599 പുരുഷന്മാര്‍ പഠിക്കുന്ന കോളജിലെ ഒരേയൊരു വനിതാ വിദ്യാര്‍ഥിനിയായി പഠനം പൂര്‍ത്തിയാക്കിയ അനുഭവം പറഞ്ഞ് എഴുത്തുകാരിയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണുമായ സുധാ മൂര്‍ത്തി. അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന 'കോന്‍ ബനേഗ ക്രോര്‍പതി' എന്ന പരിപാടിയുടെ എപ്പിസോഡിന്റെ ടീസറില്‍ സുധാ മൂര്‍ത്തി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

'കോന്‍ ബനേഗ ക്രോര്‍പതി'യുടെ അവസാനത്തെ എപ്പിസോസ് നവംബര്‍ 29നാണ് സംപ്രേക്ഷണം ചെയ്യുന്നത്. എപ്പിസോഡിന്റെ ടീസര്‍ ചാനല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിരുന്നു. അതാണ് വൈറലായത്. ഷോയില്‍ അസാധാരണ സാമൂഹിക പ്രവര്‍ത്തക എന്നാണ് സുധാമൂര്‍ത്തിയെ അമിതാഭ് ബച്ചന്‍ വിശേഷിപ്പിക്കുന്നത്. 

എന്‍ജിനീയറിങ് ആണ്‍കുട്ടികളുടെ വിഷയമാണെന്ന് ആളുകള്‍ പറയുമായിരുന്നു. പെണ്‍കുട്ടികള്‍ പോകാനേ പാടില്ലായിരുന്നു. പക്ഷേ ഞാന്‍ തീരുമാനമെടുത്തു എന്‍ജിനീയറിങ് പഠിക്കുമെന്ന്. കര്‍ണാടകയിലെ ഹുബ്ലിയില്‍ ആ കോളേജില്‍ 599 ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. ഞാനായിരുന്നു ഏക സ്ത്രീ. ജന്റര്‍ അല്ല, ബുദ്ധിയാണ് വലുത്. - സുധാ മൂര്‍ത്തി പറഞ്ഞു. 

സാരി ധരിച്ചു മാത്രമേ കോളജില്‍ വരാന്‍ പാടുള്ളൂവെന്ന് പ്രിന്‍സിപ്പലിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നുവെന്നും സുധാമൂര്‍ത്തി പറയുന്നു. അതിന് പുറമേ, കോളജ് കാന്റീനില്‍ പോകാന്‍ പാടില്ല, ആണ്‍കുട്ടികളുമായി സംസാരിക്കാന്‍ പാടില്ല എന്നീ നിര്‍ദേശങ്ങളും ഉണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. ആദ്യത്തെ രണ്ട് നിര്‍ദേശങ്ങളും താന്‍ കര്‍ശനമായി പാലിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

''ആദ്യത്തെ നിര്‍ദേശം ഞാന്‍ അംഗീകരിച്ചിരുന്നു. കാന്റീന്റെ അവസ്ഥ വളരെ മോശമായതിനാല്‍ ഞാന്‍ പോയിരുന്നില്ല. ആണ്‍കുട്ടികളോട് സംസാരിക്കരുതെന്ന നിര്‍ദേശം ഒരു വര്‍ഷം ഞാന്‍ പാലിച്ചു. ഒരു വര്‍ഷം ഞാന്‍ അവരോട് മിണ്ടിയതേയില്ല. രണ്ടാമത്തെ വര്‍ഷം ഫസ്റ്റ് റാങ്ക് എനിക്ക് കിട്ടുമെന്നറിഞ്ഞ് അവര്‍ എന്നോട് ഇങ്ങോട്ടു വന്നു മിണ്ടാന്‍ തുടങ്ങി. - സുധാമൂര്‍ത്തി പറയുന്നു. 

സുധാ മൂര്‍ത്തി കോളേജില്‍ പഠിച്ച കാലം മുതല്‍ ഒരു മനുഷ്യസ്നേഹി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ വരെ ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഫോസിസിലെ ജോലിയെക്കുറിച്ചും ദേവദാസി വിഭാഗത്തിനുവേണ്ടി ജോലി ചെയ്തതിനെക്കുറിച്ചും ഇന്‍ഫോസിസ് ഫൗണ്ടേഷനിലൂടെ 16,000 ശുചിമുറികള്‍ നിര്‍മ്മിച്ചതിനെക്കുറിച്ചും സുധാ മൂര്‍ത്തി പറയുന്നുണ്ട്. 

Content Highlights: Sudha Murthy Talks About Being Only Woman In College Of 599 Men