത്തിണക്കിയ കാവ്യാഞ്ജലിയും ഉണ്ടായിരിക്കും.
Content Highlights: Sugathakumari's ashes immersed in Papanasam sea